വരുന്നത് ഒരു ഒന്നൊന്നര ഐറ്റം തന്നെ, ഗ്രാൻഡ് ചെറോക്കിയുടെ ഇന്ത്യയിലേക്കുള്ള വരവ് ഉറപ്പിച്ച് ജീപ്പ്
പ്രത്യേകിച്ച് ആമുഖമൊന്നും ആവശ്യമില്ലാത്ത അമേരിക്കൻ എസ്‌യുവി വാഹന നിർമാതാക്കളാണ് ജീപ്പ്. കോമ്പസ് എന്നൊരു ഒറ്റ മോഡലിലൂടെ ഇതുവരെ ആഭ്യന്തര വിപണിയിൽ പിടിച്ചുനിന്ന കമ്പനി ഇപ്പോൾ തങ്ങളുടെ നിര വിപുലീകരിക്കുകയാണ്.

ഇതിന്റെ ഭാഗമായി മെറിഡിയൻ എന്ന മൂന്നുവരി പ്രീമിയം മോഡൽ അവതരിപ്പിച്ച ജീപ്പിന് ഗംഭീര വരവേൽപ്പാണ് ലഭിച്ചത്. ടൊയോട്ട ഫോർച്യൂണറുമായി മുട്ടിനിൽക്കാൻ കെൽപ്പുള്ളവനായാണ് മെറിഡിയനെ പലരും വിശേഷിപ്പിക്കുന്നത്. എന്നാൽ ദേ ഏവരെയും അമ്പരപ്പിച്ചുകൊണ്ട് പുതിയ പ്രഖ്യാപനവും നടത്തിയിരിക്കുകയാണ് ജീപ്പ് ഇപ്പോൾ.

2022 നവംബറിൽ അഞ്ചാം തലമുറ ഗ്രാൻഡ് ചെറോക്കി എസ്‌യുവി ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുമെന്നാണ് ആ ഔദ്യോഗിക പ്രഖ്യാപനം. ഡിസൈൻ വിശദാംശങ്ങളും പ്രീമിയം ഇന്റീരിയറും വെളിപ്പെടുത്തുന്ന ഒരു ടീസർ വീഡിയോയും കമ്പനി പുറത്തിറക്കിയിട്ടുണ്ട്.

പൂനെക്കടുത്തുള്ള കമ്പനിയുടെ രഞ്ജൻഗാവ് പ്ലാന്റിൽ പ്രാദേശികമായി നിർമിക്കുന്ന നാലാമത്തെ ജീപ്പ് മോഡലാകുമിതെന്നതും ശ്രദ്ധേയമാണ്. ഇന്ത്യൻ നിരത്തുകളിൽ എസ്‌യുവി ഇതിനകം തന്നെ നിരവധി തവണ പരീക്ഷണം നടത്തിയിട്ടുണ്ട്.

ആഗോള വിപണികളിൽ ഇതിനകം വിൽപ്പനയ്‌ക്കെത്തിയ പുതിയ ജീപ്പ് ഗ്രാൻഡ് ചെറോക്കി രണ്ട് വലിപ്പങ്ങളിൽ ലഭ്യമാണ്. അതിൽ സാധാരണ 5 സീറ്റർ, 3 വരി ലോംഗ് വീൽബേസ് മോഡൽ എന്നിവയാണ് ഉൾപ്പെടുന്നത്. എന്നാൽ എസ്‌യുവിയുടെ 5 സീറ്റർ വേരിയന്റാണ് കമ്പനി ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുന്നതെന്നാണ് പ്രാഥമിക നിഗമനം.

പൂർണമായ അഡ്വാൻസ്ഡ് ഡ്രൈവിംഗ് അസിസ്റ്റൻസ് സിസ്റ്റം (ADAS), 24×7 സമർപ്പിത സഹായത്തോടുകൂടിയ ഫുൾ കണക്റ്റിവിറ്റി പാക്കേജ്, നിരവധി പ്രീമിയം ഫീച്ചറുകൾ എന്നിവയോടെയാണ് പുതിയ ഗ്രാൻഡ് ചെറോക്കി ഇന്ത്യയ്ക്ക് എത്തുകയെന്നും ജീപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. പുതിയ ജീപ്പ് ഗ്രാൻഡ് ചെറോക്കി 5-സീറ്റർ ലോംഗ് വീൽ ബേസ് പതിപ്പിനേക്കാൾ ഏകദേശം 294 മില്ലീമീറ്റർ ചെറുതാണ്.

സജീവമായ ഗ്രിൽ-ഷട്ടറുകൾ, എയർ കർട്ടനുകൾ, റീ-സ്റ്റൈൽ പിൻ പില്ലറുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. പ്രീമിയം സ്പോർട്‌സ് യൂട്ടിലിറ്റി വാഹനത്തിന്റെ എയറോഡൈനാമിക് കാര്യക്ഷമത മെച്ചപ്പെടുത്തുമെന്നും ജീപ്പ് അവകാശവാദം ഉന്നയിക്കുന്നുണ്ട്. എസ്‌യുവിയുടെ പിൻഭാഗത്തിന് കൂടുതൽ ആകർഷകമായ രൂപകൽപ്പനയുണ്ടെന്നതും ആളുകളെ കൈയിലെടുക്കാൻ സഹായിക്കും.

അതേസമയം ചെറോക്കിയുടെ ലോംഗ് വീൽബേസ് പതിപ്പിന് പരന്ന രൂപകൽപ്പനയാണുള്ളത്. ഇത് പലരേയും നിരാശപ്പെടുത്തിയ കാര്യമായിരുന്നു. ഏതായാലും ഇന്ത്യയിലെ വാഹന പ്രേമികൾക്ക് ആ പരാതിയുണ്ടാവിനടില്ലെന്നതും ജീപ്പിന് ആശ്വാസമേകുന്ന കാര്യമാണ്.

10.1 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും 10.1 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോളും ഉൾക്കൊള്ളുന്ന പുതിയ ഡാഷ്‌ബോർഡ് ലേഔട്ടിലാണ് ജീപ്പ് ഗ്രാൻഡ് ചെറോക്കിയുടെ ഇന്റീരിയർ ഒരുക്കിയെടുത്തിരിക്കുന്നത്. മുൻവശത്തെ യാത്രക്കാർക്കായി ഡാഷ്‌ബോർഡിൽ 10.1 ഇഞ്ച് സ്‌ക്രീൻ ഉൾപ്പെടുത്തിയിട്ടുണ്ടെന്നതും ഹൈലൈറ്റാവും.

10 ഇഞ്ച് ഹെഡ്-അപ്പ് ഡിസ്‌പ്ലേ, വയർലെസ് സ്മാർട്ട്‌ഫോൺ ചാർജിംഗ് സിസ്റ്റം, പിൻ സീറ്റ് എന്റർടെയ്ൻമെന്റ് സ്‌ക്രീനുകൾ, സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റി എന്നിവയും പ്രീമിയം എസ്‌യുവിയുടെ മാറ്റുകൂട്ടുന്ന കാര്യമാണ്. സ്റ്റാൻഡേർഡായി 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ജോടിയാക്കിയ 2.0 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ് പുതിയ ജീപ്പ് ഗ്രാൻഡ് ചെറോക്കിക്ക് കരുത്തേകാൻ സാധ്യത.

ഓട്ടോ, സ്‌പോർട്‌സ്, മഡ്/മണൽ, സ്‌നോ എന്നിങ്ങനെ തെരഞ്ഞെടുക്കാവുന്ന ടെറൈൻ മോഡുകളുള്ള ഫോർ വീൽ ഡ്രൈവ് സംവിധാനത്തോടെയാണ് ഇത് വരുന്നത്. പുതിയ എസ്‌യുവി മെർസിഡീസ് ബെൻസ് ജിഎൽഇ, ബിഎംഡബ്ല്യു X5, ലാൻഡ് റോവർ ഡിസ്‌കവറി എന്നീ ലക്ഷ്വറി വാഹനങ്ങളുമായാവും ഇന്ത്യയിൽ മാറ്റുരയ്ക്കുക.


Click it and Unblock the Notifications








