അമ്പടാ കേമാ... ക്ലാസിക് ജീപ്പിൻ്റെ CJ സർജ് ഇലക്‌ട്രിക് കൺസെപ്റ്റ് എസ്‌യുവിയുമായി കമ്പനി
ജീപ്പ് എന്നുകേട്ടാൽ മലയാളികൾക്ക് ആദ്യം ഓർമ വരിക മഹീന്ദ്രയുടെ ഐതിഹാസിക മോഡലായ ജീപ്പിനെയായിരിക്കും. ഏതു കുന്നും മലയും താണ്ടാനാവുന്ന വണ്ടി പക്ഷേ പുതിയത് ഒരെണ്ണം വാങ്ങാൻ കിട്ടില്ലെന്നതാണ് പലരുടേയും വിഷമം.

അത്തരം ജീപ്പുകളുടെ ആരാധകരിൽ ഭൂരിഭാഗവും മഹീന്ദ്ര ഥാറിലേക്ക് ചേക്കേറിയും കഴിഞ്ഞിരിക്കുകയാണ്. എന്നാൽ അമേരിക്കൻ വാഹന നിർമാതാക്കളായ ജീപ്പിന് തങ്ങളുടെ പേര് തിരികെ പിടിക്കാൻ ഇതുവരെ ഇന്ത്യയിൽ സാധിച്ചിട്ടില്ല. കോമ്പസും മെറിഡിയനുമെല്ലാം കളംനിറഞ്ഞെങ്കിലും പലരും ജീപ്പിന്റെ പേര് കൂട്ടിവായിക്കുന്നത് മഹീന്ദ്രക്കൊപ്പമാണ്.

എന്നാൽ രണ്ട് കമ്പനികളും തമ്മിലുള്ള പോര് ഇന്നും നിലനിൽക്കുന്നുണ്ടെന്നതാണ് യാഥാർഥ്യം. റോക്‌സോറിന്റെ പേരിൽ മഹീന്ദ്രക്കെതിരെ ജീപ്പ് പോരാട്ടം നടത്തുന്നതെല്ലാം ഇതിന് ഉദാഹരണമാണ്. ജീപ്പ് ക്ലാസിക് 1944 മുതൽ 1986 വരെ നിർമാണത്തിലിരുന്ന മോഡലായിരുന്നു. പിന്നീട് ആധുനിക റാങ്ലറിന് വഴിയൊരുക്കിയതും ഈ ഇതിഹാസമായിരുന്നു.

കഴിഞ്ഞ നൂറ്റാണ്ടിലെ ജീപ്പ് CJ ക്ലാസിക്കിന്റെ ആത്മീയ പിൻഗാമിയാണ് നിലവിലെ ജീപ്പ് റാങ്ലർ. ഇപ്പോൾ, ക്ലാസിക് ജീപ്പ് എസ്‌യുവി ഒരു തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. 2022 സെമ ഷോയിലാണ് ആധുനികത നിറഞ്ഞ ക്ലാസിക് ജീപ്പ് എസ്‌യുവി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പുതിയ കൺസെപ്റ്റ് ഇലക്ട്രിക് എസ്‌യുവി എന്ന രീതിയിലാണ് ബ്രാൻഡ് വാഹനത്തിനെ പരിചയപ്പെടുത്തിയിരിക്കുന്നത്.

സ്റ്റെല്ലാന്റിസിന്റെ ഉടമസ്ഥതയിലുള്ള പെർഫോമൻസ് ആൻഡ് ആക്സസറീസ് ഡിവിഷനായ മോപാർ ആണ് ഇത് വികസിപ്പിച്ചെടുത്തത്. ക്ലാസിക് കാറുകളും നിലവിലെ കാറുകളും ഇലക്ട്രിക്കിലേക്ക് മാറ്റുന്നതിനുള്ള ഭാവി പ്രൊപ്പൽഷൻ സംവിധാനങ്ങളുടെ ആശയമാണിതെന്ന് മോപ്പർ പറയുന്നു. ജീപ്പ് CJ സർജ് കൺസെപ്റ്റ് യാഥാർഥ്യമാവുമോ എന്നു മാത്രമാണ് ആരാധകർ ഇപ്പോൾ ഉറ്റുനോക്കുന്നത്.

വെഹിക്കിൾ കസ്റ്റമൈസേഷൻ ഓഫ്‌ഷൂട്ട് മോപാർ രൂപകല്പന ചെയ്യുകയും എഞ്ചിനീയറിംഗ് ചെയ്യുകയും ചെയ്ത ജീപ്പ് CJ സർജ് എസ്‌യുവി കൺസെപ്റ്റ് മോഡലിന് സ്റ്റാൻഡേർഡ് ഇൻ-ലൈൻ ആറ് പെട്രോൾ എഞ്ചിന് പകരം ഒരു ഇലക്ട്രിക് പവർട്രെയിനാണ് കമ്പനി സമ്മാനിച്ചിരിക്കുന്നത്.

ഏകദേശം 266 bhp പവറോളം ഉത്പാദിപ്പിക്കുന്ന സാധാരണ V6 ജീപ്പ് റാങ്ലറിന് സമാനമാണ് കൺസെപ്റ്റ് പതിപ്പിന്റെ ഹൃദയമെന്ന് സാരം. പിൻഭാഗത്ത് ഘടിപ്പിച്ചിരിക്കുന്ന 50kWh ബാറ്ററി പായ്ക്കാണ് ജീപ്പ് CJ പതിപ്പിന് തുടിപ്പേകുന്നത്. രണ്ട് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനാൽ നിയന്ത്രിക്കപ്പെടുന്ന ഇത് ഒരു ഫോർവീൽ ഡ്രൈവ് കൺസെപ്റ്റാണ്.

കൺസെപ്റ്റ് എസ്‌യുവിയിൽ 18 ഇഞ്ച് വീലുകളാണ് ജീപ്പ് ഘടിപ്പിച്ചിരിക്കുന്നത്. ഇതിന് രണ്ട് ഇഞ്ച് കട്ടിയുള്ള വിൻഡ്‌സ്‌ക്രീനും അതിന്റെ സസ്പെൻഷൻ രണ്ട് ഇഞ്ച് വരെ ഉയർത്താൻ കഴിയുന്ന ഒരു ലിഫ്റ്റ് കിറ്റും വരെ കമ്പനി നൽകിയിട്ടുണ്ടെന്നതും ഏറെ ശ്രദ്ധേയമായ കാര്യമാണ്.

ജീപ്പിന്റെ പെർഫോമൻസ് പാർട്‌സ് ഡിവിഷൻ വിതരണം ചെയ്യുന്ന ഒരു വിഞ്ച്, അണ്ടർബോഡി പ്രൊട്ടക്ഷൻ, എൽഇഡി ഫോഗ്‌ലൈറ്റുകൾ എന്നിവയും വാഹനത്തിന്റെ ഓഫ്-റോഡിംഗ് കഴിവുകൾ വർധിപ്പിക്കുന്ന കാര്യമാണ്. ജീപ്പ് CJ സർജിന്റെ പിൻഭാഗത്തെ സ്റ്റോറേജ് ബെഡിൽ ഒരു റോൾ കേജും നൽകിയിട്ടുണ്ട്.

ലോകത്തിലെ രണ്ടാമത്തെ വലിയ വാഹന വിപണിയാണ് അമേരിക്ക. അമേരിക്കയിലെ കാർ മോഡിംഗ് സംസ്‌കാരവും ഉയർന്നതായതിനാൽ ജീപ്പ് CJ സർജ് എസ്‌യുവി ഉടൻ യാഥാർഥ്യമാവാനാണ് സാധ്യത. ഒരു ക്ലാസിക് കാർ വാങ്ങുന്നതും ഒരു ഷെവി LS1 എഞ്ചിനോ അതിൽ സമാനമായ മറ്റെന്തെങ്കിലുമോ വാങ്ങുന്നതുമെല്ലാം അവിടെ സാധാരണമായ കാഴ്ച്ചയാണ്.


Click it and Unblock the Notifications








