ഒരുപിടി മാറ്റങ്ങളുമായി Sonet വിപണിയിലെത്തി, എന്തൊക്കെയെന്ന് അറിയാം
കോംപാക്‌ട് എസ്‌യുവി സെഗ്മെന്റിൽ ഉയർന്നു വരുന്ന മത്സരം കാരണം മോഡലുകളെയെല്ലാം അടിക്കടി പരിഷ്ക്കരിച്ചുകൊണ്ടിരിക്കുയാണ് കമ്പനികളെല്ലാം. ഈ ട്രെൻഡിനു പിന്നാലെ നീങ്ങുകയാണ് കിയ മോട്ടോർസ് ഇന്ത്യയും.

ജനപ്രിയമായ സോനെറ്റ് എസ്‌യുവിയെ 2022 മോഡൽ വർഷത്തിലേക്ക് പരിഷ്ക്കരിച്ചുകൊണ്ട് കൂടുതൽ മിടുക്കനാക്കിയിരിക്കുകയാണ് കമ്പനി. ഇന്ത്യയിലെ സബ്-4 മീറ്റർ കോംപാക്‌ട് എസയുവി സെഗ്മെന്റിലേക്ക് പല ആധുനിക സവിശേഷതകളും പരിചയപ്പെടുത്തിയ മോഡലായിരുന്നു കിയ സോനെറ്റ്.

വാഹനത്തിനെ പരിഷ്ക്കരണത്തിന് വിധേയമാക്കിയതിനു പുറമെ വിലയും കിയ ഇന്ത്യ ഉയർത്തിയിട്ടുണ്ട്. സോനെറ്റ് സ്വന്തമാക്കണേൽ ഇനി 7.15 ലക്ഷം രൂപ മുതൽ 13.79 ലക്ഷം രൂപ വരെ എക്സ്ഷോറൂം വിലയാണ് മുടക്കേണ്ടി വരിക. വേരിയന്റ് നിരയിലുടനീളം 30,000 രൂപ വരെയാണ് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കൾ വർധിപ്പിച്ചിരിക്കുന്നത്.

വില വർധനവിനെ ന്യായീകരിക്കാനായി അധിക ഫീച്ചറുകളും കിയ ഇന്ത്യ ചേർത്തിട്ടുണ്ടെന്നത് സ്വാഗതാർഹമായ നടപടിയാണ്. സോനെറ്റിന്റെ എൻട്രി ലെവൽ HTE വേരിയന്റിൽ ഇപ്പോൾ ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റവും സൈഡ് എയർബാഗുകളും കമ്പനി ലഭ്യമാക്കിയിട്ടുണ്ട്.

കിയ ഇപ്പോൾ സോനെറ്റിന്റെ മുഴുവൻ ശ്രേണിയിലും ടിപിഎംഎസും 4 എയർബാഗുകളും സ്റ്റാൻഡേർഡ് ആക്കിയെന്നു വേണം പറയാൻ. HTE വേരിയന്റിന് വെള്ള സ്റ്റിച്ചിംഗും പിൻസീറ്റ് ഫോൾഡിംഗ് നോബും ഉള്ള സെമി-ലെതറെറ്റ് സീറ്റുകളും കിയ സമ്മാനിച്ചിട്ടുണ്ട്.

അതേസമയം HTK വേരിയന്റിന്റെ ഫീച്ചർ ലിസ്റ്റിൽ മാറ്റമൊന്നും കാണുന്നില്ല. എങ്കിലും HTK+ ടർബോ iMT വേരിയന്റിന് ഇപ്പോൾ ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC), വെഹിക്കിൾ സ്റ്റെബിലിറ്റി കൺട്രോൾ, ഹിൽ അസിസ്റ്റ് കൺട്രോൾ, ബ്രേക്ക് അസിസ്റ്റ് എന്നിവ ലഭിക്കുന്നു. നേരത്തെ ഈ അധിക സുരക്ഷാ സവിശേഷതകൾ HTX-ലും ഉയർന്ന വേരിയന്റുകളിലും മാത്രമേ കമ്പനി വാഗ്‌ദാനം ചെയ്തിരുന്നുള്ളൂ.

സോനെറ്റിന്റെ HTX, HTX ആനിവേഴ്‌സറി എഡിഷനുകളിലേക്ക് ഇപ്പോൾ 4.2 ഇഞ്ച് സെമി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ ഇടംപിടിച്ചിട്ടുണ്ട്. ഇത് നേരത്തെ ടോപ്പ് എൻഡ് വേരിയന്റുകളിൽ മാത്രമായിരുന്നു ലഭ്യമായിരുന്നുള്ളൂ.

മുകളിൽ നിന്ന് രണ്ടാമതായുള്ള HTX+ വേരിയന്റിന് ഇപ്പോൾ ആകെ 6 എയർബാഗുകളും റീബ്രാൻഡഡ് കിയ കണക്റ്റ് ആപ്പും (UVO കണക്റ്റ് ആപ്പിന്റെ അപ്‌ഡേറ്റ്) IRVM-ലെ പുതിയ SOS, കിയ കണക്ട് ബട്ടണുകളും (ഇന്റേണൽ റിയർ വ്യൂ മിറർ) ലഭിക്കുന്നുണ്ട്. നേരത്തെ ഈ സവിശേഷതകൾ ടോപ്പ് എൻഡ് GTX+ വേരിയന്റിൽ മാത്രമായിരുന്നു ലഭ്യമായിരുന്നത്.

ഫീച്ചർ ലിസ്റ്റിലെ പരിഷ്ക്കാരങ്ങൾക്കു പുറമെ എക്സ്റ്റീരിയർ പെയിന്റ് ഓപ്ഷനുകളിലും കിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഇന്റലിജൻസ് ബ്ലൂ, ഗോൾഡ് ബീജ്, സ്റ്റീൽ സിൽവർ എന്നിങ്ങനെ 3 പഴയ കളർ ഓപ്‌ഷനുകൾ നിർത്തലാക്കി. ബീജ് ഗോൾഡിന്റെ ഡ്യുവൽ ടോൺ ഓപ്ഷനും പിൻവലിക്കാനും ദക്ഷിണ കൊറിയൻ ബ്രാൻഡ് തീരുമാനിച്ചു.

വിപണിയിൽ എത്തിയ സമയത്ത് സോനെറ്റിന്റെ ടോപ്പ് നിറങ്ങളിൽ ഒന്നായിരുന്നു ഗോൾഡിന്റെ ഡ്യുവൽ ടോൺ ഓപ്ഷൻ. കളർ ഓപ്ഷനുകളിലെ കുറവ് നികത്താൻ കിയ ഇപ്പോൾ രണ്ട് പുതിയ കളർ ഓപ്‌ഷനുകൾ കൂടി വാഗ്ദാനം ചെയ്യും. ഇവ രണ്ടും അടുത്തിടെ സമാരംഭിച്ച കാരെൻസിൽ നിന്ന് കടമെടുത്തതാണ്. ഇംപീരിയൽ ബ്ലൂ, സ്പാർക്ക്ലിംഗ് സിൽവർ എന്നിവയാണ് പുതുതായി എത്തിയ സോനെറ്റ് എസ്‌യുവിയിലെ നിറങ്ങൾ.

ഈ പരിഷ്ക്കാരങ്ങൾ കൂടാതെ 2022 മോഡൽ സോനെറ്റിനായി കിയ മറ്റ് വലിയ മാറ്റങ്ങളൊന്നും കിയ ഇന്ത്യ നടപ്പിലാക്കിയിട്ടില്ല. 4 മീറ്റർ താഴെയുള്ള എസ്‌യുവിക്ക് മെക്കാനിക്കൽ നവീകരണങ്ങളും കമ്പനി വാഗ്ദാനം ചെയ്യുന്നില്ല.

10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് യൂണിറ്റ്, വയർലെസ് ചാർജിംഗ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ഇലക്ട്രിക് സൺറൂഫ്, എൽഇഡി ഹെഡ്‌ലാമ്പുകൾ, എയർ പ്യൂരിഫയർ എന്നിവയും അതിലേറെയും ഉൾപ്പെടുന്ന ഏറ്റവും വലിയ ഫീച്ചർ ലിസ്റ്റുകളാണ് എസ്‌യുവിൽ കാണാനാവുക.

കിയ സോനെറ്റിന് ഒന്നിലധികം എഞ്ചിൻ, ഗിയർബോക്‌സ് ഓപ്ഷനുകളാണ് കോംപാക്‌ട് എസ്‌യുവിക്കി ലഭിക്കുന്നത്. അതിൽ 1.2 ലിറ്റർ പെട്രോൾ, 1 ലിറ്റർ ടർബോ പെട്രോൾ, 1.5 ലിറ്റർ ഡീസൽ എഞ്ചിൻ എന്നിവയാണ് ഉൾപ്പെടുന്നു. എഞ്ചിന്റെ തെരഞ്ഞെടുപ്പിനെ ആശ്രയിച്ച് ഗിയർബോക്‌സ് ഓപ്ഷനുകളിൽ MT, DCT, AT, iMT എന്നിവയാണ് ഉൾപ്പെടുന്നത്.

സബ് 4 മീറ്ററിൽ താഴെയുള്ള കോംപാക്‌ട് എസ്‌യുവി സെഗ്മെന്റിലെ മത്സരം കൂടുതൽ ശക്തമാക്കാൻ തയാറായതിനാൽ കിയയുടെ പുതിയ നവീകരണങ്ങൾ സോനെറ്റിന് ഗുണകരമാവും. 2019 ഓഗസ്റ്റില്‍ സെല്‍റ്റോസിനൊപ്പം ചുവടുവെച്ചതുമുതല്‍ കിയയ്ക്ക് ഇന്ത്യന്‍ വിപണിയില്‍ മികച്ച മുന്നേറ്റമാണ് ഉണ്ടായിരിക്കുന്നത്.


Click it and Unblock the Notifications








