Audi-യുടെ ഈ എൻട്രി ലെവൽ എസ്‌യുവി ഇനി വാങ്ങാൻ കിട്ടില്ല! കാരണം അറിയേണ്ടേ?
ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ ഔഡിയുടെ കുഞ്ഞന്‍ എസ്‌യുവി മോഡലായ Q2 ഇന്ത്യൻ വിപണിയോട് വിട പറഞ്ഞതായി സൂചന. കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്നും ഈ എൻട്രി ലെവൽ വാഹനത്തെ നീക്കം ചെയ്‌തതാണ് ഈ വാർത്ത പുറത്തുവരാൻ കാരണം. രാജ്യത്ത് അവതരിപ്പിച്ച് മൂന്ന് വർഷത്തിന് ശേഷമാണ് എസ്‌യുവിയെ പിൻവലിക്കുന്നത്.
എന്നാൽ Q2 മോഡൽ നിർത്തലാക്കിയെന്നോ പിൻവലിച്ചെന്നോ ഔഡി ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. എന്നിരുന്നാലും ജർമൻ കാർ നിർമതാക്കളിൽ നിന്നുള്ള ഏറ്റവും ചെറിയ എസ്‌യുവിയുടെ മോശം വിൽപ്പന പ്രകടനമാണ് ഔഡിയെ ഇപ്പോൾ ഈ തീരുമാനത്തിലേക്ക് നയിച്ചതെന്നാണ് വിലയിരുത്തൽ. 2022 ഒക്ടോബറിൽ ഔഡി Q2 വിപണിയിൽ അവതരിപ്പിച്ചത് 35 ലക്ഷം രൂപയുടെ പ്രാരംഭ എക്സ്ഷോറൂം വിലയിലാണ്. സ്റ്റാൻഡേർഡ്, പ്രീമിയം, പ്രീമിയം പ്ലസ്-1, പ്രീമിയം പ്ലസ്-2, ടെക്‌നോളജി എന്നീ അഞ്ച് വേരിയന്റുകളിലാണ് Q2 വിപണിയില്‍ ലഭ്യമായിരുന്നത്.

ഇതിലെ ടോപ്പ് എൻഡ് വേരിയന്റായ Q2 ടെക്‌നോളജിക്ക് 48.89 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില വരുന്നത്. ഔഡിയുടെ മറ്റൊരു എസ്‌യുവി മോഡലായ Q3-യുടെ തൊട്ടുതാഴെയാണ് ഈ വാഹനത്തിന്റെ സ്ഥാനം. ഇന്ത്യയിലെ ഔഡിയുടെ Q ശ്രേണിയിലെ എസ്‌യുവികളിൽ ഏറ്റവും ചെറിയ എസ്‌യുവിയായി Q2 വാഗ്ദാനം ചെയ്യപ്പെട്ടത് ഏറെ പ്രതീക്ഷകളോടെയായിരുന്നു. ഇന്ത്യയിലെ പല പ്രീമിയം കാറുകളും വാങ്ങാനാവുന്ന വിലയിൽ എത്തുന്ന ഈ ലക്ഷ്വറി വാഹനത്തിന് എന്തുകൊണ്ടോ വിപണിയിൽ തിളങ്ങാനായില്ല.
Q5, Q7, Q8 അടുത്തിടെ പുറത്തിറക്കിയ പുതിയ തലമുറ Q3 എന്നിവയും ബ്രാൻഡിന്റെ Q സെഗ്മെന്റിന്റെ ഭാഗമാണ്. ഇന്ത്യൻ വിപണിയിൽ Q3 എസ്‌യുവിയുടെ പുനരവതരണം അർഥമാക്കുന്നത് Q2 പതിപ്പിന് വളരെ കുറച്ച് സാധ്യതകൾ മാത്രമാണുള്ളതെന്നാണ്. എങ്കിലും ഇന്ത്യൻ വിപണിയിൽ, പ്രത്യേകിച്ച് ആഡംബര കാർ സെഗ്‌മെന്റിലേക്ക് പ്രവേശിക്കാൻ ആഗ്രഹിക്കുന്നവർക്കിടയിൽ Q2 അതിന്റെ അടയാളം കണ്ടെത്തുമെന്ന് ആത്മവിശ്വാസമുണ്ടെന്ന് ഔഡി പറഞ്ഞിരുന്നു. എന്നാൽ Q3 ഇപ്പോൾ ജർമൻ എൻട്രി ലെവൽ എസ്‌യുവിയായി ഇതിനെ മാറ്റിസ്ഥാപിക്കാൻ സാധ്യതയുണ്ട്.
എൻട്രി ലെവൽ ലക്ഷ്വറി സെഗ്‌മെന്റിൽ നേരിട്ടുള്ള എതിരാളി ഇല്ലാതിരുന്നിട്ടും ഔഡി Q2 അതിന്റെ വിൽപ്പന പ്രതീക്ഷയ്‌ക്കൊത്ത് ഉയരുന്നതിൽ പരാജയപ്പെട്ടുവെന്ന് നേരത്തെ പറഞ്ഞല്ലോ. വിലയുടെ കാര്യത്തിൽ ഇത് മെർസിഡീസ് ബെൻസ് GLA, വോൾവോ XC40 R-ഡിസൈൻ, ബിഎംഡബ്ല്യു X1 എന്നിവയ്‌ക്ക് എതിരാളിയാകുമായിരുന്നു. ലോഞ്ച് ചെയ്യുമ്പോൾ Q2 മോഡലിന് നൽകിയ ഈ വില നിർണയം തന്നെയാണ് പാളിയത്. എന്നാൽ പുതിയ Q3 എസ്‌യുവിയുടെ വില 44.89 ലക്ഷം മുതൽ ടോപ്പ് എൻഡ് വേരിയന്റിന് 50.39 ലക്ഷം വരെ മാത്രമാണ്.
എന്തായാലും ഒരു ലക്ഷ്വറി കാർ വാങ്ങാൻ പോവുന്നയാൾ കുറച്ചുകൂടി ബജറ്റ് ഉയർത്തി Q3 കാറിലേക്ക് ചേക്കേറാനാണ് സാധ്യത. എന്തായാലും 2020-ല്‍ ഔഡി ഇന്ത്യയില്‍ എത്തിച്ച ആറാമത്തെ വാഹനമായിരുന്നു Q2. ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിന്റെ MBQ പ്ലാറ്റ്‌ഫോം അടിസ്ഥാനമൊരുക്കുന്ന ഈ കുഞ്ഞന്‍ എസ്‌യുവി പ്രധാനമായും യുവാക്കളെ ലക്ഷ്യമിട്ടിരുന്നു. ഔഡി Q സീരീസ് എസ്‌യുവികളില്‍ നിന്ന് വ്യത്യസ്തമായി ക്രോസ് ഓവര്‍ സ്വഭാവം കാണിക്കുന്ന വാഹനമായതാണ് Q2 പരാജയപ്പെടാനുണ്ടായ കാരണമെന്നാണ് വിമർശകരുടെ മറ്റൊരു വാദം.
190 bhp പവറിൽ പരമാവധി 320 Nm torque വരെ നൽകുന്ന 2.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനാണ് Q2 എസ്‌യുവി വാഗ്ദാനം ചെയ്തത്. എഞ്ചിൻ 7 സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്സുമായി ജോടിയാക്കുകയും ചെയ്‌തു. കൂടാതെ ക്വാട്രോ ഓൾ-വീൽ ഡ്രൈവ് സ്റ്റാൻഡേർഡായി വാഗ്ദാനം ചെയ്‌തതും ഒരു മികച്ച ആകർഷണമായിരുന്നു. പെർഫോമൻസിന്റെ കാര്യത്തിൽ ഈ എൻട്രി ലെവൽ ലക്ഷ്വറി എസ്‌യുവി 6.5 സെക്കൻഡ് കൊണ്ട് 0-100 കിലോമീറ്റർ വേഗത കൈവരിക്കുമായിരുന്നു.
ഡിസൈനിലേക്ക് നോക്കിയാൽ ഔഡിയുടെ ഡിസൈന്‍ ശൈലി പുന്‍തുടര്‍ന്നുള്ള രൂപകല്‍പ്പനയാണ് Q2 എസ്‌യുവിക്കും നല്‍കിയിട്ടുള്ളത്. സിംഗിള്‍ ഫ്രെയിം ഗ്രില്ല്, എല്‍ഇഡി ഹെഡ്‌ലൈറ്റും ഡിആര്‍എല്ലും, ക്ലാഡിങ്ങുകള്‍ നല്‍കിയുള്ള ബംമ്പര്‍, ഡ്യുവല്‍ ടോണ്‍ റിയര്‍വ്യു മിറര്‍, എല്‍ഇഡി ടെയില്‍ലാമ്പ് തുടങ്ങിയവയാണ് പ്രധാന ഹൈലൈറ്റുകൾ. എല്ലാ വീലുകളിലും ഡ്രൈവ് എത്തുന്ന ക്വാട്രോ, പ്രോഗ്രസീവ് സ്റ്റീയറിംഗ്, എംഎംഐ ഡിസ്‌പ്ലേ, ഔഡി വെർച്വൽ കോക്പിറ്റ്, വയർലെസ് ആയി ഫോൺ ചാർജ് ചെയ്യാൻ സൗകര്യം തുടങ്ങിയ ഫീച്ചറുകൾ വാഹനത്തിന്റെ മാറ്റ് കൂട്ടിയിരുന്നു.


Click it and Unblock the Notifications








