ഓട്ടോ എക്സ്പോയിൽ അരങ്ങേറാൻ ക്വിഡ് ഇലക്ട്രിക്ക്; മൈലേജ് 270 കിലോമീറ്റർ
ഫ്രഞ്ച് വാഹന നിർമാതാക്കളായ റെനോ തങ്ങളുടെ കുഞ്ഞൻ ഹാച്ച്ബാക്കായ ക്വിഡിന്റെ ഇലക്ട്രിക്ക് പതിപ്പിനെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ തയ്യാറെടുക്കുകയാണ്. അതിന്റെ ഭാഗമായി വാഹനത്തിന്റെ ഔദ്യോഗിക ടീസർ ചിത്രങ്ങളും കഴിഞ്ഞ ദിവസം കമ്പനി പുറത്തുവിട്ടിരുന്നു.

2020 ഓട്ടോ എക്‌സ്‌പോയിൽ ക്വിഡ് ഇലക്ട്രിക്കിനെ പുറത്തിറക്കുമെന്ന് റെനോ വ്യക്തമാക്കിയിട്ടുണ്ട്. റെനോ സിറ്റി K-ZE എന്ന് വിളിക്കപ്പെടുന്ന ക്വിഡ് ഇലക്ട്രിക്കിനെ കഴിഞ്ഞ സെപ്റ്റംബറിൽ ചൈനയിൽ നടന്ന 2019 ചെംഗ്ഡു മോട്ടോർ ഷോയിൽ കമ്പനി പ്രദർശിപ്പിച്ചിരുന്നു.

അഞ്ച് വ്യത്യസ്ത പതിപ്പുകളിലാണ് വാഹനം വിൽപ്പനക്കെത്തുന്നത്. അതേസമയം കഴിഞ്ഞ ഏപ്രിലിൽ നടന്ന 2019 ഷാങ്ഹായ് മോട്ടോർ ഷോയിലാണ് ക്വിഡിന്റെ പ്രൊഡക്ഷൻ റെഡി ഇലക്ട്രിക്ക് മോഡലിനെ ആദ്യമായി പ്രദർശിപ്പിച്ചത്. K-ZE ആശയം അടിസ്ഥാനമാക്കിയുള്ള ഇത് വെനൂസിയ E30 ബാഡ്ജിന് കീഴിൽ പരിഷ്കരിച്ച എക്സ്റ്റീരിയർ ഉപയോഗിച്ചാണ് വിപണിയിൽ എത്തുന്നത്.

റെനോയുടെ ചൈനീസ് പങ്കാളിയായ ഡോങ്‌ഫെങ്ങുമായി സഹകരിച്ചാണ് K-ZE വികസിപ്പിച്ചെടുത്തിരിക്കുന്നത്. ചൈനയിൽ വോളിയം അടിസ്ഥാനമാക്കിയുള്ള ഇലക്ട്രിക്ക് വാഹനങ്ങൾ വികസിപ്പിക്കുന്നതിനും നിർമ്മിക്കുന്നതിനുമായി നിസ്സാനും ഡോങ്‌ഫെങ് മോട്ടോർ ഗ്രൂപ്പും തമ്മിലുള്ള സംയുക്ത സംരംഭമായ ഇജിടി ന്യൂ എനർജി ഓട്ടോമോട്ടീവ് കമ്പനിയാണ് വാഹനം നിർമ്മിക്കുന്നത്.

ഇന്ത്യൻ പതിപ്പിനെ സംബന്ധിച്ചിടത്തോളം പുതിയ ക്വിഡ് ഇലക്ട്രിക്ക് സ്റ്റാൻഡേർഡ് മോഡലിന്റെ പുറംമോഡിക്ക് സമാനമായിരിക്കും. എന്നാൽ ഇത് മറ്റൊരു പേരിൽ വിപണിയിൽ എത്തിക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.

ടിയാൻജിൻ ലിഷെൻ 30 കിലോവാട്ട് ടെർനറി ലിഥിയം ബാറ്ററിയാണ് പുതിയ റെനോ K-ZE യിൽ വാഗ്ദാനം ചെയ്യുക. ഇതിന് 10.8 കിലോവാട്ട് / 100 കിലോമീറ്റർ വൈദ്യുതി ഉപഭോഗമുണ്ട്. ചൈനീസ് പതിപ്പ് പൂർണ ചാർജിൽ 271 കിലോമീറ്റർ ഇന്ധനക്ഷമത നൽകുമെന്ന് കമ്പനി അവകാശപ്പെടുന്നു.

കൂടാതെ വാഹനത്തിന്റെ ബാറ്ററി 50 മിനിറ്റിനുള്ളിൽ 80 ശതമാനമായി നിറയ്ക്കാൻ ഫാസ്റ്റ് ചാർജർ സഹായിക്കും. സ്റ്റാൻഡേർഡ് ഹോം ചാർജർ ഉപയോഗിച്ച് നാല് മണിക്കൂറിനുള്ളിൽ റെനോ K-ZE പൂർണമായും ചാർജ് ചെയ്യാൻ സാധിക്കും.

വെള്ളത്തിൽ മുക്കിയതിനുശേഷവും ബാറ്ററി സാധാരണയായി പ്രവർത്തിക്കുമെന്ന് റെനോ അവകാശപ്പെടുന്നു. ക്യാബിനകത്ത്, റെനോ സിറ്റി K-ZE പൂർണ ഡിജിറ്റൽ എൽസിഡി ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും സെൻട്രൽ എൽസിഡി കൺട്രോൾ പാനലും വാഗ്ദാനം ചെയ്യും.

ഇന്ത്യയിൽ അടുത്തിടെ ഫെയ്‌സ്‌ലിഫ്റ്റ് ക്വിഡിന്റെ സ്റ്റൈലിംഗിനെ അടിസ്ഥാനമാക്കിയുള്ളതാണ് പുതിയ ഇലക്ട്രിക്ക് ക്വിഡും. വരാനിരിക്കുന്ന ഓട്ടോ എക്സ്പോയിൽ അവതരിപ്പിച്ചു കഴിഞ്ഞാൽ ഉടൻ തന്നെ വാഹനത്തെ വിപണിയിലെത്തിക്കാനാകും കമ്പനിയുടെ ശ്രമം.

നിലവിൽ 0.8 ലിറ്റര്‍, 1.0 ലിറ്റര്‍ എന്നിങ്ങനെ രണ്ട് പെട്രോൾ എഞ്ചിനുകളാണ് ക്വിഡിൽ റെനോ ഉൾപ്പെടുത്തിയിരിക്കുന്നത്. പുതിയ ബിഎസ്-VI മോഡലിന് 2.92 ലക്ഷം രൂപയാണ് എക്‌സ്‌ഷോറും വില.


Click it and Unblock the Notifications








