അവതരണത്തിന് തീയതി കുറിച്ച് ടൊയോട്ട, പുത്തൻ Innova Hycross എംപിവിക്ക് കളമൊരുങ്ങി
കൃത്യമായ ഇടവേളകളിൽ തങ്ങളുടെ മോഡലുകളെയെല്ലാം മിനുക്കിയെടുക്കാൻ അറിയാവുന്നവരാണ് ജാപ്പനീസ് വാഹന നിർമാതാക്കളായ ടൊയോട്ട. എംപിവി സെഗ്മെന്റിൽ അരങ്ങുവാഴുന്ന ഇന്നോവ ക്രിസ്റ്റയുടെതാണ് ഇനിയുള്ള ഊഴം.

ഇന്നോവയുടെ അടുത്ത തലമുറയുമായി എത്തുന്ന ടൊയോട്ട വാഹനത്തെ ഇന്ത്യയിൽ അവതരിപ്പിക്കുന്ന തീയതിയും പുറത്തുവിട്ടിരിക്കുകയാണിപ്പോൾ. ടൊയോട്ട ഇന്നോവ ഹൈക്രോസ് 2022 നവംബർ 25-ന് ഇന്ത്യയിൽ അരങ്ങേറ്റം കുറിക്കും. തുടർന്ന് പുതുതലമുറ ആവർത്തനത്തിന്റെ വില 2023 ഓട്ടോ എക്‌സ്‌പോയിൽ പ്രഖ്യാപിക്കുമെന്നുമാണ് ടൊയോട്ട വ്യക്തമാക്കിയിരിക്കുന്നത്.

ഇന്ത്യയിലെ അരങ്ങേറ്റത്തിന് മുന്നോടിയായി, നവംബറിൽ ഇന്തോനേഷ്യയിൽ പുതിയ ഇന്നോവ ഹൈക്രോസ് ആഗോളതലത്തിൽ നവംബർ 21-ന് അനാവരണം ചെയ്യപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതും. അവിടെ ടൊയോട്ട ഇന്നോവ സെനിക്‌സ് എന്ന പേരിലായിരിക്കും വാഹനം വിൽക്കുക.

അടുത്തിടെ പുറത്തിറക്കിയ ഔദ്യോഗിക ടീസറും ഡിസൈൻ റെൻഡറിംഗും അടിസ്ഥാനമാക്കി നോക്കിയാൽ ടൊയോട്ട ഇന്നോവ ഹൈക്രോസ് അന്തർദ്ദേശീയമായി വിറ്റഴിക്കപ്പെടുന്ന കൊറോള ക്രോസ് എസ്‌യുവിയിൽ കാണുന്നതുപോലെയുള്ള വലുതും നേരായതുമായ ഷഡ്ഭുജാകൃതിയിലുള്ള ഗ്രില്ലായിരിക്കും വഹിക്കുകയെന്നാണ്.

മുൻവശത്തെ മറ്റ് ഡിസൈൻ ഹൈലൈറ്റുകളിൽ രണ്ട് എൽ ആകൃതിയിലുള്ള ഇൻസെർട്ടുകളുള്ള വീതിയേറിയ ഹെഡ്‌ലാമ്പുകൾ, ബോണറ്റിലെ ശക്തമായ ക്രീസുകൾ, ഫോഗ് ലാമ്പുകൾക്കുള്ള ബമ്പറിൽ ത്രികോണാകൃതിയിലുള്ള ഹൗസുകൾ എന്നിവയും ഇന്നോവ ഹൈക്രോസിൽ ഉൾപ്പെടുന്നു.

കൂടാതെ, ഇന്നോവ ഹൈക്രോസിന്റെ ഉയർന്ന വേരിയന്റുകളിൽ 10-സ്പോക്ക് അലോയ് വീലുകൾ, പനോരമിക് സൺറൂഫ്, എൽഇഡി ബ്രേക്ക് ലൈറ്റുകളുള്ള തിരശ്ചീനമായി ഓറിയന്റഡ് ടെയിൽ ലാമ്പുകൾ എന്നിവയും ടൊയോട്ട ഒരുക്കും.

ഇന്റീരിയറിന്റെ വിശദാംശങ്ങളൊന്നും ഇപ്പോൾ ലഭ്യമല്ലെങ്കിലും, ഇന്നോവ ഹൈക്രോസിന് വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 360-ഡിഗ്രി ക്യാമറ, വയർലെസ് ചാർജിംഗ്, രണ്ടാം നിരയിലെ ക്യാപ്റ്റന്റെ കസേരകൾക്ക് 'ഓട്ടോമാൻ ഫംഗ്ഷൻ' തുടങ്ങിയ സവിശേഷതകൾ എംപിവിക്ക് സമ്മാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ലാഡർ-ഫ്രെയിം ഷാസിയും റിയർ-വീൽ ഡ്രൈവ് സജ്ജീകരണവും ഉപയോഗിച്ച ഇന്നോവയുടെ മുൻ ആവർത്തനങ്ങളിൽ നിന്ന് വ്യത്യസ്തമായി, പുതിയ ഇന്നോവ ഹൈക്രോസ് ഒരു മോണോകോക്ക് ആർക്കിടെക്ച്ചറും ഫ്രണ്ട്-വീൽ-ഡ്രൈവ് ലേഔട്ടും അടിസ്ഥാനമാക്കിയുള്ളതായിരിക്കും.

എംപിവി ടൊയോട്ടയുടെ മോഡുലാർ TNGA-C പ്ലാറ്റ്‌ഫോമിലാണ് നിർമിച്ചെടുക്കുന്നതും. ഇത് വാഹനത്തിന്റെ പിന്നിൽ ഒരു ഫ്ലാറ്റ് ഫ്ലോർ ഉണ്ടാക്കാൻ അനുവദിക്കുന്നുവെന്നതിനാൽ യാത്രക്കാർക്ക് കൂടുതൽ സ്പേസ് നൽകും. പുതിയ ഇന്നോവ ഹൈക്രോസിന് ഡീസൽ എഞ്ചിൻ ലഭിക്കില്ലെന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം.

പകരം, അടുത്തിടെ പുറത്തിറക്കിയ ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡറിന് സമാനമായ പ്രകൃതിദത്തമായ പെട്രോൾ സ്ട്രോംഗ് ഹൈബ്രിഡ് പവർട്രെയിനും നൽകും.എന്നിരുന്നാലും എംപിവി 1.5 ലിറ്റർ എഞ്ചിന് പകരം 2.0 ലിറ്റർ ശേഷിയുള്ള നാച്ചുറലി ആസ്‌പിറേറ്റഡ് ഹൈബ്രിഡ് വേഷത്തിലാവും വിപണിയിലെത്തുക.

ചെലവ് നിയന്ത്രിക്കുന്നതിനായി ഇന്നോവ ഹൈക്രോസിനായി ടൊയോട്ട ഹൈബ്രിഡ് പവർട്രെയിൻ സാങ്കേതികവിദ്യയും പ്രാദേശികവൽക്കരിക്കും. ജനുവരി 13-ന് ആരംഭിക്കുന്ന ഓട്ടോ എക്‌സ്‌പോയിൽ വില വിവരങ്ങൾ പ്രഖ്യാപിക്കുമ്പോൾ നിലവിലെ മോഡലിനെ അപേക്ഷിച്ച് വലിയ വർധനവായിരിക്കും ഹൈക്രോസിന് ലഭിക്കുക. ഇന്നോവയുടെ മാരുതി വകഭേദവും ഇത്തവണ ഉണ്ടാകുമെന്നതാണ് കൌതുകമുണർത്തുന്ന മറ്റൊരു കാര്യം.


Click it and Unblock the Notifications