ടൈഗൂൺ എസ്‌യുവിയുടെ വില കൂടി, ഇനി അധികം മുടക്കേണ്ടത് 5,200 രൂപ
ഫോക്‌സ്‌വാഗനെ ഈ വർഷം മുൻനിരയിൽ എത്തിച്ച മോഡലാണ് ടൈഗൂൺ. മിഡ്-സൈസ് എസ്‌യുവി നിരയിൽ ഹ്യുണ്ടായി ക്രെറ്റയ്ക്കും കിയ സെൽറ്റോസിനും വെല്ലുവിളിയായ ജർമൻ വാഹനം ഇന്ത്യയിലാകെ ഹിറ്റായി എന്നുവേണം പറയാൻ.

ആക്രമണാത്മകമായ വില നിർണയവും ഫോക്‌സ്‌വാഗൺ ബ്രാൻഡിംഗുമാണ് ടൈഗൂണിന്റെ വിജയ രഹസ്യം. എന്നാൽ എസ്‌യുവിയുടെ വില വർധിപ്പിക്കാൻ ഒരുങ്ങുകയാണ് കമ്പനി. മോഡലിന്റെ എല്ലാ വേരിയന്റുകളുടെയും വില 5,200 രൂപയോളമാണ് കമ്പനി വർധിപ്പിക്കുന്നത്.

അതായത് ഫോക്‌സ്‌വാഗൺ ടൈഗൂണിന്റെ ആമുഖ വില അവസാനിച്ചെന്ന് ചുരുക്കം. എസ്‌യുവിക്ക് ഇപ്പോൾ 10.54 ലക്ഷം രൂപ മുതലാണ് എക്സ്ഷോറൂം വില ആരംഭിക്കുന്നത്. ഡൈനാമിക്കില്‍ കംഫര്‍ട്ട്‌ലൈന്‍, ഹൈലൈന്‍, ടോപ്പ്‌ലൈന്‍ എന്നിവയും പെര്‍ഫോമെന്‍സ് ലൈനില്‍ ജിടി, ജിടി പ്ലസ് എന്നീ വേരിയന്റുകളും ലഭ്യമാണ്. പുതുക്കിയ വേരിയന്റ് തിരിച്ചുള്ള വില വിശദാംശങ്ങൾ താഴെ കൊടുത്തിരിക്കുന്നു.

ടൈഗൂൺ 1.0 ലിറ്റർ ടിഎസ്ഐയുടെ കംഫർട്ട്‌ലൈൻ മാനുവൽ വേരിയന്റിന് ആമുഖ വിലയായ 10.49 ലക്ഷം രൂപ ജനുവരി മുതൽ 5,200 രൂപ കൂടി 10,54,200 രൂപയായി മാറും. ഇതേ നിലവാരത്തിൽ ഹൈലൈൻ മാനുവൽ പതിപ്പിനും വില കൂടി ഇനി മുതൽ 12,84,200 രൂപ മുടക്കേണ്ടി വരും.

അതേസമയം ഹൈലൈൻ ഓട്ടോമാറ്റിക്കിന് പുതുക്കിയ വില 14,14,200 രൂപയാണ്. ഇനി ടൈഗൂണിന്റെ ടോപ്പ്ലൈൻ മാനുവൽ മോഡലിന് 14,61,200 രൂപയാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടിവരിക. ടോപ്പ്ലൈൻ ഓട്ടോമാറ്റിക്കിന് 15,95,200 രൂപയാണ് പുതുക്കിയ വില.

ഫോക്‌സ്‌വാഗൺ ടൈഗൂണിന്റെ 1.5 ലിറ്റർ ടിഎസ്ഐ വകഭേദങ്ങളുടെ വിലയിലും 5,200 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. നേരത്തെ 14.99 ലക്ഷം രൂപ വിലയുണ്ടായിരുന്ന ജിടി മാനുവലിന് ഇനി മുതൽ 15,04,200 ലക്ഷം രൂപയാണ് മുടക്കേണ്ടി വരിക. മിഡ്-സൈസ് എസ്‌യുവിയുടെ ജിടി പ്ലസ് ഡിഎസ്‌ജി 17,54,200 രൂപയാണ് പുതുക്കിയ വില.

വിപണിയിൽ എത്തിയതിനു ശേഷം 18,000-ത്തിലധികം ബുക്കിംഗുകൾ നേടിയ ടൈഗൂൺ ഫോക്‌സ്‌വാഗണെ വീണ്ടും മുൻനിരയിലേക്ക് എത്തിക്കുകയായിരുന്നു. രണ്ട് പെട്രോൾ എഞ്ചിൻ ഓപ്ഷൻ മാത്രമാണ് ഈ എസ്‌യുവിക്ക് കമ്പനി സമ്മാനിച്ചിരിക്കുന്നത്.

115 bhp പവറിൽ 178 Nm torque വികസിപ്പിക്കാൻ ശേഷിയുള്ള 1.0 ലിറ്റർ ത്രീ-സിലിണ്ടർ അല്ലെങ്കിൽ 150 bhp കരുത്തിൽ 250 Nm torque നൽകുന്ന 1.5 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിൻ എന്നിവയ്‌ക്കൊപ്പം ടൈഗൂൺ തെരഞ്ഞെടുക്കാം. ഓട്ടോമാറ്റിക് പ്രേമികൾക്കായി 1.0 ലിറ്ററിന് 6 സ്പീഡ് ടോർഖ് കൺവെർട്ടർ യൂണിറ്റും 1.5 ലിറ്റർ എഞ്ചിന് 7 സ്പീഡ് ഡിഎസ്‌ജി ഗിയർബോക്‌സ് സംവിധാനവുമാണ് കമ്പനി നൽകുന്നത്.

എസ്‌യുവി മോഡലിന്റെ മൈലേജ് ഉയർത്താനായി ഡ്രൈവിംഗ് ഇൻപുട്ടുകളെ അടിസ്ഥാനമാക്കി മൂന്നു സിലിണ്ടറുകളിലെ രണ്ട് സിലിണ്ടറുകൾ നിർജീവമാക്കുന്ന ആക്‌ടീവ് സിലിണ്ടർ സാങ്കേതികവിദ്യയും ടൈഗൂണിൽ കമ്പനി വാഗ്‌ദാനം ചെയ്യുന്നുണ്ട്.

കുര്‍ക്കുമ യെല്ലോ, വൈല്‍ഡ് ചെറി റെഡ്, കാന്‍ഡി വൈറ്റ്, റിഫ്‌ലെക്‌സ് സില്‍വര്‍, കാര്‍ബണ്‍ സ്റ്റീല്‍ ഗ്രേ എന്നീ അഞ്ച് കളർ ഓപ്ഷനുകളിൽ അണിഞ്ഞൊരുങ്ങിയാണ് പുതിയ ഫോക്‌സ്‌വാഗണ്‍ ടൈഗൂൺ മിഡ്-സൈസ് എസ്‌യുവി വിപണിയിൽ എത്തുന്നത്. കനത്ത പ്രാദേശികവത്ക്കരണത്തോടെ ഒരുക്കിയ MQB AO IN പ്ലാറ്റ്ഫോമിലാണ് വാഹനം നിർമിച്ചിരിക്കുന്നത്.

ഫോക്‌സ്‌വാഗൺ-സ്കോഡ ഗ്രൂപ്പിന്റെ ഇന്ത്യ 2.0 തന്ത്രത്തിന് കീഴിൽ രണ്ടാമത്തെ മോഡലാണ് ഈ മിഡ്-സൈസ് എസ്‌യുവി എന്നതും ശ്രദ്ധേയമാണ്. ഡിസൈനിലേക്ക് നോക്കിയാൽ ആരേയും ആകർഷിക്കുന്ന യൂറോപ്യൻ അഴകുമായാണ് മോഡലിന്റെ രൂപകൽപ്പന പൊരുത്തപ്പെടുന്നത്.

സ്ക്വയർ-ഇഷ് എൽഇഡി ഹെഡ്‌ലാമ്പുകളും ഇന്റഗ്രേറ്റഡ് എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളും, ടു സ്ലാറ്റ് ക്രോം ഗ്രിൽ, ക്രോം ഇൻസെർട്ടുകളുള്ള ബമ്പർ, 17 ഇഞ്ച് ഡ്യുവൽ-ടോൺ, ഡയമണ്ട് കട്ട് അലോയ് വീൽ, ടെയിൽഗേറ്റിന്റെ വീതിയിൽ നൽകിയിരിക്കുന്ന ടെയിൽലാമ്പ് ക്ലസ്റ്റർ, ക്രോം ഘടകങ്ങളാൽ സമ്പന്നമായ പിൻ ബമ്പർ എന്നിവയാണ് എസ്‌യുവിയുടെ ഡിസൈൻ ഹൈലൈറ്റുകൾ എന്നുവേണം പറയാൻ.

എല്ലാ ഫോക്‌സ്‌വാഗൺ കാറുകളുടേയും പോലെ തന്നെ മികച്ച നിർമാണ നിലവാരമാണ് ടൈഗൂണിനുമുള്ളത്. പുറംമോടി പോലെ തന്നെ അകത്തളവും തികച്ചും പ്രീമിയവും മികച്ചതുമാണ്. 8.0 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റർ, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ കണക്റ്റിവിറ്റി, മൈ ഫോക്‌സ്‌വാഗണ്‍ കണക്റ്റ് ആപ്പ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ തുടങ്ങിയ അത്യാധുനിക സജ്ജീകരണങ്ങളെല്ലാം തന്നെ കമ്പനി അണിനിരത്തുന്നുണ്ട്.

തീർന്നില്ല, യുഎസ്ബി ടൈപ്പ്-സി പോർട്ടുകൾ, ഫ്ലാറ്റ്ബോട്ടം സ്റ്റിയറിംഗ് വീൽ, സ്റ്റിയറിംഗ്-മൗണ്ടഡ് കണ്‍ട്രോളുകൾ, 10.1 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, പിന്‍ എസി വെന്റുകള്‍, റെഡ് ആംബിയന്റ് ലൈറ്റിംഗ് എന്നീ സവിശേഷതകളും ടൈഗൂണിന് കമ്പനി സമ്മാനിച്ചിട്ടുണ്ട്. എന്തായാലും വില കാര്യമായി കൂടിയിട്ടില്ലാത്തതിനാൽ വിൽപ്പനയെ ഇത് ബാധിക്കാനും സാധ്യതയില്ല.


Click it and Unblock the Notifications