വിറ്റാര ബ്രെസയുടെ വിപണി പിടിക്കാൻ പുതിയ കോംപാക്‌ട് എസ്‌യുവിയുമായി ഫോക്‌സ്‌വാഗണ്‍
ടിഗുവാൻ ഓൾസ്‌പേസിനു പുറമെ പുതിയ മൂന്ന് എസ്‌യുവികൾ ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ജർമ്മൻ വാഹന നിർമാതാക്കളായ ഫോക്‌സ്‌വാഗൺ. അതിൽ ആദ്യത്തെ മോഡലായ ടി-റോക്കിനെ കമ്പനി മാർച്ച് 16-നും രണ്ടാമത്തെ മോഡലായ ടൈഗണിനെ അടുത്ത വർഷം പകുതിയോടെയും കമ്പനി ആഭ്യന്തര വിപണിയിൽ അവതരിപ്പിക്കും.

വരാനിരിക്കുന്ന മൂന്നാമത്തെ മോഡൽ സബ് കോംപാക്‌ട് എസ്‌യുവി ശ്രേണിയിൽ ഇടംപിടിക്കാനാകും എത്തുക. മാരുതി വിറ്റാര ബ്രെസ, ഹ്യുണ്ടായി വെന്യു തുടങ്ങിയവയുടെ വിപണി പിടിക്കുക എന്ന ലക്ഷ്യത്തോടെയാകും പുത്തൻ മോഡലിനെ ഫോക്‌സ്‌വാഗണ്‍ അവതരിപ്പിക്കുക. ടൈഗൺ എസ്‌യുവി വിപണിയിൽ എത്തിയ ശേഷം 2021 അവസാനത്തോടെ ഇത് സമാരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഒരു വൻ മാർക്കറ്റ് ഓഫറായിരിക്കുമെന്ന് ഫോക്‌സ്‌വാഗൺ വൃത്തങ്ങൾ സൂചിപ്പിക്കുന്നു. 2020 ഓട്ടോ എക്‌സ്‌പോയിൽ അരങ്ങേറ്റം കുറിച്ച ഫോക്‌സ്‌വാഗൺ ടൈഗൺ മിഡ്-സൈസ് എസ്‌യുവിയുടെ താഴെയായി സ്ഥാപിക്കുമെന്നാണ് റിപ്പോർട്ടുകൾ.

ഫോക്‌സ്‌വാഗന്റെ MQB A0-IN പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാകും പുതിയ കോംപാക്‌ട് എസ്‌യുവിയുടെ നിർമാണവും പൂർത്തിയാക്കുക. ഇതേ പ്ലാറ്റ്ഫോമിലാണ് വരാനിരിക്കുന്ന സ്‌കോഡ വിഷൻ ഇൻ അധിഷ്‌ഠിത എസ്‌യുവിയും രണ്ട് ബ്രാൻഡുകൾളുടെയും മിഡ്-സൈസ് സെഡാനുകളും ഒരുങ്ങുക.

ഏറ്റവും പുതിയ ഫോക്സ്‍വാഗൺ കാറുകളുടെ അതേ ഡിസൈൻ ഭാഷ്യം തന്നെയാകും പുതിയ സബ് കോംപാക്‌ട് എസ്‌യുവിയിലും കമ്പനി പിന്തുടരുക. കൂടാതെ നിലവിൽ ഈ ശ്രേണിയിലുള്ള വാഹനങ്ങളുടെ അകത്തളത്തേക്കാൾ ഉയർന്ന നിലവാരമാകും ജർമ്മൻ വാഹന നിർമാതാക്കൾ തങ്ങളുടെ വരാനിരിക്കുന്ന പുതിയ മോഡലിൽ അണിയിച്ചൊരുക്കുക.

വിവിധ കണക്റ്റിവിറ്റി ഓപ്ഷനുകളുള്ള ഒരു വലിയ ടച്ച്സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം കാറിന് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉയർന്ന വകഭേദങ്ങളിൽ ഫോക്‌സ്‌വാഗണ്‍ ഒരു ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും വാഗ്‌ദാനം ചെയ്തേക്കാം.

1.0 ലിറ്റർ ടിഎസ്‌ഐ ത്രീ സിലിണ്ടർ പെട്രോൾ എഞ്ചിനാകും വരാനിരിക്കുന്ന ഫോക്‌സ്‌വാഗൺ കോംപാക്‌ട് എസ്‌യുവിക്ക് കരുത്തേകുക. മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്‌സുകളിൽ വാഹനം തെരഞ്ഞെടുക്കാനാകും. ഈ എഞ്ചിൻ യൂണിറ്റ് തന്നെയാണ് ഫോക്‌സ്‌വാഗൺ പോളോയിലും വെന്റോയിലും ഉൾപ്പെടുത്തിയിരിക്കുന്നത്. ഇത് 108 bhp പവറിൽ 175 Nm torque ആണ് ഉത്പാദിപ്പിക്കുന്നത്.

എന്നാൽ എസ്‌യുവിയിൽ എത്തുന്നതോടെ പവർ ഔട്ട്പുട്ടിൽ വ്യത്യാസം ഉണ്ടായേക്കാം. കോംപാക്‌ട് എസ്‌യുവിയിൽ ഫോക്‌സ്‌വാഗൺ ഒരു ഡീസൽ എഞ്ചിൻ വാഗ്‌ദാനം ചെയ്യാൻ സാധ്യതയില്ല. എന്നിരുന്നാലും ഭാവിയിൽ ഒരു സിഎൻജി ഓപ്ഷൻ നൽകാൻ സാധ്യതയുണ്ട്.

നിലവിൽ ഇന്ത്യൻ വിപണിയിൽ ഏറ്റവും മത്സരാധിഷ്ഠിതമായ വിഭാഗമാണ് കോംപാക്‌ട് എസ്‌യുവികളുടേത്. മുകളിൽ സൂചിപ്പിച്ച എതിരാളികൾക്ക് പുറമെ, വരാനിരിക്കുന്ന കിയ സോനെറ്റ്, ടാറ്റ നെക്സോൺ, ഫോർഡ് ഇക്കോസ്പോർട്ട്, മഹീന്ദ്ര XUV300 എന്നിവയുമായും മത്സരിക്കേണ്ടതായി വരും.


Click it and Unblock the Notifications








