ഇനി ഇതിന്റൊരു കുറവു വേണ്ട! C3 ഹാച്ചിന് CNG വേരിയന്റുമായി Citroen വരുന്നു
ഇന്ത്യയിലെ വാഹനങ്ങളില്‍ ഇളമുറക്കാരനായി അറിയപ്പെടുന്നവരാണ് ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ സിട്രണ്‍. എസ്‌യുവി ട്വിസ്റ്റുള്ള പ്രീമിയം ഹാച്ച്ബാക്കായ C3-യെ അവതരിപ്പിച്ച കമ്പനിക്ക് വിപണിയിൽ വേണ്ടത്ര ഓളമുണ്ടാക്കിയെടുക്കാൻ ഇതുവരെ സാധിച്ചിട്ടില്ലെന്നു വേണം പറയാൻ. ചെലവു കുറയ്ക്കലിന്റെ ഭാഗമായി കാറിൽ നടപ്പിലാക്കിയ ചില കാര്യങ്ങളാണ് ഉപഭോക്താക്കളെ ബ്രാൻഡിൽ നിന്നും അകറ്റി നിർത്തുന്നത്.
ഒരു വശത്ത് C5 എയർക്രോസ് പുറത്തിറക്കി ഇന്ത്യയിൽ അരങ്ങേറ്റം കുറിച്ചവരാണ് സിട്രൺ. അങ്ങേയറ്റം വിലയുള്ളതിനാൽ ആ വില മുടക്കാൻ പലരും തയാറാവാത്തതിനാൽ സാധാരണക്കാർക്കായി താങ്ങാനാവുന്ന വിലയിൽ ഒരു കാർ പുറത്തിറക്കിയതാണ് C3. എന്നാൽ ചെലവു ചുരുക്കൽ കുറച്ച് കൂടി പോയതോടെ സിട്രൺ ഇപ്പോൾ ആകെ ഒരു പരുങ്ങലിലാണ്. എന്നാൽ C3-യുടെ പുതിയ ഇലക്‌ട്രിക്, സിഎൻജി പതിപ്പുകളിലൂടെ ഈ കുറവുകളെല്ലാം പരിഹരിച്ച് ആളെക്കൂട്ടാനാണ് ഫ്രഞ്ച് ബ്രാൻഡിന്റെ പുതിയ പദ്ധതി.

ഇന്ത്യയിലെ ഫ്രഞ്ച് വാഹന നിർമ്മാതാക്കളിൽ നിന്നുള്ള ആദ്യത്തെ മാസ്-മാർക്കറ്റ് ഓഫറായ സിട്രൺ C3 നിലവിൽ 5.88 ലക്ഷം മുതൽ 8.15 ലക്ഷം രൂപ വരെ വിലയുള്ള എക്സ്ഷോറൂം വിലയിലാണ് വിൽപ്പനയ്ക്ക് എത്തുന്നത്. മോഡൽ ലൈനപ്പിൽ 1.0 ലിറ്റർ ലൈവ്, 1.0 ലിറ്റർ ഫീൽ, 1.0 ലിറ്റർ ടർബോ-പെട്രോൾ ഫീൽ എന്നിങ്ങനെ മൂന്ന് വകഭേദങ്ങൾ ഉൾപ്പെടുന്നു. ഇതിലേക്കാണ് ഇപ്പോൾ സിഎൻജി വകഭേദത്തിനെ കൂടെ ഉൾപ്പെടുത്താൻ കമ്പനി തയാറെടുക്കുന്നത്.
പുതിയ സിഎൻജി വേരിയന്റുകളോടെ C3 ഹാച്ച്ബാക്ക് മോഡൽ ലൈനപ്പ് കമ്പനി ഉടൻ വിപുലീകരിക്കുമെന്ന് സാരം. എസ്‌യുവി ട്വിസ്റ്റുള്ള ഹാച്ച്ബാക്കിന്റെ കംപ്രസ്‌ഡ് നാച്ചുറൽ ഗ്യാസ് പതിപ്പ് ഇന്ത്യയിൽ നിലവിൽ പരീക്ഷണ ഘട്ടത്തിലാണ്. ഇത് അടുത്ത വർഷത്തിന്റെ (2023) ആദ്യ മാസങ്ങളിൽ നിരത്തിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഫാക്ടറി ഫിറ്റഡ് സിഎൻജി കിറ്റുമായി ജോടിയാക്കിയ 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനൊപ്പം പ്രകൃതിയോട് ഇണങ്ങിയ C3 ലഭ്യമാക്കും.
സാധാരണ ഗ്യാസോലിൻ യൂണിറ്റുമായി താരതമ്യപ്പെടുത്തുമ്പോൾ സിട്രൺ C3 സിഎൻജിയുടെ പവർ, ടോർക്ക് കണക്കുകൾ അല്പം കുറവായിരിക്കും. നിലവിൽ വാഹനം 1.2 ലിറ്റർ 3 സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിന് 82 bhp കരുത്തിൽ പരമാവധി 115 Nm torque വരെ ഉത്പാദിപ്പിക്കാൻ കഴിയും. ഇതിൽ നിന്നുമാവും പവർ കുറയുക. ഈ വരാനിരിക്കുന്ന പുതിയ സിഎൻജി വേരിയന്റും 5 സ്പീഡ് മാനുവൽ ഗിയർബോക്‌സ് ഓപ്ഷനിൽ മാത്രമായിരിക്കും വിപണിയിൽ എത്തുക.
അതേസമയം C3 ക്രോസിലെ 1.2 ലിറ്റർ, 3 സിലിണ്ടർ ടർബോ പെട്രോൾ എഞ്ചിൻ 110 bhp പവറിൽ 190 Nm torque വരെ വികസിപ്പിക്കാൻ പ്രാപ്‌തമാണ്. ഇത് 6 സ്പീഡ് മാനുവൽ ഗിയർബോക്‌സ് സംവിധാനവുമായി നിരത്തിലെത്തും. മോഡലിന് ഓട്ടോമാറ്റിക് ഓപ്ഷൻ നൽകാത്തതും വലിയ ചർച്ചകൾക്ക് വിധേയമായിരുന്നു. 6.09 ലക്ഷം മുതൽ 7.64 ലക്ഷം രൂപ വരെ വില വരുന്ന പുതുതായി പുറത്തിറക്കിയ ടാറ്റ ടിയാഗോ സിഎൻജിക്കെതിരെയാണ് സിട്രൺ C3 സിഎൻജി സ്ഥാനം പിടിക്കുക.
വരാനിരിക്കുന്ന ടാറ്റ പഞ്ച് സിഎൻജിക്കെതിരെയും ഇത് മത്സരിക്കും. പോരായ്‌മകൾ കുറയ്ക്കുന്നതിനായി 2023-ന്റെ രണ്ടാം പകുതിയിൽ ഫ്രഞ്ച് വാഹന നിർമാതാക്കൾ 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സോടുകൂടിയ C3 അവതരിപ്പിക്കുമെന്ന് റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. ഈ യൂണിറ്റ് ഐസിനിൽ നിന്നാണ് കടമെടുക്കുന്നത്. അങ്ങനെ സംഭവിച്ചാൽ ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി വരുന്ന സെഗ്‌മെന്റിലെ ആദ്യത്തെ വാഹനമായിരിക്കും സിട്രൺ ഹാച്ച്ബാക്ക് എന്നത് വലിയൊരു നേട്ടമായിരിക്കും. അങ്ങനെയെങ്കിൽ ഒരു വിഭാഗം ആളുകളെയെങ്കിലും ആകർഷിക്കാൻ സിട്രണ് സാധിക്കും.
സിഎൻജി, ഓട്ടോമാറ്റിക് വേരിയന്റുകൾക്ക് പുറമേ സിട്രൺ C3 ക്രോസ്ഓവറിന്റെ ഇലക്ട്രിക് ആവർത്തനവും പുറത്തിറക്കും. അടുത്ത വർഷം എപ്പോഴെങ്കിലും ഈ മോഡൽ വിപണിയിലെത്താൻ സാധ്യതയുണ്ട്. 50kWh ബാറ്ററി പായ്ക്കും 136 bhp പവറിൽ 260 Nm torque നൽകുന്ന ഇലക്ട്രിക് മോട്ടോറിനൊപ്പം ഇത് വാഗ്ദാനം ചെയ്യാവുന്നതാണ്. ഗ്ലോബൽ സ്‌പെക്ക് പ്യൂഷോ e-208 ഇവിയിലും ഇതേ സജ്ജീകരണം പ്രവർത്തിക്കുന്നുണ്ട്. ഒന്നിലധികം ബാറ്ററി വലുപ്പ ഓപ്ഷനുകളുള്ള ഇലക്ട്രിക് ഹാച്ച്ബാക്കും കാർ നിർമാതാവ് വാഗ്ദാനം ചെയ്തേക്കാം.


Click it and Unblock the Notifications