EV6 ഇലക്‌ട്രിക് കാറിനായുള്ള ബുക്കിംഗ് മെയ് 26-ന് തുടങ്ങും, വിപണിയിലേക്ക് ഓഗസ്റ്റ് മാസമെന്ന് Kia India
ആഭ്യന്തര വിപണിയിൽ EV6 ഇലക്ട്രിക് ക്രോസ്ഓവറിനായുള്ള പ്രീ-ബുക്കിംഗ് ആരംഭിക്കുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ച് കിയ ഇന്ത്യ. ഇവി മോഡലിനായുള്ള ബുക്കിംഗ് 2022 മെയ് 26-നായിരിക്കും തുടക്കമാവുക.

അവതരണത്തിന് മുന്നോടിയായി ഇന്ത്യൻ നിരത്തുകളിൽ EV6 ഇലക്ട്രിക് ക്രോസ്ഓവറിനായുള്ള പരീക്ഷണയോട്ടവും കമ്പനി ആരംഭിച്ചിട്ടുണ്ട്. തുടർന്ന് വാഹനത്തിനായുള്ള വിപണനം ഓഗസ്റ്റ് മാസത്തോടെയും ആരംഭിക്കുമെന്നാണ് ലഭിക്കുന്ന വിവരം. സെമി കണ്ടക്‌ടർ ചിപ്പ് ക്ഷാമ പ്രശ്‌നങ്ങൾ കാരണം കിയ ഇന്ത്യയിൽ EV6 ന്റെ ലഭ്യത വെറും 100 യൂണിറ്റുകളായി പരിമിതപ്പെടുത്തിയിട്ടുണ്ട്.

കിയ EV6 കംപ്ലീറ്റ്ലി ബിൽറ്റ്-അപ്പ് (CBU) വഴിയാണ് രാജ്യത്തേക്ക് കൊണ്ടുവരുന്നത്. അതായത് വാഹനം സമ്പൂർണ ഇറക്കുമതിയായിരിക്കുമെന്ന് സാരം. മാത്രമല്ല ഇത് അതിന്റെ ടോപ്പ്-ഓഫ്-ലൈൻ വേരിന്റിൽ മാത്രമായിരിക്കും ഇലക്ട്രിക് ക്രോസ്ഓവർ വിപണിയിൽ വാഗ്ദാനം ചെയ്യുകയുള്ളൂ.

ആയതിനാൽ മോഡലിനായി 60 ലക്ഷം രൂപയിലധികം എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹ്യുണ്ടായിയുടെ സമർപ്പിത ഇ-ജിഎംപി പ്ലാറ്റ്‌ഫോമിൽ ഇരിക്കുന്ന ആദ്യത്തെ കിയ മോഡലാണ് EV6 എന്നതും വലിയൊരു പ്രത്യേകത തന്നെയാണ്. ഇതിന് ഇതിനകം തന്നെ ആഗോളതലത്തിൽ നല്ല സ്വീകാര്യത ലഭിച്ചിട്ടുണ്ട് എന്നതും കണക്കിലെടുക്കുമ്പോൾ ഇന്ത്യയിലും കാര്യങ്ങൾ സമാനമായിരിക്കുമെന്നാണ് കിയയുടെ വിശ്വാസം.

2022 യൂറോപ്യൻ കാർ ഓഫ് ദി ഇയർ കൂടിയാണ് കിയ EV6 ഇലക്ട്രിക് ക്രോസ്ഓവർ. ഉയർന്ന ഡിമാൻഡ് ഉള്ളതിനാൽ ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കൾ അന്താരാഷ്ട്ര വിപണികളിലെ കാത്തിരിപ്പ് കാലയളവ് കുറയ്ക്കുന്നതിനുള്ള വഴികൾ തേടികൊണ്ടിരിക്കുകയാണ്. എന്തുകൊണ്ടാണ് ഇന്ത്യയ്ക്ക് പരിമിതമായ അളവിൽ മാത്രം അനുവദിച്ചതെന്ന് ഇത് വിശദീകരിക്കുന്നു.

കിയ EV6 ഇലക്ട്രിക്കുമായി ഏറെ സാമ്യമുള്ള ഹ്യുണ്ടായി അയോണിക് 5 ഈ വർഷം ഒക്ടോബറിൽ ഇന്ത്യയിൽ എത്തിയേക്കുമെന്ന സൂചനയും ബ്രാൻഡ് പറഞ്ഞുവെക്കുന്നുണ്ട്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇലക്ട്രിക് എസ്‌യുവിയുടെ 320 bhp കരുത്തിൽ 605 Nm torque ഉത്പാദിപ്പിക്കുന്ന 77.4 kWh ബാറ്ററി പായ്ക്കുമായി ജോടിയാക്കിയ ഡ്യുവൽ e-AWD സംവിധാനമുള്ള GT ലൈൻ വേരിയന്റായിരിക്കും വാഗ്ദാനം ചെയ്യുക.

ഇരട്ട ഇലക്ട്രിക് മോട്ടോർ സജ്ജീകരണമാണ് കിയയുടെ അഞ്ചാമനായി എത്തുന്ന EV6-ൽ പ്രവർത്തിക്കുന്നത്. WLTP സൈക്കിളിൽ ഒറ്റ ചാർജിൽ ഏകദേശം 510 കിലോമീറ്റർ ഡ്രൈവിംഗ് റേഞ്ചാണ് കിയ EV6 ക്രോസ്ഓവർ ഇലക്‌ട്രിക്കിൽ അവകാശപ്പെടുന്നതും.

അതേ ലിഥിയം-അയൺ ബാറ്ററി 229 bhp പവറിൽ 350 Nm torque വികസിപ്പിക്കുന്ന റിയർ വീൽ ഡ്രൈവ് കോൺഫിഗറേഷനുമായി വരുന്നുണ്ട്. ചെറിയ 58 kWh ബാറ്ററി പായ്ക്ക് അതിന്റെ RWD വേഷത്തിൽ 170 bhp കരുത്തും ഉം 350 Nm torque ഉം ആണ് നിർമിക്കുന്നത്. കൂടാതെ രണ്ട് ഇലക്ട്രിക് മോട്ടോറുകൾ ഘടിപ്പിച്ച ഓൾ വീൽഡ്രൈവ് വേരിയന്റ് 235 bhp, 605 Nm torque എന്നിവയാണ് നൽകുന്നത്.

ഡിമാൻഡ് നിലനിൽക്കുകയും വിതരണ ശൃംഖലയിലെ പ്രശ്നങ്ങൾ ലഘൂകരിക്കുകയും ചെയ്താൽ സമീപഭാവിയിൽ ചെറിയ ബാറ്ററി പായ്ക്ക് ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിനെ പറ്റി കിയ മോട്ടോർസ് പരിഗണിക്കാം.

EV6 ഇലക്ട്രിക്കിൽ 800 V ചാർജിംഗ് സിസ്റ്റമാണ് കമ്പനി ഉപയോഗിക്കുന്നത്. അത് 350 kW വരെ ഫാസ്റ്റ് ചാർജിംഗ് ശേഷിയും പ്രാപ്തമാക്കും. അങ്ങനെ 10 മുതൽ 80 ശതമാനം വരെ ചാർജ് വെറും 18 മിനിറ്റിനുള്ളിൽ നിറയ്ക്കാനാകും. ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളുടെ ആദ്യത്തെ സമർപ്പിത ഇലക്ട്രിക് വാഹനമാണ് ക്രോസ്ഓവർ ശൈലിയിൽ ഒരുങ്ങിയിരിക്കുന്ന EV6 എന്നതിനാൽ തീർത്തും കുറ്റമറ്റതാക്കാൻ ബ്രാൻഡ് ഏറെ പരിശ്രമിച്ചിട്ടുണ്ട്.

ഡിസൈനിന്റെ കാര്യത്തിലേക്ക് നോക്കിയാൽ ബ്രാൻഡിന്റെ ഏറ്റവും പുതിയ ഓപ്പോസിറ്റ്സ് യുണൈറ്റഡ് ഡിസൈൻ ഫിലോസഫിയെ അടിസ്ഥാനമാക്കിയാണ് കിയ EV6 ഇവിയെ കമ്പനി ഒരുങ്ങിയിരിക്കുന്നത്. ഒരു ക്ലാംഷെൽ ബോണറ്റ്, ഷോർട്ട് ഓവർഹാംഗുകൾ, മിനുസമാർന്ന എൽഇഡി ഹെഡ്‌ലൈറ്റുകൾ, 'ഡിജിറ്റൽ ടൈഗർ ഫെയ്‌സ്' പൂരകമാകുന്ന ബൂമറാംഗ് ആകൃതിയിലുള്ള എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകൾ എന്നിവയാണ് മോഡലിനെ ആകർഷകമാക്കുന്നത്.

തീർന്നില്ല, ഇതുകൂടാതെ മുൻവശത്തെ വിൻഡ്‌ഷീൽഡ്, ഉയർന്ന വീൽബാക്ക് -മൌണ്ട് ചെയ്ത സ്റ്റോപ്പ് ലാമ്പ്, ചരിഞ്ഞ സി-പില്ലറുകൾ, വീതിയിൽ പ്രവർത്തിക്കുന്ന എൽഇഡി ടെയിൽ ലൈറ്റ് ബാർ, ടു-ടോൺ അലോയ് വീലുകൾ തുടങ്ങിയ സവിശേഷതകളും കിയ EV6 ഇലക്ട്രിക്കിന്റെ ഡിസൈൻ മനോഹാരിതയെ പൂരിതമാക്കുന്നു.

അകത്തളവും തികച്ചും പ്രീമിയം ഫീച്ചറുകളാൽ സമ്പന്നമാണ്. ടു സ്‌പോക്ക് സ്റ്റിയറിംഗ് വീൽ, റീസൈക്കിൾ ചെയ്‌ത പ്ലാസ്റ്റിക് ഘടകങ്ങൾ, ഡ്യുവൽ-ടോൺ നിറം, ഡ്രൈവർ ഫോക്കസ്‌ഡ് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, എസി കൺട്രോളുകൾക്കായി ഹാപ്‌റ്റിക് ഫീഡ്‌ബാക്ക് ഉള്ള ടച്ച്‌സ്‌ക്രീൻ ബട്ടണുകൾ, ഓഗ്‌മെന്റഡ് റിയാലിറ്റി, ഡ്രൈവർ അസിസ്റ്റ് എന്നീ സവിശേഷതകളാണ് കിയ EV6 ഇവിയിൽ അണിയിച്ചൊരുക്കിയിരിക്കുന്നത്.


Click it and Unblock the Notifications








