ഇലക്‌ട്രിക് വിപ്ലവത്തിലേക്ക് ജീപ്പും! സൂപ്പർഹീറോ പരിവേഷത്തിൽ Avenger EV വിപണിയിൽ
ഇലക്‌ട്രിക് വിപ്ലവത്തിലേക്ക് പുതിയ എസ്‌യുവിയുമായി കാലെടുത്തു കുത്തിയിരിക്കുകയാണ് അമേരിക്കൻ എസ്‌യുവി നിർമാതാക്കളായ ജീപ്പ്. ബ്രാൻഡിന്റെ ആദ്യത്തെ ഫുൾ-ഇലക്‌ട്രിക് എസ്‌യുവി എന്ന പ്രത്യേകതയാണ് അവഞ്ചർ എന്നു പേരിട്ടിരിക്കുന്ന ഇവിക്കുള്ളത്.

നേരത്തെ പാരീസ് മോട്ടോർ ഷോയിലും അവഞ്ചർ ഇലക്ട്രിക് എസ്‌യുവിയെ കമ്പനി പ്രദർശിപ്പിച്ചിരുന്നു. ജീപ്പിന്റെ ചരിത്രത്തിലെ ഒരു വഴിത്തിരിവ് അടയാളപ്പെടുത്തുന്ന ബ്രാൻഡിൽ നിന്നുള്ള ആദ്യത്തെ ഇവിയാണെന്നത് വരും ദിവസങ്ങളിൽ കൂടുതൽ ശ്രദ്ധയാകർഷിക്കുകയും ചെയ്യും.

അവഞ്ചർ ഇലക്ട്രിക് എസ്‌യുവി സ്റ്റെല്ലാന്റിസ് ഗ്രൂപ്പിന്റെ eCMP പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ്. കൂടാതെ സെവൻ സ്ലോട്ട് ഗ്രില്ലും തിരശ്ചീനമായ റൂഫ്‌ലൈനും ഉള്ള സാധാരണ ജീപ്പിന്റെ രൂപകൽപ്പനയോടെയാണ് ഇത് വരുന്നത് എന്നതും സ്വീകാര്യമാണ്. ആദ്യത്തെ ഇലക്ട്രിക് മോഡൽ ആണെങ്കിലും, ജീപ്പ് തങ്ങളുടെ ഡിസൈൻ ഭാഷ്യം നിലനിർത്താൻ തീരുമാനിച്ചത് ആരാധകരെ സന്തോഷിപ്പിക്കുന്ന കാര്യമാണ്.

ഇരുവശത്തും എൽഇഡി ഹെഡ്‌ലൈറ്റുകളാൽ ചുറ്റപ്പെട്ട ചെറുതായി വളഞ്ഞ ഗ്രില്ലുമായാണ് അവഞ്ചർ വരുന്നത്. ഫ്രണ്ട് ബമ്പറിന് പ്ലാസ്റ്റിക് ഫെൻഡറുകൾക്ക് വേറിട്ടുനിൽക്കുന്ന സ്വഭാവ രൂപങ്ങളും സമ്മാനിച്ചിട്ടുണ്ട് കമ്പനി.

വശങ്ങളിലേക്ക് നോക്കിയാൽ പിൻഡോർ ഹാൻഡിലുകൾ സി-പില്ലറുമായി സംയോജിപ്പിച്ചിരിക്കുന്നത് കാണാം. 18 ഇഞ്ച് അലുമിനിയം വീലുകളുടെ ഒരു സെറ്റിലാണ് ഇലക്ട്രിക് എസ്‌യുവി നിലകൊള്ളുന്നത്. പിൻവശത്ത് ജീപ്പ് അവഞ്ചർ ഇവിയിൽ സിഗ്നേച്ചർ എൽഇഡി ടെയിൽ ലൈറ്റുകൾ തന്നെയാണ് കമ്പനി നൽകിയിരിക്കുന്നത്.

അത് X അക്ഷരത്തിന്റെ ആകൃതിയാണ് ലൈറ്റ് കത്തുമ്പോൾ സൃഷ്ടിക്കുന്നത്. ഒരു ജീപ്പ് എസ്‌യുവി ആയതിനാൽ തന്നെ മികച്ച ഗ്രൗണ്ട് ക്ലിയറൻസാണ് ഇലക്ട്രിക് സ്‌പോർട്സ് യൂട്ടിലിറ്റി വാഹനത്തിനുള്ളത്. 200 മില്ലീമീറ്ററാണ് ഗ്രൗണ്ട് ക്ലിയറൻസ് എന്നാണ് ജീപ്പ് അവകാശപ്പെടുന്നത്.

അവഞ്ചറിന്റെ ഇന്റീരിയർ ഏതൊരു ജീപ്പ് എസ്‌യുവിയും വരുന്നതുപോലെ പ്രീമിയമാണ്. ഡിജിറ്റൽ, കണക്റ്റഡ് കാർ ആയതിനാൽ തന്നെ അവഞ്ചർ 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് പാനലും സമാനമായ വലിപ്പത്തിലുള്ള ഡിജിറ്റൽ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും വാഗ്ദാനം ചെയ്യുന്നു. സ്‌ക്രീൻ ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയുമായി പൊരുത്തപ്പെടുകയും ചെയ്യുന്നുണ്ട്.

പവർ അഡ്ജസ്റ്റ്‌മെന്റുകളും മസാജ് ഫംഗ്‌ഷനും, മൾട്ടി-കളർ ആംബിയന്റ് ലൈറ്റിംഗ് സിസ്റ്റവും പനോരമിക് സൺറൂഫും ഉള്ള ലെതർ ട്രിം ചെയ്ത സീറ്റുകളും ഇലക്ട്രിക് വാഹനത്തിൽ ജീപ്പ് ഒരുക്കിയിട്ടുണ്ട്. ജീപ്പ് അവഞ്ചറിന് പുതിയ 54 kWh ലിഥിയം-അയൺ ബാറ്ററി പായ്ക്കാണ് തുടിപ്പേകാൻ എത്തുന്നത്.

ഇതിന് പരമാവധി 156 bhp കരുത്തിൽ 260 Nm torque വരെ ഉത്പാദിപ്പിക്കാനും കഴിയും. WLTP സൈക്കിൾ അനുസരിച്ച് അവഞ്ചർ ഇലക്ട്രിക് എസ്‌യുവി 400 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുമെന്ന് ജീപ്പ് അവകാശപ്പെടുന്നു. നഗര സാഹചര്യങ്ങളിൽ ഈ റേഞ്ച് 500 കിലോമീറ്ററിലധികം ഉയരുമെന്നും കമ്പനി പറയുന്നുണ്ട്.

നോർമൽ, ഇക്കോ, സ്‌പോർട്ട്, സ്‌നോ, മഡ്, സാൻഡ് എന്നിങ്ങനെ നിരവധി ഡ്രൈവ്, ടെറൈൻ മോഡുകൾ ഇലക്ട്രിക് എസ്‌യുവി വാഗ്ദാനം ചെയ്യുന്നതിനാൽ ഓഫ്-റോഡിംഗിനും വാഹനം പ്രാപ്‌തമാണെന്ന സൂചനയാണ് ജീപ്പ് പറഞ്ഞുവെക്കുന്നത്. പുതിയ ഇലക്ട്രിക് മോട്ടോറും പുതിയ ബാറ്ററിയും സംയോജിപ്പിച്ച് പുതിയ തലമുറ 400 വോൾട്ട് ഇലക്ട്രിക് പ്രൊപ്പൽഷൻ സിസ്റ്റം സജ്ജീകരിച്ചിരിക്കുന്ന ഒരു കോംപാക്റ്റ് ഫുൾ-ഇലക്‌ട്രിക് എസ്‌യുവിയാണിത്.

ജീപ്പ് അവഞ്ചറിന് ഏകദേശം 24 മിനിറ്റിനുള്ളിൽ 80 ശതമാനം വരെ റീചാർജ് ചെയ്യാൻ കഴിയും. ഒരു പബ്ലിക്ക് ചാർജിംഗ് പോയിന്റോ വാൾബോക്സോ ഉപയോഗിച്ച് എസ്‌യുവി അഞ്ചര മണിക്കൂറിനുള്ളിൽ പൂർണമായും റീചാർജ് ചെയ്യാൻ കഴിയുമെന്നും അമേരിക്കൻ ബ്രാൻഡ് വ്യക്തമാക്കിയിട്ടുണ്ട്.


Click it and Unblock the Notifications








