ആറ് മാസത്തിനിടെ ഇത് മൂന്നാം തവണ; കൈഗറിന്റെ വില 13,000 രൂപയോളം വർധിപ്പിച്ച് റെനോ
രാജ്യത്തെ ഏറ്റവും വില കുറഞ്ഞ സബ്-4 മീറ്റർ കോംപാക്‌ട് എസ്‌യുവി എന്ന ഖ്യാതിയോടെ വിപണിയിൽ എത്തിയ മോഡലായിരുന്നു റെനോ കൈഗർ. എന്നാൽ വില അടുത്തിടെയായി നിരന്തരം വർധിച്ചതോടെ ഈ കഥയങ്ങ് മാറി.

ഇന്ത്യയിലെ ചില ഹാച്ച്ബാക്ക് മോഡലുകളേക്കാൾ വില കുറവെന്നും പറഞ്ഞിരുന്നെങ്കിലും ആ മേളവും ഇപ്പോൾ കെട്ടടങ്ങിയിരിക്കുകയാണ്. ഫെബ്രുവരിയിൽ വിൽപ്പനയ്‌ക്കെത്തിയതിനു ശേഷം ലഭിക്കുന്ന മൂന്നാമത്തെ വില പരിഷ്ക്കാരമാണിത് എന്നതും ശ്രദ്ധേയമാകുന്നുണ്ട്.

കൈഗറിന്റെ 1.0 ലിറ്റർ പതിപ്പിന്റെ വേരിയന്റ് നിരയിലാകെ 13,000 രൂപയുടെ വില വർധനവാണ് റെനോ നടപ്പിലാക്കിയിരിക്കുന്നത്. അതേസമയം 1.0 ലിറ്റർ ടർബോ പെട്രോൾ പതിപ്പുകൾക്ക് 1,000 മുതൽ 13,000 രൂപ വരെയുമാണ് കൂടിയിരിക്കുന്നത്.

ചരുക്കി പറഞ്ഞാൽ 1.0 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിനുള്ള RXT CVT, RXZ CVT വേരിയന്റുകൾ ഒഴികെ കൈഗറിന്റെ എല്ലാ വകഭേദങ്ങൾക്കും 13,000 രൂപ വില വർധിച്ചു. എന്നിരുന്നാലും ഇപ്പോഴും കോംപാക്‌ട് എസ്‌യുവി നിരയിലെ ഏറ്റവും താങ്ങാനാവുന്ന മോഡൽ തന്നെയാണ് ഇതെന്നതും കൗതുകമുണർത്തിയേക്കാം.

72 bhp കരുത്തിൽ 96 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ് കൈഗറിന്റെ 1.0 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിൻ. മറുവശത്ത് 1.0 ലിറ്റർ ടർബോ-പെട്രോൾ യൂണിറ്റ് 100 bhp പവറും 160 Nm torque ഉം ആണ് വികസിപ്പിക്കുന്നത്. ആദ്യത്തേത് അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ എഎംടി ഗിയർബോക്‌സുമായി തെരഞ്ഞെടുക്കാം.

എന്നാൽ ടർബോ വേരിയന്റിൽ അഞ്ച് സ്പീഡ് മാനുവലും അഞ്ച് സ്പീഡ് സിവിടി ഗിയർബോക്‌സുമാണ് റെനോ ഒരുക്കിയിരിക്കുന്നത്. വിപണിയിൽ എത്തിയതു മുതൽ വൻ ജനപ്രീതി നേടാനും ഈ കുഞ്ഞൻ എസ്‌യുവിക്ക് സാധിച്ചിട്ടുണ്ട്.

ഡിമാന്റ് കൂടുതലായതിനാൽ തന്നെ നിലവിൽ തെരഞ്ഞെടുക്കുന്ന വേരിയന്റിനെ അടിസ്ഥാനമാക്കി കൈഗറിന് 16 ആഴ്ച്ച വരെയാണ് ബുക്കിംഗ് കാലയളവ്. സ്റ്റാൻഡേർഡ്, ഇക്കോ, സ്പോർട്സ് തുടങ്ങിയ വ്യത്യസ്ത ഡ്രൈവിംഗ് മോഡുകൾകളും ഫ്രഞ്ച് ബ്രാൻഡ് തങ്ങളുടെ എസ്‌യുവി മോഡലിൽ വാഗ്‌ദാനം ചെയ്യുന്നുണ്ട്.

ഡിസൈനിൽ ക്വിഡിനെ ഓർമപ്പെടുത്തുന്നുണ്ടെങ്കിലും കൈഗറിന് ഒരു മസ്ക്കുലർ രൂപം സമ്മാനിച്ചിരിക്കുന്നത് വളരെ ആകർഷകമാണ്. ടു സ്ലാറ്റ് ഗ്രിൽ, എൽഇഡി ഹെഡ്‌ലാമ്പുകൾ, എൽഇഡി ഡിആർഎല്ലുകൾ, ഫ്ലേഡ് വീൽ ആർച്ചുകൾ എന്നിവയെല്ലാം എസ്‌യുവിയുടെ മികവ് വർധിപ്പിക്കുന്നുണ്ട്.

16 ഇഞ്ച് അലോയ് വീലുകൾ സെഗ്മെന്റ് ബെസ്റ്റ് 405 ലിറ്റർ ബൂട്ട് സ്പേസും കൈഗറിന്റെ മറ്റൊരു പ്രത്യേകതയാണ്. RXE, RXL, RXT, RXZ എന്നീ നാല് വേരിയന്റുകളിലാണ് വാഹനം വിപണിയിൽ അണിനിരക്കുന്നത്. അതോടൊപ്പം ആകർഷകമായ കളർ ഓപ്ഷനും റെനോ എസ്‌യുവിയുടെ മാറ്റുകൂട്ടുന്നുണ്ട്.

എല്ലാ വേരിയന്റുകളിലും ഡ്യുവൽ-ടോൺ കളർ ഓപ്ഷൻ റെനോ കൈഗർ വാഗ്ദാനം ചെയ്യുന്നു എന്നതാണ് പ്ലസ് പോയിന്റ്. അതിൽ റേഡിയന്റ് റെഡ്, കാസ്പിയൻ ബ്ലൂ, മൂൺലൈറ്റ് സിൽവർ, പ്ലാനറ്റ് ഗ്രേ, ഐസ് കൂൾ വൈറ്റ്, മഹാഗണി ബ്രൗൺ എന്നീ കളർ ഓപ്ഷനുകളിൽ കോംപാക്‌ട് എസ്‌യുവി സ്വന്തമാക്കാനാകും.

സ്മാർട്ട് പായ്ക്ക്, സ്മാർട്ട് പ്ലസ് പായ്ക്ക്, അട്രാക്‌ടീവ് പായ്ക്ക്, എസ്‌യുവി പായ്ക്ക്, എസൻഷ്യൽ പായ്ക്ക് എന്നിവ ഉൾപ്പെടുന്ന നിരവധി കസ്റ്റമൈസേഷൻ ഓപ്ഷനുകളും റെനോ ഇന്ത്യ കോംപാക്‌ട് എസ്‌യുവിക്കായി അണിനിരത്തിയിട്ടുണ്ട്.

ആധുനികമായ എല്ലാ സവിശേഷതകളും കൂട്ടിച്ചേർത്താണ് അകത്തളവും പൂർത്തിയാക്കിയിരിക്കുന്നത്. ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റിയുള്ള 8.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് യൂണിറ്റ്, 7.0 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, സ്റ്റിയറിംഗ് മൗണ്ട് ചെയ്ത ഓഡിയോ നിയന്ത്രണങ്ങള്‍, ഒരു അര്‍ക്കാമിസ് സ്റ്റീരിയോ സിസ്റ്റം, പുഷ്-ബട്ടണ്‍ സ്റ്റാർട്ട്, കീലെസ് എന്‍ട്രി എന്നിവയാണ് ഇന്റീരിയറിൽ ഒരുക്കിയിരിക്കുന്നത്.

പുതിയ വില വർധനവിന് ശേഷം 5.64 ലക്ഷം മുതൽ 10.09 ലക്ഷം രൂപ വരെയാണ് കൈഗറിന്റെ എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരിക. നിലവിൽ ഇന്ത്യൻ വിപണിയിൽ ഏറ്റവും കൂടുതൽ മോഡലുകൾ അണിനിരക്കുന്ന സെഗ്മെന്റാണ് സബ്-4 മീറ്റർ എസ്‌യുവികളുടേത്.

ഈ വിഭാഗത്തിൽ ടാറ്റ നെക്‌സോൺ, നിസാൻ മാഗ്നൈറ്റ്, ഫോർഡ് ഇക്കോസ്‌പോർട്ട്, മഹീന്ദ്ര XUV300, ഹ്യുണ്ടായി വെന്യു, കിയ സോനെറ്റ്, മാരുതി സുസുക്കി വിറ്റാര ബ്രെസ, ടൊയോട്ട അർബൻ ക്രൂസർ തുടങ്ങിയ മോഡലുകളോടാണ് റെനോ കൈഗർ മാറ്റുരയ്ക്കുന്നത്.


Click it and Unblock the Notifications








