എസ്‌യുവികൾക്കിടയിൽ പ്രിയം നഷ്‌ടപ്പെട്ട് Jazz, ഇന്ത്യയിൽ നിന്നും പിൻവലിച്ചേക്കുമെന്ന സൂചനയുമായി Honda
സ്പോർട്‌സ് യൂട്ടിലിറ്റി വാഹനങ്ങളുടെ വരവോടെ സെഡാൻ മോഡലുകൾക്ക് മാത്രമല്ല ഹാച്ച്ബാക്ക് കാറുകളുടെ വിൽപ്പനയിലും കാര്യമായ ഇടിവാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്.

ആയതിനാൽ തന്നെ മിക്ക ബ്രാൻഡുകളും തങ്ങളുടെ ശ്രദ്ധ വ്യത്യസ്‌ത തരം എസ്‌യുവി മോഡലുകളിലേക്ക് ആക്കിയിട്ടുണ്ട്. കഴിഞ്ഞ മാസം ആദ്യം നിസാൻ ഇന്ത്യയിൽ ഡാറ്റ്സൻ ബ്രാൻഡ് ഔദ്യോഗികമായി നിർത്തലാക്കിയിരുന്നു. ഡാറ്റ്സൻ ഗോ, റെഡി-ഗോ ഹാച്ച്ബാക്കുകൾക്ക് വിപണിയിൽ കാര്യമായി ശോഭിക്കാവാത്തതാണ് ഇതിനു കാരണമായത്.

ഇന്ത്യയിൽ നിന്ന് പോളോയെ ഫോക്‌സ്‌വാഗൺ പിൻവലിച്ചതും അടുത്തിടെയായിരുന്നു. അടുത്ത വർഷം രാജ്യത്ത് നിന്ന് ജാസ് പ്രീമിയം ഹാച്ച്ബാക്ക് നിർത്താലാക്കാൻ ഹോണ്ട തയാറായേക്കുമെന്നാണ് ദി ഇക്കണോമിക് ടൈംസിൽ അടുത്തിടെ പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ട് സൂചന നൽകുന്നത്.

ഏകദേശം രണ്ട് വർഷമായി കാര്യമായ ലോഞ്ചുകളൊന്നുമില്ലാതെ ഇന്ത്യയിൽ ഹോണ്ടയുടെ സാന്നിധ്യം അവ്യക്തമായ സമയത്താണ് ഈ തീരുമാനം കൂടി വരുന്നത്. ജാപ്പനീസ് ബ്രാൻഡ് അടുത്ത ഏതാനും ആഴ്ച്ചകൾക്കുള്ളിൽ സിറ്റി e:HEV എന്ന പേരിൽ തങ്ങളുടെ മിഡ്-സൈസ് സെഡാന്റെ ഹൈബ്രിഡ് പതിപ്പ് ഉടൻ വിൽപ്പനയ്ക്ക് സജ്ജമാക്കും. ഇന്ത്യ വിടാൻ ഉദ്ദേശമില്ലെന്നും ഭാവിയിൽ പുതിയ മോഡലുകൾ അവതരിപ്പിക്കാൻ പദ്ധതിയുണ്ടെന്നും കമ്പനി അടുത്തിടെ സ്ഥിരീകരിച്ചിട്ടുമുണ്ട്.

മാരുതി ബലേനോ, ഹ്യുണ്ടായി i20, ടൊയോട്ട ഗ്ലാൻസ, ടാറ്റ ആൾട്രോസ് തുടങ്ങിയ പ്രീമിയം ഹാച്ച്ബാക്കുകൾക്കെതിരെയാണ് ജാസ് ഇന്ത്യൻ വിപണിയിൽ മത്സരിക്കുന്നത്. ജാസ് നിർത്തലാക്കുന്നത് ഹോണ്ടയുടെ ഇന്ത്യയിലെ ലൈനപ്പിനെ കൂടുതൽ ചുരുക്കും. അക്കോർഡ്, CR-V, BR-V, സിവിക് എന്നിവയുൾപ്പെടെ ഒന്നിലധികം മോഡലുകൾ ഹോണ്ട സമീപ വർഷങ്ങളിൽ പിൻവലിച്ചിരുന്നു.

കമ്പനി 2020 അവസാനത്തോടെ നോയിഡ ആസ്ഥാനമായുള്ള പ്ലാന്റ് അടച്ചുപൂട്ടിയതും ശ്രദ്ധേയമായിരുന്നു. നിലവിൽ 7.78 ലക്ഷം മുതൽ 10.09 ലക്ഷം രൂപ വരെയുള്ള എക്‌സ്ഷോറൂം വിലയിലാണ് ഹോണ്ട വാഹനത്തെ വിപണനം ചെയ്യുന്നത്. V, VX, ZX വേരിയന്റുകളിൽ പ്രീമിയം ഹാച്ച്ബാക്ക് തെരഞ്ഞെടുക്കാനുമാവും.

89 bhp കരുത്തിൽ 110 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ള 1.2 ലിറ്റർ i-VTEC പെട്രോൾ എഞ്ചിനാണ് ഹോണ്ട ജാസിന്റെ ഹൃദയം. ഈ എഞ്ചിൻ 5 സ്പീഡ് മാനുവൽ അല്ലെങ്കിൽ 7 സ്റ്റെപ്പ് സിവിടി ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ജോടിയാക്കിയിരിക്കുന്നു. കാറിന്റെ മാനുവൽ വേരിയന്റുകൾക്ക് 16.6 കിലോമീറ്റർ മൈലേജാണ് കമ്പനി അവകാശപ്പെടുന്നത്.

അതേസമയം എർത്ത് ഡ്രീംസ് ടെക്നോളജി സീരീസിൽ നിന്നുള്ള ഹോണ്ടയുടെ നൂതന സിവിടി സാങ്കേതികവിദ്യ ഉപയോഗിച്ച് എത്തുന്ന ഓട്ടോമാറ്റിക് മോഡലുകൾ 17.1 കിലോമീറ്റർ മൈലേജും നൽകുമെന്നും ഹോണ്ട പറയുന്നു. മെച്ചപ്പെട്ട സ്റ്റൈലിംഗും സെഗ്‌മെന്റ് എക്‌സ്‌ക്ലൂസീവ് വൺ ടച്ച് ഇലക്ട്രിക് സൺറൂഫും ഒപ്പം പുതിയ ടോപ്പ് എൻഡ് ZX വേരിയന്റും ഉൾപ്പെടുത്തി ജാസ് ഫെയ്‌സ്‌ലിഫ്റ്റ് മോഡലിനെ ഹോണ്ട രണ്ട് വർഷങ്ങൾക്ക് മുമ്പാണ് പരിഷ്ക്കരിച്ച് ഇന്ത്യയിൽ അവതരിപ്പിക്കുന്നത്.

ഫെയ്‌സ്‌ലിഫ്റ്റ് നവീകരണത്തിൽ കാര്യമായ ചില മാറ്റങ്ങൾ നേടിയെങ്കിലും ഇതൊന്നും വിൽപ്പനയിൽ ചലനങ്ങൾ സൃഷ്ടിച്ചില്ലെന്നു വേണം പറയാൻ. ചാന്ദ്ര സിൽവർ മെറ്റാലിക്, റേഡിയന്റ് റെഡ് മെറ്റാലിക്, ഗോൾഡൻ ബ്രൗൺ മെറ്റാലിക്, മോഡേൺ സ്റ്റീൽ മെറ്റാലിക്, പ്ലാറ്റിനം വൈറ്റ് പേൾ എന്നിങ്ങനെ അഞ്ച് കളർ സ്കീമുകളിലാണ് പ്രീമിയം ഹാച്ച്ബാക്ക് അണിനിരക്കുന്നത്.

കാറിന്റെ മറ്റ് സവിശേഷതകളിലേക്ക് നോക്കിയാൽ സ്റ്റിയറിംഗ് മൗണ്ട്ഡ് കൺട്രോളുകൾക്കൊപ്പം ഹാച്ച്ബാക്കിൽ പുതിയ സോഫ്റ്റ് ടച്ച്പാഡ് ഡാഷ്‌ബോർഡ്, 17.7 സെന്റിമീറ്റർ ടച്ച്‌സ്‌ക്രീനുള്ള ഡിജിപാഡ് 2.0 ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, അതോടൊപ്പം നാവിഗേഷൻ സിസ്റ്റം, ആൻഡ്രോയിഡ്, ആപ്പിൾ കാർപ്ലേ കണക്റ്റിവിറ്റി എന്നിവയെല്ലാമാണ് ഹോണ്ട ജാസിന്റെ ഇന്റീരിയറിൽ ലഭ്യമാവുന്നത്.

ജാസിന്റെ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം വെബ്‌ലിങ്കിനെയും ബ്ലൂടൂത്ത് ഹാൻഡ്‌സ്ഫ്രീ ടെലിഫോണി, ഓഡിയോ, വോയ്‌സ് കമാൻഡ്, വയർലെസ് ഇൻഫ്രാറെഡ് റിമോട്ട്, മെസേജുകൾ എന്നിവയെയും അതിലേറെയും ഘടകങ്ങളെ പിന്തുണയ്‌ക്കുന്നുണ്ട് എന്നതും ശ്രദ്ധേയമായ കാര്യമാണ്.

തീർന്നില്ല, ഇവയ്ക്കു പുറമെ എൽസിഡി ഡിസ്‌പ്ലേയുള്ള മൾട്ടി ഇൻഫർമേഷൻ കോമ്പിമീറ്റർ, ഇക്കോ അസിസ്റ്റ്, ടച്ച്‌സ്‌ക്രീൻ കൺട്രോൾ പാനലിനൊപ്പം ഓട്ടോ എസി, ആംബിയന്റ് റിംഗ്സ് , ക്രൂയിസ് നിയന്ത്രണം, റെഡ്-വൈറ്റ് നിറത്തിലുള്ള ഇമിമിയേഷനോടുകൂടിയ ഒരു പുഷ് സ്റ്റാർട്ട് / സ്റ്റോപ്പ് ബട്ടൺ, കീലെസ് റിമോട്ട് ഉള്ള ഹോണ്ട സ്മാർട്ട് കീ സിസ്റ്റം തുടങ്ങിയ ഫീച്ചറുകളും വാഹനത്തിൽ അണിനിരത്തിയിട്ടുണ്ട്.

സുരക്ഷാ സവിശേഷതകളുടെ കാര്യത്തിലും ഹോണ്ട ജാസ് ഒട്ടും പിന്നോട്ടല്ല. ഡ്യുവൽ ഫ്രണ്ട് എസ്‌ആർഎസ് എയർബാഗുകൾ, മൾട്ടി-വ്യൂ റിയർ ക്യാമറ, ഇബിഡിയുള്ള എബിഎസ്, റിയർ പാർക്കിംഗ് സെൻസർ, ഇംപാക്റ്റ് ലഘൂകരിക്കുന്ന ഫ്രണ്ട് ഹെഡ് റെസ്റ്റുകൾ, ഡ്രൈവർ സൈഡ് വിൻഡോ വൺ ടച്ച് അപ്പ് /ഡൗൺ ഓപ്പറേഷൻ ആന്റി-തെഫ്റ്റ് സിസ്റ്റം എന്നിവയാണ് കമ്പനി വാഗ്‌ദാനം ചെയ്‌തിരിക്കുന്നത്.


Click it and Unblock the Notifications