മുഖംമിനുക്കിയ A8 L ഇന്ത്യയിൽ അവതരിപ്പിക്കാൻ തയാറെടുത്ത് Audi, ബുക്കിംഗ് ആരംഭിച്ചു
മുഖംമിനുക്കി എത്തുന്ന പുതിയ A8 ലക്ഷ്വറി സെഡാനെ ഇന്ത്യയിലേക്ക് അവതരിപ്പിക്കാൻ തയാറെടുത്ത് ജർമൻ ആഢംബര വാഹന നിർമാതാക്കളായ ഔഡി. കഴിഞ്ഞ മാസം ടീസർ ചിത്രം പുറത്തുവിട്ട കമ്പനി ഫ്ലാഗ്ഷിപ്പ് മോഡലിനായുള്ള ബുക്കിംഗ് ആരംഭിച്ചതായി പ്രഖ്യാപിച്ചിരിക്കുകയാണിപ്പോൾ.

A8 ഫെയ്‌സ്‌ലിഫ്റ്റ് ലോഞ്ച് ചെയ്യുന്നതിന് മുമ്പ് ഉയർന്ന നിലവാരമുള്ള സെഡാൻ സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്ക് 10 ലക്ഷം രൂപ ടോക്കൺ തുക നൽകി സെഡാൻ പ്രീ ബുക്ക് ചെയ്യാം. രാജ്യത്തെ ലക്ഷ്വറി കാർ രംഗത്ത് ഈ വർഷവും കൂടുതൽ സജീവമാവുന്നതിന്റെ ഭാഗമാണ് പുതുക്കിയ A8 എത്തുന്നത്.

പുതുക്കിയ 2022 ഔഡി A8 L സെഡാൻ 2021 നവംബറിലാണ് പുതുക്കിയ എക്സ്റ്റീരിയറും ഇന്റീരിയറും സഹിതം ആഗോളതലത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. ഇതോടൊപ്പം മികച്ച കളർ ഓപ്ഷൻ കൂടി ചേരുന്നതോടെ മുൻഗാമിയിൽ നിന്നും ഏറെ വ്യത്യസ്‌തമായി നിൽക്കാനും ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിന് സാധിക്കുന്നുണ്ട്.

പുറത്ത് ക്രോം സ്റ്റഡ് പാറ്റേണുള്ള പോളിഗോണൽ ആകൃതിയിലുള്ള ഫ്രണ്ട് ഗ്രിൽ, പുതുക്കിയ ലംബമായി സ്ഥിതി ചെയ്യുന്ന എയർ ഇൻടേക്കുകൾ, പുതുതായി രൂപകൽപ്പന ചെയ്ത എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളുള്ള ഷാർപ്പർ ഡിജിറ്റൽ മാട്രിക്സ് എൽഇഡി ഹെഡ്‌ലാമ്പുകൾ എന്നിവയെല്ലാം ഔഡി പുതുക്കിയ A8 L ലക്ഷ്വറി സെഡാന് സമ്മാനിച്ചിട്ടുണ്ട്.

പുതുക്കിയ ഗ്രാഫിക് ഡിസൈനോടുകൂടിയ സ്പ്ലിറ്റ് ഡിജിറ്റൽ ഒഎൽഇഡി ടെയിൽ ലാമ്പുകളാണ് വാഹനത്തിന്റെ മറ്റ് ഹൈലൈറ്റുകളിൽ ഉൾപ്പെടുന്നത്. ക്യാബിന് ഏറ്റവും പുതിയ MIB 3 ഓപ്പറേറ്റിംഗ് സിസ്റ്റം ലഭിക്കുന്നതും നേട്ടമാണ്. അതേസമയം ഒന്നിലധികം അഡ്ജസ്റ്റ്‌മെന്റുകളുള്ള റിലാക്സേഷൻ സീറ്റ്, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന കംഫർട്ട് ഹെഡ്‌റെസ്റ്റുകൾ അകത്തളത്തിലെ പ്രീമിയം സ്വഭാവത്തെ എടുത്തു കാണിക്കുന്നുണ്ട്.

18 ന്യൂമാറ്റിക് കുഷ്യനുകളുള്ള ബാക്ക് മസാജ്, പാസഞ്ചർ സീറ്റിന്റെ പിൻഭാഗത്തുള്ള ഫൂട്ട്‌റെസ്റ്റ്, ഹീറ്റിംഗ്, മസാജ് പ്രവർത്തനങ്ങൾ, വാലറ്റ ലെതർ സീറ്റ് അപ്‌ഹോൾസ്റ്ററി, നാല്- സോൺ ഡീലക്സ് ഓട്ടോ എസിയും 40 ഡ്രൈവർ-അസിസ്റ്റീവ് ഫീച്ചറുകളും ആഗോളതലത്തിൽ ഔഡി A8 L ലക്ഷ്വറി സെഡാനിൽ വാഗ്ദാനം ചെയ്യുന്നുണ്ട്.

A8 L മോഡലിന് മൊത്തത്തിൽ 5.32 മീറ്റർ നീളമുണ്ട്. 58 ശതമാനം അലുമിനിയം ഭാഗങ്ങൾ, ഹോട്ട്-ഫോംമ്ഡ് സ്റ്റീൽ, കാർബൺ-ഫൈബർ റൈൻഫോഴ്‌സ്ഡ് പോളിമർ ഘടകങ്ങൾ, മഗ്നീഷ്യം സ്ട്രട്ട്-ടവർ ബാറുകൾ എന്നിവയിൽ നിന്നുള്ള പാസഞ്ചർ കമ്പാർട്ട്‌മെന്റാണ് ജർമൻ ബ്രാൻഡ് നിർമിച്ചിരിക്കുന്നത്. നാലാം തലമുറ A8 സീരീസ് 2017 മുതൽ നിലവിലുണ്ട്.

2020 ന്റെ തുടക്കത്തിലാണ് ലോംഗ്-വീൽബേസ് A8 L ആദ്യമായി ഇന്ത്യയിൽ അവതരിപ്പിക്കുന്നത്. ഓപ്‌ഷണൽ HUD ഉള്ള 10.1 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, 8.6 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, പിന്നിൽ ഒരു ജോടി 10.1 ഇഞ്ച് ഫുൾ HD ഡിസ്‌പ്ലേകൾ, 23-സ്പീക്കർ ബാംഗ് & ഒലുഫ്‌സെൻ സൗണ്ട് സിസ്റ്റം തുടങ്ങിയവയാണ് ലക്ഷ്വറി സെഡാനിന്റെ ഇന്റീരിയറിലെ മറ്റ് പ്രധാന സവിശേഷതകൾ.

നിലവിൽ മുൻനിര സെഡാൻ 55 TFSI ക്വാട്രോ സ്പെസിഫിക്കേഷനിലാണ് വിൽക്കുന്നത്. 3.0 ലിറ്റർ ടർബോ V6 പെട്രോൾ എഞ്ചിനാണ് ഔഡി A8 L മോഡലിന് തുടിപ്പേകുന്നത്. എഞ്ചിൻ പവർ കണക്കുകളിൽ കാര്യമായ മാറ്റങ്ങളൊന്നും തന്നെയുണ്ടാവാൻ സാധ്യതയില്ല.

ഇത് പരമാവധി 340 bhp കരുത്തിൽ 500 Nm torque വരെ ഉത്പാദിപ്പിക്കുന്നത് തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനിലാണ് വാഹനം വിപണിയിലെത്തുക. പെർമെനന്റ് ക്വാട്രോ AWD സിസ്റ്റം വഴി ഫോർവീൽ ഡ്രൈവ് സിസ്റ്റവും വാഗ്‌ദാനം ചെയ്യുന്നുണ്ട്.

ബെൽറ്റ്-സ്റ്റാർട്ടർ ജനറേറ്ററും 10 Ah Li-ion ബാറ്ററി പായ്ക്കും ഉപയോഗിച്ച് 48V മൈൽഡ്-ഹൈബ്രിഡ് സാങ്കേതികവിദ്യയും എഞ്ചിനിൽ കമ്പനി സജ്ജീകരിച്ചിട്ടുണ്ട്. ഇത് 40 സെക്കൻഡ് വരെ ഐസി-എഞ്ചിൻ ഓഫാക്കി 55 മുതൽ 160 കിലോമീറ്റർ വരെ വേഗതയിൽ എത്താനും സഹായിക്കുന്നുണ്ട്. ഈ വർഷം രണ്ടാമതായി ഔഡി അവതരിപ്പിക്കുന്ന വാഹനമായിരിക്കും A8 ഫെയ്‌സ്‌ലിഫ്റ്റ്. നേരത്തെ 79.99 ലക്ഷം രൂപയ്ക്ക് ഫെബ്രുവരിയിൽ കമ്പനി പുതുക്കിയ Q7 എസ്‌യുവി പുറത്തിറക്കിയിരുന്നു.

പോയ വർഷം ഔഡി ഇന്ത്യയുടെ വിൽപ്പനയിൽ രണ്ട് മടങ്ങ് കുതിച്ചുചാട്ടമാണുണ്ടായത്. 3,293 യൂണിറ്റുകളാണ് കമ്പനി പോയ മാസം മൊത്തം നിരത്തിലെത്തിച്ചിരുന്നത്. 2020-ൽ ഇത് 1,639 യൂണിറ്റുകളായിരുന്നു. ആയതിനാൽ ഈ വർഷവും കൂടുതൽ നേട്ടങ്ങൾ കൈവരിക്കാനുള്ള പദ്ധതിയാണ് ജർമൻ ബ്രാൻഡ് മുന്നോട്ടുവെച്ചിരിക്കുന്നത്. Q7 എസ്‌യുവിക്ക് ലഭിച്ച അതേ സ്വീകരണം തന്നെ പുതിയ A8 ലോംഗ്-വീൽ ബേസ് ഡെസാനിനും ലഭിക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.


Click it and Unblock the Notifications








