പുതിയ ബിഎംഡബ്ല്യു 5 സീരീസ് ഫെയ്‌സ്‌ലിഫ്റ്റ് ജൂൺ 24-ന് ഇന്ത്യയിലേക്ക്
ഇന്ത്യൻ വിപണിയിൽ പുതിയ 5 സീരീസ് ഫെയ്‌സ്‌ലിഫ്റ്റിനെ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ജർമൻ ആഢംബര വാഹന നിർമാതാക്കളായ ബിഎംഡബ്ല്യു. കഴിഞ്ഞ വർഷം മെയ് മാസത്തിൽ അന്താരാഷ്ട്ര തലത്തിൽ പരിചയപ്പെടുത്തിയ മോഡലിനെ ജൂൺ 24-നാണ് കമ്പനി രാജ്യത്തിനായി സമ്മാനിക്കുക.

5 സീരീസ് ഫെയ്‌സ്‌ലിഫ്റ്റിലെ മാറ്റങ്ങൾ ഫ്രണ്ട് ഗ്രില്ലിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. അത് മുമ്പത്തേതിനേക്കാൾ വീതിയും താഴ്ന്നതുമാണ്. ക്രോമിലെ കേന്ദ്ര ഘടകത്തോടുകൂടിയ ഒരു പുതിയ സിംഗിൾ-ഫ്രെയിം ഡിസൈനും ആഢംബര സെഡാന് ലഭിക്കുന്നുണ്ട്.

കൂടാതെ പുനർരൂപകൽപ്പന ചെയ്ത ഫ്രണ്ട് ബമ്പറും 5 സീരീസ് ഫെയ്‌സ്‌ലിഫ്റ്റിനെ കൂടുതൽ മോഡേൺ ആകാൻ സഹായിച്ചിട്ടുണ്ട്. പുതിയ ഹെഡ്‌ലൈറ്റുകൾക്കൊപ്പം വലിയ ഗ്രിൽ ജെല്ലുകൾ, ഉയർന്ന വേരിയന്റുകളിൽ ബിഎംഡബ്ല്യുവിന്റെ ലേസർലൈറ്റ് സാങ്കേതികവിദ്യ എന്നിവയും വാഹനത്തിൽ അവതരിപ്പിക്കും.

ഹെഡ്‌ലൈറ്റുകൾക്ക് ക്വാഡ് എൽഇഡി ബീമുകൾ, എൽ ആകൃതിയിലുള്ള ഡേടൈം റണ്ണിംഗ് ലൈറ്റുകൾ എന്നിവയും നൽകിയതോടെ കാഴ്ച്ചയിൽ തന്നെ ഒന്നു മിനുങ്ങാൻ 5 സീരീസിന് സാധിച്ചിട്ടുണ്ട്. ഫെയ്‌സ്‌ലിഫ്റ്റിന് കൂടുതൽ ഘടനാപരമായ ടെയിൽ-ലൈറ്റുകളും ലഭിക്കുന്നുണ്ട്.

അവ ഏറ്റവും പുതിയ 3 സീരീസിലുള്ള ഡിസൈനിന് സമാനമാണ്. ഒപ്പം പുനർരൂപകൽപ്പന ചെയ്ത റിയർ ബമ്പറും പുതിയ പതിപ്പിലെ പ്രത്യേകതയാണ്. എല്ലാ 5 സീരീസ് മോഡലുകളിലും വേരിയന്റ് പരിഗണിക്കാതെ ട്രപസോയിഡൽ ടെയിൽപൈപ്പുകളാണ് ബ്രാൻഡ് ഘടിപ്പിക്കുന്നത്.

ഇനി അകത്തളത്തിലേക്ക് നോക്കിയാലോ 5 സീരീസ് ഫെയ്‌സ്‌ലിഫ്റ്റിന് ബിഎംഡബ്ല്യുവിന്റെ ഐഡ്രൈവ് ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിന്റെ ഏറ്റവും പുതിയ ഏഴാം തലമുറ പതിപ്പും സ്റ്റാൻഡേർഡായി 10.3 ഇഞ്ച് സെൻട്രൽ ടച്ച്‌സ്‌ക്രീനും ലഭിക്കും. കൂടാതെ ഇന്റീരിയർ പരിഷ്ക്കരണം കൂടുതലും ഡാഷ്‌ബോർഡിലാണ് കാണാനാവുക.

ഫെയ്‌സ്‌ലിഫ്റ്റ് മോഡൽ പുതിയ ലോവർ ക്ലൈമറ്റ് ഡിസ്‌പ്ലേയും പരിചയപ്പെടുത്തും. ഒപ്പം പുതുക്കിയ മെറ്റീരിയലുകൾക്കും ഗ്ലോസ് ബ്ലാക്ക് സെന്റർ കൺസോൾ വിശദാംശങ്ങളും ശ്രദ്ധേയമാകും. എൻട്രി ലെവൽ മോഡലുകൾക്ക് മുമ്പത്തേതിനേക്കാൾ കൂടുതൽ ഉപകരണങ്ങൾ സ്റ്റാൻഡേർഡായി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ആഢംബര സെഡാനെക്കുറിച്ചുള്ള ഔദ്യോഗിക വിശദാംശങ്ങളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ലെങ്കിലും നിലവിലെ മോഡലിന്റെ എഞ്ചിൻ ഓപ്ഷനുകൾ മുന്നോട്ട് കൊണ്ടുപോകാനാണ് സാധ്യത. 5 സീരീസ് 530i വേരിയന്റിൽ 2.0 ലിറ്റർ പെട്രോളായിരിക്കും ഇടംപിടിക്കുക.

5 സീരീസ് 520d മോഡലിന് 2.0 ലിറ്റർ ഡീസൽ എഞ്ചിൻ തുടിപ്പേകുമ്പോൾ 520d പതിപ്പ് 3.0 ലിറ്റർ ഡീസൽ യൂണിറ്റും അണിനിരത്തും. എല്ലാ മോഡലുകളിലുംഎട്ട് സ്പീഡ് ടോർഖ് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്സ് സ്റ്റാൻഡേർഡ് ആയിരിക്കും.

നിലവിൽ ഇന്ത്യയിലെ ബിഎംഡബ്ല്യു 5 സീരീസ് ശ്രേണിക്ക് 56 മുതൽ 69.10 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില. ഫെയ്‌സ്‌ലിഫ്റ്റിന്റെ വിലയിൽ നേരിയ വർധനവ് ഉണ്ടാകുമെന്ന് ഉറപ്പാണ്. മെർസിഡീസ് ബെൻസ് E-ക്ലാസ്, ഔഡി A6, വോൾവോ S90, ജാഗ്വർ XF മോഡലുകളാണ് ഇന്ത്യയിൽ 5 സീരീസിന് വെല്ലുവിളി ഉർത്തുന്നത്.


Click it and Unblock the Notifications








