ഇത് കൊറിയൻ വിപ്ലവം! ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ വാഹന നിർമാതാക്കൾ ഇനി Hyundai
മാരുതി സുസുക്കി കഴിഞ്ഞാൽ ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ വാഹന നിർമാതാക്കളായി അറിയപ്പെടുന്നവരാണ് ദക്ഷിണ കൊറിയക്കാരായ ഹ്യുണ്ടായി. അതിവേഗം ഈ സ്ഥാനം കൈയടക്കിയ കമ്പനി ജനറൽ മോട്ടോർസ് (GM), സ്റ്റെല്ലാന്റിസ് എന്നിവയെ പിന്തള്ളി ആഗോള വിപണിയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മൂന്നാമത്തെ കാർ നിർമാതാക്കളായി മാറിയിരിക്കുകയാണ്.
അതായത് ഹ്യുണ്ടായിയാവും ഇനി മുതൽ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ വാഹന നിർമാതാക്കളെന്ന് സാരം. 1967 ഡിസംബറിലാണ് ഹ്യുണ്ടായി സ്ഥാപിതമാവുന്നത്. ടൊയോട്ടയ്ക്കും ഫോക്‌സ്‌വാഗൺ ഗ്രൂപ്പിനും പിന്നിലാണ് ഈ മൂന്നാം സ്ഥാനം കൈവരിച്ചിരിക്കുന്നത് എന്ന കാര്യവും ഏറെ ശ്രദ്ധേയമാണ്. ഇന്ത്യയിൽ താങ്ങാനാവുന്ന വിലയിൽ കിടിലൻ ഫീച്ചറുകളാൽ മോഡലുകൾ ഇറക്കിയാണ് ഹ്യുണ്ടായി ആധിപത്യം സ്ഥാപിച്ചെടുത്തത്. 2021-ൽ ഉത്പാദനത്തിലും വിൽപ്പനയിലും ശക്തമായ വളർച്ചയാണ് ബ്രാൻഡ് രേഖപ്പെടുത്തിയത്. ലോകമെമ്പാടും 6.6 ദശലക്ഷത്തിലധികം കാറുകൾ വിൽക്കാൻ ഹ്യുണ്ടായിക്ക് കഴിഞ്ഞു.

പെട്ടെന്നുള്ള താരതമ്യത്തിലേക്ക് നോക്കിയാൽ അതേ വർഷം തന്നെ ടൊയോട്ട ഏകദേശം 10.5 ദശലക്ഷം കാറുകൾ വിൽക്കുകയും ഒന്നാം സ്ഥാനം നേടുകയും ചെയ്തപ്പോൾ ഫോക്സ്‌വാഗൺ 2021 ൽ മൊത്തം 8.9 ദശലക്ഷം കാറുകളുടെ വിൽപ്പനയാണ് സ്വന്തമാക്കിയത്. 2021-നെ അപേക്ഷിച്ച് 2022-ൽ ഇത് 20 ശതമാനത്തിലധികം കൂടുതൽ വരുമാനം നേടുമെന്നാണ് പറയപ്പെടുന്നത്. യുഎസ്എ, കാനഡ, മെക്‌സിക്കോ തുടങ്ങിയ രാജ്യങ്ങൾ ഏകദേശം 21 ശതമാനത്തോളം സംഭാവന നൽകിയതിനാൽ കൊറിയ ആസ്ഥാനമായുള്ള ബ്രാൻഡ് വടക്കേ അമേരിക്കയിൽ ശക്തമായ വളർച്ച രേഖപ്പെടുത്തിയതാണ് ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ കമ്പനിയായി വളരാൻ കാരണമായത്.
വടക്കേ അമേരിക്കൻ വിപണിയിൽ വിറ്റഴിച്ച മൊത്തം കാറുകളുടെ എണ്ണം ഏകദേശം 17 ശതമാനമാണെന്നത് ശ്രദ്ധിക്കേണ്ടതാണ്. ബ്രാൻഡ് നിലവിൽ വടക്കേ അമേരിക്കയിലെ വിൽപ്പന മെച്ചപ്പെടുത്തുന്നതിനായി പ്രവർത്തിച്ചു വരികകൂടിയാണ്. ഉടൻ തന്നെ യുഎസിൽ ഒരു പുതിയ ഇവി പ്ലാന്റ് കെട്ടിപ്പടുക്കാനും സാധ്യതയുണ്ട്. ഫോർഡിനെ പിന്തള്ളി യുഎസിലെ രണ്ടാമത്തെ വലിയ ഇലക്ട്രിക് വാഹന ബ്രാൻഡാവാനുള്ള ശ്രമത്തിന്റെ ഭാഗം കൂടിയാണിത്. എന്നാൽ യുഎസിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് വാഹനങ്ങൾ നിലവിൽ ടെസ്‌ലയുടേതാണ്.

ബിഎംഡബ്ല്യു, മെർസിഡീസ് ബെൻസ്, ഔഡി തുടങ്ങിയ എതിരാളികളെ നേരിടാൻ തങ്ങളുടെ ആഡംബര വാഹന ബ്രാൻഡായ ജെനസിസിനെ വിൽപ്പന മെച്ചപ്പെടുത്താനും ഹ്യുണ്ടായി പ്രവർത്തിക്കുന്നുണ്ട്. ഇന്ത്യൻ വിപണിയിൽ, അടുത്ത രണ്ട് മാസത്തിനുള്ളിൽ പുതിയ ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റും, പുതിയ വേർണയും അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് ഹ്യുണ്ടായി. രണ്ട് കാറുകളിലും വലിയ സൺറൂഫ്, പ്രൊജക്ടർ ലൈറ്റുകൾ, പുഷ്-ബട്ടൺ സ്റ്റാർട്ട് സ്റ്റോപ്പ്, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ തുടങ്ങിയ കിടിലൻ ഫീച്ചറുകളും ഇടംപിടിക്കും.
അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ പുതിയ കോന ഇവി, അയോണിക് 5 എന്നിവ പുറത്തിറക്കാൻ പദ്ധതിയിടുന്നതിനാൽ ഇന്ത്യൻ വിപണിയിലെ തങ്ങളുടെ ഇലക്ട്രിക് വാഹന നിര വിപുലീകരിക്കാനും ഹ്യുണ്ടായി പ്രവർത്തിക്കുകയാണ്. 2023 ജനുവരിയിൽ നടക്കുന്ന ഓട്ടോ എക്‌സ്‌പോയിൽ കമ്പനി അയോണിക് 5 ഇന്ത്യയിൽ അവതരിപ്പിക്കും. പുതിയ മുൻനിര മോഡലിനായുള്ള ബുക്കിംഗ് കമ്പനി 2022 ഡിസംബർ 20-ന് ഔദ്യോഗികമായി ആരംഭിച്ചിരുന്നു. ഇന്ത്യയിൽ ഏത് ബാറ്ററി പായ്ക്ക് അല്ലെങ്കിൽ പവർട്രെയിൻ കോൺഫിഗറേഷൻ വാഗ്ദാനം ചെയ്യുമെന്ന് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും മോഡലിന് 77.4kWh ബാറ്ററി ഓപ്ഷൻ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അന്താരാഷ്ട്ര വിപണികളിൽ 58kWh, 72.6kWh എന്നിങ്ങനെ രണ്ട് ബാറ്ററി ഓപ്ഷനുകളാണ് ഹ്യുണ്ടായി അയോണിക് 5 ഇവിക്ക് ലഭിക്കുന്നത്. ഇവ രണ്ടും AWD, റിയർ-വീൽ ഡ്രൈവ് കോൺഫിഗറേഷനുകളിൽ ലഭ്യമാണ്. ചെറിയ ബാറ്ററി റിയർ-വീൽ ഡ്രൈവ് പതിപ്പിൽ പരമാധി 170 bhp കരുത്ത് നൽകുമ്പോൾ AWD വേരിയന്റിൽ പവർ 233 bhp പവറോളം നൽകും. വലിയ ബാറ്ററി റിയർ-വീൽ ഡ്രൈവ് സെറ്റപ്പിൽ 217 bhp ഉം AWD വേഷത്തിൽ 305hp ഉം ആണ് നൽകുക.
അയോണിക് 5 ഇലക്‌ട്രിക് എസ്‌യുവിയിലെ ചെറിയ ബാറ്ററി പായ്ക്ക് ഔദ്യോഗിക ടെസ്റ്റ് സൈക്കിളിൽ 383 കിലോമീറ്റർ വരെ റേഞ്ച് നൽകാൻ പ്രാപ്‌തമാണെന്ന് തെളിയിച്ചിട്ടുണ്ട്. അതേസമയം വലിയ ബാറ്ററി 481 കി.മീ. വരെ ഓടാൻ പ്രാപ്‌തമാണെന്നും WLTP സൈക്കിളിൽ ഹ്യുണ്ടായി ഉറപ്പുവരുത്തി. വാഹനം സൂപ്പർഫാസ്റ്റ് 800V ചാർജിംഗിനെ പിന്തുണയ്ക്കുന്നുവെന്നതും കൂടുതൽ സവിശേഷമാവുന്നുണ്ട്. ഇതുവഴി സാങ്കേതികമായി 18 മിനിറ്റിനുള്ളിൽ ബാറ്ററി 10 മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാൻ കഴിയും. ഏത് പവർട്രെയിൻ കോൺഫിഗറേഷനാണ് ഇന്ത്യയിലെത്തുന്നത് എന്ന് കണ്ടറിയണം.


Click it and Unblock the Notifications








