മാറ്റങ്ങളുമായി മാരുതി വിറ്റാര ബ്രെസ എത്തുന്നു; കാണാം ടീസർ വീഡിയോ
ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി സുസുക്കി തങ്ങളുടെ ജനപ്രിയ കോംപാക്ട് എസ്‌യുവിയായ വിറ്റാര ബ്രെസയുടെ ഫെയ്സ്‌ലിഫ്റ്റ് മോഡലിനെ അവതരിപ്പിക്കാൻ തയ്യാറെടുക്കുകയാണെന്ന കാര്യം വാഹന ലോകത്തെ ചർച്ചാ വിഷയമാണ്.

ഇന്നു മുതൽ നടക്കാനിരിക്കുന്ന 2020 ഓട്ടോ എക്സ്പോയിൽ വാഹനത്തെ അവതരിപ്പിക്കുന്നതിനു മുന്നോടിയായി പുതിയ 2020 ഫെയ്സ്‌ലിഫ്റ്റഡ് മോഡലിന്റെ ടീസർ വീഡിയോ കമ്പനി പുറത്തിറക്കി.
2020 ഓട്ടോ എക്‌സ്‌പോയുടെ രണ്ടാം ദിവസമായിരിക്കും മാരുതി സുസുക്കി പുതിയ വിറ്റാര ബ്രെസ അവതരിപ്പിക്കുക. വരാനിരിക്കുന്ന കോംപാക്ട് എസ്‌യുവിയിൽ പ്രതീക്ഷിക്കാവുന്ന ചില നവീകരണങ്ങൾ ടീസറിലൂടെ വ്യക്തമാണ്.

ബിഎസ്-VI കംപ്ലയിന്റ് 1.5 ലിറ്റർ പെട്രോൾ എഞ്ചിനാണ് 2020 മാരുതി വിറ്റാര ബ്രെസക്ക് കരുത്തേകുന്നതെന്ന് വീഡിയോയിൽ നിന്നും വ്യക്തമാകുന്നു. ഇത് ഇതിനകം തന്നെ ബ്രാൻഡിന്റെ എംപിവി മോഡലായ എർട്ടിഗയിൽ ഇടംപിടിച്ച യൂണിറ്റാണ്. എന്നാൽ കോംപാക്ട് എസ്‌യുവിയിൽ വ്യത്യസ്ത ട്യൂണിലാകും എഞ്ചിൻ ഉൾപ്പെടുത്തുക.

പുതിയ 1.5 ലിറ്റർ K15-സീരീസ് പെട്രോൾ എഞ്ചിൻ 104 bhp കരുത്തിൽ 138 Nm torque ആകും ഉത്പാദിപ്പിക്കുക. സ്റ്റാൻഡേർഡ് അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്‌സുമായി എഞ്ചിൻ ജോടിയാക്കിയിരിക്കുന്നു. കൂടാതെ 2020 വിറ്റാര ബ്രെസയുടെ ഉയർന്ന വകഭേദങ്ങൾക്ക് നാല് സ്പീഡ് ടോർക്ക്-കൺവെർട്ടർ ഓട്ടോമാറ്റിക്ക് ഗിയർബോക്സും ഓപ്ഷനായി ലഭിക്കും.

പുതിയ എഞ്ചിനു പുറമെ 2020 മാരുതി വിറ്റാര ബ്രെസയിൽ നിരവധി പുതിയ ഡിസൈൻ പരിഷ്ക്കരണങ്ങളും ഉൾപ്പെടുന്നുവെന്നത് ശ്രദ്ധേയമാണ്. പുതുക്കിയ സെറ്റ് ഹെഡ്‌ലാമ്പുകൾ, ഫ്രണ്ട് ഗ്രിൽ, ബമ്പറുകൾ എന്നിവ ഉൾപ്പെടെ പുതുക്കിയ മുൻവശവും ഇതിൽ ഉൾപ്പെടുന്നു. പുനർ രൂപകൽപ്പന ചെയ്ത അലോയ് വീലുകൾ, എൽഇഡി ടെയിൽ ലൈറ്റുകൾ, ട്വീക്ക് ചെയ്ത റിയർ ബമ്പർ എന്നിവയെല്ലാം കോംപാക്ട് എസ്‌യുവിയുടെ മാറ്റങ്ങളിൽ ഉൾപ്പെടുന്നു.

അതോടൊപ്പം വാഹനത്തിന്റെ അകത്തളത്തും നിരവധി പരിഷ്ക്കരണങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്. അതിൽ ഏറ്റവും പ്രധാനമായ ഒന്നാകും പുതിയ സ്മാർട്ട്പ്ലേ സ്റ്റുഡിയോ ഇൻഫോടെയിൻമെന്റ് സിസ്റ്റം. ഇതിൽ ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയുള്ള വലിയ ടച്ച്സ്ക്രീൻ ഡിസ്പ്ലേ ഉൾപ്പെടും. കൂടാതെ പുതിയ ബ്രെസയിൽ കൂടുതൽ പ്രീമിയം അപ്ഹോൾസ്റ്ററിയും മറ്റ് നിരവധി സവിശേഷതകളും ചേർക്കാൻ കമ്പനി തയ്യാറായേക്കും.

ഇന്ത്യൻ വിപണിയിൽ നിലവിലുള്ള മോഡലിനേക്കാൾ ഉയർന്ന വിലയാകും 2020 മാരുതി വിറ്റാര ബ്രെസയ്ക്കുണ്ടാവുക. ഏകദേശം 8.5 ലക്ഷം രൂപ മുതലാകും ഫെയ്സ്‌ലിഫ്റ്റ് പതിപ്പിന്റെ എക്സ്ഷോറൂം വില പ്രതീക്ഷിക്കുന്നത്.

ഇന്ത്യൻ വിപണിയിൽ ഹ്യുണ്ടായി വെന്യു, ഫോർഡ് ഇക്കോസ്പോർട്ട്, മഹീന്ദ്ര XUV300 എന്നീ മോഡലുകൾ തന്നെയാകും 2020 മാരുതി വിറ്റാര ബ്രെസ ഫെയ്സ്‌ലിഫ്റ്റിന്റെ പ്രധാന എതിരാളികൾ.


Click it and Unblock the Notifications








