ഇലക്‌ട്രിക് ടച്ചിലേക്ക് A4, A5, Q6 മോഡലുകൾ... E-Tron പതിപ്പുകൾ ഉടൻ ഒരുക്കുമെന്ന് Audi
2026 മുതൽ ഇലക്‌ട്രിക് വാഹനങ്ങൾ മാത്രം പുറത്തിറക്കാനും 2033 ഓടെ നിലവിലുള്ള ഇന്റേണൽ കംബസ്‌ഷൻ എഞ്ചിൻ ഉപയോഗിച്ച് പ്രവർത്തിക്കുന്ന മോഡലുകൾ ക്രമേണ നിർത്തലാക്കാനുമുള്ള തന്ത്രവുമായി മുന്നോട്ടുപോവുകയാണ് ജർമൻ വാഹന നിർമാതാക്കളായ ഔഡി. വരും വർഷങ്ങളിൽ ഇലക്‌ട്രിക് കാറുകൾ മാത്രം പുറത്തിറക്കാനാണ് ബ്രാൻഡ് മുൻഗണന നൽകുന്നത്.
ഇതിന്റെ ഭാഗമായി മിഡ് റേഞ്ച് Q6 എസ്‌യുവിയുടെ ഇ-ട്രോൺ പതിപ്പ് പുറത്തിറക്കുമെന്നും കമ്പനി വ്യക്തമാക്കിയിരുന്നു. ഇതോടൊപ്പം തന്നെ A4, A5 സെഡാനുകളുടെ പ്യുവർ ഇലക്‌ട്രിക് ആവർത്തനങ്ങൾ കൊണ്ടുവരുമെന്നും ആഡംബര വാഹന നിർമാതാക്കൾ സൂചന നൽകിയിട്ടുണ്ട്. വാഹനങ്ങളുടെ സങ്കീർണത കുറയ്ക്കാനും ഔഡി ആഗ്രഹിക്കുന്നുവെന്നുമാണ് പുറത്തുവരുന്ന വാർത്തകൾ. A4, A5 എന്നിവ നിർമിക്കുന്ന അതേ പ്ലാന്റായ ഇൻഗോൾസ്റ്റാഡ് അസംബ്ലി ലൈനിൽ നിന്ന് അടുത്ത വർഷം Q6 ഇ-ട്രോൺ മോഡലിന്റെയും നിർമാണം ആരംഭിക്കുമെന്നും ബ്രാൻഡ് വ്യക്തമാക്കിയിട്ടുണ്ട്.

ഇലക്ട്രിക് കാർ ഉത്പാദനത്തിന്റെ അളവ് വർധിപ്പിക്കുന്നതിനും ആഗോള ആഡംബര വൈദ്യുത വാഹന വിപണിയിൽ കൂടുതൽ വിപണി വിഹിതം നേടുന്നതിനുമായി വിവിധ പ്ലാന്റുകളിൽ നിന്നുള്ള ഇവികളുടെ നിർമാണം ക്രമേണ വർധിപ്പിക്കാനാണ് ഔഡി ലക്ഷ്യമിടുന്നത്. 2029 ഓടെ, അതിന്റെ എല്ലാ അസംബ്ലി പ്ലാന്റുകളും കുറഞ്ഞത് ഒരു ഇലക്ട്രിക് വാഹനമെങ്കിലും നിർമിക്കുമെന്നാണ് ഔഡി അവകാശപ്പെടുന്നത്. ഇതോടൊപ്പം തന്നെ 2033 ഓടെ വാർഷിക ഫാക്ടറി ചെലവ് 50 ശതമാനം കുറയ്ക്കാൻ കമ്പനി ആഗ്രഹിക്കുന്നുവെന്ന് വാഹന നിർമാതാക്കൾ പറഞ്ഞു.
ഈ തന്ത്രത്തിന്റെ ഭാഗമായി ഔഡി തങ്ങളുടെ കാറുകളുടെ സങ്കീർണത കുറയ്ക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനായി സാധാരണയായി വാഹനങ്ങളിൽ കുറഞ്ഞ വേരിയന്റുകളും മറ്റ് ഫീച്ചർ കോമ്പിനേഷനുകളും വാഗ്ദാനം ചെയ്യുന്നു എന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. ഉപഭോക്താക്കൾക്ക് പ്രയോജനം ചെയ്യാത്ത തങ്ങളുടെ കാറുകളിലെ സങ്കീർണത ഇല്ലാതാക്കുകയാണ് ഇതിലൂടെ ജർമൻ ബ്രാൻഡ് ലക്ഷ്യമിടുന്നത്. ഈ ലക്ഷ്യം കൈവരിക്കുന്നതിന് വാഹന വികസനം കാര്യക്ഷമമായ ഉത്പാദന രീതി സ്വീകരിക്കുമെന്നും ഔഡി പറഞ്ഞു.
ഇത് ഭാവിയിലെ ഓഡി കാറുകൾ ഉപഭോക്താക്കൾക്ക് കൈകാര്യം ചെയ്യുന്നത് എളുപ്പമാക്കുകയും ഉത്പാദനച്ചെലവ് കുറയ്ക്കുന്നതിലൂടെ വാഹന നിർമാതാവിന്റെ ലാഭം വർധിപ്പിക്കുകയും ചെയ്യും. ഡിജിറ്റലൈസേഷനിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ആഗ്രഹിക്കുന്നുവെന്നും ഔഡി വ്യക്തമാക്കുകയുണ്ടായി. പ്രാദേശിക സെർവറുകൾ ഉപയോഗിച്ച് കമ്പനി തങ്ങളുടെ എഡ്ജ് ക്ലൗഡ് 4 പ്രൊഡക്ഷൻ സൊല്യൂഷൻ ഉപയോഗിക്കാൻ ആഗ്രഹിക്കുന്നുവെന്നും പറയുന്നു. ചെലവേറിയ വ്യാവസായിക പിസികൾ മാറ്റിസ്ഥാപിക്കുന്നതിനും സോഫ്റ്റ്വെയർ റോൾഔട്ടുകൾ, ഓപ്പറേറ്റിംഗ് സിസ്റ്റം മാറ്റങ്ങൾ തുടങ്ങിയ ഐടി ശ്രമങ്ങൾ കുറയ്ക്കുന്നതിനുമായി ഭാവിയിൽ വാഹനങ്ങൾക്കായി ഒരു വെർച്വൽ അസംബ്ലിംഗ് പ്രക്രിയയ്ക്കും ജർമൻ ബ്രാൻഡ് പദ്ധതിയിടുന്നുണ്ട്.
നിലവിൽ ഔഡിയുടെ ഇന്ത്യയിലെ ഇലക്‌ട്രിക് വാഹന നിരയിലേക്ക് നോക്കിയാൽ ഇ-ട്രോൺ, ഇ-ട്രോൺ സ്‌പോർട്ട്ബാക്ക്, ഇ-ട്രോൺ ജിടി, ആർഎസ് ഇ-ട്രോൺ ജിടി എന്നിവയാണ് കമ്പനി ഇന്ത്യയിൽ വിൽക്കുന്നത്. ഈ പഴയ അംഗങ്ങൾക്ക് പകരം നാല് പുതിയ മോഡലുകൾ ഉപയോഗിച്ച് ഔഡി ഇ-ട്രോൺ നിര പൂർണമായും അടുത്തിടെ നവീകരിക്കുകയും ചെയ്‌തിരുന്നു. Q8 ഇ-ട്രോൺ, Q8 ഇ-ട്രോൺ സ്പോട്ട്ബാക്ക്, SQ8 ഇ-ട്രോൺ, SQ8 ഇ-ട്രോൺ സ്‌പോർട്ട്ബാക്ക് എന്നീ മോഡലുകളാണ് കമ്പനി ഇപ്പോൾ അണിനിരത്തിയിരിക്കുന്നത്. ഇവയെല്ലാം വൈകാതെ തന്നെ ആഭ്യന്തര വിപണിയിലേക്കും ചുവടുവെക്കും.
ഔഡി ഇ-ട്രോൺ 2018-ൽ ലോഞ്ച് ചെയ്തതിന് ശേഷം ലഭിക്കുന്ന ആദ്യത്തെ പ്രധാന നവീകരണത്തിന്റെ ഭാഗമായി റീബ്രാൻഡ് ചെയ്യാൻ തെരഞ്ഞെടുത്ത തീരുമാനം ഏറെ ശരിവെക്കുന്നതാണ് പുത്തൻ മാറ്റങ്ങൾ. മുൻ പതിപ്പുകളെ അപേക്ഷിച്ച് നിരവധി ഡിസൈൻ മാറ്റങ്ങളോടെയാണ് വരുന്നത് റേഞ്ചും പെർഫോമൻസും വർധിപ്പിക്കുന്ന പുതിയ ബാറ്ററി പായ്ക്കുകളും ലക്ഷ്വറി ഇലക്ട്രിക് കാറിനെ വേറെ ലെവലിൽ എത്തിക്കുന്നുണ്ട്. ഇന്ത്യയിൽ ലോഞ്ച് ചെയ്യുമ്പോൾ ഇത് ബിഎംഡബ്ല്യു iX ഇലക്ട്രിക് എസ്‌യുവിയെയും വരാനിരിക്കുന്ന മെർസിഡീസ് EQB മോഡലിനും എതിരാളിയാവും.
മുമ്പ് 484 കിലോമീറ്റർ റേഞ്ച് മാത്രം വാഗ്ദാനം ചെയ്തിരുന്ന Q8 ഇ-ട്രോൺ ഇനി 582 കിലോമീറ്റർ വരെ ഒറ്റ ചാർജിൽ ഓടുമെന്നാണ് ഔഡിയുടെ അവകാശവാദം. 64 kWh യൂണിറ്റിൽ നിന്ന് 95 kWh ശേഷിയിലേക്ക് വർധിച്ച ഒരു വലിയ ബാറ്ററി പായ്ക്കാണ് ഈ നേട്ടം കൈവരിക്കാൻ സഹായിച്ചിരിക്കുന്നത്. Q8 ഇ-ട്രോൺ എസ്‌യുവി പരമാവധി 300 കിലോവാട്ട് പവറിൽ 664 Nm torque വരെ ഉത്പാദിപ്പിക്കുകയും ചെയ്യും.


Click it and Unblock the Notifications








