ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലേക്ക്; ടൈഗൂണിന്റെ നിർമാണവും ആരംഭിച്ച് ഫോക്‌സ്‌വാഗൺ
ഇന്ത്യ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഡലുകളിൽ ഒന്നാണ് ഫോക്‌സ്‌വാഗൺ ടൈഗൂൺ. എസ്‌യുവി വിപണിയിലേക്ക് എത്താൻ ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. സെപ്റ്റംബറിൽ വിൽപ്പനയ്ക്ക് സജ്ജമാകുന്ന വാഹനത്തിനായുള്ള നിർമാണവും പൂനെയിലെ ചകാൻ ആസ്ഥാനമായുള്ള പ്ലാന്റിൽ ജർമൻ ബ്രാൻഡ് ആരംഭിച്ചിരിക്കുകയാണ്.

സ്കോഡ കുഷാഖിന് ശേഷം ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിന്റെ ഇന്ത്യ 2.0 തന്ത്രത്തിന് കീഴിലുള്ള അടുത്ത മോഡലായിരിക്കും ടൈഗൂൺ എസ്‌യുവി എന്നതും ശ്രദ്ധേയമാണ്. വാഹനത്തിനായുള്ള ഔദ്യോഗിക ബുക്കിംഗും കമ്പനി ആരംഭിച്ചതായി പ്രഖ്യാപിച്ചിട്ടുണ്ട്.

വാഹനം വാങ്ങാൻ താത്പര്യമുള്ള ഉപഭോക്താക്കൾക്ക് ഫോക്‌സ്‌വാഗണിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ ഓൺലൈനായോ അംഗീകൃത ഡീലർഷിപ്പിലൂടെയോ ടൈഗൂൺ പ്രീ-ബുക്ക് ചെയ്യാം. എസ്‌യുവിക്കായുള്ള ഡെലിവറിയും 2021 സെപ്റ്റംബറോടെ ആരംഭിക്കും.

ഫോക്‌സ്‌വാഗണ്‍ ടൈഗൂൺ ബ്രാൻഡിന്റെ ഡിഎൻഎ അനുസൃതമായി മികച്ച ബിൽഡ് ക്വാളിറ്റി, സുരക്ഷ, രസകരമായ ഡ്രൈവ് അനുഭവം എന്നിവ നിലനിർത്തും എന്നും കമ്പനി ഉറപ്പുനൽകുന്നുമുണ്ട്. ടൈൂഗണും സ്കോഡ കുഷാഖും ഒരേ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതിനാൽ ഡോറുകൾ, മേൽക്കൂര, ഗ്ലാസ്ഹൗസ് തുടങ്ങിയ നിരവധി ബോഡി ഘടകങ്ങൾ രണ്ട് എസ്‌യുവികളിലും സമാനമായിരിക്കും.

എന്നിരുന്നാലും ടൈഗൂണിന് സവിശേഷമായ വ്യക്തിത്വം ഉണ്ടായിരിക്കുമെന്നതാണ് വേറിട്ടുനിൽക്കുക. കനത്ത പ്രാദേശികവൽക്കരത്തോടെയുള്ള MQB A0 IN പ്ലാറ്റ്ഫോമാണിലാണ് ടൈഗൂൺ ഒരുങ്ങിയിരിക്കുന്നത്. 2020 ഓട്ടോ എക്‌സ്‌പോയിലാണ് എസ്‌യുവിയുടെ കൺസെപ്റ്റ് പതിപ്പിനെ ആദ്യമായി ജർമൻ ബ്രാൻഡ് പരിചയപ്പെടുത്തുന്നത്.

കുഷാഖിൽ നിന്ന് വ്യത്യസ്തമായി സ്ക്വയർ-ഇഷ് എൽഇഡി ഹെഡ്‌ലാമ്പുകളും ഇന്റഗ്രേറ്റഡ് എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളും സ്ലാറ്റ്ഡ് ഗ്രില്ലും നേരായ ബോണറ്റും സഹിതം ഫോക്‌സ്‌വാഗണ്‍ എസ്‌യുവി തികച്ചും ആധുനികമായ വിഷ്വൽ വിരുന്നായിരിക്കും ഒരുക്കുക.

ധാരാളമായുള്ള ക്രോമിന്റെ അതിപ്രസരവും സ്കോഡ എസ്‌യുവിയിൽ നിന്നും കൂടുതൽ വ്യത്യാസങ്ങൾ അടയാളപ്പെടുത്തും. 17 ഇഞ്ച് 'മനില' ഡ്യുവൽ-ടോൺ, ഡയമണ്ട് കട്ട് അലോയ് വീലുകൾ, പിൻഭാഗത്ത് ടെയിൽഗേറ്റിന് കുറുകെയുള്ള നീണ്ട എൽഇഡി ടെയിൽലാമ്പും വ്യത്യസ്തമായി രൂപകൽപ്പന ചെയ്യാൻ കമ്പനി ശ്രദ്ധിച്ചിട്ടുണ്ട്.

എസ്‌യുവിയുടെ മൊത്തം നീളവും വീതിയും ഉയരവും യഥാക്രമം 4221 മില്ലീമീറ്റർ, 1760 മില്ലീമീറ്റർ, 1612 മില്ലീമീറ്റർ എന്നിവയാണ്. കുഷാഖിന് സമാനമായി ഫോക്‌സ്‌വാഗണ്‍ ടൈഗൂണിന് ഈ വിഭാഗത്തിലെ ഏറ്റവും നീളമേറിയ 2651 മില്ലീമീറ്റർ വീൽബേസും ലഭിക്കും.

അകത്തളത്തെ ചില പ്രധാന സവിശേഷതകളിൽ ഒരു പുതിയ ഫ്ലാറ്റ് ബോട്ടം സ്റ്റിയറിംഗ് വീൽ, ഡാഷ്‌ബോർഡ് (ഗ്രേ ഇൻ കളർ) സംയോജിത ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി, സബ്‌വൂഫറുള്ള 6-സ്‌പീലർ ഓഡിയോ സിസ്റ്റം എന്നിവയെല്ലാം കമ്പനി വാഗ്‌ദാനം ചെയ്യും.

ടച്ച്-ബേസ്ഡ് ക്ലൈമറ്റ് കൺട്രോൾ, സിംഗിൾ-പാനൽ സൺറൂഫ്, ക്രൂയിസ് കൺട്രോൾ, ഒരു ക്യാമറ ഉപയോഗിച്ചുള്ള സെൻസിംഗ് സെൻസറുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം എന്നിവയും അതിലേറെയും നൂതന സംവിധാനങ്ങളും ടൈഗൂണിന് മോടിയേകും.

ഫോക്‌സ്‌വാഗണ്‍ എസ്‌യുവിയിലെ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ സ്കോഡ കുഷാഖ് ഇരട്ടയിൽ നിന്നും അൽപം പ്രീമിയം നിലപാട് നൽകും. സുരക്ഷയിലും ജർമൻ എസ്‌യുവി കേമനായിരിക്കും. ആറ് എയർബാഗുകൾ, ഇഎസ്‌സി, ടയർ പ്രഷർ ഡിഫ്ലേഷൻ വാർണിംഗ്, ഐസോഫിക്സ് ചൈൽഡ് സീറ്റ് മൗണ്ട് എന്നിവയെല്ലാം ടൈഗൂണിൽ ബ്രാൻഡ് ഉൾപ്പെടുത്തിയിട്ടുണ്ട്.

ആഗോളതലത്തിൽ പ്രശസ്തമായ ടിഎസ്ഐ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള എഞ്ചിൻ ഓപ്ഷനുകളാകും ഫോക്‌സ്‌വാഗണ്‍ ടൈഗൂണിന് തുടിപ്പേകുക. അതിൽ 1.0 ലിറ്റർ 3-സിലിണ്ടർ, 1.5 ലിറ്റർ നാല് സിലിണ്ടർ എന്നീ രണ്ട് ടർബോചാർജ്ഡ് എഞ്ചിനുകൾ ഉപഭോക്താക്കൾക്ക് യഥേഷ്‌ടം തെരഞ്ഞെടുക്കാം.

ആദ്യത്തേത് പരമാവധി 115 കരുത്തിൽ 175 Nm torque ഉത്പാദിപ്പിക്കാൻ പ്രാപ്‌തമായിരിക്കും. രണ്ടാമത്തേത് 150 bhp പവറും 250 Nm torque ഉം വികസിപ്പിക്കാനാണ് ട്യൂൺ ചെയ്‌തിരിക്കുന്നത്. 1.0 ലിറ്റർ ടിഎസ്ഐ യൂണിറ്റ് ആറ് സ്പീഡ് മാനുവൽ, ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സ് ഓപ്ഷനുകളുമായാകും എത്തുക.

അതേസമയം 1.5 ലിറ്റർ ടിഎസ്ഐ എഞ്ചിൻ ഏഴ് സ്പീഡ് ഡിഎസ്‌ജി ഗിയർബോക്‌സുമായി മാത്രം വാഗ്‌ദാനം ചെയ്യും. ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ്, നിസാൻ കിക്‌സ് സ്കോഡ കുഷാഖ് എന്നീ ശക്തരായ എതിരാളികൾ അരങ്ങൂ വാഴുന്ന മിഡ്-സൈസ് എസ്‌യുവി ശ്രേണിയിലേക്കാണ് ഫോക്‌സ്‌വാഗണ്‍ ടൈഗൂൺ എത്തുന്നത്.

വിപണിയിൽ എത്തുമ്പോൾ 10.50 ലക്ഷം മുതൽ 17 ലക്ഷം രൂപ വരെയാകും ടൈഗൂണിന് നിശ്ചയിക്കുന്ന വിലയെന്നാണ് സൂചന. കനത്ത പ്രാദേശികവൽക്കരണത്തോടെയാണ് ഇത്രയും മത്സരാധിഷ്‌ഠിതമായ വില കുഷാഖിന്റെ ഇരട്ട സഹോദരന് നിശ്ചയിക്കാൻ സഹാകരമായത്. എന്തായാലും അരങ്ങേറ്റത്തോടെഫോക്‌സ്‌വാഗണ്‍ നിരയിൽ നിന്നും ഇനി മുതൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡലാകാനും ടൈഗൂണിന് സാധിച്ചേക്കുമെന്നാണ് വിലയിരുത്തൽ.


Click it and Unblock the Notifications








