ഫ്ലെക്‌സ്-ഫ്യൂവൽ സിസ്റ്റം അവതരിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ കാർ; സിട്രൺ C3 എസ്‌യുവി സെപ്റ്റംബറിൽ എത്തും
ഇന്ത്യയും ബ്രസീലും ഉൾപ്പെടെയുള്ള വികസ്വര രാജ്യങ്ങൾക്കായി സിട്രൺ കുറഞ്ഞ ചെലവിൽ മൂന്ന് പുതിയ മോഡലുകളെ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ആദ്യ ഉൽപ്പന്നം CC21 എന്ന രഹസ്യനാമമുള്ള സബ് കോംപാക്‌ട് എസ്‌യുവിയാകും.

ഇത് ഇന്ത്യൻ നിരത്തുകളിൽ കഠിന പരീക്ഷണത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്. ഈ മോഡലിനെ 2021 മെയ് 20-ന് ആഗോളതലത്തിൽ പരിചയപ്പെടുത്താനായിരുന്നു ഫ്രഞ്ച് ബ്രാൻഡ് പദ്ധതിയിട്ടിരുന്നത്. എന്നാൽ കൊവിഡ് പ്രതിസന്ധിയിൽ അവതരണം വൈകുകയായിരുന്നു.

നിലവിൽ പല അന്താരാഷ്ട്ര വിപണിയിലും നിറസാന്നിധ്യമായ സിട്രൺ C3 കോംപാക്‌ട് എസ്‌യുവിയെ അടിസ്ഥാനമാക്കിയാണ് വരാനിക്കുന്ന മോഡലിനെ കമ്പനി തയാറാക്കുന്നത്. ഈ വാഹനം 2021 സെപ്റ്റംബറിൽ അരങ്ങേറ്റം കുറിക്കുമെന്നാണ് ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

അരങ്ങേറ്റം കഴിഞ്ഞാലുടൻ എസ്‌യുവി വിപണിയിലേക്ക് എത്തും. പുതിയ C3 പതിപ്പിന്റെ പ്ലാറ്റ്ഫോം ഒരു ഇലക്ട്രിക് സബ് കോംപാക്‌ട് എസ്‌യുവിയെ സഹായിക്കുമെന്നും റിപ്പോർട്ട് അവകാശപ്പെടുന്നുണ്ട്.

സിട്രൺ eCC21 എന്ന കോഡ്നാമമുള്ള പുതിയ ഇലക്ട്രിക് എസ്‌യുവി 2022 ൽ എത്തും. സിട്രൺ C3 കോംപാക്‌ട് എസ്‌യുവി സ്റ്റെല്ലാന്റിസ് കോമൺ മോഡുലാർ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും.

ഇത് അടിസ്ഥാനപരമായി പൂഷോ 208 കാറിന്റെ പ്ലാറ്റ്ഫോമിന്റെ ലളിതമായ പതിപ്പാണ്. എസ്‌യുവി, എംപിവി, ഹാച്ച്ബാക്ക്, സെഡാൻ എന്നിവയുൾപ്പെടെ വ്യത്യസ്ത ബോഡി സ്റ്റൈലുകളുമായി ഈ പ്ലാറ്റ്ഫോം പൊരുത്തപ്പെടും എന്നതും ശ്രദ്ധേയമാണ്.

പെട്രോൾ, ഡീസൽ, ഇലക്ട്രിക് എന്നിവയുൾപ്പെടെ ഒന്നിലധികം എഞ്ചിൻ ഓപ്ഷനുകളെ ഈ പ്ലാറ്റ്ഫോം പിന്തുണയ്ക്കുന്നുമുണ്ട്. സിട്രൺ C3 എസ്‌യുവി വലിയ C3 എയർക്രോസ്, C5 എയർക്രോസ് എന്നിവയിൽ നിന്നുള്ള സ്റ്റൈലിംഗ് സൂചകങ്ങൾ പങ്കിടുമെന്ന് സ്പൈ ചിത്രങ്ങൾ വെളിപ്പെടുത്തിയിരുന്നു.

ഉയരമുള്ളതും ചതുരാകൃതിയിലുള്ളതുമായ ബോഡി, ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസ്, സ്പ്ലിറ്റ് ഹെഡ്‌ലാമ്പ് സജ്ജീകരണം, റാപ്-റൗണ്ട് ടെയിൽ ലാമ്പുകൾ, അണ്ടർബോഡി ക്ലാഡിംഗ് എന്നിവയാണ് കോംപാക്‌ട് കാറിന്റെ മുഖമുദ്ര.

അതോടൊപ്പം ടേൺ ഇൻഡിക്കേറ്ററുകളുള്ള എൽഇഡി ഡിആർഎല്ലുകൾ, ബമ്പറിന് താഴെയായി സ്ഥാപിക്കുന്ന പ്രധാന ഹെഡ്‌ലാമ്പ് യൂണിറ്റ് എന്നിവയും പ്രത്യേകതകൾ നിറഞ്ഞതായിരിക്കും.

സിട്രൺ C3 കോംപാക്‌ട് എസ്‌യുവിയിൽ വലിയ ഫ്ലോട്ടിംഗ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ സപ്പോർട്ട്, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, മൾട്ടി-ഫങ്ഷണൽ സ്റ്റിയറിംഗ് വീൽ, ഓട്ടോമാറ്റിക് എസി തുടങ്ങിയവ അകത്തളത്തിൽ അവതരിപ്പിക്കും.

1.2 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ് പുതിയ സിട്രൺ C3 കോംപാക്‌ട് എസ്‌യുവിക്ക് കരുത്ത് പകരുന്നത്. ഇത് പരമാവധി 130 bhp പവർ വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതായിരിക്കും. 5 സ്പീഡ് മാനുവൽ ഗിയർബോക്സ് സ്റ്റാൻഡേർഡായി വരുമ്പോൾ ഒരു ഡിസിടി ഓട്ടോമാറ്റിക് ഗിയർബോക്സും തെരഞ്ഞെടുക്കാൻ സാധിക്കും.

ഫ്ലെക്‌സ്-ഫ്യൂവൽ സിസ്റ്റം അവതരിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ വാഹനമായിരിക്കും സിട്രൺ CC21. ഇത് 1.2 ലിറ്റർ പെട്രോൾ എഞ്ചിൻ അവതരിപ്പിക്കാൻ അനുയോജ്യമാണ്. എഥനോൾ മിശ്രിതങ്ങൾ 27 ശതമാനം മുതൽ പൂർണമായും ജൈവ ഇന്ധനം വരെ ഉപയോഗിക്കാം.


Click it and Unblock the Notifications








