ചരിത്രത്താളുകളിൽ പേരെഴുതി ഹോണ്ട, ഇന്ത്യയിൽ നിർമിച്ചത് 20 ലക്ഷം വാഹനങ്ങൾ...!
ഫോർഡിന് ശേഷം ആര് ഇന്ത്യയിൽ നിന്നും പടിയിറങ്ങുമെന്ന ചോദ്യം ഉയർന്നപ്പോൾ ഏവരും ശബ്‌ദമുയർത്തി പറഞ്ഞ പേരുകളിൽ ഒന്നാണ് ഹോണ്ടയുടേത്. എന്നാൽ ഈ വിമർശനങ്ങളെയെല്ലാം തട്ടിത്തെറുപ്പിച്ച് തങ്ങളെങ്ങും പോവുന്നില്ലെന്ന് അതിശക്തമായി പ്രതികരിക്കാൻ ഹോണ്ടയ്ക്ക് കഴിഞ്ഞു.

അങ്ങനെയങ്ങ് പോവാനാവില്ല ഹോണ്ടയ്ക്ക്. സിറ്റിയും അമേസുമെല്ലാം കാഴ്ച്ചവെക്കുന്ന മികച്ച പ്രകടനം ജാപ്പനീസ് ബ്രാൻഡിന് ഇന്നും ഇന്ത്യയിൽ പിടിച്ചുനിൽക്കാൻ പോവുംവിധമുള്ളതാണ്. ഇപ്പോഴിതാ ഇന്ത്യയിൽ വമ്പനൊരു വിൽപ്പന നാഴികക്കല്ലും പിന്നിട്ടിരിക്കുകയാണ് ഹോണ്ട കാർസ്.

20 ലക്ഷം കാറുകൾ നിർമിച്ചെന്ന റെക്കോർഡാണ് ഹോണ്ട ഇപ്പോൾ സ്വന്തമാക്കിയിരിക്കുന്നത്. ഇന്ന് രാവിലെ രാജസ്ഥാനിൽ സ്ഥിതി ചെയ്യുന്ന തപുകരയിലെ ഉത്പാദന കേന്ദ്രത്തിൽ നടന്ന ഒരു പരിപാടിയിലാണ് സിറ്റി സെഡന്റെ 20 ലക്ഷം ലക്ഷം യൂണിറ്റ് നിർമിച്ച് പുറത്തിറക്കിയത്.

ശരിക്കും പറഞ്ഞാൽ ഇന്ത്യൻ വിപണിയിൽ അധികമാരും നേടാത്തൊരു നേട്ടമാണ് ഇപ്പോൾ ഹോണ്ടയും കൈവരിച്ചിരിക്കുന്നത്. 1997-ൽ ഹോണ്ട സീൽ കാർസ് ഇന്ത്യ (HSCI) കമ്പനിക്ക് കീഴിലാണ് ഹോണ്ട ഇന്ത്യയിൽ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് 2012-ൽ കമ്പനിയെ ഹോണ്ട കാർസ് ഇന്ത്യ ലിമിറ്റഡ് എന്ന് പുനർനാമകരണം ചെയ്തു.

ഹോണ്ടയുടെ ആദ്യ നിർമാണ പ്ലാന്റ് അടുത്തിടെ അടച്ചുപൂട്ടുന്നതിന് മുമ്പ് 2017-ൽ ഗ്രേറ്റർ നോയിഡയിൽ പുതിയ ഉത്പാദന കേന്ദ്രം കമ്പനി സ്ഥാപിച്ചിരുന്നു. രാജസ്ഥാനിലെ രണ്ടാമത്തെ സ്ഥാപനത്തിൽ നിന്നാണ് ഇപ്പോൾ ബ്രാൻഡിന്റെ എല്ലാ കാറുകളും നിർമിക്കുന്നത്.

സിറ്റി, അമേസ് സെഡാനുകൾ, WR-V എസ്‌യുവി, ജാസ് ഹാച്ച്ബാക്ക് തുടങ്ങിയ കാറുകളാണ് ഹോണ്ട നിലവിൽ ഇന്ത്യയിൽ നിർമിക്കുന്നത്. ഈ നാല് മോഡലുകളിൽ, ഈ വർഷം ആദ്യം പുറത്തിറക്കിയ സിറ്റി സെഡാന്റെ ഹൈബ്രിഡ് പതിപ്പാണ് ഹോണ്ട വാഗ്ദാനം ചെയ്യുന്ന ഏറ്റവും പുതിയ കാർ.

എന്നാൽ അടുത്ത വർഷത്തോടെ ഒരു പുതിയ കോംപാക്ട് എസ്‌യുവി ഇന്ത്യൻ വിപണിയിൽ എത്തിക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്. ഒരുകാലത്ത് ഇന്ത്യയിൽ വിറ്റിരുന്ന പല മോഡലുകളും ഹോണ്ട നിർത്തലാക്കിയാണ് ഇപ്പോൾ മുന്നോട്ടു നീങ്ങുന്നത്.

നിർത്തലാക്കിയ കാറുകളിൽ ചിലത് അക്കോർഡ്, സിവിക് സെഡാനുകൾ, CR-V എസ്‌യുവി, BR-V , മൊബിലിയോ എംപിവി പോലുള്ള മികച്ച വാഹനങ്ങൾ തന്നെയാണ് ഉൾപ്പെടുന്നത്. 2019 വരെ നിർമിച്ച ഹാച്ച്ബാക്ക് ബ്രിയോയും ഹോണ്ട നിരയിൽ നിന്നും പടിയിറങ്ങിയൊരു ജനപ്രിയനായിരുന്നു.

2020 ഡിസംബറിലാണ് സിവിക്, CR-Vഎന്നിവയുടെ ഉത്പാദനം ഹോണ്ട നിർത്തുന്നത്. ഇത്രയും മികച്ച മോഡലുകൾ നിർത്തലാക്കിയിട്ടും ഇന്ത്യയിലെ ഏറ്റവും മികച്ച 10 കാർ നിർമാതാക്കളിൽ ഒരാളായി തുടരാൻ ഹോണ്ടയ്ക്ക് സാധിച്ചിട്ടുണ്ട്. 2022 ഒക്ടോബറിൽ മൂന്ന് ശതമാനം വിപണി വിഹിതവുമായി ഹോണ്ട ഏഴാം സ്ഥാനത്താണ് വിൽപ്പന അവസാനിപ്പിച്ചത്.

ഒക്ടോബർ മാസത്തിൽ 9,543 യൂണിറ്റുകളാണ് ഹോണ്ട വിറ്റത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി കമ്പനിയുടെ നിരയിൽ നിന്നും ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡലുകളാണ് സിറ്റിയും അമേസും. എസ്‌യുവികൾക്ക് പ്രിയമേറി വരുന്ന സാഹചര്യത്തിലും ഈ സെഡാൻ മോഡലുകളുമായി പിടിച്ചു നിൽക്കാൻ കമ്പനിക്കാവുന്നത് വിചിത്രമായാണ് പലരും കാണുന്നത്.

1998-ൽ സിറ്റി പ്രീമിയം സെഡാന്റെ ആദ്യ തലമുറ മോഡൽ പുറത്തിറക്കിയ ഹോണ്ട കഴിഞ്ഞ മാസം ഇന്ത്യയിൽ 25 വർഷം പൂർത്തിയാക്കിയിരുന്നു. കമ്പനിയിൽ നിന്നുള്ള ഏറ്റവും പഴക്കം ചെന്ന മോഡലാണ് ഹോണ്ട സിറ്റി എങ്കിലും ഇന്നും വലിയ ഫാൻ ബേസാണ് ഈ തട്ടുപൊളിപ്പൻ വാഹനത്തിനുള്ളത്.

സുസുക്കി അല്ലെങ്കിൽ ടൊയോട്ട പോലെ മറ്റ് ജാപ്പനീസ് ബ്രാൻഡുകളെ അപേക്ഷിച്ച് ചെറിയ കാറിലോ എസ്‌യുവി വിഭാഗത്തിലോ കാർ നിർമാതാവിന് ഇതുവരെ മുദ്ര പതിപ്പിക്കാനായിട്ടില്ല എന്നതും ഒരു യാഥാർഥ്യമാണ്.

അടുത്തിടെയാണ് സിറ്റി സെഡാന്റെ ഹൈബ്രിഡ് പതിപ്പ് ഹോണ്ട പുറത്തിറക്കിയത്. സെൽഫ് ചാർജിംഗ് സൗകര്യത്തോടെ ഇവി മോഡ് വാഗ്ദാനം ചെയ്യുന്ന ഹൈബ്രിഡ് പവർട്രെയിൻ ലഭിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ മിഡ്-സൈസ് സെഡാനാണിത്.

ഹോണ്ടയുടെ വരാനിരിക്കുന്ന എസ്‌യുവിക്ക് e:HEV ഹൈബ്രിഡ് പവർട്രെയിൻ ലഭിക്കാൻ സാധ്യതയുണ്ട്. ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ, മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര തുടങ്ങിയ മോഡലുകളോട് ഇത് മത്സരിക്കും.


Click it and Unblock the Notifications








