20 ലക്ഷം രൂപയിൽ താഴെ ഒരു ഹൈബ്രിഡ് കാർ! Honda City e:hev പതിപ്പിന്റെ ടീസർ പുറത്ത്
അമേസ് കോംപാക്‌ട് സെഡാന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ അവതരിപ്പിച്ചതു മാറ്റിനിർത്തിയാൽ ഇന്ത്യയിൽ കാര്യമായി ഒരു ചലനങ്ങളുമുണ്ടാക്കാത്ത വാഹന നിർമാതാക്കളാണ് ഹോണ്ട. കൊവിഡ്-19 മഹാമാരിയുടെ ആരംഭകാലത്ത് അഞ്ചാം തലമുറ സിറ്റി സെഡാനെ നിരത്തിലെത്തിച്ചതാണ് എന്തെങ്കിലും എടുത്തുപറയാൻ ഹോണ്ടയ്ക്കുള്ളത്.

അങ്ങനെ നോക്കിയാൽ ഹോണ്ട ഒരു പുത്തൻ മോഡൽ ഇന്ത്യയിൽ കൊണ്ടുവന്നിട്ട് രണ്ടുവർഷമായെന്ന് ചുരുക്കം. ഇപ്പോൾ ഏകദേശം 2 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഹോണ്ട തങ്ങളുടെ നിലവിലുള്ള വാഹന നിര കൂടുതൽ വിപുലീകരിക്കാൻ ഒരുങ്ങുകയാണ്. താരരാജാവായ സിറ്റി പ്രീമിയം സെഡാന്റെ ഹൈബ്രിഡ് പതിപ്പുമായാണ് കമ്പനി വരുന്നത്.
2020 ജൂണിൽ പുറത്തിറങ്ങിയ പുതുതലമുറ സിറ്റി ആയിരുന്നു അവസാനത്തെ വലിയ ലോഞ്ച്. അതിനുശേഷം ജാസ്, ഡബ്ല്യുആർ-വി, അമേസ് എന്നിവയുടെ നേരിയ മുഖം മിനുക്കിയ പതിപ്പുകൾ കമ്പനി അവതരിപ്പിച്ചുവെങ്കിലും അധികം ആരുടേയും മനസിലേക്ക് കയറി ചെല്ലാൻ ഹോണ്ടയ്ക്ക് ഇതുവഴി സാധിച്ചിരുന്നില്ല.
2022 ഏപ്രിൽ 14 ന് ഹോണ്ട സിറ്റി ഹൈബ്രിഡ് ഇന്ത്യയിൽ അവതരിപ്പിക്കും.അതിന് മുന്നോടിയായി, വരാനിരിക്കുന്ന സിറ്റി ഹൈബ്രിഡിന്റെ പുതിയ ടീസർ ഹോണ്ട ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ്. പോയ വർഷം തന്നെ രാജ്യത്ത് അവതരിപ്പിക്കാനിരുന്നതാണെങ്കിലും കൊവിഡ്-19 മൂലമുണ്ടായ പല പ്രതിസന്ധികളും പദ്ധതി വൈകിപ്പിക്കാൻ കാരണമാവുകയായിരുന്നു.

പരമ്പരാഗത പെട്രോൾ എഞ്ചിനും രണ്ട് ഇലക്ട്രിക് മോട്ടോറുകളും ഉപയോഗിക്കുന്ന ഹോണ്ടയുടെ i-MMD ഹൈബ്രിഡ് സാങ്കേതികവിദ്യയാണ് പുതിയ സിറ്റി ഹൈബ്രിഡ് ഉപയോഗിക്കുന്നത്. സിറ്റി ഹൈബ്രിഡിന് അറ്റ്കിൻസൺ സൈക്കിളിൽ പ്രവർത്തിക്കുന്ന 98 bhp കരുത്തുള്ള 1.5 ലിറ്റർ 4 സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ് തുടിപ്പേകുന്നത്.

സംയോജിത സ്റ്റാർട്ടർ ജനറേറ്റർ സജ്ജീകരണമുള്ള ഒരു ഇലക്ട്രിക് മോട്ടോറുമായി ഈ എഞ്ചിൻ ജോടിയാക്കും. ഇങ്ങനെ രണ്ടും സംയോജിച്ച് സിറ്റി ഹൈബ്രിഡിന് 109 bhp പവറിൽ 253 Nm torque ഉത്പാദിപ്പിക്കാൻ കഴിയും. ഒരു സെക്കൻഡറി ഇലക്ട്രിക് മോട്ടോറാണ് ഇതിനായി സഹായിക്കുന്നത്. ഹൈബ്രിഡ് സിറ്റി ഇ: എച്ച്ഇവി ബാഡ്ജുമായി വരുമെന്ന് ഹോണ്ട പങ്കുവെച്ചിരിക്കുന്ന ടീസർ വീഡിയോ എടുത്തുകാണിക്കുന്നുണ്ട്.

സെഡാനിൽ 3 ഡ്രൈവ് മോഡുകൾ ഉണ്ടായിരിക്കും. ഒന്ന് ഇലക്ട്രിക് മോട്ടോറുകൾ വഴിയും ഒന്ന് പെട്രോൾ എഞ്ചിൻ വഴിയും മറ്റൊന്ന് ഇലക്ട്രിക് മോട്ടോറുകളും പെട്രോൾ എഞ്ചിനും കൂടിച്ചേർന്നുമാണ് പ്രവർത്തിക്കുന്നത്. സെഡാന്റെ ഫ്രണ്ട് ആക്‌സിലിലേക്ക് പവർ അയയ്ക്കാൻ ഇലക്ട്രിക് മോട്ടോറുകളും പെട്രോൾ എഞ്ചിനും ഒരുമിച്ച് പ്രവർത്തിക്കുമ്പോൾ മികച്ച പവർ ഔട്ട്-പുട്ട് ലഭ്യമാകുമെന്നതിൽ സംശയമില്ല.

രസകരമായ മറ്റൊരു വസ്‌തുത ഇന്ത്യയിൽ ഇപ്പോൾ ലഭ്യമായ മിക്ക ഹൈബ്രിഡ് കാറുകൾക്കും സംയോജിത സ്റ്റാർട്ടർ-ജനറേറ്റർ മാത്രമേ ലഭിക്കൂ. ഇവ എല്ലാ പ്രായോഗിക ആവശ്യങ്ങൾക്കും യോജിച്ചതല്ലെന്നു മാത്രമല്ല അവ ഹൈബ്രിഡുകളായി ഗുണനിലവാരമുള്ളതല്ല.

ഇതിൽ നിന്നെല്ലാം വ്യത്യസ്‌തമായി ഒറിജിനൽ ഹൈബ്രിഡ് സംവിധാനമാവും ഹോണ്ട സിറ്റി അവതരിപ്പിക്കുക എന്നതാണ് ശ്രദ്ധേയം. ഇന്ത്യൻ വിപണി ഇതുവരെ 20 ലക്ഷം രൂപ സെഗ്‌മെന്റിൽ സാക്ഷ്യം വഹിച്ചിട്ടില്ലാത്ത ഒന്നിനാണ് കമ്പനി മുതിരുന്നത്. അന്താരാഷ്ട്ര വിപണികളിൽ സിറ്റി ഹൈബ്രിഡിന് പെർഫോമൻസ് അധിഷ്ഠിത സിറ്റി RS പതിപ്പിന് സമാനമായ സ്റ്റൈലിംഗായിരിക്കും ലഭിക്കുക.

സ്‌പോർട്ടി എക്സ്റ്റീരിയറുകൾ, ബോഡിയിലെ കറുപ്പ് ആക്‌സന്റുകൾ, മുഴുവൻ കറുപ്പ് നിറത്തിൽ ഒരുങ്ങിയിരിക്കുന്ന ഇന്റീരിയർ എന്നിവ പ്രധാന ഹൈലൈറ്റുകളിൽ ഉൾപ്പെടുന്നുണ്ട്. അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ഓട്ടോ ഹൈ ബീം അസിസ്റ്റ്, ഫ്രണ്ട് കൊളീഷൻ വാണിംഗ് സിസ്റ്റം, ലെയ്ൻ ഡിപ്പാർച്ചർ വാണിംഗ്, ലെയ്ൻ കീപ്പിംഗ് അസിസ്റ്റ് തുടങ്ങിയ ADAS ഫീച്ചറുകൾ അടങ്ങുന്ന ഹോണ്ടയുടെ സെൻസിംഗ് ടെക് പായ്ക്കും ഹൈബ്രിഡ് കാറിന്റെ പ്രധാന സവിശേഷതകളിൽ ഒന്നുകൂടിയായിരിക്കും.

സിറ്റി ഹൈബ്രിഡിന്റെ തായ്‌ലൻഡ്, മലേഷ്യൻ പതിപ്പുകൾ യഥാക്രമം 27.8 കിലോമീറ്റർ, 27.7 കിലോമീറ്റർ എന്നിങ്ങനെയാണ് അവകാശപ്പെടുന്ന മൈലേജ്. ഇതായിരിക്കും ഇന്ത്യയിൽ ഹിറ്റായി മാറുക. യഥാർഥ റോഡ് സാഹചര്യങ്ങളിൽ ഇന്ധനക്ഷണത ലിറ്ററിന് ഏകദേശം 20 കിലോമീറ്ററായി മാറിയേക്കുമെങ്കിലും ഉയർന്ന പെട്രോൾ വിലയിൽ പലർക്കും ഇതൊരു ആശ്വാസകരമായ കാര്യമായിരിക്കും.

ഇന്ത്യൻ വിപണിയിൽ പുതിയ ഉൽപ്പന്നങ്ങൾ അല്ലെങ്കിൽ വകഭേദങ്ങൾ കൊണ്ടുവരാൻ ഹോണ്ട പദ്ധതിയിട്ടിരിക്കുന്നത് സന്തോഷകരമായ കാര്യമാണെങ്കിലും ബ്രാൻഡിന്റെ നിലവിലെ വിൽപ്പന കണക്കുകൾ ആശങ്കാജനകമാണ്. സിറ്റി, അമേസ് എന്നിവയുടെ വിൽപ്പന കണക്കുകളാണ് ഹോണ്ടയെ ഇന്നും ഇന്ത്യയിൽ പിടിച്ചുനിർത്തുന്ന ഘടകം. ഇവ രണ്ടും അതത് സെഗ്‌മെന്റുകളിൽ ഗണ്യമായ വിപണി വിഹിതമാണ് നേടിയെടുത്തിരിക്കുന്നത്.

എന്നിരുന്നാലും രാജ്യത്ത് സെഡാൻ സെഗ്‌മെന്റ് ഡിമാൻഡ് കുറയുന്നത് കാണുമ്പോൾ നിലവിലുള്ള മോഡലുകളിൽ നിന്നും മാത്രം ഉയർന്ന വിൽപ്പന നേടുന്നത് അസാധ്യമായ കാര്യം തന്നെയാണ്. വരാനിരിക്കുന്ന സിറ്റി ഹൈബ്രിഡിലൂടെ ഉയർന്ന വിൽപ്പനയൊന്നും കമ്പനി ലക്ഷ്യമിടുന്നില്ലെങ്കിലും പ്രതിമാസം ഏകദേശം 250-300 യൂണിറ്റുകളുടെ വിൽപ്പനയാണ് ഉന്നംവെച്ചിരിക്കുന്നത്.

വരാനിരിക്കുന്ന ഹോണ്ട സിറ്റി ഹൈബ്രിഡിന്റെ മൊത്തത്തിലുള്ള വിൽപ്പനയിൽ വിലനിർണയം ഒരു പ്രധാന പങ്ക് വഹിക്കും. കാരണം ടോപ്പ് എൻഡ് ഹൈബ്രിഡ് സിറ്റിക്ക് ഏകദേശം 20 ലക്ഷം രൂപയോ അതിൽ കൂടുതലോ ചെലവാകുമെന്നാണ് അനുമാനം.


Click it and Unblock the Notifications








