പുതിയ എസ്‌യുവി വരുന്നുണ്ട്, രാജ്യത്തുള്ള ഡീലർഷിപ്പ് ശൃംഖല വിപുലീകരിക്കാൻ ഹോണ്ട
ഫോർഡിന് ശേഷം ഒരാൾ ഇന്ത്യയിൽ നിന്നും പടിയിറങ്ങുന്നുണ്ടെങ്കിൽ അത് ജാപ്പനീസ് വാഹന നിർമാതാക്കളായ ഹോണ്ടയായിരിക്കുമെന്ന ശക്തമായ അഭ്യൂഹങ്ങളാണ് പലരും മുന്നോട്ടുവെക്കുന്നത്. എന്നാൽ തങ്ങൾക്ക് ഇന്ത്യയിൽ നിന്നും പിൻവാങ്ങാൻ ഒരുദ്ദേശവുമില്ലെന്ന് ഹോണ്ട തറപ്പിച്ചു പറയുകയും ചെയ്‌തു.

സിറ്റി, അമേസ് എന്നിങ്ങനെ രണ്ട് വ്യത്യസ്‌ത സെഡാൻ മോഡലുകൾ മാത്രം നൽകുന്ന ചെറിയ വിൽപ്പന കണക്കുകളാണ് ഇന്നും ഹോണ്ടയെ ആഭ്യന്തര വിപണിയിൽ പിടിച്ചുനിർത്തുന്നത്. എന്നാൽ ഉടൻ തന്നെ ട്രെൻഡിംഗായ സ്പോർട്‌സ് യൂട്ടിലിറ്റി വാഹന വിഭാഗത്തിലേക്ക് പ്രവേശിക്കാൻ ഒരുങ്ങുകയാണ് ഹോണ്ട.

ഇതിന്റെ ഭാഗമായി ജാപ്പനീസ് വാഹന നിർമാതാവ് ഉടൻ തന്നെ ഇന്ത്യയിലെ വിൽപ്പന ശൃംഖല നവീകരിക്കും. ഹോണ്ട കാർസ് ഇന്ത്യ (HCIL) ഡീലർഷിപ്പുകൾ കൂടുതൽ പ്രീമിയം ആക്കുന്നതിനും ഉപഭോക്തൃ അനുഭവം വർധിപ്പിക്കുന്നതിനുമായി ഡീലർ പങ്കാളികളുമായി ചേർന്ന് ഏകദേശം 260 കോടി രൂപ നിക്ഷേപിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്.

ബ്രാൻഡിന്റെ പുതിയ കോർപ്പറേറ്റ് ഐഡന്റിറ്റി ഉയർത്തിക്കാട്ടുന്ന 100-ലധികം ഷോറൂമുകൾ നവീകരിക്കുന്നതിന് ഇതിനകം 100 കോടി രൂപയുടെ നിക്ഷേപം നടത്തിക്കഴിഞ്ഞു. ഈ വർഷവും അടുത്ത വർഷവും തങ്ങളുടെ മുഴുവൻ വിൽപ്പന ശൃംഖലയും നവീകരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് ഹോണ്ട കാർസ് ഇന്ത്യയുടെ മാർക്കറ്റിംഗ് ആൻഡ് സെയിൽസ് വൈസ് പ്രസിഡന്റ് കുനാൽ ബെൽ ഒരു ഓൺലൈൻ മാധ്യമ പ്രസിദ്ധീകരണത്തോട് പറഞ്ഞു.

മാറുന്ന ഉപഭോക്തൃ കാഴ്ചപ്പാടിന് അനുസൃതമായി ഔട്ട്‌ലെറ്റുകൾ പ്രീമിയം ആക്കാനുള്ള നീക്കം അടുത്ത വർഷം മുതൽ സ്‌പോർട്‌സ് യൂട്ടിലിറ്റി വിഭാഗത്തിൽ കമ്പനിയുടെ വരാനിരിക്കുന്ന ഉൽപ്പന്ന മുന്നേറ്റവുമായി പൊരുത്തപ്പെടുന്നുവെന്നും കുനാൽ ബെൽ വ്യക്തമാക്കി. ശേഷിക്കുന്ന ശൃംഖലയിലെ ഞങ്ങളുടെ ഡീലർ പങ്കാളികളുമായി സഹകരിച്ചുള്ള നിക്ഷേപം ഏകദേശം 260 കോടി രൂപയായിരിക്കുമെന്ന് ബെൽ പറഞ്ഞു.

സൗകര്യങ്ങളുടെ നവീകരണത്തിൽ ഡീലർഷിപ്പുകളുടെ രൂപവും മുഖവും മാറ്റുകയും ഉപഭോക്താക്കൾക്ക് കൂടുതൽ പ്രീമിയം റീട്ടെയിൽ അനുഭവം നൽകുകയും ചെയ്യുമെന്ന് ബെഹൽ പറഞ്ഞു.പൂർണമായി സംയോജിപ്പിച്ച ഡിജിറ്റൽ വർക്ക്ഷോപ്പ് മാനേജ്മെന്റ് സംവിധാനവും നവീകരിച്ച ഡീലർഷിപ്പുകളുടെ അവിഭാജ്യ ഘടകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അടുത്ത വർഷം നിരത്തിലിറങ്ങാൻ തുടങ്ങുന്ന പുതിയ ഹോണ്ട എസ്‌യുവികൾക്കായാണ് നവീകരണം. നിലവിൽ കമ്പനിക്ക് 242 നഗരങ്ങളിലായി 330 ഔട്ട്‌ലെറ്റുകൾ ഉണ്ട്. ശരിക്കും പറഞ്ഞാൽ 2019-ൽ ഈ പദ്ധതി ആരംഭിച്ചിരുന്നുവെങ്കിലും കൊവിഡ്-19 മഹാമാരിയുടെ ആഘാതം കാരണം മാറ്റിവെക്കുകയായിരുന്നു.

വരാനിരിക്കുന്ന പുതിയ ഹോണ്ട എസ്‌യുവികളിലേക്ക് ശ്രദ്ധിച്ചാൽ പുതിയ മാരുതി ബ്രെസ, ഹ്യുണ്ടായി ക്രെറ്റ, ഹ്യുണ്ടായി അൽകസാർ എന്നിവയെ വെല്ലുവിളിക്കാൻ ഉതകുന്ന വ്യത്യസ്‌ത മോഡലുകളുമായാണ് കളത്തിലിറങ്ങുക.

അതായത് മൂന്ന് പുതിയ സ്പോർട്‌സ് യൂട്ടിലിറ്റി വാഹനങ്ങളുമായാണ് ഹോണ്ട ഇന്ത്യയിലേക്ക് വരുന്നതെന്നാണ് നിഗമനം. ഹോണ്ടയുടെ സബ്‌കോംപാക്‌ട്, മിഡ്-സൈസ് എസ്‌യുവികൾ അമേസിന്റെ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും എന്നതാണ് ശ്രദ്ധേയമായ മറ്റ് കാര്യങ്ങൾ.

അവയെ കൂടുതൽ ആകർഷകമാക്കാൻ ഹൈബ്രിഡ് സാങ്കേതികവിദ്യയിൽ മെനഞ്ഞെടുക്കാനും കമ്പനി തയാറായേക്കാം. ഹോണ്ട RS എസ്‌യുവി കൺസെപ്റ്റ് അധിഷ്ഠിത മോഡൽ 2023-ൽ പുതിയ തലമുറ ഹോണ്ട WR-V ആയി അവതരിപ്പിക്കുമെന്ന അഭ്യൂഹവും എയറിലുണ്ട്. ഈ വർഷം അവസാനത്തോടെ മോഡൽ ആഗോളതലത്തിൽ അരങ്ങേറ്റം കുറിച്ചേക്കും.

ഇതിന് ശേഷമായിരിക്കും ഇന്ത്യയിലേക്ക് പരിയപ്പെടുത്തുക. 1.5 ലിറ്റർ i-DTEC ഡീസൽ, 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനുകളിലാവും പുതിയ ഹോണ്ട സബ്‌കോംപാക്‌ട് എസ്‌യുവി ലഭ്യമാക്കിയേക്കുക. രണ്ടാമത്തേതിന് സൗമ്യമോ ശക്തമായതോ ആയ ഹൈബ്രിഡ് സംവിധാനം കൊണ്ട് പ്രയോജനം ലഭിച്ചേക്കാം.

രണ്ട് ഇലക്ട്രിക് മോട്ടോറുകളുള്ള അറ്റ്കിൻസൺ സൈക്കിൾ 1.5 ലിറ്റർ, 4-സിലിണ്ടർ എഞ്ചിൻ ഉപയോഗിക്കുന്ന സിറ്റി ഹൈബ്രിഡുമായി ഹോണ്ടയുടെ മിഡ്-സൈസ് എസ്‌യുവി അതിന്റെ എഞ്ചിൻ സംവിധാനം പങ്കിടാൻ സാധ്യതയുണ്ട്. ഇതിന്റെ മൊത്തത്തിലുള്ള നീളം ഏകദേശം 4.3 മീറ്ററായിരിക്കുമെന്നാണ് നിഗമനം.

റിപ്പോർട്ടുകൾ വിശ്വസിക്കാമെങ്കിൽ ജാപ്പനീസ് വാഹന നിർമാതാക്കൾ ഇന്ത്യയ്ക്കായി മൂന്ന് നിരകളുള്ള എസ്‌യുവിയും പരിഗണിക്കുന്നുണ്ട്. ഇത് ഹോണ്ടയുടെ വരാനിരിക്കുന്ന പുതിയ മിഡ്-സൈസ് എസ്‌യുവിയുടെ ദൈർഘ്യമേറിയ പതിപ്പായിരിക്കും. കൂടുതൽ പ്രേക്ഷകരെ ആകർഷിക്കാൻ 6, 7 സീറ്റുകൾ കോൺഫിഗറേഷൻ ഓപ്ഷനുകളോടെ ഇത് വന്നേക്കാം.

പുതിയ ഹോണ്ട 7 സീറ്റർ എസ്‌യുവി പുതിയ തലമുറ ഹോണ്ട BR-V മോഡലുമായി അതിന്റെ പ്ലാറ്റ്ഫോം പങ്കിടുമെന്നും റിപ്പോർട്ടുകളുണ്ട്. സിറ്റി, സിറ്റി ഹൈബ്രിഡ്, അമേസ് തുടങ്ങിയ സെഡാനുകളാണ് ഹോണ്ട നിലവിൽ ആഭ്യന്തര വിപണിയിൽ വിൽക്കുന്നത്. ജാസ്, W-RV പോലുള്ള മോഡലുകളിൽ നിന്നും കാര്യമായ സംഭാവ ഒന്നും ലഭ്യമല്ലാത്തതിനാൽ ഇവ ഉടൻ തന്നെ നിർത്തലാക്കാനും തീരുമാനമുണ്ട്.


Click it and Unblock the Notifications








