ബൈ ബൈ പറയാൻ Hyundai i20 ഡീസലും, സത്യമായിരിക്കരുതേയെന്ന് ആരാധകർ
RDE അല്ലെങ്കിൽ റിയൽ ഡ്രൈവിംഗ് എമിഷൻ മാനദണ്ഡങ്ങൾ എന്നറിയപ്പെടുന്ന പുതിയ കർശനമായ മലിനീകരണ നിയന്ത്രണങ്ങൾ 2023 ഏപ്രിൽ ഒന്നു മുതൽ ഇന്ത്യയിൽ നിലവിൽ വരാനിരിക്കുകയാണ്.

ഈ മാനദണ്ഡം നടപ്പിലാക്കുമ്പോൾ, പുതിയ മലിനീകരണ ചട്ടങ്ങൾ അനുസരിച്ച് നിരവധി കാറുകളോ അവയുടെ വകഭേദങ്ങളോ നവീകരിക്കപ്പെടില്ല എന്നതാണ് യാഥാർഥ്യം. പുതിയ പരിഷ്ക്കാരങ്ങളിലേക്ക് മോഡലുകളെ മാറ്റാൻ ചെലവേറിയതാവും എന്നതിനാലാണ് പല കാറുകളും ഇന്ത്യയിൽ നിന്നും പടിയിറങ്ങുക.

ഇത് ശരിവെക്കുന്ന തരത്തിലുള്ള ഒരു റിപ്പോർട്ടും ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. ജനപ്രിയനായ i20 പ്രീമിയം ഹാച്ച്ബാക്കിന്റെ ഡീസൽ വേരിയന്റുകളെ ഹ്യുണ്ടായി നിർത്തലാക്കാൻ പോവുന്നുവെന്നതാണ് ഈ വാർത്ത. പുതിയ മാനദണ്ഡങ്ങൾക്കനുസൃതമായി നവീകരിക്കുന്നതിന് വൻ തുക ചെലവ് ആവശ്യമായി വരും.

ഈ ചെലവുകൾക്ക് ആവശ്യമായ ഡിമാന്റ് ഡീസൽ i20 മോഡലിന് ഇല്ലെന്നാണ് ഹ്യുണ്ടായിയുടെ അവകാശവാദം. i20 വിൽപ്പനയുടെ 10 ശതമാനം മാത്രമാണ് ഡീസൽ വേരിയന്റുകൾക്ക് ലഭ്യമാവുന്നത്. അതായത് പ്രതിമാസം വെറും 700 യൂണിറ്റുകളാണ് വിറ്റഴിക്കുന്നതെന്ന് സാരം.

എന്നാൽ 2015 കാലഘട്ടത്തിൽ i20 പെട്രോളും i20 ഡീസലും വിൽപ്പനയുടെ കാര്യത്തിൽ 50:50 അനുപാതമായിരുന്നു ഉണ്ടായിരുന്നത്. നിലവിൽ രണ്ട് പെട്രോൾ എഞ്ചിനും ഒരു ഡീസൽ ഓപ്ഷനിലുമാണ് വാഹനം ഇപ്പോൾ തെരഞ്ഞെടുക്കാനാവുന്നത്.

ഒരു ഘട്ടത്തിൽ എല്ലാ പ്രീമിയം ഹാച്ച്‌ബാക്കും ഡീസൽ എഞ്ചിൻ ഓപ്ഷനുമായാണ് എത്തിയിരുന്നതെങ്കിൽ ഇന്ന് i20, ടാറ്റ ആൾട്രോസ് എന്നിവ മാത്രമാണ് ഓയിൽ ബർണർ എഞ്ചിൻ നൽകുന്നത്. മൊത്തത്തിലുള്ള ഉപഭോക്തൃ മുൻഗണന ഡീസലിൽ നിന്ന് മാറുമ്പോൾ ഹാച്ച്ബാക്കുകളാണ് ആദ്യം വിപണിയിൽ നിന്നും ഒഴിവാക്കപ്പെടുന്നത്.

തുല്യമായ പെട്രോൾ, ഡീസൽ വേരിയന്റുകളുടെ വില തമ്മിലുള്ള വ്യത്യാസം, എസ്‌യുവി പോലുള്ള വലിയ വാഹനങ്ങളെ അപേക്ഷിച്ച് വളരെ കൂടുതലാണ് എന്നതാണ് ഡിമാന്റ് കുറയാനുള്ള ഒരു പ്രധാന കാരണം. ഹൈവേയേക്കാൾ സിറ്റിയിലുള്ള ഉപയോഗം കൂടുതലായിരിക്കുമ്പോൾ ഡീസലിന്റെ ഇന്ധനക്ഷമത നേട്ടവും നൽകില്ലെന്നതും തിരിച്ചടിയായി.

ഡീസൽ എഞ്ചിൻ നഷ്‌ടപ്പെടുന്ന ആദ്യത്തെ ചെറിയ ഹ്യുണ്ടായി ആയിരിക്കില്ല i20. നേരത്തെ ഗ്രാൻഡ് i10 നിയോസ്, ഓറ എന്നീ മോഡലുകളും ഈ വർഷം ആദ്യം അവരുടെ ഡീസൽ വേരിയന്റുകളെ വിപണിയിൽ നിന്നും പിൻവലിച്ചിരുന്നു.

ഈ മോഡലുകളുടെ പെട്രോൾ, ഡീസൽ വിൽപ്പനകൾ തമ്മിലുള്ള വ്യത്യാസം വളരെ വലുതായിരുന്നു. നിയോസിന്റെ കാര്യത്തിൽ 5 ശതമാനത്തിൽ താഴെ മാത്രമാണ് ഡീസൽ പതിപ്പുകളുടെ വിൽപ്പന നടന്നിരുന്നത്. രണ്ട് ഗ്രാൻഡ് i10 നിയോസിനും ഓറ സെഡാനും അതുല്യമായ 1.2 ലിറ്റർ, മൂന്ന് സിലിണ്ടർ ഡീസൽ എഞ്ചിനായിരുന്നു തുടിപ്പേകാൻ എത്തിയിരുന്നത്.

ഇനി i20 കൂടി പിൻവാങ്ങുന്നതോടെ ഡീസൽ എഞ്ചിൻ ലഭിക്കുന്ന ഏറ്റവും വില കുറവുള്ള ഹ്യുണ്ടായി കാർ വെന്യു കോംപാക്‌ട് എസ്‌യുവിയായിരിക്കും. 100 bhp പവർ ഉത്പാദിപ്പിക്കാൻ ശേഷിയുള്ള ഒരേ 1.5 ലിറ്റർ ഡീസൽ എഞ്ചിൻ തന്നെയാണ് i20 പ്രീമിയം ഹാച്ചും വെന്യുവും ഉപയോഗിക്കുന്നത്.

i20-യിൽ നിന്ന് ഒഴിവാക്കപ്പെടുമ്പോൾ 1.5 CRDi എഞ്ചിൻ മറ്റെല്ലാ മോഡലുകളിലും തുടരുകയും പുതിയ RDE മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി നവീകരിക്കുകയും ചെയ്യും. ഹ്യുണ്ടായിയുടെ എസ്‌യുവി ലൈനപ്പിൽ ഡീസൽ വളരെ പ്രധാനമാണെന്നതിനാലാണ് ഇങ്ങനെ ചെയ്യുന്നത്. ഇപ്പോഴും വെന്യു വിൽപ്പനയുടെ 35 ശതമാനവും ക്രെറ്റ വിൽപ്പനയുടെ 60 ശതമാനവും ഡീസൽ വകഭേദങ്ങൾക്കുള്ളതാണ്.


Click it and Unblock the Notifications








