ട്രൈബറും ക്വിഡും സഹായിച്ചു; 2021 ജനുവരിയിൽ റെനോയ്ക്ക് ലഭിച്ചത് 8,209 യൂണിറ്റ് വിൽപ്പന
പുതിയ കലണ്ടർ വർഷത്തിന്റെ ആദ്യ മാസത്തെ വിൽപ്പന കണക്കുകൾ നോക്കിയാൽ എട്ടാം സ്ഥാനത്താണ് ഫ്രഞ്ച് വാഹന നിർമാതാക്കളായ റെനോയുടെ സ്ഥാനം. 2021 ജനുവരിയിൽ മൊത്തം 8,209 യൂണിറ്റുകളാണ് ബ്രാൻഡിന് നിരത്തിലെത്തിക്കാൻ സാധിച്ചത്.

പോയ വർഷം ഇതേ കാലയളവിൽ വിറ്റ 7,805 യൂണിറ്റുകളെ അപേക്ഷിച്ച് നോക്കുമ്പോൾ വിൽപ്പനയിൽ അഞ്ച് ശതമാനം വളർച്ചയാണ് റെനോ കൈവരിച്ചിരിക്കുന്നത്. ഫോർഡ്, നിസാൻ, എംജി, ഫോക്‌സ്‌വാഗൺ, സ്കോഡ, ജീപ്പ് എന്നീ ബ്രാൻഡുകളെക്കാൾ വളരെ മുന്നിലെത്താനും കമ്പനിക്ക് സാധിച്ചിട്ടുണ്ട്.

എന്നാൽ 2020 ഡിസംബറിൽ നിരത്തിലെത്തിച്ച 9,800 യൂണിറ്റുകളുമായി താരതമ്യം ചെയ്യുമ്പോൾ റെനോയ്ക്ക് 16 ശതമാനത്തിന്റെ വിൽപ്പന ഇടിവ് സംഭവിച്ചിട്ടുണ്ട് എന്ന കാര്യവും ശ്രദ്ധേയമാണ്. ബ്രാൻഡിന്റെ ആഭ്യന്തര ശ്രേണിയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട മോഡലാണ് ട്രൈബർ.
MOST READ: കുഞ്ഞൻ ടാറ്റയ്ക്ക് പ്രിയമേറുന്നു; ജനുവരിയിൽ 60 ശതമാനം വളർച്ചയുമായി ടിയാഗോ ഹാച്ച്ബാക്ക്

അതേസമയം 4,119 യൂണിറ്റുകളിൽ നിന്ന് 4,082 യൂണിറ്റയി മോഡലിന്റെ വിൽപ്പന ചെറുതായി ഇടിയുകയും ചെയ്‌തു. ക്വിഡ് എൻട്രി ലെവൽ ഹാച്ച്ബാക്ക് കഴിഞ്ഞ മാസം 3,791 യൂണിറ്റുമായി രണ്ടാം സ്ഥാനത്തെത്തി.

2020-ൽ ഇതേ കാലയളവിൽ ഇത് 3,281 യൂണിറ്റായിരുന്നു. അതായത് മോഡലിന്റെ വിൽപ്പന 16 ശതമാനം വളർച്ചയ്ക്ക് സാക്ഷ്യംവഹിച്ചുവെന്ന് സാരം. രാജ്യത്ത് മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിന് തുടക്കം കുറിച്ച ഡസ്റ്റർ 336 യൂണിറ്റുമായി മൂന്നാം സ്ഥാനത്തെത്തി. 2020 ജനുവരിയിൽ ഇത് 405 യൂണിറ്റായിരുന്നു.

വാർഷിക വിൽപ്പനയിൽ ഏകദേശം 17 ശതമാനത്തിന്റെ ഇടിവാണ് ഡസ്റ്ററിന് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വർഷം റെനോ ഫെയ്‌സ്‌ലിഫ്റ്റ് ചെയ്ത ക്വിഡ്, ഡസ്റ്റർ എന്നിവയുടെയും ട്രൈബർ മോഡുലാർ വാഹനത്തിനൊപ്പവും ശക്തമായ വിൽപ്പന വർധനവിനാണ് സാക്ഷ്യംവഹിച്ചത്.

അടുത്തു തന്നെ നിരത്തിലെത്താൻ ഒരുങ്ങുന്ന കൈഗർ കോംപാക്‌ട് എസ്‌യുവിയുമായി ഈ വർഷം കൂടുതൽ നേട്ടങ്ങൾ കൈവരിക്കാമെന്നാണ് റെനോയുടെ പ്രതീക്ഷ. 2021 ഫെബ്രുവരി 15 ന് വാഹനം വിപണി വിപണിയിലെത്തിക്കാനാണ് കമ്പനിയുടെ തീരുമാനം.

ഇത് നിസാൻ മാഗ്നൈറ്റിനെ കടത്തിവെട്ടി ഏറ്റവും വില കുറഞ്ഞ കോംപാക്‌ട് എസ്‌യുവി മോഡലെന്ന ഖ്യാതിയോടെയാകും കൈഗർ വിപണിയിൽ സ്ഥാനംപിടിക്കുക. കൂടാതെ മെക്കാനിക്കൽ ഉൾപ്പെടെ ധാരാളം ഘടകങ്ങളും രണ്ട് മോഡലും തമ്മിൽ പങ്കുവെക്കും.

വളരെയധികം പ്രാദേശികവൽക്കരിച്ച CMF-A+ വാസ്തുവിദ്യയെ അടിസ്ഥാനമാക്കി ഒരുങ്ങിയിരിക്കുന്ന റെനോ കൈഗറിന് അഞ്ച് ലക്ഷം രൂപയിൽ താഴെയായിരിക്കും പ്രാരംഭ വിലയായി നിശ്ചയിക്കുക. എന്നാൽ ടോപ്പ്-എൻഡ് വേരിയന്റിന് ഏകദേശം 9.50 ലക്ഷം രൂപയും എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരും.


Click it and Unblock the Notifications








