C3 കോംപാക്‌ട് എസ്‌യുവിയുടെ നിർമാണം ആരംഭിച്ച് Citroen, ഇന്ത്യയിലേക്കും ഉടൻ
ഉടൻ പുറത്തിറക്കാൻ പോകുന്ന C3 കോംപാക്‌ട് എസ്‌യുവിയുടെ നിർമാണം ബ്രസീലിലെ പോർട്ടോ റിയലിൽ ആരംഭിച്ച് സിട്രൺ. ഫ്രഞ്ച് വാഹന നിർമാതാക്കളിൽ നിന്നുമുള്ള എൻട്രി ലെവൽ മോഡലായിരിക്കുമിതെന്നതാണ് ഏവരുടേയും ശ്രദ്ധ നേടാൻ കാരണമാവുന്നത്.

ടാറ്റ പഞ്ച്, മാരുതി സുസുക്കി സ്വിഫ്റ്റ്, നിസാൻ മാഗ്നൈറ്റ് തുടങ്ങിയ വമ്പൻമാരുമായാകും സിട്രൺ C3 എസ്‌യുവിയും മാറ്റുരയ്ക്കുക. വാഹനത്തിന്റെ അവതരണ വേളയിൽ മോഡൽ ശ്രദ്ധേയമായ സ്ഥലവും പ്രായോഗികതയും അഭിമാനിക്കുമെന്ന് സിട്രൺ വ്യക്തമാക്കിയിരുന്നു.

C3 എസ്‌യുവിയുടെ ഡിസൈനിലേക്കു നോക്കിയാൽ ഫ്രഞ്ച് സൗന്ദര്യത്തിന്റെ എല്ലാ മനോഹാരിതയും കാണാൻ കഴിയും. സ്ലീക്ക് ഗ്രിൽ, സ്പ്ലിറ്റ് എൽഇഡി ഹെഡ്‌ലൈറ്റുകൾ, കളർ കോർഡിനേറ്റഡ് ബിറ്റുകൾ എന്നിവ പോലെയുള്ള ഘടകങ്ങൾ സിട്രണിന്റെ വാഹനമാണെന്ന് അടിവരയിട്ടു പറയുന്ന കാര്യങ്ങളാണ്.

ബോഡിക്കു ചുറ്റുമുള്ള ക്ലാഡിംഗ് ഒരു പരുക്കൻ ശൈലി എസ്‌യുവിക്ക് സമ്മാനിക്കുന്നുമുണ്ട്. ചതുരാകൃതിയിലുള്ള എൽഇഡി ടെയിൽ ലൈറ്റുകളും അത്ര തിളക്കമില്ലാത്ത ടെയിൽഗേറ്റും ഉള്ള പിൻഭാഗം വളരെ ലളിതമാണ്. എസ്‌യുവിയുടെ മൊത്തത്തിലുള്ള ആകർഷണം മെച്ചപ്പെടുത്തുന്നത് വ്യത്യസ്ത റൂഫ്, ബോഡി കളർ ഓപ്ഷനുകൾ മിക്സ് ചെയ്യാനും തെരഞ്ഞെടുക്കാനുമുള്ള അവസരവും ഫ്രഞ്ച് വാഹന നിർമാതാക്കളായ സിട്രൺ ഒരുക്കും.

അകത്തളത്തിലേക്ക് നോക്കിയാൽ ശരിയായ സ്ഥലങ്ങളിൽ സ്ഥാപിച്ചിരിക്കുന്നതായി തോന്നുന്ന എല്ലാ നിയന്ത്രണങ്ങളുമുള്ള ഒരു ഡാഷ്‌ബോർഡാണ് സിട്രൺ C3 എസ്‌യുവിയിൽ ലഭിക്കുന്നത്. എന്നാൽ വിചിത്രമായി കാണപ്പെടുന്ന എസി വെന്റുകളും കളർ-കോർഡിനേറ്റഡ് ബിറ്റുകളും പോലുള്ള ഘടകങ്ങൾ മൊത്തത്തിലുള്ള കാഴ്ച്ച രസകരമാക്കുന്നുണ്ട്.

ശരിക്കും പറഞ്ഞാൽ ഒരു വിദേശിയുടെ സ്വഭാവം ഇന്റീരിയറിനുണ്ടെന്ന് പറയാം. സാധാരണ കാറുകളേക്കാൾ മികച്ച രീതിയിലാണ് ഇത് വിഭാവനം ചെയ്‌തിരിക്കുന്നതും. പ്രായോഗികതയെ കുറിച്ച് പറയുകയാണെങ്കിൽ C3 എസ്‌യുവിക്ക് 315 ലിറ്റർ ബൂട്ട്, 1 ലിറ്റർ ഗ്ലൗ ബോക്സ്, രണ്ട് 2 ലിറ്റർ ഡോർ പോക്കറ്റുകൾ, പിന്നിൽ 1 ലിറ്റർ ഡോർ പോക്കറ്റ്, സെന്റർ കൺസോളിൽ ഒരു സ്റ്റോറേജ് കമ്പാർട്ട്മെന്റ്, കപ്പ് ഹോൾഡറുകൾ എന്നിവയെല്ലാം കമ്പനി നൽകിയിട്ടുണ്ട്.

ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയ്‌ക്കൊപ്പം 10 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, സ്റ്റിയറിംഗ് മൗണ്ടഡ് കൺട്രോളുകൾ, മൂന്ന് യുഎസ്ബി സോക്കറ്റുകൾ, 12 വി സോക്കറ്റ്, സ്‌മാർട്ട്‌ഫോൺ ക്ലാമ്പ് എന്നിവ പുതിയ സിട്രൺ C3 കോംപാക്‌ട് എസ്‌യുവിയുടെ ശ്രദ്ധേയമായ ചില സവിശേഷതകളാണ്. 180 മില്ലീമീറ്ററിന്റെ ഗ്രൗണ്ട് ക്ലിയറന്‍സുള്ളതിനാൽ ഉയർന്ന ഡ്രൈവിംഗ് പൊസിഷനും ലഭിച്ചേക്കാം.

C3 എസ്‌യുവിയുടെ ക്യാബിന്‍ മികച്ച ഇന്റീരിയര്‍ സ്‌പേസ് വാഗ്ദാനം ചെയ്യുന്നതേക്കുമെന്നാണ് സൂചന. എസ്‌യുവിയുടെ വീല്‍ബേസ് 2,540 മില്ലീമീറ്റർ ആണെന്നതാണ് ഇതിലേക്ക് വിരൽ ചൂണ്ടുന്ന മറ്റൊരു വസ്‌തുത. വലിയ വീല്‍ബേസ് ലഭിക്കുന്നതുകൊണ്ട് തന്നെ പിന്‍സീറ്റില്‍ ഇരിക്കുന്ന യാത്രക്കാര്‍ക്കും സെഗ്മെന്റിലെ ഏറ്റവും മികച്ച ലെഗ്റൂം ഉണ്ടായിരിക്കുമെന്ന് കമ്പനി പറയുന്നു.

സുരക്ഷയുടെ കാര്യത്തിലും സിട്രണിന്റെ വാഹനം ഒട്ടും പിന്നോട്ടാകില്ല. ഇരട്ട എയർബാഗുകൾ, ഇബിഡി ഉള്ള എബിഎസ്, പിൻ പാർക്കിംഗ് സെൻസറുകൾ എന്നിവയെല്ലാം C3-യിൽ ഫ്രഞ്ച് വാഹന നിർമാതാക്കൾ ഉൾപ്പെടുത്തുമെന്നാണ് സ്ഥിരീകരണം. ഇതെല്ലാം കൂട്ടിച്ചേർത്ത് ഉഗ്രൻ നിർമാണ നിലവാരം കൂടി ചേരുമ്പോൾ സെഗ്മെന്റിൽ ഒരു വിപ്ലവം തന്നെ തീർക്കാൻ C3 എസ്‌യുവിക്ക് സാധിച്ചേക്കും.

ഇന്ത്യയിൽ മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്‌സുകളുമായി ജോടിയാക്കിയ 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ്, ടർബോ ചാർജ്‌ഡ് പെട്രോൾ എഞ്ചിൻ ഓപ്ഷനുകളിൽ സിട്രൺ C3 സ്പോർട്‌സ് യൂട്ടിലിറ്റി വാഹനം അണിനിരത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചെന്നൈയിലെ തിരുവള്ളൂർ പ്ലാന്റിൽ സിട്രൺ പ്രാദേശികമായി C3 നിർമിക്കും.

2022 മധ്യത്തോടെ ഇത് ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തുമ്പോൾ മോഡലിന്റെ എക്സ്ഷോറൂം വില ഏകദേശം 5.50 ലക്ഷം മുതൽ 10 ലക്ഷം രൂപ വരെയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫ്രഞ്ച് കാര്‍ നിര്‍മാതാക്കളായ ഗ്രൂപ്പ് PSA-യുടെ പൂര്‍ണ ഉടമസ്ഥതയിലുള്ള സബ്‌സിഡിയറി ബ്രാന്‍ഡായ സിട്രണ്‍ അതിന്റെ രണ്ടാമത്തെ ഉല്‍പ്പന്നമായാകും C3 എസ്‌യുവി ഇന്ത്യയിൽ അവതരിപ്പിക്കുക.

'മെയ്ഡ് ഇന്‍ ഇന്ത്യ, മെയ്ഡ് ഫോര്‍ ഇന്ത്യ' എന്ന പ്രഖ്യാപനത്തോടെയാണ് സിട്രണ്‍ C3 സബ് കോംപാക്‌ട് എസ്‌യുവിയെ സെപ്റ്റംബറില്‍ ലോകത്തിനായി ഔദ്യോഗികമായി പരിചയപ്പെടുത്തിയത്. കോമണ്‍ മോഡുലാര്‍ പ്ലാറ്റ്‌ഫോം (CMP) അടിസ്ഥാനമാക്കിയാണ് വാഹനത്തെ അണിയിച്ചൊരുക്കുന്നതു തന്നെ. ഇത് വ്യത്യസ്ത പ്ലാറ്റ്ഫോമുകള്‍ക്ക് ഇത് അനുയോജ്യമാണെന്നാണ് ശ്രദ്ധേയം.

ആയതിനാൽ C3-യുടെ ഇലക്ട്രിക് പതിപ്പിനും ഈ പ്ലാറ്റ്‌ഫോം അനുയോജ്യമാകും. ഓറഞ്ച്-വൈറ്റ് ഡ്യുവല്‍ ടോണ്‍ എക്സ്റ്റീരിയര്‍ നിറത്തിന് പുറമേ, കാറിന് ഓറഞ്ച്-ബ്ലാക്ക്, ബ്ലൂ-വൈറ്റ്, ഗ്രേ-ബ്ലാക്ക് കളർ ഓപ്ഷനുകളിൽ അണിഞ്ഞൊരുങ്ങിയാകും പുതിയ C3 കോംപാക്‌ട് എസ്‌യുവി ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തുക.


Click it and Unblock the Notifications