നെക്സോണിന് പണിയായി, ഒരുലക്ഷം യൂണിറ്റ് ബുക്കിംഗുകൾ നേടി Maruti ബ്രെസയുടെ കുതിപ്പ്
മാരുതി സുസുക്കിയുടെ തുറുപ്പുചീട്ടായി അടുത്തിടെയാണ് രണ്ടാംതലമുറ ബ്രെസ കോംപാക്‌ട് എസ്‌യുവി വിപണിയിലെത്തുന്നത്. ലാൻഡ് റോവറിന്റെ മിനി പതിപ്പെന്ന് ആളുകൾ കളിയാക്കി വിളിക്കുന്നുണ്ടെങ്കിലും വാഹനത്തിന് ലഭിക്കുന്നത് ഗംഭീര വരവേൽപ്പാണ്.

2022 ജൂൺ അവസാനത്തോടെ എത്തിയ മാരുതി സുസുക്കി ബ്രെസയെ തേടി ഇതുവരെ എത്തിയിരിക്കുന്നത് ഒരു ലക്ഷം ബുക്കിംഗുകളാണ്. ഒരു കാലത്ത് ഇന്ത്യയിലെ സബ്-4 മീറ്റർ എസ്‌യുവി സെഗ്മെന്റിലെ രാജാവായി വിലസിയിരുന്ന ബ്രെസ ആ കിരീടം ടാറ്റ നെക്സോൺ എത്തിപ്പിടിച്ചപ്പോൾ ആധുനിക എതിരാളികൾക്ക് പിന്നിലേക്ക് മടങ്ങിയിരുന്നു.

എന്നാൽ രണ്ടാംതലമുറ ആവർത്തനം എത്തിയതോടെ കാര്യങ്ങൾ മാരുതിയുടെ വഴിക്കാവുമെന്നാണ് പ്രാഥമിക വിവരം. മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് (MSIL) യഥാർഥ മോഡൽ പ്രാദേശികമായി അരങ്ങേറ്റം കുറിച്ചിട്ട് ഏകദേശം ആറര വർഷത്തിന് ശേഷമാണ് 2022 ജൂൺ അവസാനത്തോടെ രണ്ടാം തലമുറ ബ്രെസയെ ആഭ്യന്തര വിപണിയിൽ അവതരിപ്പിക്കുന്നത്.

ആദ്യം ഡീസൽ എഞ്ചിൻ മാത്രമുള്ള വാഹനമായാണ് ബ്രെസ ജനഹൃദയങ്ങളിൽ എത്തിയതെങ്കിൽ പിന്നീട് ബിഎസ്-VI കാലഘട്ടത്തോടെ പെട്രോളിലേക്ക് മാറി. അതോടൊപ്പം ഒരു ഫെയ്‌സ്‌ലിഫ്റ്റും കമ്പനി എസ്‌യുവിക്ക് അക്കാലത്ത് സമ്മാനിച്ചിരുന്നു.

പുതിയ 2022 മാരുതി സുസുക്കി ബ്രെസയുടെ ബുക്കിംഗ് ഇതിനകം 1.06 ലക്ഷം യൂണിറ്റുകൾ കടന്നു. 50,000-ത്തിലധികം റിസർവേഷനുകളോടെ (സ്ട്രോംഗ് ഹൈബ്രിഡ് വേരിയന്റുകൾക്ക് ഏകദേശം 45 ശതമാനം) ഉടൻ ലോഞ്ച് ചെയ്യുന്ന ഗ്രാൻഡ് വിറ്റാരയ്ക്കും മികച്ച സ്വീകരണം ലഭിച്ചു. അങ്ങനെ എസ്‌യുവി വിഭാഗത്തിൽ നഷ്ടപ്പെട്ട വിപണി വിഹിതം തിരിച്ചുപിടിക്കുന്നതിന്റെ സൂചനയും കമ്പനിക്ക് ലഭിച്ചിട്ടുണ്ട്.

2022 ഓഗസ്റ്റ് മാസത്തിലെ വിൽപ്പന കണക്കിൽ പുതിയ ബ്രെസ ടാറ്റ നെക്‌സോണിൽ നിന്ന് കോംപാക്‌ട് എസ്‌യുവി സെഗ്മെന്റിലെ ഒന്നാം സ്ഥാനം തിരിച്ചുപിടിക്കുകയുണ്ടായി. ഗ്ലോബൽ സി പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ള അഞ്ച് സീറ്റർ, നെക്‌സോണിനെ 108 യൂണിറ്റുകൾക്ക് മറികടന്ന് 15,193 യൂണിറ്റുകളുടെ മൊത്തം ആഭ്യന്തര വിൽപ്പന രേഖപ്പെടുത്തി.

12,906 യൂണിറ്റുകൾ രജിസ്റ്റർ ചെയ്തതിനാൽ കഴിഞ്ഞ മാസം 18 ശതമാനം വളർച്ചയോടെ രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ എസ്‌യുവി കൂടിയാണിതെന്നതും ശ്രദ്ധേയമായി. പുതിയ മാരുതി സുസുക്കി ബ്രെസയ്ക്ക് സമഗ്രമായ നവീകരണങ്ങളാണ് പുറംഭാഗത്ത് ലഭിച്ചിരിക്കുന്നത്. അതേസമയം ഇന്റീരിയറിൽ കൂടുതൽ വിപുലമായ ഫീച്ചറുകളും സാങ്കേതികവിദ്യകളും സമൂലമായ മാറ്റങ്ങൾക്കും വിധേയമായി.

ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റിയുള്ള ഒമ്പത് ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, 360 ഡിഗ്രി ക്യാമറ സിസ്റ്റം, കണക്‌റ്റ് ചെയ്‌ത സവിശേഷതകൾ, ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേ, ക്രൂയിസ് കൺട്രോൾ, എഞ്ചിൻ സ്റ്റാർട്ട്/സ്റ്റോപ്പ് ബട്ടൺ, ആറ് എയർബാഗുകൾ എന്നിവയാണ് പ്രധാന ഹൈലൈറ്റുകളിൽ ചിലത്.

പുതുക്കിയ ബ്രെസ എസ്‌യുവി നാല് വേരിയന്റുകളിലും ഒമ്പത് കളർ ഓപ്ഷനുകളിലും അണിഞ്ഞൊരുങ്ങിയാണ് വിപണി കീഴക്കാൻ എത്തിയിരിക്കുന്നത്. രൂപത്തില്‍ പഴയ ബ്രെസയെ ചില കോണുകളില്‍ ഓര്‍മിപ്പിക്കുമെങ്കിലും വല്ലാത്തൊരു പുതുമയാണ് മാരുതി കൊണ്ടുവന്നിരിക്കുന്നതെന്നു വേണം പറയാൻ.

വലിയ കട്ടിയേറിയ പിയാനോ ബ്ലാക്ക് ഗ്രില്ലാണ് മുൻവശത്തെ പ്രധാന ആകർഷണം. ഇതോടൊപ്പം ഇന്റഗ്രേറ്റഡ് എൽഇഡി ഡിആർഎല്ലുകളുള്ള ഡ്യുവൽ എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, സ്ലീക്ക് സ്പ്ലിറ്റ് എൽഇഡി ടെയിൽ ലാമ്പുകൾ, ഒരു ഷാർക്ക് ഫിൻ ആന്റിന, ചുറ്റും പ്ലാസ്റ്റിക് ക്ലാഡിംഗ് ഉള്ള ബോഡി എന്നിവ കൂടി ചേരുന്നതോടെ എസ്‌യുവി വേറെ ലെവലായി എന്നുവേണം പറയാൻ.

പിന്‍ഭാഗത്തും പരിഷ്ക്കാരങ്ങൾ കാണാനാവും. ടെയില്‍ ലാമ്പുകള്‍ എല്‍ഇഡി സ്ട്രിപ്പായി മാറിയത് സ്വീകാര്യമായ നടപടിയാണ്. ഇത് ലാൻഡ് റോവർ മോഡലുകളെ ചെറുതായി ഓർമിപ്പിച്ചേക്കാം. സബ്-ഫോർ-മീറ്റർ എസ്‌യുവിക്ക് ഏറ്റവും പുതിയ ബലേനോയുമായി നിരവധി സാമ്യങ്ങളുണ്ടെന്നും പറയാതെ വയ്യ.

പ്രത്യേകിച്ച് ഇന്റീരിയറിൽ. പെർഫോമൻസിനെ സംബന്ധിച്ചിടത്തോളം 1.5 ലിറ്റർ ഫോർ സിലിണ്ടർ K15C മൈൽഡ് ഹൈബ്രിഡ് പെട്രോൾ എഞ്ചിനാണ് ഉപയോഗിച്ചിരിക്കുന്നത്. ഇത് പരമാവധി 105 bhp കരുത്തിൽ ഔട്ട്‌പുട്ടും 138 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്‌സിലോ പാഡിൽ ഷിഫ്റ്ററുകളുള്ള ആറ് സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് യൂണിറ്റുമായോ എഞ്ചിൻ തെരഞ്ഞെടുക്കാം. പഴയ മോഡലിലെ സിംഗിള്‍ ഇന്‍ജക്ടറുകള്‍ക്കു പകരം ഡ്യുവല്‍ ഇന്‍ജക്ടറുകള്‍ എത്തിയപ്പോള്‍ മൈലേജും ഡ്രൈവിംഗ് അനുഭവവും ഉയർന്നിട്ടുണ്ടെന്നാണ് മാരുതി സുസുക്കി പറയുന്നത്.

മാരുതി ബ്രെസയുടെ മാനുവൽ വേരിയന്റുകൾക്ക് 20.15 കിലോമീറ്ററും ഓട്ടോമാറ്റിക് പതിപ്പുകൾക്ക് 19.80 കിലോമീറ്ററുമാണ് കമ്പനി അവകാശപ്പെടുന്ന ഇന്ധനക്ഷമത. വിലയുടെ കാര്യത്തിലേക്ക് നോക്കിയാൽ 7.99 ലക്ഷം മുതൽ 13.96 ലക്ഷം രൂപ വരെയാണ് പുത്തൻ കോംപാക്‌ട് എസ്‌യുവിയുടെ നിലവിലെ ഇന്ത്യയിലെ എക്സ്ഷോറൂം വില വരുന്നത്.


Click it and Unblock the Notifications








