എംപിവി സെഗ്മെന്റിൽ ഇനി കളി മാറും! Kia കാരെൻസിന് സിഎൻജി വേരിയന്റ് എത്തുന്നു
ഈ വർഷം ഫെബ്രുവരിയിലാണ് കാരെൻസ് എന്ന മൾട്ടി പർപ്പസ് വാഹനവുമായി ദക്ഷിണ കൊറിയൻ ബ്രാൻഡായ കിയ മോട്ടോർസ് ഇന്ത്യയിലേക്ക് എത്തുന്നത്. കമ്പനിയുടെ മറ്റ് മോഡലുകളെ പോലെ തന്നെ കാരെൻസും വൻഹിറ്റാവുകയും ചെയ്‌തു.

പ്രീമിയം കോംപാക്‌ട് എംപിവി അഭികാമ്യമായ വിലയിൽ വാഗ്ദാനം ചെയ്യുന്നുവെന്നതു തന്നെയാണ് ഏവരേയും ആകർഷിക്കാനുള്ള പ്രധാന കാരണം. ഇത് ഈ സെഗ്മെന്റിലെ മറ്റ് ഏഴ് സീറ്റർ വാഹനങ്ങളെ അപേക്ഷിച്ച് മുടക്കുന്ന പണത്തിന് കൂടുതൽ മൂല്യമുള്ളതാക്കുന്നുവെന്നതും ശ്രദ്ധേയമാണ്.

മാരുതി സുസുക്കി എർട്ടിഗ, മാരുതി സുസുക്കി XL6, മഹീന്ദ്ര മറാസോ എന്നിവയ്‌ക്കെതിരെയാണ് കിയ കാരെൻസിന്റെ പ്രധാന മത്സരം. ലോഞ്ച് ചെയ്ത് 25 ദിവസത്തിനുള്ളിൽ 50,000-ത്തിലധികം ബുക്കിംഗുകളാണ് കിയയുടെ നാലാമന് സ്വന്തമാക്കാനായത്. തെരഞ്ഞെടുക്കാൻ നിരവധി വേരിയന്റുകളും അത്യാധുനിക ഫീച്ചറുകളാൽ സമ്പന്നവുമാണ് ഈ മോഡൽ.

എന്നാൽ ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കൾ കാരെൻസിന് ഒരു സിഎൻജി ഓപ്ഷൻ കൂടി അവതരിപ്പിച്ചുകൊണ്ട് ഈ ലൈനപ്പ് വിപുലീകരിക്കാൻ പദ്ധതിയിടുകയാണ്. സിഎൻജിയിൽ പ്രവർത്തിക്കുന്ന കാരെൻസിന്റെ പരീക്ഷണയോട്ടവും അടുത്തിടെ കമ്പനി ആരംഭിച്ചതോടെയാണ് ഈ സന്തോഷ വാർത്ത പുറത്തുവരുന്നത്.

കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഫാക്ടറി ഫിറ്റഡ് സിഎൻജി കിറ്റുമായി സോനെറ്റിന്റെ പരീക്ഷണ മോഡലും കണ്ടെത്തിയതിന് പിന്നാലെയാണ് കാരെൻസിന്റെ സ്പൈ ചിത്രങ്ങളും പുറത്തുവന്നിരിക്കുന്നത്. എന്തായാലും സിഎൻജി സെഗ്മെന്റിൽ കൂടി ഒന്നു പയറ്റിനോക്കാനാണ് ബ്രാൻഡിന്റെ ശ്രമമെന്ന് ഇതോടെ വ്യക്തമാണ്. എംപിവിയുടെ ബൂട്ടിനുള്ളിലാണ് സിഎൻജി ടാങ്ക് സ്ഥാപിച്ചിരിക്കുന്നത്.

അതിന്റെ ഒപ്പം ഇൻലെറ്റ് നോസലും ഫ്യുവൽ ലിഡിന് അടുത്തുള്ള പിൻ ഫെൻഡറിൽ കാണാം. ഏറ്റവും പുതിയ സ്പൈ ചിത്രത്തിൽ കാണുന്ന എല്ലാ എക്സ്റ്റീരിയർ സ്റ്റൈലിംഗ് ഘടകങ്ങളും കാരെൻസിന്റെ സാധാരണ പെട്രോൾ, ഡീസൽ എഞ്ചിൻ-പവർ വേരിയന്റുകൾക്ക് സമാനമാണ്. അതിന്റെ സബ് കോംപാക്‌ട് എസ്‌യുവി പതിപ്പിനെ പോലെ ടർബോ പെട്രോൾ എഞ്ചിനിലും കാരെൻസ് സിഎൻജി വാഗ്ദാനം ചെയ്യുമെന്നതാണ് മറ്റൊരു സന്തോഷ വാർത്ത.

പിൻവശത്തെ ക്വാർട്ടർ ഗ്ലാസ് പാനലിൽ ഒട്ടിച്ച രജിസ്ട്രേഷൻ സ്റ്റിക്കർ ഇത് സ്ഥിരീകരിക്കുന്നുമുണ്ട്. 6 സ്പീഡ് മാനുവൽ ഗിയർബോക്‌സുമായി ജോടിയാക്കിയ 1.4 ലിറ്റർ GDi ടർബോ പെട്രോൾ യൂിണിറ്റാണ് എംപിവിക്ക് തുടിപ്പേകുന്നതെന്ന് ഇത് വെളിപ്പെടുത്തുന്നു.

സാധാരണ നിലയിൽ ഈ യൂണിറ്റ് 6000 rpm-ൽ പരമാവധി 138 bhp പവറും 1500-3200 rpm-ൽ 242 Nm torque ഉം ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്. എന്നാൽ സിഎൻജി കിറ്റിനൊപ്പം എത്തുമ്പോൾ പവറും ടോർക്ക് കണക്കുകൾ കുറയുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

ഈ യൂണിറ്റ് 7 സ്പീഡ് ഡിസിടി ഓട്ടോമാറ്റിക് ഗിയർബോക്‌സിലും കാരെൻസിൽ ലഭ്യമാണ്. എന്നിരുന്നാലും അതിന്റെ സിഎൻജി പതിപ്പിൽ ഒരു മാനുവൽ ഓപ്ഷൻ മാത്രമേ വാഗ്ദാനം ചെയ്യപ്പെടുകയുള്ളൂ.

അങ്ങനെ ചെലവ് കൂടുതൽ കുറയ്ക്കാൻ കിയ ഇന്ത്യയ്ക്കാവും. സ്വകാര്യ ഉപഭോക്താക്കൾക്കായി കാരെൻസ് സിഎൻജി വാഗ്ദാനം ചെയ്യുമോ അതോ വാണിജ്യ ആവശ്യങ്ങൾക്കായി മാത്രം ഇതര ഇന്ധന പതിപ്പ് നിയന്ത്രിക്കുമോ എന്ന് കണ്ടറിയണം. ഇന്ധന വില കുതിച്ചുയരുന്ന സാഹചര്യത്തിൽ പാസഞ്ചർ വാഹന വിപണിയിൽ സിഎൻജിയിൽ പ്രവർത്തിക്കുന്ന കാരെൻസ് പതിപ്പ് അവതരിപ്പിച്ചേക്കുമെന്നാണ് അനുമാനം.

ലോഞ്ച് ചെയ്യുമ്പോൾ പുതിയ കിയ കാരെൻസ് സിഎൻജി ഒന്നിലധികം വേരിയന്റ് ഓപ്ഷനുകളിൽ വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. നിലവിൽ 9.59 ലക്ഷം രൂപ മുതൽ 16.59 ലക്ഷം രൂപ വരെയാണ് എംപിവിയുടെ എക്‌സ്‌ഷോറൂം വില. നിലവില്‍ മൂന്ന് എഞ്ചിന്‍ ഓപ്ഷനുകളിലാണ് കിയ കാരെന്‍സ് വിപണിയിൽ എത്തുന്നത്.

അതിൽ ആദ്യത്തേത് 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ യൂണിറ്റാണ്. ഇതിന് 113 bhp കരുത്തിൽ 144 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. 138 bhp പവറും 242 Nm ടോര്‍ക്കും നല്‍കുന്ന 1.4 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനാണ് രണ്ടാമത്തെ ഓപ്ഷന്‍.

ഇതിനുപുറമെ 114 bhp കരുത്തിൽ 250 Nm torque നല്‍കുന്ന 1.5 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിന്‍ മൂന്നാം എഞ്ചിന്‍ ഓപ്ഷനുമായാണ് കിയ കാരെന്‍സ് വരുന്നത്. ഗിയർബോക്‌സ് ഓപ്ഷനുകളിൽ 6 സ്പീഡ് മാനുവല്‍, 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക്, 7 സ്പീഡ് ഡിസിടി എന്നിവയാണ് കമ്പനി അണിനിരത്തിയിരിക്കുന്നത്.

സുരക്ഷാ സവിശേഷതകളിലേക്ക് നോക്കിയാൽ 6 എയര്‍ബാഗുകള്‍, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം (TPMS), എബിഎസ്, ഇബിഡി, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP), വെഹിക്കിള്‍ സ്റ്റെബിലിറ്റി കണ്‍ട്രോള്‍ (VSC) BAS, ISOFIX മൗണ്ടുകള്‍, ഹില്‍-ഹോള്‍ഡ് അസിസ്റ്റന്‍സ്, ഓള്‍-വീല്‍ ഡിസ്‌ക് ബ്രേക്കുകള്‍ തുടങ്ങിയ എല്ലാ സന്നാഹങ്ങളും കിയ കാരെൻസ് എംപിവിയിൽ ഒരുക്കിയിട്ടുണ്ട്.


Click it and Unblock the Notifications








