ഒരു ഒന്നൊന്നര ഐറ്റവുമായി ജനറൽ മോട്ടോർസ്, Sierra Denali ഇലക്ട്രിക് പിക്കപ്പ് ട്രക്ക് എത്തി
യുഎസ് വിപണിയിൽ ഓൾ-ഇലക്‌ട്രിക് ജിഎംസി സിയറ ഡെനാലി ഇലക്ട്രിക് പിക്കപ്പ് ട്രക്ക് അവതരിപ്പിച്ച് ജനറൽ മോട്ടോർസ്. ഹമ്മർ ഇവി പിക്കപ്പിനും എസ്‌യുവിക്കും ശേഷം ജിഎമ്മിൽ നിന്നുള്ള മൂന്നാമത്തെ ഓൾ-ഇലക്‌ട്രിക് ട്രക്കാണ് സിയറ ഡെനാലി ഇവി.

ഹമ്മർ ഇവിയുടെയും 2024 ഷെവർലെ സിൽവറഡോ ഇവിയുടെയും അതേ അൾട്ടിയം പ്ലാറ്റ്‌ഫോമിലാണ് സിയറ ഡെനാലി ഇവിയും നിർമിച്ചിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം. പൂർണമായും ലോഡുചെയ്ത ഡെനാലി എഡിഷൻ വൺ 2024-ന്റെ തുടക്കത്തിൽ സിയറ ഇവി ലോഞ്ച് ചെയ്യും. കൂടാതെ പരിമിതമായ സംഖ്യകളിൽ മാത്രമേ ലഭ്യമാകുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

ഓൾ-ഇലക്‌ട്രിക് പിക്ക്-അപ്പ് ട്രക്കിനെക്കുറിച്ച് കൂടുതൽ വിവരങ്ങളൊന്നും തന്നെ ജിഎം പുറത്തുവിട്ടിട്ടില്ല. ജനറൽ മോട്ടോർസ് വാഹനത്തിന്റെ ബാറ്ററിയുടെ ശേഷിയും വെളിപ്പെടുത്തിയിട്ടില്ലെന്നതും ആരാധകരെ നിരാശപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ട്രക്കിന് ഒരു ഫുൾ ചാർജിൽ 600 കിലോമീറ്ററിലധികം സഞ്ചരിക്കാൻ കഴിയുമെന്നാണ് അമേരിക്കൻ ബ്രാൻഡ് അവകാശപ്പെടുന്നത്.

ചാർജിംഗിനെക്കുറിച്ച് പറയുകയാണെങ്കിൽ 350 കിലോവാട്ട് വരെ വേഗത്തിൽ ചാർജ് ചെയ്യാൻ കഴിയുന്ന 800 വോൾട്ട് ആർക്കിടെക്ചർ സിയറ ഇവിക്ക് ഉണ്ടായിരിക്കും. ഇലക്ട്രിക് ട്രക്കിന് ഹോം 19.2 kW ഓൺബോർഡ് എസി ചാർജറും ലഭിക്കുന്നു. 754 bhp പവറും 1063 Nm torque ഉത്പാദിപ്പിക്കുന്ന ഡ്യുവൽ മോട്ടോർ സജ്ജീകരണമാണ് ഇവിക്ക് കരുത്ത് പകരുന്നത്.

4.5 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗതയിൽ കുതിക്കാൻ ട്രക്കിന് കഴിയുമെന്നും 9500 പൗണ്ട് ഭാരം വഹിക്കാൻ കഴിയുമെന്നും ജിഎം മോട്ടോർസ് അവകാശപ്പെടുന്നുണ്ട്. ഇത് RWD സിംഗിൾ-മോട്ടോർ സൈബർട്രക്കിനേക്കാൾ വേഗമേറിയതും, ഷെവി സിൽവറാഡോ ഇവി, ഫോർഡ് F-150 ലൈറ്റ്‌നിംഗ്, ട്രൈ-മോട്ടോർ സൈബർ ട്രക്ക് എന്നിവയ്ക്ക് തുല്യവുമാണ്.

എന്നാൽ ഇത് ക്വാഡ്-മോട്ടോർ സൈബർ ട്രക്കിനെക്കാളും (2.9 സെക്കൻഡ്) റിവിയൻ R1T-യുടെ (3.3 സെക്കൻഡ്) ലോഞ്ച് എഡിഷനേക്കാളും വേഗത കുറവായിരിക്കും. സിയറ ഇവി ഒരു ഓൺബോർഡ് പവർ സ്റ്റേഷനുമായും വരുമെന്നും കമ്പനി പറയുന്നു. കൂടാതെ 10.2 kW വരെ പവർ ഉപയോഗിച്ച് ഇത് പ്രവർത്തിപ്പിക്കാൻ കഴിഞ്ഞേക്കും.

ഇത് ട്രക്കിനെ വിവിധ സാഹചര്യങ്ങളിൽ ഒരു മൊബൈൽ പവർ സ്രോതസക്കി മാറ്റുന്നു. ഒരു ബൈ-ഡയറക്ഷണൽ ചാർജർ ഉപയോഗിച്ച് കോൺഫിഗർ ചെയ്യുമ്പോൾ ഇലക്ട്രിക് പിക്കപ്പിന് 21 ദിവസത്തേക്ക് ഒരു വീടിന്റെ "ആവശ്യങ്ങൾ" നിറവേറ്റാൻ കഴിയുമെന്നും കമ്പനി അവകാശപ്പെടുന്നു.

ഫീച്ചറുകളിലേക്ക് നോക്കിയാൽ ഹമ്മർ ഇവിയിൽ കാണുന്നത് പോലെ സിയറ ഇവിക്ക് ഫോർ വീൽ സ്റ്റിയറിങ്ങും "ക്രാബ് വാക്കും" ഉണ്ട്. ഗൂഗിളിന്റെ ആൻഡ്രോയിഡ് ഓട്ടോമോട്ടീവ് ഓപ്പറേറ്റിംഗ് സിസ്റ്റം, 11 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഹെഡ്-അപ്പ് ഡിസ്‌പ്ലേ പോലുള്ള അത്യാധുനിക സംവിധാനങ്ങളെല്ലാം ലഭ്യമാവും.

തീർന്നില്ല, ഇതിനു പുറമെ സറൗണ്ട് വ്യൂ 14 ക്യാമറ, 16.8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഹാൻഡ്‌സ് ഫ്രീ സ്റ്റാർട്ട്, സൂപ്പർ ക്രൂയിസ് ഹാൻഡ്‌സ് ഫ്രീ ഡ്രൈവർ സഹായ സാങ്കേതികവിദ്യ എന്നിവയും ഓൾ-ഇലക്‌ട്രിക് ട്രക്കിൽ ജിഎം ഒരുക്കിയിട്ടുണ്ട്.

എയർ റൈഡ് അഡാപ്റ്റീവ് സസ്പെൻഷനിലാണ് ഇലക്ട്രിക് പിക്കപ്പ് ഇരിക്കുന്നത്. അത് ഓഫ്-റോഡ് അല്ലെങ്കിൽ ഹൈവേ സാഹചര്യങ്ങൾക്കായി റൈഡിംഗ് ഹൈറ്റ് 2 ഇഞ്ച് വരെ ഉയർത്താനോ കുറയ്ക്കാനോ കഴിയും. ഡെനാലി എഡിഷൻ 1 ഫോർ വീൽ സ്റ്റിയറിങ്ങിനൊപ്പം സ്റ്റാൻഡേർഡ് ആയി വരികയും ചെയ്യും.


Click it and Unblock the Notifications








