ഇടിമുഴക്കമാവാൻ Venue N Line; ബുക്കിംഗ് ആരംഭിച്ച് Hyundai, ആദ്യ ചിത്രങ്ങളും പുറത്ത്
ഇന്ത്യൻ നിരത്തുകളിലേക്ക് ഉടൻ എത്താനിരിക്കുന്ന വെന്യു N ലൈൻ പെർഫോമൻസ് വേരിയന്റിനായുള്ള ബുക്കിംഗ് ആരംഭിച്ച് രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ വാഹന നിർമാതാക്കളായ ഹ്യുണ്ടായി മോട്ടോർ ഇന്ത്യ ലിമിറ്റഡ്.

ഹ്യുണ്ടായിയുടെ ക്ലിക്ക് ടു ബൈ പ്ലാറ്റ്‌ഫോം വഴിയോ രാജ്യത്തുടനീളമുള്ള ബ്രാൻഡിന്റെ സിഗ്നേച്ചർ ഔട്ട്‌ലെറ്റുകളിലോ 21,000 രൂപ ടോക്കൺ തുകയായി നൽകി പുതിയ വെന്യു N ലൈൻ പതിപ്പ് ഓൺലൈനായി റിസർവ് ചെയ്യാവുന്നതാണ്.
Recommended Video

വെന്യു കോംപാക്‌ട് എസ്‌യുവിയുടെ ടോപ്പ് എൻഡ് മോഡലായി എത്തുന്ന N ലൈൻ പതിപ്പ് N6, N8 വേരിയന്റുകളിലാണ് വിൽപ്പനയ്ക്കായി തയാറെടുക്കുന്നത്. അതിന്റെ ഭാഗമായി വാഹനത്തിന്റെ പുതിയ ചിത്രങ്ങളും കമ്പനി ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ്.

പ്രതീക്ഷിച്ചതുപോലെ തന്നെ പുത്തൻ പെർഫോമൻസ് പതിപ്പ് വെന്യുവിന്റെ സ്റ്റാൻഡേർഡ് മോഡലിൽ നിന്ന് വ്യത്യസ്തമാക്കുന്നതിന് സൂക്ഷ്മമായതും എന്നാൽ ശ്രദ്ധിക്കപ്പെടുന്നതുമായ കോസ്മെറ്റിക് പരിഷ്ക്കാരങ്ങളാണ് അവതരിപ്പിക്കുന്നത്.

സബ്-4 മീറ്റർ എസ്‌യുവിയുടെ സ്‌പോർട്ടിയർ ആവർത്തനം മുൻവശത്തെയും പിൻബമ്പറിന്റെയും താഴത്തെ ഭാഗത്ത്ൽ റെഡ് ആക്‌സന്റുകൾ അവതരിപ്പിക്കുന്നത് സ്പോർട്ടി ഫീലാണ് നൽകുന്നത്. ഫ്രണ്ട് ഫെൻഡറും ടെയിൽഗേറ്റും മറ്റ് ലൈനപ്പിൽ നിന്ന് വേർതിരിച്ചറിയാൻ N ലൈൻ ബാഡ്‌ജിംഗും വാഹനം ധരിക്കും.

കാറിന്റെ പിൻഭാഗത്തേക്കു നോക്കിയാൽ ഒരു ഡ്യുവൽ-ടിപ്പ് എക്‌സ്‌ഹോസ്റ്റായിരിക്കും വെന്യു N ലൈനിൽ കാണാനാവുന്ന ശ്രദ്ധേയമായ മാറ്റം. ഇത് മികച്ച എക്‌സ്ഹോസ്റ്റ് നോട്ടാവും സമ്മാനിക്കുകയെന്നാണ് ഹ്യുണ്ടായിയുടെ അവകാശം. കൂടാതെ, റൂഫ് റെയിലുകളിലെയും ബ്രേക്ക് കാലിപ്പറുകളിലെയും റെഡ് ഇൻസെർട്ടുകൾ എസ്‌യുവിയുടെ സ്‌പോർട്ടി ആകർഷണം വർധിപ്പിക്കാനും സഹായകരമാവും.

N ലൈനും സ്റ്റാൻഡേർഡ് മോഡലും തമ്മിലുള്ള കൂടുതൽ വ്യത്യാസത്തിനായി പുതിയ അലോയ് വീൽ ഡിസൈനുകളും ഹ്യുണ്ടായി അവതരിപ്പിച്ചിട്ടുണ്ട്. ബാക്കിയുള്ള ഡിസൈൻ വിശദാംശങ്ങൾ അടുത്തിടെ വിപണിയിലെത്തിച്ച 2022 വെന്യു ഫെയ്‌സ്‌ലിഫ്റ്റിന് അനുസൃതമായിരിക്കുമെന്നതും സ്വീകാര്യമായ കാര്യമാണ്.

ഹ്യുണ്ടായി വെന്യു N ലൈൻ എക്സ്റ്റീരിയറിലെ സ്പോർട്ടിയർ ഹൈലൈറ്റുകൾ ക്യാബിനിനുള്ളിലും മുന്നോട്ട് കൊണ്ടുപോകും. ഡിസൈനും ലേഔട്ടും സ്റ്റാൻഡേർഡ് മോഡലിന് സമാനമായി നിലനിൽക്കുമെങ്കിലും വെന്യൂവിന്റെ പതിവ് വേരിയന്റുകളിൽ കാണുന്ന ഡ്യുവൽ-ടോൺ തീമിൽ നിന്ന് വ്യത്യസ്തമായി N ലൈൻ-നിർദ്ദിഷ്ട അപ്ഹോൾസ്റ്ററിയുള്ള ഒരു കറുത്ത നിറത്തിലായിരിക്കും കമ്പനി അകത്തളത്തെ ഒരുക്കിയെടുക്കുക.

ഗിയർ നോബ്, സെന്റർ കൺസോൾ, ഡാഷ്‌ബോർഡ് എന്നിവയിലെ റെഡ് ആക്‌സന്റുകളും സീറ്റുകളിലെയും ഡോർ ട്രിമ്മുകളിലെയും കോൺട്രാസ്റ്റ് റെഡ് സ്റ്റിച്ചിംഗും ക്യാബിന്റെ സ്പോർട്ടി ഫീലിനെ ഉയർത്തുന്നുണ്ടെന്ന് നിസംശയം പറയാം.

ഫീച്ചറുകളുടെ കാര്യത്തിൽ വെന്യു N ലൈനിൽ 8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി, ബ്ലൂലിങ്ക് കണക്‌റ്റഡ് കാർ ടെക്, ഇലക്ട്രിക് സൺറൂഫ്, ബോസ് ഓഡിയോ സിസ്റ്റം എന്നിവയെല്ലാം ഇടംപിടിക്കും.

വെന്യു N ലൈനിൽ വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്ന മറ്റ് സൗകര്യങ്ങളിൽ മെറ്റൽ പെഡലുകൾ, പാഡിൽ ഷിഫ്റ്ററുകൾ, ചുവന്ന ആംബിയന്റ് ലൈറ്റിംഗിനൊപ്പം വെൽക്കം ഫംഗ്ഷനോടുകൂടിയ പാഡിൽ ലാമ്പുകൾ എന്നിവയായിരിക്കും ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടായി ഒരുക്കുക.

കോംപാക്‌ട് എസ്‌യുവിയുടെ സുരക്ഷാ സവിശേഷതകളിൽ ആറ് എയർബാഗുകൾ, വെഹിക്കിൾ സ്റ്റെബിലിറ്റി മാനേജ്‌മെന്റ്, ഇലക്‌ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, റിയർ പാർക്കിംഗ് സെൻസറുകൾ, ഹിൽ അസിസ്റ്റ് കൺട്രോൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം തുടങ്ങിയ ഫീച്ചറുകളും ഉണ്ടാവുമെന്നതിനാൽ ഇക്കാര്യത്തിലും വാഹനം വേറിട്ടുനിൽക്കും.

118 bhp കരുത്തിൽ 172 Nm torque നൽകാൻ കഴിയുന്ന 1.0 ലിറ്റർ GDi ടർബോ പെട്രോൾ എഞ്ചിനാണ് വെന്യു N ലൈനിന് തുടിപ്പേകാൻ എത്തുന്നത്. 7 സ്പീഡ് DCT ഓട്ടോമാറ്റിക് ഗിയർബോക്‌സുമായാവും എഞ്ചിൻ ജോടിയാക്കുക. സ്പോർട്ടി ഓൺ-റോഡ് ഹാൻഡ്‌ലിങ്ങും ഡൈനാമിക്സും നൽകുന്നതിനായി സ്പോർട്‌സ് യൂട്ടിലിറ്റി വാഹനത്തിന്റെ സസ്‌പെൻഷൻ സജ്ജീകരണം ഹ്യുണ്ടായി ചെറുതായി കടുപ്പിക്കാൻ സാധ്യതയുണ്ട്.

ഏറ്റവും പുതിയ മോഡലായ വെന്യു N ലൈനിന്റെ അവതരണം മെറ്റാവേഴ്‌സിലൂടെയാവും നടത്തുകയെന്ന് ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യ ലിമിറ്റഡ് അറിയിച്ചിട്ടുണ്ട്. വെര്‍ച്വല്‍ അനുഭവങ്ങള്‍ മെച്ചപ്പെടുത്താന്‍ ഉദ്ദേശിച്ചാണ് ഇത്തരത്തിലുള്ളൊരു നടപടി ദക്ഷിണ കൊറിയൻ ബ്രാൻഡ് തെരഞ്ഞെടുത്തിരിക്കുന്നത്. ഹ്യുണ്ടായി ഉപഭോക്താക്കള്‍ക്ക് സ്മാര്‍ട്ട്ഫോണോ ലാപ്ടോപ്പോ ഉപയോഗിച്ച് പ്ലേ സ്റ്റോര്‍ വഴി റോബ്ലോക്സ് ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാം.


Click it and Unblock the Notifications








