നവംബർ 11-ന് ഗ്രാൻഡ് ചെറോക്കിയെ കാത്തിരിക്കേണ്ട, അവതരണം കുറച്ചു ദിവസത്തേക്ക് മാറ്റിവെച്ച് Jeep
ജീപ്പ് ഗ്രാൻഡ് ചെറോക്കി ഇന്ത്യയിലേക്ക് എത്തുവെന്ന വാർത്തകൾ കേട്ട് ആകാംക്ഷരായി ഇരിക്കുന്ന എസ്‌യുവി പ്രേമികളുടെ കാത്തിരിപ്പ് കുറച്ചുകൂടി നീട്ടേണ്ടവരുമെന്നാണ് കമ്പനി പുറത്തുവിടുന്ന പുതിയ വാർത്തകൾ.

വരാനിരിക്കുന്ന ജീപ്പ് ഗ്രാൻഡ് ചെറോക്കിയുടെ അവതരണം നവംബർ 11-ൽ നിന്നും 17-ാം തീയതിയാക്കി പുനക്രമീകരിച്ചതായാണ് പുറത്തുവരുന്ന പുതിയ വാർത്തകൾ. ജീപ്പ് ഇന്ത്യ വരാനിരിക്കുന്ന ലക്ഷ്വറി എസ്‌യുവിയുടെ വിലകൾ നവംബർ 11-ന് ആദ്യം പ്ലാൻ ചെയ്‌തിരുന്ന തീയതിക്ക് പകരം നവംബർ 17-ന് പ്രഖ്യാപിക്കുമെന്ന് സാരം.
ഗ്രാൻഡ് ചെറോക്കി ഇന്ത്യൻ വിപണിയിൽ ജീപ്പിന്റെ മുൻനിര മോഡലായാവും ഇടംപിടിക്കുക. അമേരിക്കൻ ബ്രാൻഡിന്റെ ആഡംബര എസ്‌യുവിയുടെ അസംബ്ലിംഗ് നിലവിൽ രഞ്ജൻഗാവ് ഫെസിലിറ്റിയിൽ ആരംഭിച്ചിട്ടുണ്ട്. എസ്‌യുവി കംപ്ലീറ്റ്‌ലി നോക്ഡ് ഡൗൺ (CKD) യൂണിറ്റായാവും ആഭ്യന്തര വിപണിയിൽ അവതരിപ്പിക്കുക.
ഗ്രാൻഡ് ചെറോക്കി വാങ്ങാനാഗ്രഹിക്കുന്ന ഉപഭോക്താക്കൾക്കായുള്ള പ്രീ-ലോഞ്ച് ബുക്കിംഗുകൾ ജീപ്പ് ആരംഭിച്ചിട്ടുണ്ട്. താത്പര്യമുള്ള ഉപഭോക്താക്കൾക്ക് ജീപ്പിന്റെ വെബ്‌സൈറ്റ് വഴിയോ ഡീലർഷിപ്പ് വഴിയോ ഗ്രാൻഡ് ചെറോക്കി ബുക്ക് ചെയ്യാം. അനേകായിരം ഫീച്ചറുകളും സവിശേഷതകളുമായാവും ഈ ഫ്ലാഗ്ഷിപ്പ് മോഡൽ രാജ്യത്ത് കാലുകുത്തുക.
10 ഇഞ്ച് ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേ, കോ-ഡ്രൈവറിന് പ്രത്യേക 10.25 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, കാപ്രി ലെതർ അപ്‌ഹോൾസ്റ്ററി, ആക്റ്റീവ് നോയ്‌സ് ക്യാൻസലേഷൻ, പവർഡ് ടെയിൽഗേറ്റ്, ആംബിയന്റ് ലൈറ്റിംഗ് എന്നിവയാണ് ഗ്രാൻഡ് ചെറോക്കിയുടെ പ്രധാന ഹൈലൈറ്റുകളിൽ അണിനിരത്തിയിരിക്കുന്നത്.
വയർലെസ് സ്മാർട്ട്‌ഫോൺ ചാർജിംഗ് സിസ്റ്റം, പിൻ സീറ്റ് എന്റർടെയ്ൻമെന്റ് സ്‌ക്രീനുകൾ, സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റി എന്നിവയും പ്രീമിയം എസ്‌യുവിയുടെ മാറ്റുകൂട്ടുന്ന കാര്യമാണ്. ഒന്നിലധികം എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ADAS ഫീച്ചറുകൾ എന്നിവയാണ് എസ്‌യുവിയുടെ സുരക്ഷാ സവിശേഷതകളിൽ ഒരുക്കിയിരിക്കുന്നത്.
എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായി ചേർന്ന 2.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ എസ്‌യുവിക്ക് ലഭിക്കും. ഇതൊരു ജീപ്പ് വാഹനമായതിനാൽ തന്നെ, ക്വാഡ്രാ-ട്രാക്ക് ഫോർ-വീൽ ഡ്രൈവ് സിസ്റ്റവും കാറിന്റെ വിവിധ പാരാമീറ്ററുകൾ ക്രമീകരിക്കുന്ന ഓഫ്-റോഡ് മോഡുകളുള്ള സെലെക്-ടെറൈൻ സിസ്റ്റവും ഉപയോഗിച്ച് ഓഫ്-റോഡ് കഴിവിന് ഇത് കൂടുതൽ ഊന്നൽ നൽകുന്നുണ്ട്.
ഓട്ടോ, സ്‌പോർട്‌സ്, മഡ്/സാൻഡ്, സ്‌നോ എന്നിങ്ങനെ തെരഞ്ഞെടുക്കാവുന്ന വ്യത്യസ്‌ത ടെറൈൻ മോഡുകളുള്ള ഫോർ വീൽ ഡ്രൈവ് സംവിധാനത്തോടെയാവും ജീപ്പ് ഗ്രാൻഡ് ചെറോക്കി വിപണിയിൽ അണിനിരക്കുക.
ഗ്രാൻഡ് ചെറോക്കി പ്രാദേശികമായി അസംബിൾ ചെയ്യുന്നതിനാൽ എക്സ്ഷോറൂം വില ഏകദേശം 85 ലക്ഷം രൂപയിൽ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഔഡി Q7, മെർസിഡീസ് ബെൻസ് GLE, ബിഎംഡബ്ല്യു X5, വോൾവോ XC90 തുടങ്ങിയ മറ്റ് മുഖ്യധാരാ ആഡംബര എസ്‌യുവികളുമായവും അമേരിക്കൻ സ്പോർട്‌സ് യൂട്ടിലിറ്റി വാഹനത്തിന്റെ മത്സരം.
പുതിയ ജീപ്പ് ഗ്രാൻഡ് ചെറോക്കിയുടെ 5 സീറ്റർ വേരിയന്റായിരിക്കും ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുന്നതെന്നാണ് സൂചന. അതേസമയം ആഗോള വിപണികളിൽ ഇതിനകം വിൽപ്പനയ്‌ക്കെത്തിയ എസ്‌യുവി രണ്ട് വലിപ്പങ്ങളിൽ ലഭ്യമാണ്.
അതിൽ സാധാരണ 5 സീറ്റർ, 3 വരി ലോംഗ് വീൽബേസ് മോഡൽ എന്നിവയാണ് ഉൾപ്പെടുന്നത്. പുതിയ ജീപ്പ് ഗ്രാൻഡ് ചെറോക്കി 5-സീറ്റർ ലോംഗ് വീൽ ബേസ് പതിപ്പിനേക്കാൾ ഏകദേശം 294 മില്ലീമീറ്റർ ചെറുതാണ്.


Click it and Unblock the Notifications








