ലോകത്തിലെ ഏറ്റവും കരുത്തുറ്റ ഹാച്ച്ബാക്ക്; Mercedes AMG A45 S ഉടൻ ഇന്ത്യയിൽ എത്തും
ദീപാവലിക്ക് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കുമ്പോൾ ഇന്ത്യയിൽ പുതിയ AMG A45 S പെർഫോമൻസ് ഹാച്ച്ബാക്ക് പുറത്തിറക്കാൻ ഒരുങ്ങി മെർസിഡീസ് ബെൻസ്. ലോകത്തിലെ ഏറ്റവും ശക്തമായ നാല് സിലിണ്ടർ സീരീസ് പ്രൊഡക്ഷൻ എഞ്ചിനുള്ള കാറായാണ് ഈ ജർമൻ ഹാച്ച് അറിയപ്പെടുന്നതു തന്നെ.

2019 ലെ ഗുഡ്‌വുഡ് ഫെസ്റ്റിവൽ ഓഫ് സ്പീഡിൽ ആദ്യമായി അവതരിപ്പിച്ച മെർസിഡീസ് AMG A45 S ഇന്ത്യൻ നിരത്തുകൾക്ക് പുതിയ മാനമാകും തുറന്നു കൊടുക്കുക. അടുത്ത ഏതാനും ദിവസങ്ങൾക്കുള്ളിൽ വിപണിയിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്ന ഈ കാർ രാജ്യത്തെ എക്കാലത്തെയും മികച്ച ഹാച്ച്ബാക്ക് മോഡലുകളിൽ ഒന്നായിരിക്കും.

മെർസിഡീസ് AMG A45 S കാറിന്റെ ഏറ്റവും പ്രധാന സവിശേഷത അതിന്റെ എഞ്ചിൻ ആണെന്നതിൽ സംശയമില്ല. 2.0 ലിറ്റർ ഫോർ സിലിണ്ടർ ടർബോ പെട്രോൾ എഞ്ചിൻ പരമാവധി 421 bhp കരുത്തിൽ 500 Nm torque ഉത്പാദിപ്പിക്കാൻ പ്രാപ്‌തമായിരിക്കും. ഇത് ഇന്ത്യയിലെ മാത്രമല്ല ലോകത്തിലെ തന്നെ ഏറ്റവും കരുത്തുറ്റ 4 സിലിണ്ടർ ഹാച്ച്ബാക്കായാണ് കരുതപ്പെടുന്നത്.

ആഗോളതലത്തിൽ A45 AMG ശ്രേണിയിൽ 387 bhp പവറുള്ള ലോവർ-സ്പെക്ക് സ്റ്റാൻഡേർഡ് മോഡലും ഈ ഹാച്ച്ബാക്കിനുണ്ട്. എന്നാൽ AMG A35 സെഡാനിൽ നിന്നുള്ള ഒരു പ്രധാന ചുവടുവെപ്പായി മെർസിഡീസ് ആഭ്യന്തര വിപണിയിൽ ഫുൾ-ബ്ലോൺ S മോഡൽ വാഗ്ദാനം ചെയ്യും. 8 സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായാണ് ഇതിന്റെ എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്.

ഫോർവീൽ ഡ്രൈവ് സംവിധാനമുള്ള മെർസിഡീസ് ബെൻസ് AMG A45 S വെറും 3.9 സെക്കൻഡിൽ 100 കിലോമീറ്റർ വേഗത കൈവരിക്കും. അതേസമയം പെർഫോമൻസ് ഹാച്ച്ബാക്കിന്റെ പരമാവധി വേഗത 270 കിലോമീറ്ററായാണ് ജർമൻ ബ്രാൻഡ് പരിമിതപ്പെടുത്തിയിരിക്കുന്നത്. A45 S മോഡലിലെ 4 മാറ്റിക് ഫോർ-വീൽ-ഡ്രൈവ് സിസ്റ്റം ഒരു മൾട്ടി-പ്ലേറ്റ് ക്ലച്ചുമായാണ് വരുന്നത്. അത് ഒരു AMG ടോർഖ് കൺട്രോൾ ഫംഗ്‌ഷനും ഉൾക്കൊള്ളുന്നുണ്ട് എന്ന കാര്യവും ശ്രദ്ധേയമാണ്.

അത് ഓരോ വ്യക്തിഗത പിൻ വീലിലേക്കും അയയ്‌ക്കുന്ന ഡ്രൈവിന്റെ അളവ് വ്യത്യാസപ്പെടുത്തുന്നതിന് റിയർ ആക്‌സിലിനുള്ളിൽ ഇലക്ട്രോണിക് നിയന്ത്രിത ക്ലച്ചുകളെ വേർതിരിക്കുന്ന ജോലിയാണ് നിർവഹിക്കുന്നത്. 360 mm ഫ്രണ്ട്, 330 mm റിയർ ഡിസ്‌കുകളുടെ രൂപത്തിൽ നവീകരിച്ച ബ്രേക്കുകളും ചുവന്ന നിറത്തിൽ പൂർത്തിയാക്കിയ സിക്സ് പോട്ട് ഫ്രണ്ട്, വൺ പോട്ട് റിയർ കാലിപ്പറുകളുമായാണ് A45 S നിരത്തിലേക്ക് എത്തുന്നത്.

പുതിയ A-ക്ലാസ് ഇതുവരെ സെഡാൻ ബോഡി ശൈലിയിൽ മാത്രം ലഭ്യമായതിനാൽ A-ക്ലാസ് ഹാച്ച്ബാക്കിനെ A45 ഇന്ത്യയിലേക്ക് വീണ്ടും അവതരിപ്പിക്കുമെന്നും മെർസിഡീസ് ബെൻസ് വ്യക്തമാക്കിയിട്ടുണ്ട്. ഇതിനകം വിൽപ്പനയിലുള്ള A35 സെഡാനെ അപേക്ഷിച്ച്, A45 S അധികമായി 115 bhp കരുത്തും 100 Nm torque ഉം നൽകുന്നു.

സ്റ്റൈലിംഗിന്റെ കാര്യത്തിൽ നിലവിൽ ലഭ്യമായ AMG A35 പതിപ്പിനെ അപേക്ഷിച്ച് ഏറ്റവും വലിയ വ്യത്യാസം ബോഡി ശൈലി തന്നെയാണ്. A45 S ഒരു ഹാച്ച്ബാക്കാണ് എന്ന കാര്യം മാറ്റി നിർത്തിയാൽ, ശരിയായ AMG സജ്ജീകരണങ്ങളിലൂടെ ഇത് കൂടുതൽ ആക്രമണാത്മകമായി തോന്നുന്നു.

മുൻവശത്തെ AMG പനമേരിക്കാന ഗ്രിൽ, കൂടുതൽ വ്യക്തമായ എയറോ ഘടകങ്ങൾ, വലിയ എയർ ഇൻടേക്കുകളും ഇന്റഗ്രേറ്റഡ് സ്പ്ലിറ്ററും ഉള്ള പുതിയ ബമ്പറുകൾ, റൂഫ് മൗണ്ടഡ് റിയർ വിംഗ്, ഡ്യുവൽ ട്വിൻ എക്സിറ്റ് എക്‌സ്‌ഹോസ്റ്റ്, AMG നിർദ്ദിഷ്ട 19 ഇഞ്ച് അലോയ് വീലുകൾ എന്നിവയാണ് വാഹനത്തിലെ ഹൈലൈറ്റുകൾ.

കൂടുതൽ വ്യക്തമായ വീൽ ആർച്ചുകളും പെർഫോമൻസ് ഹാച്ച്ഹാക്കിന്റെ രൂപത്തോട് ഇഴുകി ചേരുന്നുണ്ട്. വാസ്തവത്തിൽ A45 S കാറിന് A35 പതിപ്പിനേക്കാൾ 54 മില്ലീമീറ്റർ വീതിയുണ്ട്. കൂടാതെ മസ്ക്കുലർ ഹൻകർഡ് ഡൗൺ സ്റ്റാൻസുമാണുള്ളത്. ഇനി അകത്തളത്തിലേക്ക് നോക്കിയാൽ ഡാഷ്‌ബോർഡിനെ കിരീടമണിയിക്കുന്ന അതേ ഇരട്ട 10.25-ഇഞ്ച് ഡിസ്‌പ്ലേകൾക്കൊപ്പം ഇന്റീരിയർ ഡിസൈൻ മാറ്റമില്ലാതെ തുടരുന്നു.

എന്നാൽ മുന്നിലുള്ള കൂടുതൽ ആക്രമണാത്മകമായ സ്‌പോർട്‌സ് സീറ്റുകളാണ് ഏറ്റവും ശ്രദ്ധേയമായ മാറ്റം. കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഇന്ത്യയിൽ ആദ്യതലമുറ CLA, GLA 45 എന്നീ മോഡലുകൾ നിർത്തലാക്കിയതിന് ശേഷം രാജ്യത്ത് എത്തുന്ന പുതിയ 45ബാഡ്ജ് മോഡലുകളിൽ ആദ്യത്തേതാണ് പുതുതലമുറ A45 S. പ്രാദേശികമായി അസംബിൾ ചെയ്ത A35 സെഡാനിൽ നിന്ന് വ്യത്യസ്തമായി A45 S ഒരു CBU ഇറക്കുമതി ആയാണ് വിൽപ്പനയ്ക്ക് എത്തുക.

അതിനാൽ നിലവിൽ വിൽപ്പനയിലുള്ള പ്രാദേശികമായി അസംബിൾ ചെയ്ത AMG A35 പെർഫോമൻസ് സെഡാനേക്കാൾ വില വളരെ കൂടുതലായിരിക്കും പുതിയ പെർഫോമൻസ് ഹാച്ചിനെന്നാണ് പ്രതീക്ഷിക്കുന്നത്. A45 S പതിപ്പിന് ഏകദേശം 75 ലക്ഷം മുതൽ 80 ലക്ഷം രൂപയായിരിക്കും എക്‌സ്ഷോറൂം വില.


Click it and Unblock the Notifications








