വിൽപ്പന ഇനിയും കൂട്ടണം; പ്രീമിയം നെക്‌സ മോഡലുകളിലും കിടിലൻ ഓഫറുകളുമായി മാരുതി
കൊവിഡ് രണ്ടാംതരംഗത്തിൽ നിന്നും പയ്യെ കരകയറുകയാണ് ഇന്ത്യൻ വാഹന വ്യവസായം. കഴിഞ്ഞ മാസം ശക്തമായ വിൽപ്പന വീണ്ടെടുക്കലാണ് ഒട്ടുമിക്ക ബ്രാൻഡുകൾക്കും പറയാനുള്ളതും. ലോക്ക്ഡൗണിൽ മുങ്ങിപോയ വിപണി തിരിച്ചുപിടിക്കാൻ മികച്ച ആനുകൂല്യങ്ങളും ഓഫറുകളുമായി കമ്പനികൾ രംഗത്തുവരാനും തുടങ്ങിയിട്ടുണ്ട്.

രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാണ കമ്പനിയായ മാരുതി സുസുക്കി തങ്ങളുടെ അരീന മോഡലുകളിൽ ഗംഭീര ഡിസ്‌കൗണ്ട് ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചതിനു പിന്നാലെ ദേ പ്രീമിയം നെക‌്‌സ ഡീലർഷിപ്പിലൂടെയും മികച്ച ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുകയാണ്.

നെക്സ ശ്രേണിയിലെ എൻട്രി ലെവൽ മോഡലായ മാരുതി ഇഗ്നിസിന്റെ സിഗ്മ വേരിയന്റിൽ 20,000 രൂപ വരെയുള്ള ആനുകൂല്യങ്ങളാണ് ജൂലൈ മാസം ഉപഭോക്താക്കൾക്ക് ലഭ്യമാകുന്നത്. അതേസമയം ഡെൽറ്റ പതിപ്പിൽ 15,000 രൂപയും കമ്പനി വാഗ്‌ദാനം ചെയ്യുന്നുണ്ട്.

കോംപാക്‌ട് ഹാച്ച്ബാക്കിന്റെ സീറ്റ, ആൽഫ വേരിയന്റുകളിൽ എക്സ്ചേഞ്ച് ബോണസായി 15,000 രൂപയും കോർപ്പറേറ്റ് കിഴിവായി 5,000 രൂപയും മാരുതി ഒരുക്കിയിട്ടുണ്ട്. നിലവിൽ നെക്‌സ ശ്രേണിയിൽ കൂടുതൽ വിറ്റഴിക്കപ്പെടുന്ന രണ്ടാമത്തെ മോഡലാണ് ഇഗ്നിസ്.

രാജ്യത്തെ ഏറ്റവും ജനപ്രിയമായ പ്രീമിയം ഹാച്ച്ബാക്കായ ബലേനോയുടെ തെരഞ്ഞെടുത്ത മോഡലുകളിൽ മാത്രമാണ് ആനുകൂല്യങ്ങൾ ലഭിക്കുക. കാറിന്റെ സിവിടി വേരിയന്റുകളിൽ ഓഫറുകളിൽ കിഴിവുകളൊന്നുമില്ല എന്ന കാര്യം തുടക്കം തന്നെ സൂചിപ്പിക്കാം.

ബലേനോയുടെ സിഗ്മ വേരിയന്റിൽ 25,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും ഡെൽറ്റ വേരിയന്റിൽ 15,000 രൂപയും സീറ്റ, ആൽഫ മോഡലുകളിൽ 12,500 രൂപയുമാണ് ഉപഭോക്താക്കൾക്ക് പ്രയോജനപ്പെടുത്താനാവുക.

എന്നാൽ തെരഞ്ഞെടുത്ത വേരിയന്റ് പരിഗണിക്കാതെ തന്നെ കോർപ്പറേറ്റ് കിഴിവായി 5,000 രൂപയും എക്സ്ചേഞ്ച് ബോണസായി 10,000 രൂപയും നെക്‌സ ഡീലർഷിപ്പിലൂടെ മാരുതി ബലേനോ സ്വന്തമാക്കുമ്പോൾ ലാഭിക്കാം.

മാരുതിയുടെ പ്രീമിയം സി-സെഗ്മെന്റ് സെഡാനായ സിയാസിൽ ക്യാഷ് ഡിസ്‌കൗണ്ട് ഒന്നും ലഭ്യമല്ല. എന്നിരുന്നാലും എക്സ്ചേഞ്ച് ബോണസായി 25,000 രൂപയും കോർപ്പറേറ്റ് കിഴിവായി 7,500 രൂപയും സെഡാനിൽ വാഗ്ദാനം ചെയ്യുന്നുണ്ട്.

എർട്ടിഗയുടെ പ്രീമിയം വകഭേദമായ XL6 എംപിവിയിൽ കിഴിവുകളോ ആനുകൂല്യങ്ങളോ കമ്പനി ഒരുക്കിയിട്ടില്ല. എന്നാൽ എസ്-ക്രോസിന്റെ അടിസ്ഥാന സിഗ്മ മോഡലിൽ 5,000 രൂപ വരെ ക്യാഷ് ഡിസ്‌കൗണ്ട് പ്രയോജനപ്പെടുത്താം.

ക്രോസ്ഓവർ എസ്‌യുവിയുടെ മറ്റെല്ലാ വേരിയന്റുകളിലും ക്യാഷ് ഡിസ്‌കൗണ്ടായി 25,000 രൂപ, എക്സ്ചേഞ്ച് ബോണസായി 15,000 രൂപയും കോർപ്പറേറ്റ് കിഴിവായി എല്ലാ വേരിയന്റുകളിലും 7,500 രൂപയും 2021 ജൂലൈ മാസം വാഗ്ദാനം ചെയ്യുന്നുണ്ട്.


Click it and Unblock the Notifications