കുറച്ച് കളറാക്കിയിട്ടുണ്ട്! Q5 എസ്‌യുവിയുടെ സ്പെഷ്യൽ എഡിഷൻ വേരിയന്റുമായി Audi എത്തി
Q5 എസ്‌യുവിയുടെ സ്പെഷ്യൽ എഡിഷൻ വേരിയന്റിനെ ഇന്ത്യയിൽ അവതരിപ്പിച്ച് ജർമൻ ലക്ഷ്വറി വാഹന നിർമാതാക്കളായ ഔഡി. 67.05 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിലാണ് കമ്പനിയുടെ എൻട്രി ലെവൽ മോഡലിന്റെ സ്പെഷ്യൽ പതിപ്പിനെ വിപണിയിൽ എത്തിച്ചിരിക്കുന്നത്.

പരിമിതമായ യൂണിറ്റുകളിൽ ലഭ്യമായ Q5 എസ്‌യുവിയുടെ സ്പെഷ്യൽ എഡിഷൻ ടോപ്പ് എൻഡ് ടെക്നോളജി വേരിയന്റിനെ അടിസ്ഥാനമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. എന്നാൽ സ്റ്റാൻഡേർഡ് ടെക്നോളജി പതിപ്പിനേക്കാൾ 84,000 രൂപ അധികമാണ് പുതിയ മോഡലിനായി മുടക്കേണ്ടി വരിക.
പുതിയ Q5 എസ്‌യുവി സ്പെഷ്യൽ എഡിഷനെ വ്യത്യസ്‌തമാക്കാനായി കൂടുതൽ ബ്ലാക്ക് സ്റ്റൈലിംഗ് പരിഷ്ക്കാരങ്ങളാണ് ഔഡി സമ്മാനിച്ചിരിക്കുന്നത്. ഇത് എസ്‌യുവിക്ക് ബ്ലാക്ഡ്-ഔട്ട് ബ്രാൻഡ് ലോഗോകൾ, വെർട്ടിക്കൽ സ്‌ട്രട്ടുകളുള്ള ഗ്ലോസ് ബ്ലാക്ക് ഫ്രണ്ട് ഗ്രിൽ, ബ്ലാക്ക് റൂഫ്, ബ്ലാക്ക് ORVM ക്യാപ്പുകൾ എന്നിവയ്‌ക്കൊപ്പം ദൃശ്യ മെച്ചപ്പെടുത്തൽ നൽകുന്നു.
വി സ്റ്റൈൽ ഡയമണ്ട് കട്ട് 19 ഇഞ്ച് ഫൈവ് സ്‌പോക്ക് അലോയ് വീലുകൾ ഗ്രാഫൈറ്റ് ഗ്രേ ഷേഡിലാണ് പൂർത്തിയാക്കിയിരിക്കുന്നത്. പുതിയ Q5 എസ്‌യുവി സ്പെഷ്യൽ എഡിഷൻ ഐബിസ് വൈറ്റ്, ഡിസ്ട്രിക്റ്റ് ഗ്രീൻ കളർ ഓപ്ഷനുകളിലാണ് സ്വന്തമാക്കാനാവുന്നത്.
കാറിനെ കൂടുതൽ സവിശേഷമാക്കുന്നതിനായി ഔഡി Q5 സ്പെഷ്യൽ എഡിഷനായി കമ്പനി ഒരു പ്രത്യേക വിലയിൽ ഔഡി ഒറിജിനൽ ആക്സസറീസ് കിറ്റും വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതുകൂടാതെ, എൽഇഡി ഹെഡ്‌ലാമ്പുകൾ, പനോരമിക് സൺറൂഫ്, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റിയുള്ള 10 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നിവയും എസ്‌യുവിയിലുണ്ട്.
12.2 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, ത്രീ സോൺ ക്ലൈമറ്റ് കൺട്രോൾ, 30 കളർ ആംബിയന്റ് ലൈറ്റിംഗ്, വയർലെസ് ചാർജർ, പവർഡ് ഫ്രണ്ട് സീറ്റുകൾ എന്നീ സവിശേഷതകളോടെയാണ് Q5 സ്‌പെഷ്യൽ എഡിഷൻ എസ്‌യുവി വിപണിയിൽ എത്തുന്നത്.
ഉപഭോക്താക്കൾക്കായി Q5 എസ്‌യുവിയുടെ ഒരു പ്രത്യേക പതിപ്പ് അവതരിപ്പിക്കുന്നതിൽ തങ്ങൾക്ക് അതിയായ സന്തോഷമുണ്ടെന്ന് ഔഡി ഇന്ത്യയുടെ മേധാവി ബൽബീർ സിംഗ് ധില്ലൺ പറഞ്ഞു. ക്വാട്രോ ഓൾ-വീൽ ഡ്രൈവും ഫീച്ചറുകളാൽ സമ്പന്നമായ പാക്കേജും ഉപയോഗിച്ച്, വാഹനം സെഗ്‌മെന്റിൽ വേറിട്ടുനിൽക്കുന്നത് തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിഷ്വൽ പരിഷ്ക്കാരങ്ങൾ നൽകിയിട്ടുണ്ടെങ്കിലും എഞ്ചിനിലോ മറ്റ് മെക്കാനിക്കലുകളിലോ യാതൊരുവധ പരിഷ്ക്കാരങ്ങളും ഔഡി സമ്മാനിച്ചിട്ടില്ല. മാറ്റങ്ങളൊന്നുമില്ലാതെ തുടരുന്ന അതേ 2.0 ലിറ്റർ പെട്രോൾ എഞ്ചിനാണ് Q5 സ്പെഷ്യൽ എഡിഷന്റെ ഹൃദയം.
ഏഴ് സ്പീഡ് ഡ്യുവൽ ക്ലച്ച് ട്രാൻസ്മിഷനുമായി ജോടിയാക്കിയ എഞ്ചിൻ 249 bhp കരുത്തിൽ പരമാവധി 370 Nm torque വരെ ഉത്പാദിപ്പിക്കാനും ശേഷിയുള്ളതാണ്. 6.3 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ ഈ എഞ്ചിനിലൂടെ കാറിന് കഴിയും. കൂടാതെ മണിക്കൂറിൽ 237 കിലോമീറ്ററിന്റെ പരമാവധി വേഗത കൈവരിക്കാനും Q5 എസ്‌യുവിക്ക് കഴിയും.
കംഫർട്ട്, ഡൈനാമിക്, ഇൻഡിവിജുവൽ, ഓട്ടോ, എഫിഷ്യൻസി, ഓഫ് റോഡ് എന്നിങ്ങനെ ആറ് മോഡുകൾ തെരഞ്ഞെടുക്കാൻ ഡ്രൈവറെ അനുവദിക്കുന്ന 'ഓഡി ഡ്രൈവ് സെലക്ട്' സവിശേഷതയാണ് എസ്‌യുവിയിൽ നൽകിയിരിക്കുന്നത്. കൂടാതെ, ഇതിന് ക്വാട്രോ ഫോർ വീൽ ഡ്രൈവ് സംവിധാനവും ലഭിക്കുന്നു.
സ്പെഷ്യൽ എഡിഷന് പുറമെ Q5 ഫെയ്‌സ്‌ലിഫ്റ്റ് എസ്‌യുവിയെ പ്രീമിയം പ്ലസ്, ടെക്നോളജി എന്നിങ്ങനെ രണ്ട് വ്യത്യസ്‌ത വേരിയന്റിൽ കൂടി വാങ്ങാനാവും. ഇവയ്ക്ക് യഥാക്രമം 58.93 ലക്ഷം രൂപയും 63.77 ലക്ഷം രൂപയുമാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില. ഔഡി Q5 ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യയില്‍ CKD യൂണിറ്റായാണ് വില്‍പ്പനയ്‌ക്കെത്തിക്കുന്നത്.
2020 ഏപ്രിലില്‍ പുതിയ മലിനീകരണ മാനദണ്ഡങ്ങൾ നടപ്പിലാക്കിയതോടെ Q5 എസ്‌യുവിയുടെ പ്രീ-ഫെയ്‌സ്‌ലിഫ്റ്റ് മോഡല്‍ നിർത്തലാക്കിയിരുന്നു. പിന്നീട് 18 മാസത്തെ ഇടവേളയ്ക്ക് ശേഷം 2022 ഫെബ്രുവരിയിലാണ് വാഹനം വീണ്ടും ഇന്ത്യയിൽ ഫെയ്‌സ്‌ലിഫ്റ്റ് മാറ്റങ്ങളോടെ വിപണിയിൽ എത്തുന്നത്. ഇതിനു ശേഷം മികച്ച സ്വീകാര്യത നേടിയെടുക്കാനും വാഹനത്തിനായിട്ടുണ്ട്.


Click it and Unblock the Notifications








