ഇന്ത്യയിൽ ചിറ്റമ്മനയം, വലിയ 1.6 പെട്രോൾ എഞ്ചിനുമായി Citroen C3 അർജന്റീനയിൽ
ഇന്ത്യയിൽ ഒരു ബജറ്റ് കോംപാക്‌ട് എസ്‌യുവിയുമായി സിട്രൺ വരുന്നുവെന്ന് കേട്ടപ്പോൾ തുള്ളിച്ചാടിയവരാണ് ഇന്ത്യയിലെ വാഹന പ്രേമികൾ. അങ്ങേയറ്റം പ്രാദേശികവത്ക്കരണവും കുറഞ്ഞ വിലയും സിട്രൺ പോലുള്ള ബ്രാൻഡിൽ നിന്നും ലഭിക്കുന്നുവെന്ന് കേട്ടതിന്റെ ആവേശമായിരുന്നു ഇത്.
എന്നാൽ ഈ പ്രതീക്ഷകളെല്ലാം കാറ്റിൽപ്പറത്തുന്നതായിരുന്നു C3 എന്ന ക്രോസ്ഓവറിന്റെ അവതരണം. വിലകുറയ്ക്കാനായി ഫ്രഞ്ച് ബ്രാൻഡ് സ്വീകരിച്ച പല കാര്യങ്ങളും മോഡലിനെ എതിരാളികൾക്കു മുന്നിൽ വെറും കോമാളിയാക്കിയെന്നു പറയാം. ചെലവു ചുരുക്കുന്നതിനായി നടത്തിയ വിട്ടുവീഴ്ച്ചകളാണ് ഇവിടെ തിരിച്ചടിയായത്.

എസ്‌യുവി ടച്ചുള്ള പ്രീമിയം ഹാച്ച്ബാക്ക് എന്നാണ് സിട്രൺ C3-യെ വിശേഷിപ്പിക്കുന്നതും. കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും ആദ്യമായി ഒരു കാർ വാങ്ങുന്ന ഉപഭോക്താവിനെ സംതൃപ്‌തിപ്പെടുത്താനുള്ള എല്ലാ കാര്യങ്ങളും ഇതിലുണ്ടെന്നത് സമ്മതിക്കാതെ തരമില്ല. ദേ ഇപ്പോൾ ഫ്രഞ്ച് കാർ നിർമാതാക്കളുടെ എൻട്രി ലെവൽ മോഡലായ C3 ക്രോസ്ഓവറിനെ അർജന്റീനയിലും അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് കമ്പനി.
അതിന്റെ ഭാഗമായി വരാനിരിക്കുന്ന മോഡലിന്റെ സവിശേഷതകൾ സിട്രൺ തങ്ങളുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ വെളിപ്പെടുത്തിയിട്ടുണ്ട്. അതോടൊപ്പം തന്നെ മോഡലിന്റെ കൂടുതൽ വിശദാംശങ്ങൾ നൽകുന്ന ഒരു വീഡിയോയും ബ്രാൻഡ് പുറത്തിറക്കിയിട്ടുണ്ട്. അർജന്റീനിയൻ വിപണിയിലെത്തുന്ന C3-യുടെ ബേസ് നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിൻ ഇവിടെ വിൽക്കുന്നതിന് സമാനമാണെങ്കിലും, ടോപ്പ് എൻഡ് വേരിയന്റുകളിൽ ശേഷി കൂടിയ ഒരു വലിയ എഞ്ചിനും കമ്പനി അവതരിപ്പിക്കുന്നുണ്ട് എന്നതാണ് ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം നിരാശപ്പെടുത്തുന്ന കാര്യം.

ഹാച്ച്ബാക്കിന് ഇന്ത്യയിൽ ഇതുവരെ ലഭ്യമല്ലാത്ത ഒരു ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുമുണ്ട്. അർജന്റീനയിലെ സിട്രൺ C3-യുടെ ടോപ്പ് എൻഡ് വേരിയന്റുകളിലെ എഞ്ചിൻ 115 bhp കരുത്തിൽ പരമാവധി 150 Nm torque വികസിപ്പിക്കുന്ന 1.6 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ യൂണിറ്റാണ്. ഇത് 1.2 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനേക്കാൾ 5 bhp കൂടുതലാണ് എന്നാൽ 40 Nm torque കുറവാണിതിന് എന്നതും ശ്രദ്ധേയമാണ്.
കൂടാതെ ഇന്ത്യയിലെ കാറിന്റെ 6 സ്പീഡ് യൂണിറ്റിന് പകരം 1.6 ലിറ്റർ എഞ്ചിൻ ഓപ്ഷന് 5 സ്പീഡ് മാനുവൽ ഓപ്ഷനാണ് ലഭിക്കുന്നത്. എന്നിരുന്നാലും, അർജന്റീന മോഡലിന് 6 സ്പീഡ് ഓട്ടോമാറ്റിക് ഓപ്ഷൻ തെരഞ്ഞെടുക്കാൻ സാധിക്കുമെന്നത് അങ്ങേയറ്റം സ്വീകാര്യമായ തീരുമാനമാണ്. അടിസ്ഥാന വേരിയന്റുകളിൽ ലഭ്യമാവുന്ന എഞ്ചിൻ ഇന്ത്യയിൽ കിട്ടുന്നതിന് സമാനമായ പവർ കണക്കുകൾ തന്നെയാണ് മുന്നോട്ടുവെക്കുന്നത്.

അതായത് 82 bhp കരുത്ത് നൽകുന്ന 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ തന്നെയാണിതെന്ന് സാരം. ഇത് 5 സ്പീഡ് മാനുവൽ ഗിയർബോക്‌സുമായാണ് ജോടിയാക്കിയിരിക്കുന്നത്. ഫീച്ചറുകളുടെ കാര്യത്തിൽ അർജന്റീനിയൻ മോഡലിന് സമാനമായത് തന്നെയാണ് ലഭിക്കുന്നത്. അതിൽ 10 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, മാനുവൽ എയർ കണ്ടീഷനിംഗ്, പവർ വിൻഡോകൾ എന്നിവ ഉൾപ്പെടുന്നു.
എന്നാൽ ഇന്ത്യയിൽ ആക്‌സസറികളായി വിൽക്കുന്ന റിയർ പാർക്കിംഗ് ക്യാമറ, റിയർ വൈപ്പർ, വാഷർ, അലോയ് വീലുകൾ എന്നിങ്ങനെ രണ്ട് അധിക സവിശേഷതകളും സിട്രൺ C3 ക്രോസിന് സ്റ്റാൻഡേർഡായി ലഭിക്കുന്നുണ്ട്. ടാറ്റ പഞ്ച്, നിസാൻ മാഗ്‌നൈറ്റ്, മാരുതി സുസുക്കി ബലേനോ, ടൊയോട്ട ഗ്ലാൻസ തുടങ്ങിയ മോഡലുകളുമായി മത്സരിക്കുന്ന സിട്രൺ C3-യ്ക്ക് ഇന്ത്യയിൽ 5.88 ലക്ഷം രൂപ മുതലാണ് എക്സ്ഷോറൂം വില ആരംഭിക്കുന്നത്. ടാറ്റ ടിയാഗോ ഇവിക്ക് എതിരാളിയായി ഒരു ഓൾ-ഇലക്‌ട്രിക് C3 പതിപ്പും സിട്രൺ വികസിപ്പിക്കുന്നുണ്ട്.


Click it and Unblock the Notifications








