Santro, Grand i10 Nios, Aura തുടങ്ങിയ മോഡലുകളുടെ വില വർധിപ്പിച്ചിച്ച് Hyundai
രാജ്യത്തെ തങ്ങളുടെ ഉൽപ്പന്ന നിരയിലുടനീളം എക്‌സ്ഷോറൂം വിലകൾ പരിഷ്‌കരിച്ച പ്രധാന വാഹന നിർമാതാക്കളിൽ ഒരാളാണ് ഹ്യുണ്ടായി. ക്രെറ്റ, വെന്യു, അൽകസാർ എന്നിവയുൾപ്പെടെ ബ്രാൻഡിന്റെ എസ്‌യുവി ലൈനപ്പിലേക്ക് വില വർധനവ് നടപ്പിലാക്കിയതിനു പിന്നാലെ ബജറ്റ് കാർ സെഗ്മെന്റിലും സമാനമായ നടപടി കൈകൊണ്ടിരിക്കുകയാണ് കമ്പനി.

സാൻട്രോ, ഗ്രാൻഡ് i10 നിയോസ്, ഓറ, i20 വേരിയന്റുകൾ, വേർണ എന്നിവയുടെ വിലയിൽ വർധനവ് നടപ്പാക്കിയിരിക്കുകയാണ് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കൾ. പുതുക്കിയ വില വിവരങ്ങൾ അറിയാം.

ഹ്യുണ്ടായി സാൻട്രോ
ഹ്യുണ്ടായിയുടെ എൻട്രി ലെവൽ മോഡലായ സാൻട്രോയുടെ മാഗ്ന എഎംടി വേരിയന്റിന് 17,800 രൂപ വരെ വില വർധനയുണ്ടായി. ഹാച്ച്ബാക്കിന്റെ എറ എക്‌സിക്യുട്ടീവ്, മാഗ്ന, സ്‌പോർട്‌സ്, ആസ്റ്റ, സ്‌പോർട്‌സ് സിഎൻജി തുടങ്ങിയ മറ്റ് വകഭേദങ്ങൾക്ക് 3,010 രൂപയുടെ വില വർധനവാണ് ഉണ്ടായിരിക്കുന്നത്.

അതേസമയം സാൻട്രോയുടെ സ്‌പോർട്‌സ് എഎംടി, മാഗ്ന സിഎൻജി, ആസ്റ്റ എഎംടി വേരിയന്റുകൾക്ക് വിലയിൽ പരിഷ്‌കരണമൊന്നും ഹ്യുണ്ടായി നടപ്പിലാക്കിയിട്ടില്ല. നിലവിൽ ടാറ്റ ടിയാഗോ, മാരുതി വാഗൺആർ, മാരുതി സെലേറിയോ തുടങ്ങിയ ജനപ്രിയ മോഡലുകളുമായാണ് സാൻട്രോ വിപണിയിൽ മത്സരിക്കുന്നത്.

ഹ്യുണ്ടായി ഗ്രാൻഡ് i10 നിയോസ്
വേരിയന്റിനെ ആശ്രയിച്ച് ഗ്രാൻഡ് i10 നിയോസിന്റെ വില 9,090 രൂപ വരെയാണ് ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ വാഹന നിർമാതാക്കളായ ഹ്യുണ്ടായി വർധിപ്പിച്ചിരിക്കുന്നത്. കോംപാക്‌ട് ഹാച്ച്ബാക്കിന്റെ അടിസ്ഥാന എറ വേരിയന്റിന് ഇപ്പോൾ 9,010 രൂപയാണ് ഉയർത്തിയിരിക്കുന്നത്. അതേസമയം മാഗ്ന വേരിയന്റിന് 9,000 രൂപയും ഇനി മുതൽ അധികം നൽകേണ്ടി വരുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

ഗ്രാൻഡ് i10 നിയോസിന്റെ 1.2 ലിറ്റർ പെട്രോൾ, ഡീസൽ ഓപ്ഷനുകളുള്ള എല്ലാ സ്‌പോർട്‌സ് വകഭേദങ്ങൾക്കും ഇപ്പോൾ 9,050 രൂപയും മാഗ്‌ന സിഎൻജി പതിപ്പിന് വില 9,090 രൂപയുമാണ് വർധിപ്പിച്ചിരിക്കുന്നത്.

ആസ്റ്റ മാനുവൽ, ആസ്റ്റ എഎംടി എന്നിവയുടെ വില 9,050 രൂപ വരെയും ഉയർന്നു. എന്നാൽ മോഡലിന്റെ മാഗ്ന എഎംടി, സ്‌പോർട് ടർബോ ഡ്യുവൽ ടോൺ, മാഗ്ന സിആർഡിഐ, ആസ്റ്റ സിആർഡിഐ വേരിയന്റുകൾക്ക് വിലയിൽ മാറ്റമൊന്നുമില്ലാതെ തന്നെ സ്വന്തമാക്കാം.

ഹ്യുണ്ടായി i20 N ലൈൻ, കോന ഇലക്ട്രിക്
ഹ്യുണ്ടായി i20 N ലൈനിന്റെ എല്ലാ വേരിയന്റുകളുടെയും എക്സ്ഷോറൂം വിലയിൽ 5,000 രൂപയുടെ വർധനവാണ് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കൾ നടപ്പിലാക്കിയിരിക്കുന്നത്. രാജ്യത്തെ ആദ്യത്തെ ഇലക്ട്രിക് എസ്‌യുവിയായ കോന ഇവിയുടെ എല്ലാ വേരിയന്റുകൾക്കും 5,000 രൂപ തന്നെയാണ് കമ്പനി ഉയർത്തിയിരിക്കുന്നത്.

N6 iMT, N6 iMT ഡ്യുവൽ ടോൺ, N8 DCT, N8 DCT ഡ്യുവൽ ടോൺ, N8 iMT, N8 iMT ഡ്യുവൽ ടോൺ എന്നിങ്ങനെ വ്യത്യസ്‌തമായ ആറ് വേരിയന്റുകളിൽ ഹ്യുണ്ടായി i20 N ലൈൻ സ്വന്തമാക്കാൻ സാധിക്കും.

കോന പ്രീമിയം, കോന പ്രീമിയം ഡ്യുവൽ ടോൺ എന്നിങ്ങനെ രണ്ട് വേരിയന്റുകളാണ് ഹ്യുണ്ടായിയുടെ ഇലക്‌ട്രിക് സ്പോർട്‌സ് യൂട്ടിലിറ്റി വാഹനത്തിൽ ലഭ്യമാവുന്നത്. ഈ വർഷം അവസാനത്തോടെ മുഖംമിനുക്കി ഇവി വിപണിയിൽ എത്താനിരിക്കുകയാണ്.

ഹ്യുണ്ടായി ഓറ
വേരിയന്റിനെ ആശ്രയിച്ച് ഹ്യുണ്ടായി ഓറയുടെ വില 9,090 രൂപ വരെയാണ് വർധിപ്പിച്ചിരിക്കുന്നത്. എൻട്രി ലെവൽ E വേരിയന്റിന് ഇപ്പോൾ 9,000 രൂപ അധികം മുടക്കേണ്ടി വരും. അതേസമയം കോംപാക്‌ട് സെഡാന്റെ S, S AMT, S CNG, SX, SX(O), SX Plus AMT, SX Plus 1.0 പെട്രോൾ തുടങ്ങിയ വകഭേദങ്ങൾക്ക് 9,060 രൂപ വരെയും ഉയർത്തിയിട്ടുണ്ട്.

ഹ്യുണ്ടായി ഓറയുടെ S, SX Plus AMT CRDi വേരിയന്റുകൾക്ക് ഇപ്പോൾ 9,090 രൂപയാണ് വില പരിഷ്ക്കരണം നടപ്പിലാക്കിയിരിക്കുന്നത്. ഡീസൽ S, SX (O) വേരിയന്റുകളുടെ വില കമ്പനി പുതുക്കിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

ഹ്യുണ്ടായി വേർണ
13,010 രൂപ വരെയാണ് വേർണയുടെ വില ഹ്യുണ്ടായി പുതുക്കിയിരിക്കുന്നത്. എൻട്രി ലെവൽ E, S പ്ലസ് വേരിയന്റുകളുടെ വില 8,000 രൂപയാണ് ബ്രാൻഡ് വർധിപ്പിച്ചിരിക്കുന്നത്. പ്രീമിയം സി-സെഗ്മെന്റ് സെഡാൻ ശ്രേണിയിൽ എത്തുന്ന വേർണ പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനിൽ എത്തുന്ന SX മാനുവൽ, ഓട്ടോമാറ്റിക് വേരിയന്റുകൾക്ക് ഇപ്പോൾ 13,010 രൂപയാണ് അധികം ചെലവഴിക്കേണ്ടത്.

പെട്രോളിന്റെയും ഡീസലിന്റെയും എഞ്ചിൻ ഓപ്ഷനിൽ തെരഞ്ഞെടുക്കാൻ സാധിക്കുന്ന എല്ലാ SX (O) വേരിയന്റുകൾക്കും ഇപ്പോൾ 8,100 രൂപ വരെയാണ് ഹ്യുണ്ടായി മോട്ടോർ ഇന്ത്യ വർധിപ്പിച്ചിരിക്കുന്നത്. പുതുക്കിയ വിലകൾ ഇതിനോടകം തന്നെ പ്രാബല്യത്തിൽ എത്തിയിട്ടുണ്ടെന്നും ബ്രാൻഡ് വ്യക്തമാക്കിയിട്ടുണ്ട്.


Click it and Unblock the Notifications