ഇന്ധന വിതരണത്തിലെ തകരാർ, ഇറക്കുമതി ചെയ്ത Wrangler എസ്‌യുവിയെ തിരികെവിളിച്ച് Jeep
ഓഫ്റോഡ് വാഹന പ്രേമികളുടെ സ്വപ്‌ന മോഡലായ റാങ്ലറിന്റെ അൺലിമിറ്റഡ്, റൂബിക്കോൺ വേരിയന്റുകളെ തിരികെ വിളിച്ച് ജീപ്പ്. ഇന്ത്യയിൽ ഇറക്കുമതി ചെയ്‌ത എസ്‌യുവിയുടെ 39 യൂണിറ്റുകളെ ബാധിച്ച ചില പ്രശ്‌നങ്ങളാണ് തിരിച്ചുവിളിക്കാൻ കാരണമായത്.

റാങ്ലറിന്റെ അൺലിമിറ്റഡ്, റൂബിക്കോൺ വേരിയന്റുകളെ ബാധിച്ച ഇന്ധന വിതരണ ലൈൻ കണക്‌ടറിലെ തകരാറാണ് പ്രശ്‌നമായത്. ജീപ്പിന്റെ അഭിപ്രായത്തിൽ ഈ പ്രശ്‌നം തീപിടുത്തത്തിനു കാരണമായേക്കാം. ഇത് വാഹനത്തിനകത്തും പുറത്തും ഉള്ളവർക്ക് മാരകമാവും വിധം നാശമുണ്ടാക്കിയേക്കാം.

ഇന്ധന വിതരണത്തിലെ തകരാർ ബാധിച്ച മോഡലുകൾ നിർമിച്ചത് 2020 ജനുവരി 24 നും 2020 മാർച്ച് 17 നും ഇടയിലാണെന്നും അമേരിക്കൻ എസ്‌യുവി നിർമാതാക്കൾ അറിയിച്ചിട്ടുണ്ട്. ഇതിനർഥം പൂര്‍ണമായും വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്‌ത് ഇന്ത്യന്‍ വിപണിയിൽ എത്തിയിരുന്ന യൂണിറ്റുകളെ മാത്രമാകും ഇതു ബാധിക്കുകയെനനാണ്.

ഇന്ത്യയിൽ 2021 മാർച്ചോടെയാണ് കമ്പനി റാങ്ലറിന്റെ പ്രാദേശിക ഉത്പാദനം ജീപ്പ് ആരംഭിക്കുന്നത്. തകരാർ ബാധിച്ച വാഹനങ്ങൾ പരിശോധനയ്ക്കായി ഡീലർഷിപ്പ് അല്ലെങ്കിൽ സർവീസ് സെന്ററുകളിലേക്ക് ഉപഭോക്താക്കൾ എത്തിക്കേണ്ടതുണ്ട്. എസ്‌യുവിയുടെ പ്രവർത്തനത്തെക്കുറിച്ചോ ഡ്രൈവിംഗ് ശേഷിയെക്കുറിച്ചോ എന്തെങ്കിലും സുരക്ഷാ ആശങ്കകളുണ്ടോ എന്ന് ജീപ്പ് വ്യക്തമാക്കിയിട്ടില്ല.

വില കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യന്‍ നിരത്തുകള്‍ക്കായി ഇന്ത്യയില്‍ തന്നെ നിർമിച്ച മോഡലുകളെയും ജീപ്പ് ഈ വർഷം ആദ്യം മാർച്ചിൽ അവതരിപ്പിച്ചത്. ഇറക്കുമതി ചെയ്‌ത റാങ്‌ലറിനെ അപേക്ഷിച്ച് ഏകദേശം 10 മുതൽ 12 ലക്ഷം രൂപ വരെയാണ് പ്രാദേശിക പ്രവർത്തനങ്ങളിലൂടെ എസ്‌യുവിക്കായുള്ള വില കമ്പനി പിടിച്ചുനിർത്തിയത്.

അന്ന് റാങ്‌ലർ അൺലിമിറ്റഡിന് 53.90 ലക്ഷം രൂപയും റാങ്‌ലർ റൂബിക്കോണിന് 57.90 ലക്ഷം രൂപയുമായിരുന്നു എക്‌സ്‌ഷോറൂം വില. എന്നാൽ കഴിഞ്ഞ ദിവസം എസ്‌യുവിയുടെ വിലയിൽ 1.25 ലക്ഷം രൂപയുടെ വർധനവ് കമ്പനി നടപ്പിലാക്കിയിരുന്നു.

അങ്ങനെ അൺലിമിറ്റഡ് വേരിയന്റിന് 55.15 ലക്ഷം രൂപയും റൂബിക്കോണിന് 59.15 ലക്ഷം രൂപയും എക്സ്ഷോറൂം വിലയായി മാറി. പുതിയ റാങ്ലര്‍ ജീപ്പിന്റെ പൂനെയിലെ പ്ലാന്റില്‍ അസംബിള്‍ ചെയ്താണ് വിപണിയില്‍ എത്തിക്കുന്നത്. അതോടൊപ്പം ജീപ്പിന്റെ എല്ലാ പ്രധാന റൈറ്റ് ഹാൻഡ് ഡ്രൈവ് വിപണികൾക്കായുള്ള യൂണിറ്റുകളും ഇവിടെ ഉത്പാദിപ്പിച്ചാണ് കയറ്റിയയക്കുന്നത്.

സിഗ്‌നേച്ചർ സെവൻ-സ്ലാറ്റ് ഗ്രിൽ, എൽഇഡി ഹെഡ്‌ലാമ്പുകൾ, ഫ്രണ്ട് ഫെൻഡറിൽ പിടിപ്പിച്ച ടേൺ ഇൻഡിക്കേറ്ററുകളും എൽഇഡി ഡിആർഎല്ലുകളും, 18 ഇഞ്ച് അലോയ് വീലുകൾ, ടെയിൽ ഗേറ്റിൽ ഘടിപ്പിച്ച സ്‌പെയർ വീൽ എന്നിവയെല്ലാമാണ് റാങ്ലറിന്റെ ഡിസൈൻ വിശദാംശങ്ങളിൽ ഉൾപ്പെടുന്നത്. 4,882 മില്ലീമീറ്റർ നീളവും 1,894 മില്ലീമീറ്റർ വീതിയും 1,848 മില്ലീമീറ്റർ ഉയരവും 3,008 മില്ലീമീറ്റർ വീൽബേസും 217 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസുമാണ് ഓഫ് റോഡ് എസ്‌യുവിക്കുള്ളത്.

ഓഫ് റോഡിംഗിൽ കൂടുതൽ മികവുറ്റതാക്കാൻ ഫുൾ ഫ്രെയിം ഡോറുകൾ, ഇലക്ട്രോണിക്കലായി വിച്ഛേദിക്കാവുന്ന ഫ്രണ്ട് സ്വേ ബാർ, ലോക്കിംഗ് ഡിഫ്രൻഷ്യൽ ഹിൽ-സ്റ്റാർട്ട്, ഡിസെന്റ് കൺട്രോൾ, ഓഫ്-റോഡ് പ്ലസ് മോഡ്, 4x4 സിസ്റ്റം തുടങ്ങിയ സവിശേഷതകളും ജീപ്പ് റാങ്‌ലർ എസ്‌യുവിയുടെ മേന്മകളാണ്.

ജനപ്രിയ റോക്ക്‌ട്രാക്ക് ഓഫ്-റോഡ് മോഡ് സവിശേഷതകളും മോപ്പർ നിർമ്മിച്ച 120 ലധികം ആക്‌സസറികളും റാങ്‌ലറിന്റെ ഹാർഡ്-കോർ ഓഫ് റോഡ് റൂബിക്കോൺ വേരിയന്റിൽ അമേരിക്കൻ ബ്രാൻഡ് നൽകുന്നുണ്ട്. എസ്‌യുവിയുടെ ഇന്റീരിയറും അങ്ങേയറ്റം പ്രീമിയമാണ്.

8.4 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, വോയ്‌സ് കമാൻഡ് സിസ്റ്റം, നാവിഗേഷൻ, ഒരു ആൽപൈൻ മ്യൂസിക് സിസ്റ്റം, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, കീലെസ് എൻട്രി, 60:40 സ്പ്ലിറ്റ്-ഫോൾഡിംഗ് പിൻ സീറ്റുകളും ഏഴ് ഇഞ്ച് എംഐഡി തുടങ്ങിയ സവിശേഷതകളും അമേരിക്കൻ വാഹന നിർമാതാക്കൾ വാഗ്‌ദാനം ചെയ്യുന്നുണ്ട്.

2.0 ലിറ്റർ നാല് സിലിണ്ടർ പെട്രോൾ എഞ്ചിനാണ് ജീപ്പ് റാങ‌്‌ലർ മോഡലുകളുടെ ഹൃദയം. ഇത് പരമാവധി 268 bhp പവറിൽ 400 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായാണ് എഞ്ചിൻ സ്റ്റാൻഡേർഡായി ജോടിയാക്കിയിരിക്കുന്നത്. ബ്രൈറ്റ് വൈറ്റ്, സ്റ്റിംഗ് ഗ്രേ, ഗ്രാനൈറ്റ് ക്രിസ്റ്റൽ, ബ്ലാക്ക്, ഫയർക്രാക്കർ റെഡ് എന്നിങ്ങനെ അഞ്ച് വ്യത്യസ്‌ത നിറങ്ങളിൽ വാഹനം സ്വന്തമാക്കാം.

നിലവിൽ റാങ്‌ലറിനു പുറമെ കോമ്പസ് എസ്‌യുവിയും മാത്രമാണ് ജീപ്പ് ഇന്ത്യൻ വിപണിയിൽ എത്തിക്കുന്നത്. എന്നാൽ ഇവയിലൂടെ കാര്യമായ വിൽപ്പന കൈകാര്യം ചെയ്യാനും കമ്പനിക്ക് സാധിക്കുന്നില്ല. എന്നാൽ അടുത്ത വർഷം തുടക്കത്തോടെ കോമ്പസിനെ അടിസ്ഥാനമാക്കിയുള്ള ഒരു ഏഴ് സീറ്റർ മോഡലിനെയും ബ്രാൻഡ് വിപണിയിൽ എത്തിക്കും. ഇത് മെറിഡിയൻ എന്ന പേരിലായിരിക്കും ഇന്ത്യയിൽ അവരിപ്പിക്കും.


Click it and Unblock the Notifications








