ഓടി തോൽപ്പിച്ച് മാരുതി ബലേനോ, മാർച്ചിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട കാറുകൾ ഇവ
മാർച്ച് മാസത്തിൽ ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന കാറുകളുടെ പട്ടിക പുറത്തിറങ്ങി. കൊവിഡ്-19-യുടെ പശ്ചാത്തലത്തിൽ വാഹന വിപണി കനത്ത തിരിച്ചടിയാണ് നേരിടുന്നതെങ്കിലും മാരുതി സുസുക്കിയുടെ ആധിപത്യം ഇത്തവണയും തുടരുന്നതാണ് കാണാൻ സാധിക്കുക.

കൊവിഡ്-19 വ്യാപനത്തെ തുടർന്ന് നടപ്പിലാക്കിയ ലോക്ക്ഡൗണിനെ തുടർന്ന് എല്ലാ വാഹന നിർമാതാക്കളും തങ്ങളുടെ പ്രവർത്തനം താൽക്കാലികമായി അവസാനിപ്പിച്ചിരിക്കുകയാണ്. ഇത് വിൽപ്പനയിൽ വിൽപ്പനയിൽ വലിയ ഇടിവുണ്ടാക്കാൻ കാരണമായി.

ഈ അനിശ്ചിതാവസ്ഥയ്ക്കിടയിലും വിൽപ്പനയിൽ മാരുതി സുസുക്കിയുടെ ബലേനോ ഒന്നാമതെത്തി. പ്രീമിയം ഹാച്ച്ബാക്ക് കഴിഞ്ഞ മാസം 11,476 യൂണിറ്റ് വിൽപ്പനയാണ് നടത്തിയത്. പ്രതീക്ഷിച്ചതുപോലെ 2019 മാർച്ചിൽ വിറ്റ 17,264 യൂണിറ്റിനെ അപേക്ഷിച്ച് ഏകദേശം 34 ശതമാനം ഇടിവാണ് വിൽപ്പനയിൽ ഉണ്ടായിരിക്കുന്നത്.

പട്ടികയിലെ രണ്ടാമത്തെ മോഡൽ മാരുതി സുസുക്കിയുടെ തന്നെ എൻട്രി ലെവൽ മോഡലായ ആൾട്ടോയാണ്. വിൽപ്പനയിൽ 36 ശതമാനം ഇടിവ് രേഖപ്പെടുത്തി 10,829 യൂണിറ്റ് വിറ്റഴിച്ചു. 2019 മാർച്ചിൽ ഇത് 16,826 യൂണിറ്റായിരുന്നു.

മാരുതി സുസുക്കി വാഗൺആറാണ് പട്ടികയിലെ മൂന്നാം സ്ഥാനം സ്വന്തമാക്കിയത്. ബ്രാൻഡിന്റെ ടോൾ-ബോയ് ഹാച്ച്ബാക്ക് ഓഫറിംഗ് 2020 മാർച്ചിൽ 9151 യൂണിറ്റുകളാണ് വിൽപ്പന നടത്തിയത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 16,152 യൂണിറ്റായിരുന്നു. 2020 മാർച്ച് മാസവുമായി താരതമ്യം ചെയ്യുമ്പോൾ 43 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായിരിക്കുന്നത്.

പട്ടികയിലെ നാലാം സ്ഥാനത്ത് മറ്റൊരു ജനപ്രിയ മാരുതി സുസുക്കി ഹാച്ച്ബാക്കായ സ്വിഫ്റ്റാണ്. നിലവിൽ മൂന്നാം തലമുറ ആവർത്തനമായ മോഡലിനും 40 ശതമാനത്തോളം തകർച്ചയാണ് ഉണ്ടായിരിക്കുന്നത്. ഹാച്ച്ബാക്ക് കഴിഞ്ഞ മാസം 8,575 യൂണിറ്റ് വിൽപ്പന നടത്തി.

മാരുതി സുസുക്കിയുടെ ആധിപത്യം തകർത്ത് അഞ്ചാം സ്ഥാനത്ത് എത്തിയത് ദക്ഷിണ കൊറിയൻ ബ്രാൻഡായ കിയയുടെ സെൽറ്റോസ് എസ്‌യുവിയാണ്. 2020 ന്റെ തുടക്കം മുതൽ രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന എസ്‌യുവിയുടെ കിരീടം സെൽറ്റോസ് നിലനിർത്തുന്നു. എന്നിരുന്നാലും, 2020 മാർച്ചിൽ വാഹനത്തിന്റെ 7,466 യൂണിറ്റുകൾ മാത്രമാണ് കമ്പനിക്ക് വിൽക്കാൻ സാധിച്ചത്.

കിയ സെൽറ്റോസിന്റെ പ്രധാന എതിരാളിയായ ക്രെറ്റയും വിൽപ്പന കണക്കുളിൽ പിന്നാലെയുണ്ട്. നീണ്ട ഇടവേളക്കുശേഷമാണ് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മികച്ച 10 കാറുകളുടെ പട്ടികയിൽ ക്രെറ്റ ഇടംനേടുന്നത്. ഹ്യുണ്ടായി അടുത്തിടെയാണ് അടിമുടി പരിഷ്ക്കരണങ്ങളുമായി പുത്തൻ ക്രെറ്റെയ വിപണിയിൽ അവതരിപ്പിക്കുന്നത്. തുടർന്ന് 2020 മാർച്ചിൽ 6,706 യൂണിറ്റ് വിൽപ്പന കൈവരിക്കാനും കമ്പനിക്കായി.

ഹ്യുണ്ടായിയുടെ കോംപാക്‌ട് എസ്‌യുവിയായ വെന്യുവാണ് വിൽപ്പനയിൽ ഏഴാം സ്ഥാനം കരസ്ഥമാക്കിയത്. വിപണിയിൽ എത്തിയതു മുതൽ മികച്ച പ്രതികരണമാണ് വാഹനത്തിന് ലഭിക്കുന്നത്. 2020 മാർച്ചിൽ ഈ സബ്-4 മീറ്റർ എസ്‌യുവി 6,127 യൂണിറ്റ് വിൽപ്പന നേടി.

ടോപ്പ് -10 പട്ടികയിൽ അവസാന മൂന്ന് സ്ഥാനങ്ങളിൽ എത്തുന്നത് ഇക്കോ, വിറ്റാര ബ്രെസ, ഡിസയർ മോഡലുകളാണ്. ഇവ യഥാക്രമം 5,966 യൂണിറ്റുകളും 5,513 യൂണിറ്റുകളും 5,476 യൂണിറ്റുകളും വിൽപ്പന രേഖപ്പെടുത്തി. ഏപ്രിലിലെ വിൽപന കൂടുതൽ വെല്ലുവിളി നിറഞ്ഞതായിരിക്കുമെന്നാണ് കമ്പനികളുടെ കണക്കുകൂട്ടലുകൾ. ഈ മാസത്തിലെ ആദ്യ രണ്ട് ആഴ്ചകൾ ലോക്ക്ഡൗണിലൂടെ കടന്നുപോകുന്നതാണ് കാരണം.


Click it and Unblock the Notifications