ലക്ഷ്വറി സെഡാൻ ഫ്രം ഹ്യുണ്ടായി, പുതിയ വേഷമണിഞ്ഞ് Grandeur വിപണിയിൽ
സെഡാനുകളുടെ കാലം കഴിഞ്ഞുവെന്നു പറയുന്നവർക്കിടയിൽ തലയുയർത്തി നിൽക്കുന്നവരാണ് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടായി. സാധാരണക്കാർക്കുവേണ്ടി ഒരു ബജറ്റ് കാർ അല്ലെങ്കിൽ അൽപം കൂടി സമ്പന്നർക്കായി പ്രീമിയം മോഡുകൾ മാത്രം നിർമിക്കുന്ന ഹ്യുണ്ടായിയെ ആവും പലർക്കും പരിചയം.

എന്നാൽ ലക്ഷ്വറി കാറുകൾ നിർമിക്കുന്ന ഹ്യുണ്ടായിയുടെ മുഖം പലർക്കുമറിയില്ല. ഏഷ്യൻ രാജ്യത്തിന് പുറത്തുള്ള പല വിപണികളിലുമാണ് കമ്പനി ഇത്തരം വാഹനങ്ങളിറക്കുന്നതെന്നു മാത്രം. ദേ ഇപ്പോൾ തങ്ങളുടെ ഫ്ലാഗ്ഷിപ്പ് സെഡാനായ ഗ്രാൻഡിയർ അല്ലെങ്കിൽ അസെറയുടെ ഏഴാം തലമുറ മോഡലുമായി കടന്നുവന്ന് ആഡംബര വാഹന നിർമാതാക്കളെയെല്ലാം ഞെട്ടിച്ചിരിക്കുകയാണ് കൊറിയൻ ബ്രാൻഡ്.

ശരിക്കും പറഞ്ഞാൽ 1986-ലാണ് ഹ്യുണ്ടായി ഗ്രാൻഡിയർ ആദ്യമായി വിപണിയിൽ എത്തുന്നത്. അതിനുശേഷം കൊറിയൻ വിപണിയിൽ ആഡംബരത്തിനും നവീകരണത്തിനും സാങ്കേതികവിദ്യയ്ക്കും ഒരു മാനദണ്ഡമായി പലരും ഈ സെഡാനെ വിലകൽപ്പിച്ചു. പുതിയ ആവർത്തനവും ഇക്കാര്യങ്ങളെല്ലാം അതേപടി നിലനിർത്തിയാണ് പുറത്തിറക്കിയിരിക്കുന്നത്.

ഏഴാം തലമുറ ഗ്രാൻഡിയർ ഭൂതകാലത്തോടുള്ള നമ്മുടെ ആദരവും ഭാവിയിലേക്ക് മുന്നോട്ട് പോകാനുള്ള ഞങ്ങളുടെ പ്രതിബദ്ധതയും പ്രകടിപ്പിക്കുന്നുവെന്നാണ് ഹ്യൂണ്ടായ് ഡിസൈൻ സെന്റർ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ഹെഡുമായ സാങ്യുപ് ലീയുടെ വാക്കുകൾ തന്നെ.

കഴിഞ്ഞ വർഷം, ബ്രാൻഡ് ഹ്യുണ്ടായി ഗ്രാൻഡ്യുർ ഹെറിറ്റേജ് സീരീസ് അവതരിപ്പിച്ചിരുന്നു. അത് അത്യാധുനിക സാങ്കേതികവിദ്യയുടെ ഘടകങ്ങൾ ഉൾക്കൊള്ളുന്ന ആദ്യ തലമുറ മോഡലായിരുന്നു. അതിനാൽ തന്നെ ആ മോഡലും ഈ പുതിയ തലമുറ ഗ്രാൻഡിയർ ലക്ഷ്വറി കാറും തമ്മിൽ സമാനതകൾ കണ്ടെത്താനാകും.

ഹ്യുണ്ടായി ഇതുവരെ പുത്തൻ കാറിന്റെ വലിപ്പം, മെക്കാനിക്കലുകൾ അല്ലെങ്കിൽ സാങ്കേതിക വിവരങ്ങളൊന്നും വെളിപ്പെടുത്തിയിട്ടില്ലെന്നതിനാൽ ആളുകൾ ഇതിനായി കാത്തിരിക്കുകയാണിപ്പോൾ. പുതിയ ഹ്യുണ്ടായി ഗ്രാൻഡിയർ ആധുനികവും ആഡംബര പൂർണവുമാണെന്ന് ആദ്യ കാഴ്ച്ചയിൽ തന്നെ മനസിലാക്കാം. മുൻവശത്ത് പാരാമെട്രിക് ഡിസൈൻ ഗ്രില്ലും വീതിയും നന്നായി നിർവചിച്ചിരിക്കുന്നതുമായ എൽഇഡികളുടെ ഒരു വലിയ നിരയും രൂപത്തോട് ഇഴുകിചേരുന്നുണ്ട്.

ബെന്റ്‌ലി അല്ലെങ്കിൽ റോൾസ് റോയ്‌സ് പോലുള്ള പരമ്പരാഗത ബ്രാൻഡുകളിൽ നിന്നുള്ള ആഡംബര സെഡാനുകളുടെ ശൈലി സ്വീകരിച്ച് ഗ്രാൻഡിയറിന്റെ സി-പില്ലർ വളരെ പിന്നിലേക്കാണ് ഹ്യുണ്ടായി നൽകിയിരിക്കുന്നത്.
ഇത് പിൻസീറ്റിൽ ധാരാളം സ്ഥലം വാഗ്ദാനം ചെയ്യുന്നു. കൂടാതെ വീൽബേസ് എത്രയാണെന്ന് വ്യക്തമാക്കിയിട്ടില്ലെങ്കിലും ഏറെ നീട്ടിവലിച്ചിട്ടുണ്ടെന്ന് ചിത്രങ്ങളിൽ നിന്നും വ്യക്തമാണ്.

മറുവശത്ത് ഇതിന് വളരെ വൃത്തിയുള്ള രൂപം നൽകുന്ന മറ്റൊരു ഘടകം ഡോർ പാനലിൽ മറഞ്ഞിരിക്കുന്ന ഡോർ ഹാൻഡിലുകളാണെന്ന് പറയാതെ വയ്യ. അതേസമയം പിൻഭാഗവും വളരെ വൃത്തിയുള്ളതായാണ് കമ്പനി രൂപപ്പെടുത്തി എടുത്തിരിക്കുന്നത്. നേർത്ത എൽഇഡി ലൈറ്റിംഗും ഇതിൽ എടുത്തു കാണിക്കാനാവും.

അകത്തളത്തിൽ ഹ്യുണ്ടായി ഗ്രാൻഡിയർ സമൃദ്ധവും സമാധാന പൂർവവുമായ അന്തരീക്ഷം പ്രദാനം ചെയ്യും. ഡാഷ്‌ബോർഡിലെയും ഡോർ പാനലുകളിലെയും ലൈറ്റിംഗ് ആ ആശയം ശക്തിപ്പെടുത്താൻ ശ്രമിക്കുന്നു. സെൻട്രൽ സ്‌ക്രീനിന് ഒരു പുതിയ ഇന്റർഫേസ് ഉണ്ടായിരിക്കും. സ്റ്റിയറിംഗ് വീൽ സിംഗിൾ-സ്‌പോക്ക് ആണ്. ഇത് 1986 മോഡലിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണെന്നാണ് പറയുന്നത്.

കൂടാതെ സെന്റർ കൺസോളിൽ കൂടുതൽ ഇടം നൽകുന്നതിനായി ഗിയർ ലിവർ ഇപ്പോൾ സ്റ്റിയറിംഗ് കോളത്തിലാണ് സ്ഥിതി ചെയ്യുന്നത്. പരമ്പരാഗത കൊറിയൻ സ്റ്റിച്ചിംഗ് പാറ്റേണുകളുള്ള ട്രീറ്റർ് വുഡ്, അലുമിനിയം, നാപ്പ ലെതർ തുടങ്ങിയ വസ്തുക്കളും ഹ്യുണ്ടായി ഗ്രാൻഡിയറിന്റെ ഇന്റീരിയറിൽ ഉപയോഗിച്ചിട്ടുണ്ട്.


Click it and Unblock the Notifications