ഡിജിറ്റൽ വിൽപ്പനയ്ക്കും സേവനങ്ങൾക്കുമായി 'MyKia' ആപ്പ് പുറത്തിറക്കി കിയ ഇന്ത്യ
രാജ്യത്തെ ഉപഭോക്താക്കൾക്ക് മെച്ചപ്പെട്ട കാർ സ്വന്തമാക്കാനുള്ള അനുഭവം വാഗ്ദാനം ചെയ്തുകൊണ്ട് കിയ ഇന്ത്യ തങ്ങളുടെ മൈ കിയ മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കി. ആൻഡ്രോയിഡ്, iOS ഉപയോക്താക്കൾക്കും ആപ്പ് ലഭ്യമാണെന്നും ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കൾ അറിയിച്ചിട്ടുണ്ട്.

ആഭ്യന്തര വിപണിയിൽ കമ്പനിയുടെ വിൽപ്പനയും സർവീസ് സംവിധാനങ്ങളും ശക്തിപ്പെടുത്താൻ ശ്രമിക്കുന്നതിന്റെ ഭാഗം കൂടിയാണ് കമ്പനിയുടെ പുതിയ കിയ ആപ്പ്. അതോടൊപ്പം ഉപഭോക്താക്കൾക്ക് വൈവിധ്യമാർന്ന ഡീലുകളും ഡിസ്‌കൗണ്ടുകളും വഴി ക്ലെയിം ചെയ്യാവുന്ന ഒരു റിവാർഡ് പ്രോഗ്രാമും ഇത് വാഗ്ദാനം ചെയ്യുന്നുണ്ട്.

ഇതോടൊപ്പം തന്നെ സർവീസ് റിമൈൻഡറുകൾ നൽകിക്കൊണ്ട് ഒരു ഡിജി വാലറ്റിലേക്ക് പ്രവേശനം അനുവദിച്ചുകൊണ്ട്ഡീ ലർമാരെ തിരയാൻ സഹായിച്ചും, ടിപ്പുകളും കിയയുമായി ബന്ധപ്പെട്ട വാർത്തകളും നൽകിക്കൊണ്ട് കമ്പനിയുടെ വാഹനങ്ങളുടെ ഉടമകൾക്ക് സൗകര്യം കൂട്ടാൻ കിയ മൊബൈൽ ആപ്പ് ശ്രമിക്കുന്നു.

വരാനിരിക്കുന്ന ഉപഭോക്താക്കൾക്ക് ടെസ്റ്റ് ഡ്രൈവുകൾ ഷെഡ്യൂൾ ചെയ്യാനും പുതിയ മോഡലുകളെക്കുറിച്ചുള്ള വിവരങ്ങൾ നേടാനും ആപ്പ് വഴി വീഡിയോ കൺസൾട്ടേഷൻ ചെയ്യാനും കഴിയും എന്നതും നേട്ടമാണ്. ഒരു പ്രത്യേക കണക്ഷൻ കണ്ടെത്താനായി 'MyKia റിവാർഡുകളും ഇതിലൂടെ സ്വന്തമാക്കാം.

ഇലക്‌ട്രോണിക്‌സ്, ഗാഡ്‌ജെറ്റുകൾ, ഭക്ഷണ പാനീയങ്ങൾ, ഫാഷൻ, ലൈഫ്‌സ്‌റ്റൈൽ, ഹോട്ടലുകൾ, യാത്രകൾ തുടങ്ങി വിവിധ ബ്രാൻഡുകളിലെ ഓഫറുകൾക്കായി പിന്നീട് ഉപയോഗിക്കാവുന്ന ലോയൽറ്റി പോയിന്റ് അക്യുമുലേഷനെ ഇത് അനുവദിക്കുന്നു.

കൊവിഡ് കാലത്ത് ഡിജിറ്റൽ വിൽപ്പനയും പോസ്റ്റ്-സെയിൽസ് നെറ്റ്‌വർക്കിലും ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് ഈ മൊബൈൽ ആപ്ലിക്കേഷൻ സാധ്യതയുള്ളവർക്കും നിലവിലുള്ള ഉപഭോക്താക്കൾക്കും തടസമില്ലാത്ത അനുഭവം നൽകുമെന്ന് കിയയ്ക്ക് ഉറപ്പുണ്ടെന്നും ബ്രാൻഡിന്റെ വൈസ് പ്രസിഡന്റും സെയിൽസ് ആൻഡ് മാർക്കറ്റിംഗ് മേധാവിയുമായ ഹർദീപ് സിംഗ് ബ്രാർ പറഞ്ഞു.

അതോടൊപ്പം തന്നെ MyKia പോലുള്ള സംരംഭങ്ങളിലൂടെ വിൽപ്പനയിലും സേവനത്തിലും അതിനപ്പുറമുള്ള ഡിജിറ്റൽ നവീകരണങ്ങൾ വാഗ്ദാനം ചെയ്യാൻ തങ്ങൾ ആഗ്രഹിക്കുന്നുവെന്നും ഉപഭോക്താക്കൾക്ക് അവരുടെ കാർ ഉടമസ്ഥതയിലുള്ള യാത്രയിലുടനീളം വ്യത്യസ്‌തവും പ്രീമിയം അനുഭവവും നൽകുമെന്നും ഹർദീപ് സിംഗ് ബ്രാർ കൂട്ടിച്ചേർത്തു.

ആപ്പിൽ ഇതുവരെ 10,000 രജിസ്ട്രേഷനുകൾ ലഭിച്ചതായും കിയ പറയുന്നുണ്ട്. നിലവിൽ കിയ ഇന്ത്യയിൽ പുറത്തിറക്കിയ നാല് മോഡലുകളും വൻ വിജയമായി തീർന്നത് ഇത്തരം വിൽപ്പനാനന്തര സേവനങ്ങൾ നൽകിയതു കൊണ്ടു കൂടിയാണ്. പോയ മാസം പുറത്തിറങ്ങിയ കാരെൻസ് എംപിവിയ്ക്ക് ഏകദേശം 30,000 ബുക്കിംഗുകളോളം ലഭിച്ചതായാണ് റിപ്പോർട്ടുകൾ.

ആക്രമണാത്മകമായ വില നിർണയവും സ്പോർട്ടി ഡിസൈനുമാണ് കാരെൻസിന്റെ വിജയത്തിനു പിന്നിലുള്ള പ്രധാന കാരണമെന്നാണ് വിലയിരുത്തൽ. 8.99 ലക്ഷം രൂപ മുതൽ 16.99 ലക്ഷം രൂപ വരെയുള്ള എക്സ്ഷോറൂം വില പരിധിയിലാണ് കിയ കാരൻസ് ആഭ്യന്തര വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. വിലകൾ പ്രഖ്യാപിക്കുന്നതിന് മുമ്പുതന്നെ പുത്തൻ മൾട്ടി പർപ്പസ് വാഹനത്തിനായുള്ള ബുക്കിംഗും 19,000 യുണിറ്റ് കടന്നിരുന്നു എന്ന കാര്യവും ശ്രദ്ധേയമാണ്.

പ്രീമിയം, പ്രസ്റ്റീജ്, പ്രസ്റ്റീജ് പ്ലസ്, ലക്ഷ്വറി, ലക്ഷ്വറി പ്ലസ് എന്നിങ്ങനെ അഞ്ച് വേരിയന്റുകളിലാണ് കാരെൻസ് എംപിവി തെരഞ്ഞെടുക്കാനാവുന്നത്. അതോടൊപ്പം ഇന്റെൻസ് റെഡ്, ഗ്ലേസിയർ വൈറ്റ് പേൾ, സ്പാർക്ക്ലിംഗ് സിൽവർ, മോസ് ബ്രൗൺ, ക്ലിയർ വൈറ്റ്, അറോറ ബ്ലാക്ക് പേൾ, ഇംപീരിയൽ ബ്ലൂ, ഗ്രാവിറ്റി ഗ്രേ എന്നീ വ്യത്യസ്‌തമാർന്ന നിറങ്ങളിലും വാഹനം സ്വന്തമാക്കാനുമാവും.

1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 1.4 ലിറ്റർ ടർബോ പെട്രോൾ, 1.5 ലിറ്റർ CRDi ഡീസൽ എന്നിങ്ങനെ മൂന്ന് എഞ്ചിൻ ഓപ്ഷനുകളിലാണ് കിയ കാരെൻസ് വിപണിയിൽ എത്തുന്നത്. മൂന്ന് എഞ്ചിനുകളിലും ആറ് സ്പീഡ് മാനുവൽ ഗിയർബോക്‌സ് സ്റ്റാൻഡേർഡായി ലഭ്യമാവും. എംപിവിയുടെ ടർബോ പെട്രോൾ എഞ്ചിന് 7 സ്പീഡ് DCT ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനും ലഭ്യമാണ്.

അതേസമയം ഡീസൽ എഞ്ചിന് 6 സ്പീഡ് ടോർഖ് കൺവെർട്ടർ ഓട്ടോമാറ്റിക് യൂണിറ്റ് ഓപ്‌ഷണലായി വാഗ്ദാനം ചെയ്യുന്നു. ആറ് എയർബാഗുകൾ, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, ഓൾ-വീൽ ഡിസ്‌ക് ബ്രേക്കുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ടയർ പ്രഷർ മോണിറ്റർ സിസ്റ്റം, ഡൗൺഹിൽ ബ്രേക്ക് കൺട്രോൾ, വെഹിക്കിൾ സ്റ്റെബിലിറ്റി മാനേജ്‌മെന്റ് എന്നിവയുൾപ്പെടെയുള്ള സുരക്ഷാ സന്നാഹങ്ങളും കിയ കാരെൻസിൽ ഒരുക്കിയിട്ടുണ്ട്.

മാരുതി സുസുക്കി എർട്ടിഗ, മാരുതി സുസുക്കി XL6, മഹീന്ദ്ര മറാസോ തുടങ്ങിയ 7 സീറ്റർ മോഡലുകളുമായാണ് ആഭ്യന്തര വിപണിയിൽ കാരെൻസ് മാറ്റുരയ്ക്കുന്നത്. ടൊയോട്ട ഇന്നോവ ക്രിസ്റ്റ, ഹ്യുണ്ടായി അകസാർ, എംജി ഹെക്‌ടർ പ്ലസ്, ടാറ്റ സഫാരി എന്നിവയുടെ ബേസ് മോഡലുകളും കിയയുടെ പുത്തൻ എംപിവി മോഡലിന് എതിരാളിയാണ്.


Click it and Unblock the Notifications








