നഷടക്കച്ചവടം, മാർച്ച് മാസത്തെ വിൽപ്പനയിൽ ടാറ്റ നേരിട്ടത് വൻ തിരിച്ചടി
കൊറോണ വൈറസ് വ്യാപനം തടയാനായി പ്രഖ്യാപിച്ച 21 ദിവസത്തെ ലോക്ക്ഡൗൺ ഏറ്റവും കൂടുതൽ ബാധിക്കുന്ന ഒരു വിഭാഗമാണ് വാഹന മേഖല. ആഭ്യന്തര വിപണിയിൽ നിലവിലുള്ള ഓരോ കാർ, ബൈക്ക് നിർമാതാക്കളും 2020 മാർച്ചിൽ കനത്ത നഷ്‌ടമാണ് നേരിടുന്നത്.

കഴിഞ്ഞ മാസത്തെ വിൽപ്പന കണക്കുകൾ ഇന്ത്യൻ വാഹന നിർമാണ കമ്പനിയായ ടാറ്റ മോട്ടോർസ് പ്രഖ്യാപിച്ചു. ആഭ്യന്തര വിപണിയിലെ വിൽപ്പനയും കയറ്റുമതിയും ഉൾപ്പടെ 12,924 യൂണിറ്റ് മാത്രമാണ് ബ്രാൻഡിന് വിറ്റഴിക്കാൻ സാധിച്ചത്. 2019 മാർച്ചിൽ വിറ്റ 74,679 യൂണിറ്റുകളെ അപേക്ഷിച്ച് നോക്കുമ്പോൾ കനത്ത പ്രഹരമാണ് കമ്പനി നേരിടുന്നത്.

ഇന്ത്യയിൽ 2020 മാർച്ചിൽ ടാറ്റ മൊത്തം 11,012 യൂണിറ്റ് വിൽപ്പന രേഖപ്പെടുത്തി. ഇത് കഴിഞ്ഞ വർഷത്തെ 68,727 യൂണിറ്റുകളുമായി താരതമ്യം ചെയ്യുമ്പോൾ ഏകദേശം 84 ശതമാനത്തോളം ഇടിവാണ് സൂചിപ്പിക്കുന്നത്.

2019-20 സാമ്പത്തിക വർഷത്തിൽ ടാറ്റയ്ക്ക് 4,42,052 യൂണിറ്റുകൾ വിറ്റഴിക്കാൻ സാധിച്ചു. എങ്കിലും കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് നോക്കുമ്പോൾ 35 ശതമാനം ഇടിവാണ് ഉണ്ടായിരിക്കുന്നത്. 2018-19 വർഷത്തിലെ മൊത്തം വിൽപ്പന 6,78,835 യൂണിറ്റുകളായിരുന്നു.

കഴിഞ്ഞ സാമ്പത്തിക വർഷം ടാറ്റയുടെ വാണിജ്യ വാഹനങ്ങളുടെ ആഭ്യന്തര വിൽപ്പന 3,10,855 യൂണിറ്റായിരുന്നു. ഇവിടെയും 34 ശതമാനം ഇടിവാണ് ഉണ്ടായിരിക്കുന്നത്. ലോക്ക്ഡൗണിലൂടെ കടന്നുപോയ 2020 മാർച്ചിൽ 5,336 CV-കളാണ് കമ്പനി വിറ്റഴിച്ചത്. കയറ്റുമതിയിലും 87 ശതമാനം തകർച്ച നേരിട്ടു.

കൊവിഡ്-19 പശ്ചാത്തലവും പുതിയ ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങളിലേക്കുള്ള പരിവർത്തനവുമാണ് കൊമേഴ്സ്യൽ വാഹന വിൽപ്പനയും തകരാൻ കാരണമെന്ന് ടാറ്റ ചൂണ്ടികാണിക്കുന്നു.

മൊത്തം 5,676 യൂണിറ്റുകളുടെ വിൽപ്പനയുമായി പാസഞ്ചർ കാർ വിഭാഗത്തിൽ മാരുതി സുസുക്കി, ഹ്യുണ്ടായി, കിയ, ടൊയോട്ട എന്നിവയ്ക്ക് പിന്നിൽ അഞ്ചാം സ്ഥാനത്താണ് ടാറ്റ. വാർഷികാടിസ്ഥാനത്തിൽ 68 ശതമാനം ഇടിവ് ഇവിടെ സംഭവിച്ചിട്ടുണ്ടെന്ന് ടാറ്റാ മോട്ടോർസ് ലിമിറ്റഡിന്റെ പാസഞ്ചർ വെഹിക്കിൾസ് ബിസിനസ് യൂണിറ്റ് പ്രസിഡന്റ് മായങ്ക് പരീക്ക് പറഞ്ഞു.

തിരിച്ചടികൾക്കിടയിലും അടുത്തിടെ സമാരംഭിച്ച ആൾട്രോസ്, ബിഎസ്-VI ശ്രേണി എന്നിവയ്ക്കുള്ള ഉപഭോക്തൃ പ്രതികരണം പ്രോത്സാഹജനകമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കൂടാതെ ബിഎസ്-IV സ്റ്റോക്കുകളെല്ലാം വിറ്റഴിക്കാൻ ടാറ്റക്ക് സാധിച്ചെന്നും അദ്ദേഹം പറഞ്ഞു.

ഈ മാസം മുതൽ പ്രതിമാസ മൊത്ത വിൽപ്പന ടാറ്റ മോട്ടോർസ് പുറത്തുവിടില്ല. പകരം നിലവിലുള്ള അസ്ഥിരമായ സാഹചര്യം കാരണം മൂന്നുമാസം കൂടുമ്പോഴായിരിക്കും ഇതുണ്ടാവുക. വ്യവസായത്തിലുടനീളം ഉത്പാദനവും തടസപ്പെട്ടിരിക്കുന്നതിനാലാണ് ഈ തീരുമാനം.

2,646 യൂണിറ്റുമായി കഴിഞ്ഞ മാസത്തെ വിൽപ്പനയിൽ നെക്സോൺ മുന്നിലെത്തി. 2019 മാർച്ചിലെ 5,616 യൂണിറ്റുകളിൽ നിന്ന് 53 ശതമാനം ഇടിവാണ് ഇത് സൂചിപ്പിക്കുന്നത്. ആൾട്രോസ് 1,147 യൂണിറ്റ് നേടിയപ്പോൾ ടിയാഗൊയ്ക്ക് 1,127 യൂണിറ്റുകൾ മാത്രമേ നേടാനായുള്ളൂ.

കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 6,884 ആയിരുന്നു. 84 ശതമാനം ഇടിവ് ഇതിൽ ഉണ്ടായിരിക്കുന്നു. 632 യൂണിറ്റ് ഹാരിയറും 124 ടിഗോറുമാണ് കഴിഞ്ഞ മാസം വിറ്റത്.


Click it and Unblock the Notifications








