ഇനി വരാനിരിക്കുന്നത് ഹോണ്ടയുടെ കാലം, പുതിയ ഭാവത്തിൽ Accord സെഡാനും വിപണിയിലേക്ക്
പുതിയ ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങൾ 2020 ഏപ്രിൽ ഒന്നിന് രാജ്യത്ത് പ്രബല്യത്തിൽ വന്നതോടെ ഇന്ത്യൻ വിപണിയോട് ബൈ ബൈ പറഞ്ഞ് പടിയിറങ്ങിയ മിടുക്കരായ വാഹനങ്ങളിൽ ഒന്നായിരുന്നു ഹോണ്ട അക്കോർഡ് എന്ന എക്‌സിക്യൂട്ടീവ് സെഡാൻ.

പൂർണമായും ഇറക്കുമതി ചെയ്‌ത ഒരൊറ്റ വേരിയന്റിലാണ് മുൻനിര സെഡാൻ വാഗ്‌ദാനം ചെയ്‌തിരുന്നത്. എന്നാൽ ആഗോള വിപണിയിൽ ഇന്നും മിന്നിത്തിളങ്ങി നിൽക്കുന്ന മോഡലാണ് ഹോണ്ട അക്കോർഡ് ഹൈബ്രിഡ്. ദേ സെഡാന്റെ പതിനൊന്നാം തലമുറ ആവർത്തനത്തിന്റെ അണിയറയിലാണ് ജാപ്പനീസ് ബ്രാൻഡ് ഇപ്പോൾ.

പതിനൊന്നാം തലമുറ അക്കോർഡിന്റെ ഔദ്യോഗിക ടീസർ ചിത്രങ്ങൾ പങ്കുവെച്ചാണ് വാഹനത്തിനെ അടിമുടി മാറ്റുന്ന വിവരം കമ്പനി പുറത്തുവിട്ടിരിക്കുന്നത്. നിലവിലെ മോഡലിനെ അപേക്ഷിച്ച മെച്ചപ്പെട്ട ഹൈബ്രിഡ് സാങ്കേതികവിദ്യം വരാനിരിക്കുന്ന പുത്തൻ അക്കോർഡിൽ ഉണ്ടെന്ന് കമ്പനി സ്ഥിരീകരിക്കുകയും ചെയ്‌തിട്ടുണ്ട്.

പ്രീമിയം സെഡാൻ സെഗ്‌മെന്റിൽ ആവേശം തിരികെ കൊണ്ടുവരുമെന്ന് ഹോണ്ട അവകാശപ്പെടുന്നതിനാൽ അക്കോർഡ് തീർച്ചയായും സ്‌പോർട്ടി, മോഡേൺ, സ്‌മാർട്ട്, കംഫർട്ടബിൾ മോഡൽ ആയിരിക്കുമെന്ന് ഇപ്പോഴേ ഉറപ്പിക്കാം. ബ്രാൻഡ് പറയുന്നതുപോലെ ടീസറിൽ വാഹനത്തിന്റെ വ്യക്തമായ സ്റ്റൈലിംഗും പറഞ്ഞുവെക്കുന്നുണ്ട്.

ഇന്റഗ്രേറ്റഡ് എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളുള്ള ഒരു പുതിയ ഹെക്‌സഗോണൽ ഫ്രണ്ട് ഗ്രില്ലും മുന്നിൽ നിന്ന് നോക്കുമ്പോൾ വിശാലമായ ട്രാക്ക് ഉറപ്പാക്കുന്ന മസ്കുലർ ബോണറ്റും പുത്തൻ അക്കോർഡിന്റെ ഹൈലൈറ്റാണ്. എന്നാൽ ഡ്രൈവർക്ക് മികച്ച കാഴ്ച്ച അനുവദിക്കുന്നതിനായി ഇത് താഴേക്ക് താഴ്ത്തിയാണ് സെറ്റുചെയ്‌തിരിക്കുന്നത്.

ഗ്രില്ലിലേക്ക് നീളുന്ന ഷാർപ്പ് ഹെഡ്‌ലാമ്പുകളാണ് എക്സ്റ്റീരിയർ ഡിസൈനിലെ മറ്റൊരു ശ്രദ്ധേയമായ ഘടകം. മുൻവശത്തെ വിൻഡ്ഷീൽഡും ഒരു വലിയ ഗ്രീൻഹൗസും സെഡാന് യുണീക് ഭാവം നൽകും. സംയോജിത ലിപ് സ്‌പോയിലറോട് കൂടിയ ബൂട്ട്‌ലിഡിന്റെ ഇടതുവശത്ത് അക്കോർഡ് ബാഡ്ജ് ഇടംപിടിക്കും.

വലതുവശത്ത് ഹൈബ്രിഡ് ടൂറിംഗ് ബാഡ്‌ജിംഗും ടീസർ ചിത്രത്തിൽ കാണാൻ കഴിയും. ഹോണ്ട അക്കോർഡ് സെഡാൻ എന്നും അതിന്റെ മികവാർന്ന ഡിസൈനിന് പേരുകേട്ടതാണ്. ഇതെല്ലാം കേടുകൂടാതെ നിലനിർത്താനാവും കമ്പനി ഇത്തവണയും ശ്രമിക്കുക.

വരാനിരിക്കുന്ന മോഡൽ ഇതിനകം ശ്രദ്ധിക്കപ്പെട്ട ഡിസൈനിനെ കൂടുതൽ സ്വാധീനിക്കുന്ന മാറ്റങ്ങളോടെ ആകർഷകമാക്കുമെന്ന് ഉറപ്പാണ്. ഏറ്റവും പുതിയ ഗ്ലോബൽ സിവിക്കിന്റെ വിവാദ പരിഷ്ക്കാരങ്ങൾ മുന്നോട്ടുകൊണ്ടുപോവാൻ ഹോണ്ട ഇത്തവണ മുതിർന്നേക്കില്ല.

2023 മോഡലിന്റെ ഇന്റീരിയറിലേക്ക് നോക്കിയാൽ ലാൻഡ്‌സ്‌കേപ്പ് ഓറിയന്റേഷനിലുള്ള വലിയ 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിന്റെ സാന്നിധ്യം വേറെ ലെവലാവും. കൂടാതെ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും നിരവധി പരിഷ്‌ക്കരണങ്ങൾ നേടിയിട്ടുണ്ട്.

ഭൂരിഭാഗം പ്രവർത്തനങ്ങൾക്കും ടച്ച് കൺട്രോളുകളായിരിക്കും അക്കോർഡിൽ ഉപയോഗിക്കുക. അതായത് ഇന്റീരിയറിൽ ഫിസിക്കൽ ബട്ടണുകളുടെ ഉപയോഗം കുറവായിരിക്കുമെന്ന് സാരം. പെർഫോമൻസിന്റെ കാര്യത്തെ സംബന്ധിച്ചിടത്തോളം അക്കോർഡിൽ ഒരു ഫൺ-ടു-ഡ്രൈവ് ഹൈബ്രിഡ് പവർട്രെയിൻ ഉണ്ടായിരിക്കുമെന്ന് ഹോണ്ട പറയുന്നു.

2023 ഹോണ്ട അക്കോർഡ് അടുത്ത മാസം ആഗോളതലത്തിൽ അരങ്ങേറ്റം കുറിക്കും. എന്നാൽ ഈ സെഗ്‌മെന്റിന്റെ ജനപ്രീതി തീർച്ചയായും സമീപ വർഷങ്ങളിൽ വൻതോതിൽ ഇടിഞ്ഞിരിക്കുന്നതിനാൽ ഇന്ത്യയിൽ വാഹനം അവതരിക്കാൻ സാധ്യതയില്ല.


Click it and Unblock the Notifications








