ക്രെറ്റയ്ക്കും സെൽറ്റോസിനും നെഞ്ചിടിപ്പ്; ഫോക്‌സ്‌വാഗൺ ടൈഗൂൺ സെപ്റ്റംബറിൽ വിപണിയിലേക്ക്
ഏറെ നാളായി കാത്തിരിക്കുന്ന ഫോക്‌സ്‌വാഗണിന്റെ മിഡ്-സൈസ് ടൈഗൂൺ എസ്‌യുവി 2021 സെപ്റ്റംബറിൽ ഇന്ത്യൻ വിപണിയിലെത്തുമെന്ന് റിപ്പോർട്ട്. അവതരണത്തോടൊപ്പം തന്നെ വാഹനത്തിനായുള്ള ഡെലിവറികളും ആരംഭിക്കുമെന്നാണ് വാർത്തകൾ.

ടൈഗൂണിനായുള്ള മീഡിയ ഡ്രൈവുകൾ ഓഗസ്റ്റ് ആദ്യ വാരത്തോടെ ആരംഭിക്കുമെന്നും റിപ്പോർട്ട് അവകാശപ്പെടുന്നുണ്ട്. തുടർന്ന് എസ്‌യുവിക്കായുള്ള ബുക്കിംഗ് 2021 ഓഗസ്റ്റ് മധ്യത്തോടെ ഫോക്‌സ്‌വാഗൺ സ്വീകരിക്കാനും തുടങ്ങും.

വരാനിരിക്കുന്ന ഉത്സവ സീസണായ ദീപാവലിയുടെ നേട്ടം കൈവരിക്കാനാണ് ഫോക്‌സ്‌വാഗൺ ലക്ഷ്യമിടുന്നത്. അതിനായി പൂനെ നിർമാണശാലയിൽ ടൈഗൂണിന്റെ വൻതോതിലുള്ള ഉത്പാദനവും ഓഗസ്റ്റിൽ ആരംഭിക്കും.

ബ്രാൻഡിന്റെ ഇന്ത്യ 2.0 പദ്ധതിയുടെ ഭാഗമായി പുറത്തിറങ്ങുന്ന ആദ്യത്തെ മോഡലാകും ഇതെന്നതും ശ്രദ്ധേയമാണ്. വിപണിയിൽ ബ്രാൻഡിന്റെ പുതിയ ലോഗോയുടെ അരങ്ങേറ്റവും ഫോക്‌സ്‌വാഗൺ ടൈഗൂൺ അടയാളപ്പെടുത്തും.

ഉപഭോക്താക്കളുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനായി ഡിജിറ്റലൈസേഷനും കണക്റ്റിവിറ്റിയും വർധിപ്പിച്ചുകൊണ്ട് കമ്പനി ഇന്ത്യയിവെ ഡീലർഷിപ്പുകൾ നവീകരിക്കാൻ തുടങ്ങിയിട്ടുമുണ്ട്.

ഇന്ത്യയിലെ ഫോക്‌സ്‌വാഗന്റെ ഏറ്റവും പ്രധാനപ്പെട്ട മോഡലായിരിക്കും ടൈഗൂൺ. ഇത് ബ്രാൻഡിന്റെ പുതിയ ഉൽപ്പന്ന തന്ത്രത്തിന്റെ ഭാഗമാണ്. വരാനിരിക്കുന്ന ഫോക്സ്‍വാഗൺ ടൈഗൂൺ MQB AO IN പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും.

ഇത് വളരെയധികം പ്രാദേശികവൽക്കരിച്ച് ഇന്ത്യൻ വിപണിയിക്കായി രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്. സ്കോഡ കുഷാഖിന് അടിവരയിടുന്ന അതേ പ്ലാറ്റ്ഫോമാണിത്. പുതിയ മിഡ്-സൈസ് എസ്‌യുവിയുടെ 95 ശതമാനം പ്രാദേശികവൽക്കരണത്തോടെയാണ് അണിഞ്ഞൊരുങ്ങിയിരിക്കുന്നതെന്ന് ഫോക്‌സ്‌വാഗൺ ഗ്രൂപ്പ് അവകാശപ്പെടുന്നുമുണ്ട്.

പുതിയ ടൈഗൂണിന് 10 ലക്ഷം മുതൽ 17 ലക്ഷം രൂപ വരെയായിരിക്കും എക്സ്ഷോറൂം വിലയായി മുടക്കേണ്ടിവരിക. ഈ വിലനിലവാരത്തിൽ മിഡ്-സൈസ് എസ്‌യുവി ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ് വരാനിരിക്കുന്ന എംജി ആസ്റ്റർ എന്നിവയെ നേരിടാൻ പ്രാപ്‌തമായിരിക്കും.

1.0 ലിറ്റർ 3 സിലിണ്ടർ ടർബോചാർജ്ഡ് പെട്രോൾ, 1.5 ലിറ്റർ 4 സിലിണ്ടർ ടർബോചാർജ്ഡ് പെട്രോൾ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളാണ് പുതിയ ടൈൂഗൺ നിരത്തിലേക്ക് എത്തുക. സ്റ്റാൻഡേർഡായി 6 സ്പീഡ് മാനുവൽ, 1.0 ലിറ്റിർ യൂണിറ്റിനൊപ്പം 6 സ്പീഡ് ഓട്ടോമാറ്റിക്, 1.5 ലിറ്റർ പതിപ്പിനൊപ്പം 7 സ്പീഡ് ഡിഎസ്ജി എന്നിവ ഗിയർബോക്‌സ് ഓപ്ഷനിൽ വാഗ്‌ദാനം ചെയ്യും.


Click it and Unblock the Notifications








