ഇന്ത്യയിലെ ഏഴ് അത്ഭുതങ്ങൾ കണ്ടുമടങ്ങാൻ യാത്രയാരംഭിച്ച് Hyundai Ioniq 5, കൂട്ടിന് ഒരു പുത്തൻ റെക്കോർഡും
ഹ്യുണ്ടായിയുടെ പുതിയ ഇലക്‌ട്രിക് കാർ വരുന്നതും കാത്ത് ഇന്ത്യൻ വിപണിയിരിക്കാൻ തുടങ്ങിയിട്ട് കാലംകുറച്ചായി. രാജ്യത്ത് ഇവി യുഗത്തിന് കോനയിലൂടെ തുടക്കമിട്ടുവെങ്കിലും പിന്നീടെത്തിയ ആധുനിക എതിരാളികളെല്ലാം ഓവർടേക്ക് ചെയ്‌ത് പോവുന്നതാണ് കാണാനായത്.
എന്നാൽ എല്ലാ കുത്തകകളെയും തർക്കാമായി ഹ്യുണ്ടായി ആഗോളതലത്തിൽ ഹിറ്റായ അയോണിക് 5 ഇവിയെ ഇന്ത്യയിൽ അധികംവൈകാതെ അവതരിപ്പിക്കും. അതിനു മുന്നോടിയായി പുതുചരിത്രം കുറിക്കാൻ അയോണിക് 5 ഇലക്ട്രിക് എസ്‌യുവിയെ നിയോഗിച്ചിരിക്കുകയാണ് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കൾ.

ഇന്ത്യയിലെ പ്രശസ്തമായ ഏഴ് അത്ഭുതങ്ങൾ കണ്ട് മടങ്ങിയെത്താൻ ഹ്യുണ്ടായിയുടെ ഹരിയാനയിലെ ഗുരുഗ്രാമിലുള്ള കോർപ്പറേറ്റ് ഹെഡ് ക്വാർട്ടേഴ്‌സിൽ നിന്ന് വരാനിരിക്കുന്ന അയോണിക് 5 ഇലക്‌ട്രിക് വാഹനം ഇന്ന് ഫ്ലാഗ് ഓഫ് ചെയ്‌തിരിക്കുകയാണ് കമ്പനി. ഹ്യുണ്ടായി മോട്ടോർ ഇന്ത്യയുടെ എംഡിയും സിഇഒയുമായ ഉൻസൂ കിം ഫ്ലാഗ് ഓഫ് ചെയ്ത ഇവി ഇന്ത്യയുടെ ഏഴ് അത്ഭുതങ്ങൾ പര്യവേക്ഷണം ചെയ്യും.
ഇന്ത്യയിലെ 7 അത്ഭുതങ്ങൾ സന്ദർശിക്കുന്നതിനൊപ്പം അയോണിക് 5 ഇവി ഈ സ്ഥലങ്ങൾ സന്ദർശിച്ച് മടങ്ങുന്ന ഏറ്റവും വേഗയേറിയ ഇവി ഡ്രൈവ് എന്ന റെക്കോർഡാണ് സ്ഥാപിക്കാൻ ഒരുങ്ങുന്നത്. പഞ്ചാബിലെ അമൃത്‌സറിലെ സുവർണ ക്ഷേത്രമാണ് ആദ്യം പിന്നിടുക. തുടർന്ന് ഉത്തർപ്രദേശിലെ താജ്മഹൽ, ഖജുരാഹോയിലെ ക്ഷേത്രങ്ങൾ, നളന്ദയുടെ പുരാതന അവശിഷ്ടങ്ങൾ, കൊണാർക്ക് സൂര്യക്ഷേത്രം, ഹംപി, ഗോമതേശ്വര പ്രതിമ എന്നിവ അയോണിക് 5 ഇവി സന്ദർശിക്കും.

കോന ഇലക്ട്രിക്കിന് ശേഷം ഇന്ത്യയിൽ ഹ്യുണ്ടായി അവതരിപ്പിക്കുന്ന കമ്പനിയുടെ രണ്ടാമത്തെ ഇലക്ട്രിക് വാഹനമാണിത്. 2022 വേൾഡ് കാർ ഓഫ് ദി ഇയർ പുരസ്ക്കാരത്തിന് അർഹമായ വാഹനം കൂടിയാണ് അയോണിക് 5. ഇത് സെമി നോക്കഡ് ഡൗൺ (SKD) വഴിയാവും ഹ്യുണ്ടായി രാജ്യത്തേക്ക് കൊണ്ടുവരിക. അതിനാൽ ഇതിന്റെ വില ഏകദേശം 50 ലക്ഷം രൂപയോളം വരുമെന്നാണ് വിലയിരുത്തൽ.
e-GMP അല്ലെങ്കിൽ ഇലക്ട്രിക് ഗ്ലോബൽ മോഡുലാർ പ്ലാറ്റ്ഫോം എന്നറിയപ്പെടുന്ന ഹ്യുണ്ടായി മോട്ടോർ ഗ്രൂപ്പിന്റെ നൂതനമായ ആർക്കിടെക്ച്ചറിനെ അടിസ്ഥാനമാക്കിയുള്ളതാണ് അയോണിക് 5. കിയ EV6 ഇവിയും ഇതേ പ്ലാറ്റ്ഫോമിലാണ് ഒരുങ്ങിയിരിക്കുന്നത്. 2023 ജനുവരിയിൽ നടക്കാനിരിക്കുന്ന ഓട്ടോ എക്സ്പോയിൽ ഇലക്ട്രിക് എസ്‌യുവിയെ ഔദ്യോഗികമായി പ്രദർശിപ്പിച്ചേക്കും. 2028-ഓടെ ആറ് ഇലക്ട്രിക് വാഹനങ്ങൾ ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് ഹ്യുണ്ടായി മോട്ടോർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. അതിന്റെ ആദ്യപടിയാണ് അയോണിക് ഇവിയുടെ വരവ്.
ഹ്യുണ്ടായി ഇതിനകം തന്നെ തങ്ങളുടെ വെബ്‌സൈറ്റിൽ അയോണിക് 5 ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഇവിയുടെ ഡിസൈൻ വളരെ ആധുനികമാണെങ്കിലും ഓൾ-സ്കൂൾ സ്റ്റൈലിംഗാണ് വാഹനം മുന്നോട്ടുവെക്കുന്നത്. പണ്ടത്തെ പോണി കാറുകളെ ഓർമപ്പെടുത്തുന്ന രൂപം ആരേയും ആകർഷിക്കുംവിധമാണ് തയാറാക്കിയിരിക്കുന്നത്. എൽഇഡി ഡേടൈം റണ്ണിംഗ് ലാമ്പുകളും എൽഇഡി ടെയിൽ ലാമ്പുകളുമുള്ള എൽഇഡി ഹെഡ്‌ലാമ്പുകൾ ഇവിക്ക് ലഭിക്കുന്നു.
ഹ്യുണ്ടായിയുടെ പുതിയ അയോണിക് വാഹനങ്ങളല്ലാതെ മറ്റൊരു വാഹനവും ഉപയോഗിക്കാത്ത പിക്‌സിലേറ്റഡ് ഡിസൈനാണ് അവയ്ക്കുള്ളത്. ഇത് ഇലക്ട്രിക് കാറിന് സവിശേഷമായ ഒരു വ്യക്തിത്വം നൽകുന്നുണ്ട്. ആഗോള വിപണിയിൽ അയോണിക് 5 രണ്ട് ബാറ്ററി പായ്ക്കുകളോടെയാണ് വാഗ്ദാനം ചെയ്യുന്നത്. RWD അല്ലെങ്കിൽ AWD കോൺഫിഗറേഷനുകളിൽ 58 kWh, 72.6 kWh ബാറ്ററി പായ്ക്കുകൾ ഉണ്ട്.
ഹ്യുണ്ടായി അയോണിക് 5 ഇവിയിലെവലിയ ബാറ്ററി പായ്ക്കിന് 481 കിലോമീറ്ററും ചെറിയ ബാറ്ററി പായ്ക്കിന് 385 കിലോമീറ്ററുമാണ് ഡ്രൈവിംഗ് റേഞ്ച്. 350 kW DC ഫാസ്റ്റ് ചാർജർ ഉപയോഗിക്കുമ്പോൾ 18 മിനിറ്റിനുള്ളിൽ ബാറ്ററി പായ്ക്ക് 0 മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാം. നിലവിൽ ഇന്ത്യൻ വിപണിയിൽ ഏത് ബാറ്ററി പായ്ക്ക് നൽകുമെന്ന് കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.


Click it and Unblock the Notifications