ഈ ഹ്യുണ്ടായിയുടെ ഒരു കാര്യം, Grand i10 നിയോസിന്റെ കോർപ്പറേറ്റ് എഡിഷനും നിർത്തലാക്കി
ടാറ്റ ടിയാഗോ, മാരുതി സുസുക്കി സ്വിഫ്റ്റ് എന്നിവയുടെ ശക്തനായ എതിരാളിയാണ് ഹ്യുണ്ടായി ഗ്രാൻഡ് i10 നിയോസ്. ഈ സെഗ്‌മെന്റിൽ ഏറ്റവും കൂടുതൽ ഡിമാന്റുള്ള കോംപാക്‌ട് ഹാച്ച്ബാക്കുകളിൽ ഒന്നും ഈ മിടുമിടുക്കൻ തന്നെയാണ്.

ഗ്രാൻഡ് i10 നിയോസ് സ്ഥിരമായി മികച്ച വിൽപ്പനയുള്ള ഹ്യുണ്ടായിയുടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഹാച്ച്ബാക്കാണ്. ഇപ്പോൾ സാൻട്രോ വിപണിയിൽ നിന്നും പിൻവലിച്ചതിനാൽ ഹ്യുണ്ടായിയുടെ നിലവിലെ ഏറ്റവും വില കുറഞ്ഞ മോഡൽ എന്ന അധിക ബാധ്യതയും നിയോസിന് തന്നെയാണുള്ളത്.

പെട്രോൾ, സിഎൻജി, ടർബോ പെട്രോൾ എന്നീ എഞ്ചിൻ ഓപ്ഷനുകളോടെ എത്തുന്നതും ഗ്രാൻഡ് i10 നിയോസിന്റെ നേട്ടമാണ്. നേരത്തെ ഡീസലും ഓഫറിൽ ഉണ്ടായിരുന്നെങ്കിലും അടുത്തിടെ ഇത് നിർത്തലാക്കിയിരുന്നു. ദേ ഇപ്പോൾ മോഡലിന്റെ വിൽപ്പന വർധിപ്പിക്കുന്നതിനായി ഹ്യുണ്ടായി മാഗ്ന വേരിയന്റിനെ അടിസ്ഥാനമാക്കിയുള്ള പുതിയ i10 നിയോസ് കോർപ്പറേറ്റ് എഡിഷൻ പുറത്തിറക്കിയിരുന്നു.

ഗ്രാൻഡ് i10 നിയോസ് കോർപ്പറേറ്റ് എഡിഷൻ മാനുവൽ വേരിയന്റിന് 6,28,900 രൂപയും എഎംടി ഓട്ടോമാറ്റിക് പതിപ്പിന് 6,97,700 രൂപയുമാണ് ഇന്ത്യയിലെ എക്സ്ഷോറൂം വിലയായി നിശ്ചയിച്ചിരുന്നത്. എന്നാൽ ദേ ഇപ്പോൾ ഈ വേരിയന്റിനെ നിർത്തലാക്കിയതായി അറിയിച്ചിരിക്കുകയാണ് കമ്പനി.

ഗ്രാൻഡ് i10 നിയോസ് കോർപ്പറേറ്റ് എഡിഷൻ നിർത്തലാക്കിയതോടെ, ബുക്കിംഗുകൾ മാഗ്ന വേരിയന്റിലേക്ക് മാറ്റാൻ ഹ്യുണ്ടായി ഡീലർമാരെ അറിയിച്ചിട്ടുണ്ട്. കോർപ്പറേറ്റ് എഡിഷൻ മാഗ്നയെ അടിസ്ഥാനമാക്കിയുള്ളതാണെങ്കിലും, മുൻ പതിപ്പിന് ഇല്ലാത്ത ചില ഭംഗികൾ അതിന് ഉണ്ടായിരുന്നുവെന്നതാണ് വാസ്‌തവം.

കോർപ്പറേറ്റ് എഡിഷൻ വേരിയന്റുകൾക്ക് റൂഫ് റെയിലുകളും പിൻ ക്രോം ഗാർണിഷുമാണ് കാഴ്ച്ചയിലെ ഭംഗികൂട്ടാൻ ഹ്യുണ്ടായി അധികമായി നൽകിയിരുന്നത്. അതോടൊപ്പം ഗൺ മെറ്റൽ ശൈലിയിലുള്ള വീലുകളും എളുപ്പത്തിൽ തിരിച്ചറിയാവുന്ന കോർപ്പറേറ്റ് എംബ്ലവും ഈ വേരിയന്റിന്റെ പ്രത്യേകതകളായിരുന്നു.

കറുപ്പിലൊരുക്കിയ ORVM-കളും ഗ്ലോസി ബ്ലാക്ക് റേഡിയേറ്റർ ഗ്രില്ലും പുറത്തുള്ള മറ്റ് പരിഷ്ക്കാരങ്ങളിൽ ഉൾപ്പെട്ടിരുന്നു. അതോടൊ്പം തന്നെ ഗ്രാൻഡ് i10 നിയോസ് കോർപ്പറേറ്റ് എഡിഷൻ വേരിയന്റിന്റെ ഇന്റീരിയറുകൾക്കും ചില പ്രത്യേക പരിഗണനകൾ ലഭിച്ചിരുന്നു.

ഗ്രാൻഡ് ഗ്രാൻഡ് i10 നിയോസ് കോർപ്പറേറ്റ് എഡിഷൻ റെഡ് ആക്സന്റുകളോട് കൂടിയ ബ്ലാക്ക് നിറത്തിലുള്ള ഇന്റീരിയറായിരുന്നു നൽകി വന്നിരുന്നത്. സ്‌മാർട്ട്‌ഫോൺ മിററിംഗിലൂടെയുള്ള നാവിഗേഷനോട് കൂടിയ 17.14 സെ.മീ (6.75") ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും മാഗ്ന വേരിയന്റിനേക്കാൾ മൂല്യം കൂട്ടുന്നതുമായിരുന്നു.

ഹ്യുണ്ടായി ഗ്രാൻഡ് i10 നിയോസിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിന്റെ അണിയറ പ്രവർത്തനത്തിലാണ് കമ്പനിയിപ്പോൾ. 2023-ഓടെ ഈ മോഡൽ വിപണിയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിന്റെ ഭാഗമായിരിക്കാം ഈ വേരിയന്റ് വെട്ടിച്ചുരുക്കൽ.

ഇതിനു പുറമെ i20, ഓറ എന്നിവയ്ക്ക് മുമ്പ് ലഭിച്ചിരുന്ന ചില നിറങ്ങളും ഹ്യുണ്ടായി നിർത്തലാക്കിയിട്ടുണ്ട്. i20 പ്രീമിയം ഹാച്ചിൽ മുമ്പ് ലഭ്യമായിരുന്ന സൺബേൺ സ്വേ, മെറ്റാലിക് കോപ്പർ കളർ ഓപ്ഷനുകളാണ് കമ്പനി ഇപ്പോൾ പിൻവലിച്ചിരിക്കുന്നത്.

അതോടൊപ്പം സബ് 4 മീറ്റർ സെഡാൻ ഓറയുടെ നിരയിൽ നിന്നും വിന്റേജ് ബ്രൗൺ നിറമാണ് ഹ്യുണ്ടായി ഒഴിവാക്കിയിരിക്കുന്നത്. ഓറ ഇപ്പോൾ ഫിയറി റെഡ്, പോളാർ വൈറ്റ്, ടൈഫൂൺ സിൽവർ, ടൈറ്റൻ ഗ്രേ എന്നിവയിൽ മാത്രമേ ലഭ്യമാകൂ.

i20 കളർ ഓപ്ഷനുകൾ നിലവിൽ പോളാർ വൈറ്റ്, ടൈഫൂൺ സിൽവർ, ടൈറ്റൻ ഗ്രേ, ഫിയറി റെഡ്, സ്റ്റാറി നൈറ്റ്, ബ്ലാക്ക് റൂഫുള്ള പോളാർ വൈറ്റ്, ഫിയറി റെഡ് എന്നിവയ്ക്കുള്ള ഡ്യുവൽ ടോൺ ഓപ്ഷനുകളിൽ പരിമിതപ്പെടുത്തിയിരിക്കുന്നതായും ഹ്യുണ്ടായി അറിയിച്ചിരിക്കുന്നത്.


Click it and Unblock the Notifications