ഇനി കുറവുകളുണ്ടെന്ന് പറയിപ്പിക്കരുത്! C3 മോഡലിന് കൂടുതൽ ഫീച്ചറുകൾ സമ്മാനിക്കാൻ Citroen
കുറഞ്ഞ ചെലവിൽ ഒരു എസ്‌യുവി വാങ്ങാൻ കാത്തിരുന്നവരെല്ലാം ഏറെ പ്രതീക്ഷയോടെ നോക്കികണ്ടിരുന്ന മോഡലായിരുന്നു സിട്രൺ C3. എന്നാൽ അവതരണത്തിനു ശേഷം അധികമാളുകളൊന്നും ഈ ക്രോസ്ഓവർ വാഹനത്തെ തേടിയെത്തിയില്ല എന്നതാണ് വാസ്‌തവം.
ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനില്ലാത്തതും ചെലവു ചുരുക്കലിന്റെ ഭാഗമായി നിരവധി കോംപ്രമൈസുകൾ നടത്തിയതുമാണ് സിട്രൺ C3 ക്രോസ്ഓവറിന് തിരിച്ചടിയായത്. പോരാത്തതിന് ഫ്രഞ്ച് ബ്രാൻഡ് ഇതിനെ പ്രീമിയം ഹാച്ച്ബാക്ക് എന്ന വിഭാഗത്തിലാണ് വിൽപ്പനയ്ക്ക് എത്തിക്കുന്നതും.

കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും ആദ്യമായി വാഹനം വാങ്ങുന്നയാളുകളെയും അല്ലെങ്കിൽ ചെറിയ എൻട്രി ലെവൽ മോഡലുകളിൽ നിന്നും അപ്ഗ്രേഡായി വരുന്നവരെയുമെല്ലാം തൃപ്തിപ്പെടുത്താനാവുന്ന കാർ തന്നെയാണ് സിട്രൺ C3. എഞ്ചിൻ പെർഫോമൻസും മോശമല്ലെന്നും ആദ്യം തന്നെ എടുത്തു പറയേണ്ട കാര്യമാണ്. ദേ ഇപ്പോൾ ചില പരിഷ്ക്കാരങ്ങളോടെ C3-യെ കൂടുതൽ മെച്ചപ്പെടുത്തിയിരിക്കുകയാണ് കമ്പനി. ഉപഭോക്താക്കളിൽ നിന്നും ലഭിച്ച ഫീഡ്ബാക്കുകൾ അനുസരിച്ച് ഫീച്ചറുകളിൽ ചില മാറ്റങ്ങൾ വരുത്തിയാവും വാഹനം ഇനി വിപണിയിൽ എത്തുക.
ഒരു റിയർ വൈപ്പർ, വാഷ് സിസ്റ്റം, റിയർ ഡിഫോഗർ, ഒരു കൂട്ടം അലോയ് വീലുകൾ എന്നിവ കൂട്ടിച്ചേർത്താവും സിട്രൺ ഇനി മുതൽ C3 മോഡലിനെ പുറത്തിറക്കുക. നിലവിൽ, അലോയ് വീലുകൾ ഡീലർ-ഫിറ്റ് ഓപ്ഷനാണ്. കൂടാതെ അകത്തും പുതിയ മാറ്റങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഈ പുതിയ ഫീച്ചറുകൾ എങ്ങനെ എത്തുമെന്ന് വ്യക്തമല്ല.
സിട്രണിന് അവയെ നിലവിലുള്ള രണ്ട് വേരിയന്റുകളിലേക്ക് ചേർക്കാം, അല്ലെങ്കിൽ മൂന്നാമത്തെ പുതിയ ടോപ്പ് എൻഡ് വേരിയന്റിന് C3 നിരയിലേക്ക് അവതരിപ്പിക്കുകയും ചെയ്യാം. നിലവിൽ ലൈവ്, ഫീൽ എന്നിങ്ങനെ രണ്ട് വേരിയന്റുകളിലായാണ് C3 വിൽക്കുന്നത്. താഴ്ന്ന ലൈവ് വേരിയന്റിൽ 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിൻ, ടോപ്പ് വേരിയന്റുകളിൽ 1.2
ടർബോ-ചാർജ്ഡ് എഞ്ചിൻ എന്നിവയാണ് ഇടംപിടിക്കുന്നത്.
C3 യുടെ നിലവിലെ സ്ഥാനനിർണയവും അതിന്റെ വിലയും കണക്കിലെടുക്കുമ്പോൾ, സിട്രൺ ഈ ഫീച്ചറുകൾ കുറഞ്ഞ വില വർധനയോടെ നൽകുന്നത് നന്നായിരിക്കും. C3 ക്രോസിന്റെ പ്രാരംഭ വേരിയന്റിന് 5.88 ലക്ഷം രൂപ മുതൽ ടോപ്പ് എൻഡ് ടർബോ ഫീൽ വേരിയന്റിന് 8.15 ലക്ഷം രൂപ വരെയാണ് നിലവിലെ എക്സ്ഷോറൂം വില. ടാറ്റ പഞ്ച്, റെനോ കൈഗർ, നിസാൻ മാഗ്‌നൈറ്റ് എന്നിവയുടെ താഴ്ന്ന വേരിയന്റുകളാണ് C3-യുടെ പ്രധാന മത്സരം നടക്കുന്നത്.
സിട്രൺ C3 മോഡലിന്റെ പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് യൂണിറ്റ് 81 bhp പവറിൽ പരമാവധി 115 Nm torque വരെ നൽകാൻ ശേഷിയുള്ളതാണ്. ഇത് 5 സ്പീഡ് മാനുവൽ ഗിയർബോക്‌സ് ഓപ്ഷനുമായാണ് സ്വന്തമാക്കാനാവുന്നത്. അതേസമയം 1.2 ലിറ്റർ ടർബോചാർജ്‌ഡ് എഞ്ചിനാണ്. ഇത് 108 bhp കരുത്തിൽ 190 Nm torque വരെ നൽകും. 6 സ്പീഡ് മാനുവലാണ് ഇതിൽ സിട്രൺ വാഗ്‌ദാനം ചെയ്യുന്നത്.
കമ്പനിയുടെ സി-ക്യൂബ്ഡ് പ്ലാറ്റ്‌ഫോമിലാണ് സിട്രൺ C3 നിർമിച്ചിരിക്കുന്നത്. എസ്‌യുവി ട്വിസ്റ്റുള്ള C3 ഹാച്ച്ബാക്ക് കാഴ്ച്ചയിലും ഒരു പുതുമ നിലനിർത്തുന്ന മോഡലാണ്. ടോൾബോയ് രൂപവും വ്യത്യസ്‌ത കളർ ഓപ്ഷനുകളുമെല്ലാം ഇതിനെ വിപണിയിൽ വേറിട്ടുനിർത്തുന്നുണ്ട്. സ്പ്ലിറ്റ് എല്‍ഇഡി ഹെഡ്‌ലാമ്പുകളും ഡിആര്‍എല്ലുകളും, റാപ് എറൗണ്ട് എല്‍ഇഡി ടെയില്‍ ലാമ്പുകള്‍, ഫോക്സ് സ്‌കിഡ് പ്ലേറ്റുകള്‍, റൂഫ് റെയിലുകളും ബോഡി ക്ലാഡിംഗും, 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ എന്നിവയെല്ലാമാണ് വാഹനത്തിന്റെ ഡിസൈൻ പൂർത്തിയാക്കുന്നത്.
ഇവയ്ക്കെല്ലാം പുറമെ C3-യുടെ ഇലക്ട്രിക് പതിപ്പിനെയും പുറത്തിറക്കാനുള്ള പദ്ധതികൾ കമ്പനി അണിയറയിൽ ഒരുക്കുന്നുണ്ട്. രാജ്യത്ത് പാസഞ്ചര്‍ ഇലക്ട്രിക് കാറുകള്‍ക്ക് ആവശ്യക്കാര്‍ ഏറുകയാണ്, വില കുറഞ്ഞ ഒരു മോഡലാണ് ഇപ്പോള്‍ വിപണി കാത്തിരിക്കുന്നതും. അതിനാൽ C3-യുടെ സമയം തെളിയണമെങ്കിൽ ഇലക്ട്രിക് വേരിയന്റ് എത്രയും വേഗം വിപണിയിൽ എത്തണം.


Click it and Unblock the Notifications








