പ്രീമിയം ഇലക്‌ട്രിക് കാറുകൾ ഇന്ത്യയിൽ അവതരിപ്പിക്കാൻ പദ്ധതിയുമായി Ford
സമീപകാലത്ത് ഇന്ത്യ ഉൾപ്പടെയുള്ള നിരവധി അന്താരാഷ്ട്ര വിപണികളിൽ നിന്ന് ഫോർഡ് വിടപറഞ്ഞിരുന്നു. ഇന്ത്യയിൽ കഴിഞ്ഞ വർഷം അവസാനത്തോടെ പ്രാദേശികമായി പാസഞ്ചർ കാറുകളുടെ ഉത്പാദനം നിർത്തുകയും ചെയ്തു.

എന്നാൽ ഇപ്പോൾ വാഹന മേഖലയ്‌ക്കുള്ള പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് (പിഎൽഐ) സ്കീമിന് കീഴിലുള്ള നിർദ്ദേശത്തിന് കേന്ദ്ര സർക്കാരിൽ നിന്ന് അംഗീകാരം നേടിയിയിരിക്കുകയാണിപ്പോൾ അമേരിക്കൻ ബ്രാൻഡ്.

കയറ്റുമതിക്കായി ഇന്ത്യയിൽ ഇലക്ട്രിക് വാഹനങ്ങൾ (ഇവി) നിർമിക്കുന്നത് പരിഗണിക്കുകയാണെന്ന് ഫോർഡ് മോട്ടോർ കമ്പനി അറിയിച്ചു. രാജ്യത്ത് കമ്പനിക്ക് നിലവിൽ രണ്ട് പ്ലാന്റുകളാണ് പ്രവർത്തിക്കുന്നത്. ഒന്ന് ഗുജറാത്തിലെ സാനന്ദിലും മറ്റൊന്ന് തമിഴ്‌നാട്ടിലെ മറൈമലൈ നഗറിലുമാണ് സ്ഥിതി ചെയ്യുന്നത്.

നിലവിൽ അവയിൽ നിന്ന് ഐസി എഞ്ചിൻ കാറുകൾ മാത്രമേ നിർമിക്കാൻ കഴിയൂ.ഇലക്‌ട്രിക് വാഹന നിർമാണത്തിനുള്ള കയറ്റുമതി അടിത്തറയായി ഇന്ത്യയിലെ ഒരു പ്ലാന്റ് ഉപയോഗിക്കുന്നതിനുള്ള സാധ്യത പര്യവേക്ഷണം ചെയ്യുകയാണെന്ന് കമ്പനി ഒരു പ്രസ്താവനയിലൂടെയാണ് സ്ഥിരീകരിച്ചിരിക്കുന്നത്.

ഇത്തരത്തിൽ ഇലക്‌ട്രിക് മോഡലുകൾ ഇന്ത്യൻ വിപണിയിലും കൊണ്ടുവരാനുള്ള സാധ്യത ബ്ലൂ ഓവൽ തള്ളിക്കളഞ്ഞിട്ടില്ലെന്നതും ശ്രദ്ധേയാണ്. ഇന്ത്യയിലും ഇലക്ട്രിക് കാറുകൾ വിൽക്കുന്നത് കമ്പനി പരിഗണിക്കുമോ എന്ന ചോദ്യത്തിന് ഇതിനെക്കുറിച്ച് ഇപ്പോൾ പ്രത്യേക ചർച്ചകളൊന്നും നടന്നിട്ടില്ല, എന്നാൽ ഇത് ഭാവിയിൽ പരിഗണിക്കാനാവുമെന്നും ഫോർഡ് ഇന്ത്യയുടെ വക്താവ് പറഞ്ഞു.

2030 ഓടെ ഇവികളിലും ബാറ്ററികളിലും 30 ബില്യൺ ഡോളർ നിക്ഷേപിക്കാൻ പദ്ധതിയിടുന്നതായി ഫോർഡ് മുമ്പ് പറഞ്ഞിരുന്നു. രണ്ട് പതിറ്റാണ്ടിലേറെയായി ലാഭം കൊയ്യാൻ കഷ്ടപ്പെട്ട ഫോർഡിന് രാജ്യത്തെ ഉത്പാദനം നിർത്തുമ്പോൾ ഇന്ത്യൻ പാസഞ്ചർ വാഹന വിപണിയുടെ 2 ശതമാനത്തിൽ താഴെ മാത്രമാണുണ്ടായിരുന്നത്.

പുതിയ നീക്കത്തിലൂടെ മസ്താങ് കൂപ്പെ ഉൾപ്പെടെയുള്ള ഐക്കണിക് വാഹനങ്ങൾ നിർബന്ധമായും ഇന്ത്യയിലെ ഉപഭോക്താക്കൾക്ക് നൽകാനുള്ള കമ്പനിയുടെ പദ്ധതികളിൽ ഉൾപ്പെടുന്നുണ്ട്. ഫോർഡിന്റെ പ്രവർത്തനങ്ങൾ ഏകീകരിക്കുകയും ഇലക്ട്രിക്, കണക്റ്റഡ് കാർ സാങ്കേതികവിദ്യകളിലെ അവസരങ്ങൾ പ്രയോജനപ്പെടുത്തുകയും ചെയ്തുകൊണ്ട് മൂല്യനിർമാണവും വളർച്ചയും ലക്ഷ്യമിടുന്നു.

അടുത്ത അഞ്ചു വർഷത്തിനുള്ളിൽ വാഹനങ്ങൾക്ക് സർവീസ് നടത്തുന്നതിനായി സാനന്ദിലെ എഞ്ചിൻ യൂണിറ്റ് നിലനിർത്താനുള്ള ഓപ്ഷനോടെയാണ് ഫോർഡ് ഇന്ത്യയിലെ നിർമാണ പ്രവർത്തനങ്ങൾ ഉപേക്ഷിക്കുന്നതായി പ്രഖ്യാപിച്ചത്. സ്വന്തം നാടായ അമേരിക്കയിൽ ഫോർഡ് F-150 ലൈറ്റ്നിംഗ് പിക്കപ്പ് ട്രക്ക്, മസ്താങ് മാക്-ഇ തുടങ്ങിയ പരിസ്ഥിതി സൗഹൃദ വാഹനങ്ങൾ വിൽക്കുന്നുണ്ട്.

ഇതിൽ മസ്താങ് മാക്-ഇ കഴിഞ്ഞ വർഷം തന്നെ ഇന്ത്യയിൽ അവതരിപ്പിക്കുമെന്നാണ് ആദ്യം പ്രതീക്ഷിച്ചിരുന്നത്. എന്നാൽ പോയ വർഷം കമ്പനിയുടെ തീരുമാനങ്ങൾ ഏറെ വ്യത്യസ്‌തമായിരുന്നതിനാൽ ഇത് യാഥാർഥ്യമാവാതെ പോവുകയായിരുന്നു. എന്നാൽ നിലവിൽ ഇറക്കുമതി മോഡലുകളെ ഇന്ത്യയിൽ അവതരിപ്പിക്കാനുള്ള പദ്ധതികളും അണിയറയിലുണ്ട്. അടുത്ത തലമുറ എൻഡവറും പരിഗണിക്കപ്പെടുമ്പോൾ മസ്താങ് ജിടിയും സിബിയു വഴി ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഉയർന്ന നിലവാരമുള്ള കാറുകൾ മുൻകൂട്ടി നിശ്ചയിച്ച ബാച്ചുകളിൽ ഒരു ചെറിയ നെറ്റ്‌വർക്കിലൂടെ റീട്ടെയിൽ ചെയ്യാവുന്നതാണ്. മാക്-ഇ ജിടി രണ്ട് ബാറ്ററി പായ്ക്കുകളിലായാണ് വാഗ്ദാനം ചെയ്യുന്നത്. അതിൽ 68 കിലോവാട്ട്, 88 കിലോവാട്ട് ബാറ്ററി പായ്ക്ക് എന്നിവയാണ് ഉൾപ്പെടുന്നത്.

EPA ടെസ്റ്റിംഗ് സൈക്കിളിൽ വാഹനം ഏകദേശം 500 കിലോമീറ്റർ റേഞ്ചാണ് വാഗ്ദാനം ചെയ്യുന്നത്. ടെസ്‌ല വൈ ഇലക്ട്രിക്കിന്റെ എതിരാളിയായാണ് കമ്പനി പുതിയ പ്രചോദിത ഓൾ-ഇലക്ട്രിക്ക് എസ്‌യുവി വിദേശ തലങ്ങളിൽ പ്രവർത്തിക്കുന്നത്.

കോംപാക്ട് ക്രോസ്ഓവർ എസ്‌യുവി 2019 നവംബറിലാണ് ആദ്യമായി വിപണിയിൽ എത്തുന്നത്. 2021-ലെ നോർത്ത് അമേരിക്കൻ എസ്‌യുവി ഓഫ് ദ ഇയർ അവാർഡ് ഈ കാർ നേടിയതും ഫോർഡിന് നേട്ടമായിരുന്നു.


Click it and Unblock the Notifications








