Volkswagen Tiguan എക്‌സ്ക്യൂസീവ് എഡിഷനെ കുറിച്ച് അറിഞ്ഞിരിക്കണം ഇക്കാര്യങ്ങൾ
ഫോക്‌സ്‌വാഗൺ എന്നു കേൾക്കുമ്പോൾ തന്നെ പോളോയോ വെന്റോ എന്ന സെഡാൻ മോഡലിനോയോ ആവും പലരുടേയും മനസിലേക്ക് ആദ്യം ഓടിയെത്തുക അല്ലേ... എന്നാൽ കിടിലൻ എസ്‌യുവി മോഡലുകൾക്ക് പേരുകേട്ട വാഹന നിർമാതാക്കളാണ് ഈ ജർമൻ വംശജർ. ടൈഗൂണിലൂടെ സാധാരണക്കാരിലേക്കും ഇറങ്ങിചെന്ന കമ്പനി ശ്രേണിയിൽ പ്രീമിയം എസ്‌യുവികളുടെ ഒരു വമ്പൻ നിരയുമുണ്ട്.
ടിഗുവാൻ ഫോക്‌സ്‌വാഗൺ നിരയിലെ ഒരു പ്രധാന ഓഫറാണ്. കൃത്യം ഒരു വർഷം മുമ്പാണ് ഫോക്‌സ്‌വാഗൺ ഇന്ത്യ ടിഗുവാൻ ഫെയ്‌സ്‌ലിഫ്റ്റിനെ ചില ഡിസൈൻ, ഫീച്ചർ പരിഷ്ക്കാരങ്ങളോടെ ഇന്ത്യയിൽ വീണ്ടും അവതരിപ്പിക്കുന്നത്. ഇപ്പോൾ എസ്‌യുവി എത്തിയിട്ടുള്ള ഒന്നാം വാർഷികത്തോടനുബന്ധിച്ച് ബ്രാൻഡ് ടിഗുവാന്റെ ഒരു എക്സ്ക്ലൂസീവ് എഡിഷൻ കൂടി വിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണ്. ഒരു ബോള്‍ഡ് ലുക്ക് കിട്ടാനായി ഡീലര്‍ തലത്തില്‍ ചില കോസ്‌മെറ്റിക്ക് മാറ്റങ്ങളുമായാണ് കാര്‍ പുറത്തിറക്കുന്നത്. കാറിന്റെ പ്രധാന ഹൈലൈറ്റുകൾ എന്തെല്ലാമെന്ന് അറിയേണ്ടേ...?

എക്സ്റ്റീരിയറിലെ പരിഷ്ക്കാരങ്ങൾ
സ്റ്റാൻഡേർഡ് വേരിയന്റുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ എക്‌സ്‌ക്ലൂസീവ് എഡിഷൻ ടിഗുവാനിന് അകത്തും പുറത്തും ചില കോസ്മെറ്റിക് മാറ്റങ്ങൾ ഉണ്ടാകുമെന്ന് ജർമൻ ബ്രാൻഡായ ഫോക്‌സ്‌വാഗൺ ഉറപ്പുവരുത്തിയിട്ടുണ്ട്. പുറത്ത് പുതിയ 18 ഇഞ്ച് സെബ്രിംഗ് സിൽവർ അലോയ് വീലുകൾ, പുതിയ ഇന്റലിജന്റ്, അഡാപ്റ്റീവ് എൽഇഡി മാട്രിക്സ് ഹെഡ്‌ലൈറ്റുകൾ, IQ ലൈറ്റുകൾ, ഒരു ലോഡ് സിൽ പ്രൊട്ടക്ടർ, ഡൈനാമിക് ഹബ്‌ക്യാപ്പുകൾ, എക്സ്ക്ലൂസീവ് എഡിഷൻ ബാഡ്ജിംഗ് എന്നിവയെല്ലാമാണ് വാഹനത്തിലെ പുതുമകൾ.
ഇന്റീരിയറിലെ മാറ്റങ്ങൾ
അകത്ത് ഫോക്‌സ്‌വാഗൺ ടിഗുവാൻ എക്‌സ്‌ക്ലൂസീവ് എഡിഷന്റെ സവിശേഷതകളിൽ അലുമിനിയം പെഡലുകൾ, വിയന്ന ലെതർ സീറ്റുകൾ, പ്രത്യേക കുഷ്യൻ തലയിണകൾ എന്നിവയുള്ള കറുത്ത നിറത്തിലുള്ള ഇന്റീരിയർ, 'എക്‌സ്‌ക്ലൂസീവ്' ബാഡ്‌ജിംഗുള്ള സോഫ്റ്റ്-ടച്ച് ഡാഷ്‌ബോർഡ് ഗെസ്ച്ചർ നിയന്ത്രണങ്ങളുള്ള എട്ട് ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് യൂണിറ്റ്, 10 ഇഞ്ച് കസ്റ്റമൈസ് ചെയ്യാവുന്ന ഡിജിറ്റൽ കോക്ക്‌പിറ്റ്, മൾട്ടി-കളർ ആംബിയന്റ് ലൈറ്റിംഗ്, മൂന്ന് സോൺ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ഇല്യൂമിനേറ്റഡ് സ്‌കഫ് പ്ലേറ്റുകൾ, USB-C പോർട്ടുകൾ, പനോരമിക് സൺറൂഫ്, ഫോക്‌സ്‌വാഗൺ കണക്റ്റ് എന്നിവ സ്റ്റാൻഡേർഡ് ഫീച്ചറുകളിൽ ഉൾപ്പെടുന്നു.
സുരക്ഷയും സാങ്കേതികവിദ്യയും
സുരക്ഷയുടെ കാര്യത്തിൽ ഫോക്‌സ്‌വാഗൺ ഒരു വാഹനവും നമ്മെ നിരാശപ്പെടുത്താറില്ലെന്നു ഉറപ്പിച്ചു പറയാനാവും. അതുതന്നെയാണ് ടിഗുവാൻ എസ്‌യുവിയുടെ സ്റ്റാൻഡേർഡ് വേരിയന്റുകളിൽ പോലും കാണാനാവുന്നത്. ഇനി എസ്‌യുവിയുടെ പുതിയ എക്‌സ്‌ക്ലൂസീവ് എഡിഷനിലേക്ക് നോക്കിയാലും ആറ് എയർബാഗുകൾ, എബിഎസ്, ഇഎസ്‌സി, ആന്റി-സ്ലിപ്പ് റെഗുലേഷൻ, ഇഡിഎൽ, ഹിൽ ഹോൾഡ് അസിസ്റ്റ്, ഹിൽ ഡിസന്റ് കൺട്രോൾ, എഞ്ചിൻ ഡ്രാഗ് ടോർക്ക് കൺട്രോൾ, ആക്റ്റീവ് ടിപിഎംഎസ്, ത്രീ-പോയിന്റ് സീറ്റ് ബെൽറ്റുകൾ, ISOFIX സീറ്റിനൊപ്പം പിന്നിൽ ത്രീ-ഹെഡ് റെസ്റ്റ്, ഒരു ഡ്രൈവർ അലേർട്ട് സിസ്റ്റം എന്നിവയെല്ലാമാണ് കാണാനാവുക.
എഞ്ചിൻ
4 മോഷൻ ടെക്‌നോളജിയുള്ള ഏഴ് സ്പീഡ് DSG ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി സംയോജിപ്പിച്ച സ്റ്റാൻഡേർഡ് വേരിയന്റുകളിലെ അതേ 2.0 ലിറ്റർ TSI പെട്രോൾ എഞ്ചിൻ തന്നെയാണ് ഫോക്‌സ്‌വാഗൺ ടിഗുവാൻ എക്‌സ്‌ക്ലൂസീവ് എഡിഷനിലും തുടരുന്നത്. ഈ എഞ്ചിൻ 187 bhp കരുത്തിൽ പരമാവധി 320 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. അതേസമയം ARAI സാക്ഷ്യപ്പെടുത്തിയ 12.65 കി.മീ. മൈലേജാണ് എസ്‌യുവിയിൽ ജർമൻ വാഹന നിർമാതാക്കൾ അവകാശപ്പെടുന്നതും.
വിലയും എതിരാളികളും
ഇന്ത്യയിലെത്തിയ പുതിയ ടിഗുവാൻ എക്‌സ്‌ക്ലൂസീവ് എഡിഷന്റെ എക്‌സ്ഷോറൂം വില 33.49 ലക്ഷം രൂപയാണ്. ഫ്ലാഗ്ഷിപ്പ് എസ്‌യുവി പൂർണമായി ലോഡു ചെയ്‌ത ഒരൊറ്റ വേരിയന്റിലാണ് വിൽപ്പനയ്ക്ക് എത്തുന്നത്. അതേസമയം പ്രീമിയം സ്പോർട്‌സ് യൂട്ടിലിറ്റി വാഹനം പ്യുവർ വൈറ്റ്, ഒറിക്സ് വൈറ്റ് എന്നിങ്ങനെ രണ്ട് കളർ ഓപ്ഷനുകളിലാണ് തെരഞ്ഞെടുക്കാൻ സാധിക്കുന്നത്. ഈ വില നിലവാരത്തിൽ ഇന്ത്യയിലെ ജീപ്പ് കോമ്പസ്, ഹ്യുണ്ടായി ട്യൂസോൺ, സിട്രൺ C5 എയർക്രോസ് എന്നിവയുമായാണ് ഫോക്‌സ്‌വാഗണിന്റെ പ്രധാന മത്സരം.
'ആഗോളതലത്തില്‍ പ്രശംസ നേടിയ MQB പ്ലാറ്റ്ഫോമില്‍ നിര്‍മ്മിച്ച ഫോക്‌സ്‌വാഗണ്‍ ടിഗുവാന്‍ സ്‌റ്റൈല്‍, പെര്‍ഫോമന്‍സ്, പ്രീമിയം അനുഭവം, സുരക്ഷ, പ്രവര്‍ത്തനക്ഷമത, ക്ലാസ്-ലീഡിംഗ് ഫീച്ചറുകള്‍ എന്നിവയുടെ കുറ്റമറ്റ സംയോജനമാണ് വാഗ്ദാനം ചെയ്യുന്നത്' എന്ന് ഫോക്‌സ്‌വാഗണ്‍ പാസഞ്ചര്‍ കാര്‍സ് ഇന്ത്യയുടെ ബ്രാന്‍ഡ് ഡയറക്ടര്‍ ആശിഷ് ഗുപ്ത മോഡലിന്റെ അവതരണ വേളയിൽ പറഞ്ഞതിന് തെളിവാണ് വാഹനത്തിന്റെ മികവുകൾ. കാറിന്റെ ആകര്‍ഷണം കൂടുതല്‍ വര്‍ധിപ്പിക്കുന്ന അധിക ഡിസൈനും ഉപയോഗപ്രദമായ സവിശേഷതകളും സഹിതം ടിഗുവാന്‍ 'എക്സ്‌ക്ലൂസീവ് എഡിഷന്‍' അവതരിപ്പിക്കുന്നതില്‍ ഞങ്ങള്‍ സന്തുഷ്ടരാണെന്നും അദ്ദേഹം കൂട്ടിച്ചേർക്കുകയുണ്ടായി.


Click it and Unblock the Notifications








