രൂപം ചെറുതായാലും ആള് ഇച്ചിരി മുറ്റായിരിക്കും, പുതിയ മൈക്രോ എസ്‌യുവി അടുത്ത വർഷമെന്ന് Hyundai
ചെറിയ എസ്‌യുവി വിഭാഗത്തിന് വൻ ഡിമാന്റ് ലഭിക്കുമ്പോൾ നേട്ടം കൊയ്യുന്നത് ടാറ്റ മോട്ടോർസും നിസാനും റെനോയുമെല്ലാമാണ്. അതേസമയം എൻട്രി ലെവൽ സെഗ്മെന്റിലെ രാജാക്കൻമാരായ മാരുതി സുസുക്കിയും ഹ്യുണ്ടായിയുമെല്ലാം വെറും കാഴ്ച്ചക്കാരായി ഗ്യാലറിയിലാണിപ്പോൾ.

പഞ്ച്, മാഗ്നൈറ്റ്, കൈഗർ എന്നീ മോഡലുകൾക്ക് ഇന്ത്യൻ ഉപഭോക്താക്കൾക്കിടയിൽ നിന്നും വലിയ സ്വീകരണം ലഭിക്കുമ്പോൾ പന്തുതട്ടാൻ ഹ്യുണ്ടായിയും കളത്തിലേക്കിറങ്ങുകയാണ്. ചെറിയ രൂപം, വലിയ സ്റ്റൈല്‍ എന്ന തത്വം ഉപയോഗിക്കുമ്പോൾ ഒരു മൈക്രോ എസ്‍യുവിക്കാണ് കൊറിയൻ ബ്രാൻഡ് രൂപം കൊടുക്കുന്നത്.

എന്നാൽ ഏവരുടേയും ചോദ്യം അടുത്തിടെ വിദേശ വിപണിയിൽ പ്രത്യക്ഷപ്പെട്ട കാസ്പർ ആയിരിക്കുമോ ഇന്ത്യയിലേക്ക് എത്തുകയെന്നാണ്. എന്നാൽ ഇതിനുള്ള ഒരു ഉത്തരം കൃത്യമായി കമ്പനി മുന്നോട്ടുവെക്കുന്നില്ലെന്നതാണ് രസകരം. കാസ്‌പർ ശരിക്കും കൊറിയൻ വിപണിക്ക് മാത്രമായി പുറത്തിറക്കിയ മോഡലാണെന്നാണ് നേരത്തെ ഹ്യുണ്ടായി വ്യക്തമാക്കിയിരുന്നത്.

എന്നാൽ എൻട്രി ലെവൽ ഹാച്ച്ബാക്കുകളേക്കാൾ എസ്‌യുവികൾക്കുള്ള വർധിച്ചുവരുന്ന മുൻഗണനയാണ് ഹ്യുണ്ടായി ഈ വിഭാഗത്തെ ലക്ഷ്യമിടുന്നതിന്റെ പ്രധാന കാരണം. Ai3 കോംപാക്‌ട് യൂട്ടിലിറ്റി വെഹിക്കിൾ എന്ന കോഡ്നാമത്തിലാണ് പുതിയ വാഹനം ഇപ്പോൾ അണിയറയിൽ ഒരുങ്ങുന്നത്.

ഹ്യുണ്ടായിയുടെ എൻട്രി ലെവൽ എസ്‌യുവി ഗ്രാൻഡ് i10 നിയോസ്, ഔറ കോംപാക്‌ട് സെഡാൻ എന്നിവയുടെ അതേ പ്ലാറ്റ്‌ഫോം ഉപയോഗിക്കും. തെരഞ്ഞെടുത്ത അന്താരാഷ്ട്ര വിപണികളിൽ വാഗ്ദാനം ചെയ്യുന്ന കാസ്പർ ഹാച്ച്ബാക്കിനെ അപേക്ഷിച്ച് ഇത് വലുതായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കാസ്പറിന് 3,595 മില്ലീമീറ്റർ നീളമുണ്ട്, അതേസമയം വെന്യുവിന് 3,995 മില്ലീമീറ്റർ നീളമാണുള്ളത്. ഹ്യുണ്ടായി Ai3 CUV അതിന്റെ പ്രാഥമിക എതിരാളിയായ 3,827 മില്ലിമീറ്റർ നീളമുള്ള പഞ്ചിന് അടുത്തായിരിക്കും അതിന്റെ വലിപ്പം നിർണയിക്കുക.

പഞ്ച് പോലെ ഹ്യുണ്ടായി എൻട്രി ലെവൽ എസ്‌യുവിക്ക് മസ്കുലർ ബോഡി പാനലിംഗും കട്ടിയുള്ള ബോഡി ക്ലാഡിംഗും ഉണ്ടായിരിക്കും. എൻട്രി ലെവൽ ഹാച്ച്ബാക്കുകളുടെ മിഡ്-ടോപ്പ് വകഭേദങ്ങളുമായി പൊരുത്തപ്പെടുന്ന വിലയിൽ ശക്തമായ റോഡ് സാന്നിധ്യമായിരിക്കും ഈ മോഡൽ സൃഷ്ടിക്കുക എന്നതാണ് ആശയം.

പ്രതിവർഷം എൻട്രി ലെവൽ എസ്‌യുവിയുടെ 50,000 യൂണിറ്റുകൾ നിർമിക്കാനാണ് ഹ്യുണ്ടായി പദ്ധതിയിടുന്നതും. പ്രതിമാസം ഏകദേശം 10,000 യൂണിറ്റുകൾ വരുന്ന പഞ്ചുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ സംഖ്യകൾ വളരെ ചെറുതാണെങ്കിലും ലാഭകരമായ വശങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാണ് ബ്രാൻഡിന്റെ ലക്ഷ്യം.

പുതിയ എൻട്രി ലെവൽ എസ്‌യുവിയുടെ ഉത്പാദനം സുഗമമാക്കുന്നതിന് ശേഷി വിപുലീകരണത്തിനായി കമ്പനി 1,470 കോടി രൂപ ഇന്ത്യയിൽ നിക്ഷേപിച്ചിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷം ഹ്യുണ്ടായിയുടെ നിർമാണ ശേഷി 8.5 ലക്ഷം യൂണിറ്റായി ഉയർത്തിയതും ഇതിനു പിന്നിലുള്ള ആശയമാണ്.

i10 നിയോസിലും ഓറയിലും കാണുന്ന അതേ 1.2 ലിറ്റർ പെട്രോൾ എഞ്ചിനായിരിക്കും Ai3 കോംപാക്‌ട് യൂട്ടിലിറ്റി വാഹനവും ഉപയോഗിക്കുക. ഇത് 6,000 rpm-ൽ 83 bhp പരമാവധി കരുത്തും 4,000 rpm-ൽ 114 Nm torque ഉം വരെ സൃഷ്ടിക്കുന്നു. ഗിയർബോക്‌സ് ഓപ്ഷനുകളിൽ 5-സ്പീഡ് മാനുവൽ, സ്മാർട്ട് ഓട്ടോ എഎംടി എന്നിവയായിരിക്കും കമ്പനി അണിനിരത്തുക.

i10 നിയോസിന് 100 bhp പവറിൽ 172 Nm torque നൽകുന്ന 1.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനും ഉണ്ട്. ഇത് 5-സ്പീഡ് മാനുവൽ ഗിയർബോക്‌സുമായാണ് ജോടിയാക്കിയിരിക്കുന്നത്. Ai3 സിയുവിയുടെ ഓപ്ഷനായി ഇത് ഉൾപ്പെടുത്തുമോ എന്ന് ഉറപ്പില്ല.


Click it and Unblock the Notifications