ജീപ്പ് കോമ്പസിന് വെല്ലുവിളിയുമായി ടി-റോക്ക് എസ്‌യുവി എത്തുന്നു, കൂടുതൽ വിവരങ്ങൾ പുറത്ത്
ഇന്ത്യയിലെ എസ്‌യുവി പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഫോക്‌സ്‌വാഗൺ ടി-റോക്ക് മാർച്ച് 18 ന് ഇന്ത്യൻ വിപണിയിൽ അരങ്ങേറ്റം കുറിക്കും. വിൽപ്പനക്കെത്തുന്നതിനു മുന്നോടിയായി വാഹനത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്.

ടീം ബിഎച്ച്പി പുറത്തുവിട്ട ചിത്രങ്ങങ്ങളാണ് പുതിയ ഫോക്‌സ്‌വാഗൺ ടി-റോക്ക് മിഡ്-സൈസ് എസ്‌യുവിയുടെ ഫീച്ചറുകൾ, കളർ ഓപ്ഷനുകൾ തുടങ്ങിയവയെ കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ നൽകുന്നത്.

പൂർണമായും ബിൽറ്റ് യൂണിറ്റായാകും (CBU) ഫോക്‌സ്‌വാഗൺ ടി-റോക്കിനെ ഇന്ത്യൻ വിപണിയിലേക്ക് എത്തിക്കുക. അതിനാൽ പരിമിതമായ യൂണിറ്റുകൾ മാത്രമായിരിക്കും രാജ്യത്ത് അവതരിപ്പിക്കുകയെന്നാണ് സൂചന. ഇന്ത്യയിൽ ഒരൊറ്റ 1.5 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനിൽ മാത്രമാകും പുതിയ എസ്‌യുവി വിൽപ്പനക്കെത്തുക.

ഏഴ് സ്പീഡ് ഡിഎസ്‌ജി ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായാകും എഞ്ചിൻ ജോടിയാക്കുക. ഈ യൂണിറ്റ് 150 bhp കരുത്തിൽ 250 Nm torque ഉത്പാദിപ്പിക്കും. 8.4 സെക്കൻഡിനുള്ളിൽ 205 കിലോമീറ്റർ വേഗത കൈവരിക്കാൻ ടി-റോക്കിന് സാധിക്കുമെന്ന് ഫോക്‌സ്‌വാഗൺ അവകാശപ്പെടുന്നു.

ധീരവും സ്റ്റൈലിഷുമായ രീതിയിലാണ് ടി-റോക്കിനെ കമ്പനി അണിയിച്ചൊരുക്കിയിരിക്കുന്നത്. പൂർണ എൽഇഡി ഹെഡ്‌ലാമ്പുകൾ, ടെയിൽ ലാമ്പുകൾ, അലോയ് വീലുകൾ, മുന്നിലും പിന്നിലും പാർക്കിംഗ് സെൻസറുകൾ, പിൻ പാർക്കിംഗ് ക്യാമറ, ലെതർ സീറ്റുകൾ, പൂർണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ തുടങ്ങിയവ എസ്‌യുവിയിൽ ഒരുക്കിയിരിക്കുന്നു.

ഇന്ത്യൻ പതിപ്പ് എസ്‌യുവിയിൽ ആറ് എയർബാഗുകൾ, എബിഎസ്, ഇലക്ട്രോണിക് സ്ഥിരത നിയന്ത്രണം, ട്രാക്ഷൻ കൺട്രോൾ സിസ്റ്റം, ഇലക്ട്രോണിക് ഡിഫറൻഷ്യൽ ലോക്ക്, മോട്ടോർ സ്ലിപ്പ് റെഗുലേഷൻ, ഹിൽ-സ്റ്റാർട്ട് അസിസ്റ്റ് തുടങ്ങിയ ഫീച്ചറുകൾ സുരക്ഷാ സവിശേഷതകളുടെ പട്ടികയിൽ ഫോക്‌സ്‌വാഗൺ വാഗ്‌ദാനം ചെയ്യുന്നു.

ആഭ്യന്തര വിപണിയിൽ എത്തുന്ന ടി-റോക്കിൽ ലഭ്യമായേക്കാവുന്ന കളർ ഓപ്ഷനുകളിൽ ഡീപ്പ് ബ്ലാക്ക് പേൾ, കുർക്കുമ യെല്ലോ / ബ്ലാക്ക്, എനർജറ്റിക് ഓറഞ്ച് / ബ്ലാക്ക്, പ്യുവർ വൈറ്റ് / ബ്ലാക്ക്, റെവെന്ന ബ്ലൂ / ബ്ലാക്ക്, ഇൻഡിയം ഗ്രേ / ബ്ലാക്ക് എന്നിവ ഉൾപ്പെടുന്നു.

ഫ്ലാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീൽ, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയ്ക്കൊപ്പം വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം എന്നിവ ഉൾക്കൊള്ളുന്ന അകത്തളമാണ് വാഹനത്തിന്റെ മറ്റൊരു ആകർഷണ ഘടകം. ഓട്ടോമാറ്റിക് 2-സോൺ ക്ലൈമറ്റ് കൺട്രോൾ, വിയന്ന ലെതർ സീറ്റുകൾ, ഫിനിഷ്, പനോരമിക് സൺറൂഫ് എന്നിവയും എസ്‌യുവിക്ക് ലഭിക്കും.

ചെക്ക് റിപ്പബ്ളിക്കൻ വാഹന നിർമാതാക്കളായ സ്‌കോഡ ഓട്ടോയും- ഫോക്‌സ്‌വാഗണും തമ്മിലുള്ള സംയുക്ത പങ്കാളിത്തമായ ‘ഇന്ത്യ 2.0' പ്രോജക്ടിന്റെ ഭാഗമാകുന്ന ബ്രാൻഡിൽ നിന്നുള്ള ആദ്യത്തെ ഉൽപ്പന്നമാണ് ഫോക്‌സ്‌വാഗൺ ടി-റോക്ക്. MQB പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് പുതിയ എസ്‌യുവിയുടെ നിർമ്മാണം പൂർത്തിയാക്കിയിരിക്കുന്നത്.

ഇന്ത്യൻ വിപണിയിൽ എത്തുമ്പോൾ ഏകദേശം 20 ലക്ഷം രൂപയായിരിക്കും പുതിയ ഫോക്‌സ്‌വാഗൺ ടി-റോക്ക് എസ്‌യുവിയുടെ എക്സ്ഷോറൂം വില പ്രതീക്ഷിക്കുന്നത്. അടുത്തിടെ സമാപിച്ച ഓട്ടോ എക്സ്പോയുടെ പതിനഞ്ചാം പതിപ്പിലാണ് പുതിയ മോഡലിനെ കമ്പനി ആഭ്യന്തര വിപണിയിൽ പ്രദർശിപ്പിച്ചത്.


Click it and Unblock the Notifications








